Tuesday, September 25, 2018 Last Updated 10 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Jun 2018 02.49 PM

കാലില്‍ രക്തം തടസം ഉണ്ടാകുന്നത് ഹൃദയത്തെ ബാധിക്കുമോ? ഹൃദയത്തിന്റെ തകരാര്‍കൊണ്ടാണോ കാലില്‍ ബ്ലോക്ക് ഉണ്ടാകുന്നത്?

ഹൃദയപൂര്‍വം
uploads/news/2018/06/226901/askdrheart190618.jpg

''രാത്രിയില്‍ കിടക്കുമ്പോള്‍ ആമാശയത്തിലെ ദഹനരസങ്ങള്‍ അന്നനാളത്തിലേക്കു തിരിഞ്ഞൊഴുകാം. ഈ സാഹചര്യത്തില്‍കലശലായ നെഞ്ചെരിച്ചില്‍ ഉണ്ടാകാം''

രാത്രികാലങ്ങളില്‍ നെഞ്ചെരിച്ചില്‍


എന്റെ ഭര്‍ത്താവിനു വേണ്ടിയാണ് കത്ത്. 52 വയസ്. അദ്ദേഹത്തിന് ചിലപ്പോള്‍ ശ്വാസതടസവും നെഞ്ചെരിച്ചിലും അനുഭവപ്പെടുന്നു. രാത്രി കാലങ്ങളിലാണ് ഇത് കൂടുതലായും അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചിലും ശ്വാസതടസവും ഹൃദ്രോഗത്തിന്റെ ലക്ഷണമാണോ?
----- സുഹ്‌റ , പട്ടം

പലപ്പോഴും കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതുകൊണ്ടും കൂടുതല്‍ അപഥ്യമായ ഭക്ഷണം കഴിക്കുന്നതുകൊണ്ടും പലര്‍ക്കും ആമാശയത്തില്‍ ദഹനക്കേടിനൊപ്പം വേദനയും എരിച്ചിലും ഉണ്ടാകാറുണ്ട്.

ചിലപ്പോള്‍ അസിഡിറ്റി കൂടി അള്‍സറുണ്ടാകാം. ഈ അവസരങ്ങളില്‍ വയറ്റിലസ്വാസ്ഥ്യവും എരിച്ചിലുമൊക്കെയുണ്ടാകാം. കൂടാതെ രാത്രിയില്‍ കിടക്കുമ്പോള്‍ ആമാശയത്തിലെ ദഹനരസങ്ങള്‍ അന്നനാളത്തിലേക്കു തിരിഞ്ഞൊഴുകാം. ഈ സാഹചര്യത്തില്‍ കലശലായ നെഞ്ചെരിച്ചില്‍ ഉണ്ടാകാം.

താങ്കളുടെ ഭര്‍ത്താവ് മദ്യപിക്കുമോ എന്നറിയില്ല. മദ്യപിക്കുന്നവരില്‍ അസിഡിറ്റി വളരെ കൂടാറുണ്ട്. കൃത്യസമയത്ത് ആഹാരം കഴിക്കുക, എരിവും പുളിയും കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, രാത്രി ഏഴുമണിക്കു മുമ്പ് അത്താഴം കഴിക്കുക, തല പൊക്കിവച്ച് കിടന്നുറങ്ങുക, ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നെഞ്ചെരിച്ചില്‍ നല്ലൊരു പരിധിവരെ കുറയ്ക്കാം.

കൂടാതെ അസിഡിറ്റി കുറയ്ക്കുന്ന ഔഷധങ്ങളും ഉപയോഗിക്കാം. ഹൃദ്രോഗത്താലുള്ള നെഞ്ചിലെ അസ്വാസ്ഥ്യം സാധാരണ ആയാസപ്പെടുമ്പോഴാണ് ഉണ്ടാവുക. വിശ്രമിക്കുമ്പോള്‍ അത് കുറയും. ആയാസപ്പെടുമ്പോള്‍ ഹൃദയസ്പന്ദനവേഗത അധികരിച്ച് ബ്ലോക്കുള്ള ഹൃദയഭാഗങ്ങളില്‍ രക്തദാരിദ്ര്യം കൂടുന്നതാണ് ഈ നെഞ്ചുവേദനയ്ക്കു പിന്നിലെ കാരണം. എന്തായാലും ഒരു ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റിനെ കാണിക്കുന്നതാണ് നല്ലത്.

പരിശോധന ആവശ്യമുണ്ടോ?


