Tuesday, September 25, 2018 Last Updated 9 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Jun 2018 04.00 PM

വാര്‍ധക്യത്തില്‍ അലട്ടും ഉറക്കത്തകരാര്‍

''വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളാണ് ഉറക്കക്കുറവിനു കാരണമെന്നു പലപ്പോഴുംതെറ്റിദ്ധരിക്കാറുണ്ട്. പ്രായമായവരുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ട് അവര്‍ക്ക് കരുതലും പിന്തുണയും നല്‍കിയാല്‍ ഉറക്കക്കുറവ് പരിഹരിക്കാനാകും''
uploads/news/2018/06/227154/oldagesleepprob200618.jpg

വാര്‍ധക്യത്തിലേക്ക് കടക്കുന്നതോടെ വയോധികരെ അലട്ടുന്ന പ്രശ്‌നമാണ് ഉറക്കക്കുറവ്. വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളാണ് ഉറക്കക്കുറവിനു കാരണമെന്നു പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. പ്രായമായവരുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ട് അവര്‍ക്ക് കരുതലും പിന്തുണയും നല്‍കിയാല്‍ ഉറക്കക്കുറവ് പരിഹരിക്കാനാകും.

വീടുവിട്ടു നില്‍ക്കേണ്ടി വരുമ്പോള്‍


പ്രായമാകുന്നതോടെ മാതാപിതാക്കളെ ഒറ്റയ്ക്ക് വീട്ടില്‍ നിര്‍ത്താന്‍ മക്കള്‍ക്ക് ഭയമാണ്. ജോലി ഉപേക്ഷിച്ച് അവര്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനുമാകില്ല. ഇത്തരം സാഹചര്യങ്ങളില്‍ പ്രായമായ അച്ഛനെയോ അമ്മയെയോ മക്കള്‍ക്കൊപ്പം താമസിക്കാന്‍ നിര്‍ബന്ധിക്കാറാണ് പതിവ്.

മറ്റു നിര്‍വാഹമില്ലാത്തതിനാല്‍ പ്രായമായവര്‍ക്ക് അതു സമ്മതിക്കേണ്ടതായും വരും. സ്വന്തം വീടും പരിസരവും ഉപേക്ഷിച്ച് ഫ്‌ളാറ്റ് ജീവിതത്തിലേക്ക് കടക്കുന്നതോടെ പ്രായമായവരുടെ മാനസിക പ്രയാസങ്ങള്‍ വര്‍ധിക്കും. വീടും ചുറ്റുപാടും മണ്ണും വിട്ട് മറ്റൊരിടത്ത് താമസിക്കുന്നത് പ്രായമായവര്‍ക്ക് പെട്ടെന്നു ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും.

പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും മാനസിക പ്രശ്‌നങ്ങളും പ്രായമായവരില്‍ ഉറക്കക്കുറവിലേക്ക് എത്തിക്കും. ഉറക്കക്കുറവ് മാനസികാരോഗ്യം ഇല്ലായ്മയുടെ ലക്ഷണമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

പകല്‍ സമയം വീട്ടില്‍ ഒറ്റയ്ക്ക് ചെലവഴിക്കേണ്ടതായി വരുന്നതോടെ പ്രായമായവരെ സംബന്ധിച്ച് ഓരോ ദിവസും യാതൊരു ചലനവുമില്ലാതെ കടന്നു പോകും. സ്വന്തം നാട്ടില്‍ കഴിഞ്ഞിരുന്ന സാഹചര്യങ്ങള്‍ നഷ്ടമായെന്ന ചിന്തകൂടിയാകുമ്പോള്‍ പ്രായമായവരെ കൂടുതല്‍ തളര്‍ത്തും.

ആശയവിനിമയം ഇല്ലാതാകുന്നു


ശരാശരി മലയാളി ഒരു ദിവസം സമൂഹമാധ്യമങ്ങളില്‍ ചെലവഴിക്കുന്നത് നാലര മണിക്കൂറാണ്. ഇതു മുന്‍കാലങ്ങളെ അപേക്ഷിച്ച് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം കുറയാന്‍ കാരണമായിട്ടുണ്ട്.

പകല്‍ സമയം അനുഭവിച്ച ഒറ്റപ്പെടലുകള്‍ ജോലിയും പഠനവും കഴിഞ്ഞ് മക്കളും കൊച്ചുമക്കളും എത്തുന്നതോടെ അവസാനിക്കുമെന്നു ആശ്വസിക്കുന്നവരാണ് വാര്‍ധക്യത്തിലേക്ക് എത്തിയവര്‍. കുടുംബാംഗങ്ങള്‍ അവരുടേതായ തിരക്കുകളിലേക്ക് നീങ്ങുമ്പോള്‍ പ്രായമായവര്‍ ഒറ്റപ്പെടും.

കുടുംബാംഗങ്ങളില്‍ നിന്നും വേണ്ടത്ര പരിഗണന ലഭിക്കാതെയാകുമ്പോള്‍ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ ഉറക്കക്കുറവിനു കാരണമാകും. അതോടൊപ്പം ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലും ഉറക്കത്തെ ബാധിക്കും.