എന്റെ ഭര്‍ത്താവിന് 57 വയസ്. മദ്യം കഴിക്കും. ഇടയ്ക്ക് പുകവലിയുമുണ്ട്. കുറച്ച് ആഴ്ചകളായി അദ്ദേഹത്തിന്റെ നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നു. അപ്പോള്‍ ചൂടുവെള്ളം കുടിക്കുകയോ ആവിപിടിക്കുകയോ ചെയ്യും. ആശുപത്രിയില്‍ ചെന്ന് പരിശോധിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കില്ല. ഞങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഈ പ്രശ്‌നത്തില്‍ ആശങ്കയുണ്ട്. ഇത് ഹൃദയത്തിന്റെ തകരാര്‍ കൊണ്ട് ഉണ്ടാകുന്നതാണോ? വിദഗ്ധ പരിശോനയും ചികിത്സയും ആവശ്യമാണോ?
----- സലിമ ,കോഴിക്കോട്

മദ്യവും സിഗരറ്റും ഉപയോഗിക്കുന്ന, ഭക്ഷണക്രമത്തില്‍ ചിട്ടയില്ലാത്ത, വ്യായാമം ചെയ്യാത്ത ഒരാള്‍ രോഗാതുരതയിലേക്ക് നടന്നു നീങ്ങുകയാണെന്ന് നിസംശയം പറയാം. ഒരുപക്ഷേ, താങ്കളുടെ ഭര്‍ത്താവിന് അമിത വണ്ണവും കാണാം. ഇതാണ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ഏറ്റവും ഗുരുതരമായ അവസ്ഥ. ആയാസപ്പെടുമ്പോഴോ വെറുതേയിരിക്കുമ്പോഴോ നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഹൃദ്രോഗംകൊണ്ടാവാം. 5

7 വയസുള്ള താങ്കളുടെ ഭര്‍ത്താവിന് ഹൃദ്രോഗ സാധ്യത ഏറെയുള്ളതുകൊണ്ട് എത്രയും പെട്ടെന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാകണം. ട്രഡ് മില്‍ പരിശോധന, എക്കോകാര്‍ഡിയോഗ്രാഫി തുടങ്ങിയവ ചെയ്യേണ്ടിവരും.

ട്രഡ്മില്‍ പരിശോധനയില്‍ വ്യതിയാനങ്ങള്‍ ഉണ്ടെങ്കില്‍ ഔഷധചികിത്സയോടൊപ്പം ചിലപ്പോള്‍ കൊറോണറി ആന്‍ജിയോപ്ലാസ്റ്റിയും ചെയ്യേണ്ടിവന്നേക്കാം. അതുകൊണ്ട് നിസാരമായി കരുതാതെ വേണ്ടത്ര ഗൗരവം കൊടുത്ത് ഉടന്‍ പരിശോധന നടത്തണം. ഹാര്‍ട്ടറ്റാക്ക് വന്നതിനുശേഷം ദുഃഖിച്ചിരുന്നിട്ട് കാര്യമില്ല. ഹാര്‍ട്ടറ്റാക്കിനെ തടയാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ ഏറെയുണ്ട്. അവ സ്വീകരിച്ചാല്‍ മാത്രം മതി.

കാലില്‍ ബ്ലോക്ക് ഉണ്ടാകുന്നു


എനിക്ക് 55 വയസുണ്ട്. കാലില്‍ രക്തം തടസം ഉണ്ടാകുന്നത് ഹൃദയത്തെ ബാധിക്കുമോ? ഹൃദയത്തിന്റെ തകരാര്‍കൊണ്ടാണോ കാലില്‍ ബ്ലോക്ക് ഉണ്ടാകുന്നത്. ഇനിയും ഇതുപോലെ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ടോ?
----- നെല്‍സണ്‍, കാഞ്ഞിരമറ്റം

സാധാരണ പുകവലിക്കാരിലാണ് കാലിലെ ധമനികള്‍ക്ക് ബ്ലോക്ക് കാണുന്നത്. കാലുകളില്‍ ഓരോന്നിലായി ബ്ലോക്ക് ഉണ്ടാകുന്നത് പുകവലിയുടെ പ്രത്യാഘാതമാണ്. ഇതിനു പരിഹാരം പുകവലി നിര്‍ത്തുകയെന്നതാണ്. ശരീരത്തിലെ ധമനികളെ പൊതുവായി ബാധിക്കുന്ന ജരിതാവസ്ഥയുടെ ഭാഗമായാണ് കാലുകളിലെ രക്തക്കുഴലുകള്‍ രോഗാതുരമായതെങ്കില്‍ ചിലപ്പോള്‍ ഹൃദയധമനികളിലും ബ്ലോക്കുകള്‍ കാണാം. ഇതിന് ആന്‍ജിയോഗ്രാഫിയെടുത്ത് നോക്കുകതന്നെവേണം.