മക്കള്‍ ഒപ്പമുണ്ടായിട്ടും ഒറ്റപ്പെടല്‍ അനുഭവിക്കുന്ന വൃദ്ധരാണ് ഇന്നു സമൂഹത്തിലുള്ളത്. കൊച്ചുമക്കളുടെ പരിഗണന പോലും പ്രായമായവര്‍ക്ക് ലഭിക്കാറില്ല. വീടിനുള്ളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ജീവിക്കുമ്പോഴും ഒറ്റപ്പെടുന്ന വാര്‍ധക്യമാണ് നമുക്ക് ചുറ്റുമുള്ളത്.

uploads/news/2018/06/227154/oldagesleepprob200618b.jpg

ശാരീരിക അസ്വസ്ഥതകള്‍


പ്രായമാകുന്നതോടെ ഉറക്കത്തിന്റെ രീതികള്‍ക്കും മാറ്റമുണ്ടാകും. പ്രായാധിക്യവും ശാരീരിക ബുദ്ധിമുട്ടുകളും കാരണം പ്രായമായവര്‍ രാത്രിയില്‍ നേരത്തെ ഉറങ്ങി പോകുന്നതു സ്വാഭാവികമാണ്.

മറ്റ് രോഗങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്നവരെ സംബന്ധിച്ച് ക്ഷീണം വര്‍ധിക്കാനുള്ള സാധ്യതയുമുണ്ട്. നേരത്തെ ഉറങ്ങുന്നതു കൊണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ഉറക്കം നഷ്ടപ്പെടുകയും ഇതുമൂലം രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നതും പതിവായിരിക്കും.

ഏഴ് അല്ലെങ്കില്‍ എട്ടു മണിക്കൂര്‍ ഉറക്കം ലഭിച്ചിരുന്ന സാഹചര്യത്തില്‍ നിന്നും രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രം ഉറങ്ങുന്ന അവസ്ഥയിലേക്ക് ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറയും. മറ്റ്
ക്രോണിക്ക് ഡിസീസിന്റെ ഭാഗമായും പ്രായമായവരില്‍ ഉറക്കക്കുറവ് ഉണ്ടാകും.

പ്രമേഹം, ഹൃദ്രോഗങ്ങള്‍, വിഷാദം,ഉത്കണ്ഠ, ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, സ്ലീപ് അപ്നിയ തുടങ്ങിയ പല കാരണങ്ങള്‍കൊണ്ട് പ്രായമായവരില്‍ ഉറക്കക്കുറവ് ഉണ്ടാകുന്നു.

വിവിധ രോഗങ്ങളുടെ മരുന്നുകള്‍ ഉപയോഗിക്കുന്നതും പ്രായമായവരുടെ ഉറക്കക്കുറവിനു കാരണമാകുന്നുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയ്ക്ക് മരുന്നു കഴിക്കുന്നവരില്‍ ഉറക്കക്കുറവ് ഉണ്ടാകാറുണ്ട്.

വൈകാരികമായ ബുദ്ധിമുട്ടുകള്‍


തനിച്ചാണെന്ന തോന്നലുണ്ടാകുമ്പോഴാണ് വിഷാദവും ഭയവും ഉടലെടുക്കുന്നത്. ജോലിയില്‍ നിന്നും വിരമിച്ച ശേഷമുള്ള ജീവിതം, ജീവിതപങ്കാളിയുടെയോ ഉറ്റ സുഹൃത്തുക്കളുടെയോ വേര്‍പാട്, സാമ്പത്തികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ പ്രായമായവരെ വൈകാരികമായി പ്രതിസന്ധിയിലാക്കും. ശരിയായി ഉറക്കം ലഭിക്കുന്നില്ല എന്ന ഉത്കണ്ഠ പോലും ഉറക്കക്കുറവിലേക്ക് എത്തിക്കും.

വൈകാരികമായി മനസിനെ അലട്ടുന്ന കാര്യങ്ങള്‍ ഉറങ്ങുന്നതിനു മുന്‍പ് ചിന്തിക്കുന്നതും ഉറക്കത്തെ ദോഷമായി ബാധിക്കും. ഉറക്കത്തെ സാധാരണയായി ആര്‍ഇഎം സ്ലീപ്, എന്‍ ആര്‍ഇഎം സ്ലീപ് എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. പ്രായമാകുമ്പോള്‍ ആര്‍ഇഎം സ്ലീപിന്റെ ദൈര്‍ഘ്യം കുറയാറുണ്ട്.

രോഗാവസ്ഥ മൂലമല്ലെങ്കിലും പ്രായാധിക്യം കൊണ്ട് ഉറക്കത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. പ്രായാധിക്യം മൂലം ഉണ്ടാകാനിടയുള്ള മറവി രോഗമായ ഡിമന്‍ഷ്യ മൂലവും ഉറക്കക്കുറവ് ഉണ്ടാകാം. മാനസികാരോഗ്യത്തിലുണ്ടാകുന്ന ഗണ്യമായിട്ടുള്ള ഏറ്റക്കുറച്ചിലുകള്‍ കൊണ്ടും ഉറക്കമില്ലായ്മ ഒരു ലക്ഷണമായി വരാനിടയുണ്ട്.

ശ്രദ്ധിക്കേണ്ടതെപ്പോള്‍


ശാരീരികവും മാനസികവുമായി ഒരു വ്യക്തിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഉറക്കക്കുറവ് ബാധിക്കാനിടയുണ്ട്. ഉറക്കക്കുറവ് കൊണ്ട് പ്രായമായവരില്‍ ന്യൂറോ ഡിമന്‍ഷ്യ ഉണ്ടായേക്കാം.

ഡിമന്‍ഷ്യയാണെന്നു തോന്നിക്കുന്ന തരത്തിലുള്ള ഓര്‍മക്കുറവാണിത്. സാമൂഹിക ഇടപെടല്‍ കുറയുക, ഉന്മേഷക്കുറവ്, ഒരുകാര്യങ്ങളിലും താല്‍പര്യം പ്രകടിപ്പിക്കാതിരിക്കുക, പകല്‍ സമയങ്ങളില്‍ കൂടുതല്‍ ഉറങ്ങുക, തളര്‍ച്ച അനുഭവപ്പെടുക, മുന്‍പ് ഉത്സാഹത്തോടെ ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യക്കുറവ്, ഭക്ഷണം ഒഴിവാക്കുക തുടങ്ങിയ മാറ്റങ്ങള്‍ പ്രായമായവരില്‍ പ്രകടമായാല്‍ ശ്രദ്ധിക്കേണ്ടതാണ്.

ഇവയെല്ലാം ഉറക്കക്കുറവിന്റെ ലക്ഷണങ്ങളാകാം. മറ്റു കുടുംബാംഗങ്ങളെ സംബന്ധിച്ച് പ്രായമായവരിലെ ഉറക്കക്കുറവ് അവരെ അത്രകണ്ട് ബാധിക്കാറില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ ഉറക്കക്കുറവ് ഉണ്ടാകുമ്പോഴാണ് പലപ്പോഴും ശ്രദ്ധയില്‍പെടാറുള്ളത്.

uploads/news/2018/06/227154/oldagesleepprob200618a.jpg

നല്ല ഉറക്കം ലഭിക്കാന്‍


മാനസികാരോഗ്യവും ശാരീരികാരോഗ്യവും നിലനിര്‍ത്തുന്നതിനൊപ്പം ചില കാര്യങ്ങളില്‍ ശ്രദ്ധനല്‍കിയാല്‍ പ്രായാധിക്യം മൂലമുണ്ടാകുന്ന ഉറക്കക്കുറവ് ഒരുപരിധി വരെ പരിഹരിക്കാനാകും.

എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഇതൊരു ശീലമാക്കുന്നത് നല്ലതാണ്. മനസു ശാന്തമാക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ഉറങ്ങുന്നതിനു മുന്‍പ് ചെയ്യുക. അതു ചിലപ്പോള്‍ പുസ്തകങ്ങള്‍ വായിക്കുന്നതാകാം. അല്ലെങ്കില്‍ എഴുതുകയോ, ഇഷ്ടമുള്ള പാട്ട് കേള്‍ക്കുകയുമാകാം.

ഉറങ്ങുന്നതിനു അരമണിക്കൂര്‍ മുന്‍പെങ്കിലും ടിവി കാണുന്നതും ഫോണിന്റെ ഉപയോഗവും ഒഴിവാക്കുക. ബെഡ് റൂം ശാന്തമായ ഉറക്കത്തിനുള്ളതാണെന്നു ഓര്‍മിക്കുക. മനസിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഉറങ്ങുന്നതിനു മുന്‍പ് ആലോചിക്കുന്നത് നല്ല ഉറക്കത്തിനു തടസമുണ്ടാക്കും.

കഴിവതും ഒറ്റയ്ക്കിരിക്കുന്നതു ഒഴിവാക്കുക. ഇഷ്ടമുള്ള പ്രവര്‍ത്തികള്‍ക്കായി സമയം ചെലവഴിക്കുക. കുടുംബസുഹൃത്തുക്കള്‍ക്കൊപ്പം വൈകുന്നേരങ്ങള്‍ ചെലവിടുക. ദിവസവും വ്യായാമം ശീലമാക്കുക.

പ്രായമായവര്‍ക്കും അവരാഗ്രഹിക്കുന്ന അര്‍ഹതയും പരിഗണനയും നല്‍കുന്നതിലൂടെ പ്രായമായവരെ ബാധിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ഉറക്കക്കുറവും പരിഹരിക്കാനാകും.

ജിനി കെ. ഗോപിനാഥ്
കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ആന്‍ഡ് ഹിപ്‌നോതെറാപ്പിസ്റ്റ്
മൈന്‍ഡ് മാറ്റേഴ്‌സ്, ഇന്റര്‍നാഷണല്‍ ,ബെംഗലുരു

തയാറാക്കിയത് : നീതു സാറാ ഫിലിപ്പ്

Ads by Google
Ads by Google
Loading...
TRENDING NOW