കാലില്‍ രക്തപ്രവാഹം തടസപ്പെടുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയില്ല. ഹൃദയത്തിന്റെ തകരാര്‍കൊണ്ട് കാലുകളില്‍ ബ്ലോക്ക് ഉണ്ടാവുകയുമില്ല. നേരത്തേ സൂചിപ്പിച്ചതുപോലെ ജരിതാവസ്ഥയുടെ ഭാഗമായിട്ടോ കാലുകളില്‍ പ്രഥമമായിട്ടുണ്ടായ അപചയത്തിന്റെ ഭാഗമായിട്ടോ ബ്ലോക്ക് ഉണ്ടായതാവാം. പുകവലി തുടര്‍ന്നുകൊണ്ടുപോവുകയോ പ്രമേഹം നിയന്ത്രിക്കാതിരിക്കുകയോ ചെയ്താല്‍ ബ്ലോക്കുകള്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇന്നുതന്നെ പുകവലി പാടേ ഉപേക്ഷിക്കുക.

പുകയും ഹൃദ്രോഗവും


ഞാനൊരു ട്രാഫിക് പൊലീസുകാരനാണ്. 50 വയസ്. രണ്ടു വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. മണിക്കൂറുകളോളം വാഹനങ്ങളുടെയും മറ്റും പുകയും നഗരത്തിലെ മറ്റ് സ്രോതസുകളില്‍ നിന്നുള്ള മാലിന്യവും ശ്വസിച്ച് ജോലിചെയ്യേണ്ടിവരുന്നു. ഇതുമൂലം ശ്വാസംമുട്ടലും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ട്. ഇങ്ങനെ നിരന്തരമായി പൊടിയും പുകയും ശ്വസിക്കുന്നത് ഹൃദ്രോഗത്തിനു കാരണമാവുമോ? ഞാന്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടോ?
----- രവി, ചെന്നൈ

ഏതുതരം പുകയും ശരീരത്തിലേക്ക് വലിച്ചു കയറ്റുന്നത് ഹാനികരം തന്നെ. പ്രത്യേകിച്ച് ട്രാഫിക് സിഗ്നലില്‍ നില്‍ക്കുന്ന പോലീസുകാര്‍ ഡ്യൂട്ടി കഴിയുന്നതുവരെ ഏറ്റവും മലീനസമായ പുകയും പൊടിയും ഉള്ളിലേക്ക് ശ്വസിക്കുകയാണല്ലോ. ഇത് പാസീവ് സ്‌മോക്കിംഗ് തന്നെ. ദീര്‍ഘകാലം ഇങ്ങനെ ശ്വസിക്കേണ്ടിവന്നാല്‍ കൂടുതല്‍ അപകടം ഉണ്ടാകുന്നത് ശ്വാസകോശങ്ങള്‍ക്കുതന്നെ.

കാരണം ശ്വസിക്കുന്ന, രോഗാണുനിറഞ്ഞ വായുവും മാരകമായ ഖരകണങ്ങളും പുകയും ശ്വാസകോശങ്ങളിലെ കോശങ്ങളില്‍ അടിഞ്ഞു കൂടി അവിടെ കാതലായ ഘടനാപരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നു. സാവധാനം പ്രാണവായുവിന്റെ അംശം കുറഞ്ഞ് പുക രക്തവുമായി കൂടിച്ചേര്‍ന്ന് അശുദ്ധ രക്തം ശരീരത്തില്‍ പടരുന്നു.

ശ്വാസകോശങ്ങള്‍ രോഗാതുരമാകുമ്പോള്‍ വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടലും ഉണ്ടാകുന്നു. ക്രോണിക് ബ്രോങ്കൈറ്റിസ്, ആസ്ത്മ, പ്ലുറിസി തുടങ്ങിയ വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകുന്നു. ഇവയെല്ലാം ഒരുവനെ രോഗിയായി മാറ്റുന്നു.

പുകയില, തിരക്കേറിയ തെരുവുകളിലെ പുകയും മാലിന്യത്തിന് കാരണമാകും. അതുപോലെ തുടരെയുള്ള ശ്വാസകോശ രോഗങ്ങള്‍ ഹൃദ്രോഗത്തിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ തെരുവുകളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവര്‍ പൊടിയും പുകയും ശ്വസിക്കാതെ ശ്രദ്ധിക്കുക.

പ്രത്യേക തരം മാസ്‌കുകള്‍ ധരിച്ച് ഇതില്‍ നിന്നും രക്ഷനേടാം. നിശ്ചിത കാലയളവില്‍ എക്‌സ് റേ എടുക്കുന്നതിലൂടെ ശ്വാസകോശങ്ങളുടെ ആരോഗ്യാവസ്ഥ തിട്ടപ്പെടുത്തുന്നു. വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ജോലിസ്ഥലം മാറുവാന്‍ ശ്രമിക്കണം.

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ഹോസ്പിറ്റല്‍ , എറണാകുളം

Ads by Google
Ads by Google
Loading...
TRENDING NOW