Monday, March 18, 2019 Last Updated 13 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 18 Jun 2018 04.42 PM

ഒരുങ്ങിയിരിക്കാം വാര്‍ധക്യത്തിനായി

''വാര്‍ധക്യം എന്നത് കേവലം ഒരു ശാരീരികാവസ്ഥ മാത്രമായി കാണാന്‍ കഴിയുന്നതല്ല. ഇന്നിതൊരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുന്നു''
uploads/news/2018/06/226664/oldagestarted180618.jpg

വാര്‍ധക്യം അനിവാര്യമാണ്. അതു മരണം പോലെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു അവസ്ഥയാണ്. എന്നാല്‍ വാര്‍ധക്യം ഗ്ഗ സമം മരണം എന്ന സമവാക്യമാണ് നാം പൊളിച്ചെഴുതേണ്ടത്.

ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ 9 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ അറുപതു വയസിനു മുകളില്‍ പ്രായമുള്ളവരാണ്. കേരളത്തില്‍ ഇത് 11 ശതമാനത്തിനു മുകളിലാണ്. 2025 ഓടു കൂടി ഇത് 20 ശതമാനത്തിന് മുകളിലാവുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 2050 ഓടു കൂടി ലോക ജനസംഖ്യയുടെ നാലിലൊന്നു പേര്‍ 60 വയസിന് മുകളിലുള്ളവരായിരിക്കും.

വാര്‍ധക്യം എന്നത് കേവലം ഒരു ശാരീരികാവസ്ഥ മാത്രമായി കാണാന്‍ കഴിയുന്നതല്ല. ഇന്നിതൊരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുന്നു. പണ്ടെത്തേതില്‍ നിന്നും വ്യത്യസ്തമായി വാര്‍ധക്യത്തിനും വാര്‍ധക്യകാല സംരക്ഷണത്തിനും ഏറെ പ്രാധാന്യം കൈവന്നതിനും ജെറിയാട്രിക് മെഡിസിന്‍ എന്ന ഒരു പുതിയ വിഭാഗം തന്നെ രൂപപ്പെട്ടതിനും പിന്നില്‍ ഒന്നിലേറെ ഘടകങ്ങളുണ്ട്.

1. ശരാശരി ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായ വര്‍ധന മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍, വൈദ്യശാസ്ത്രരംഗത്തെ നൂതനമായ കണ്ടുപിടുത്തങ്ങള്‍ എന്നിവയൊക്കെ കാരണം ഗുരുതരമായ പല രോഗങ്ങളും ഇന്ന് പടിക്കു പുറത്താണ്. കൂടാതെ ഉള്ള രോഗങ്ങളില്‍ മിക്കവയും നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചികിത്സകളും ഇന്ന് ലഭ്യമാണ്.

2. കുടുംബ ഘടനയിലും ബന്ധത്തിലും വന്ന മാറ്റങ്ങള്‍ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും വിഭിന്നമായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന കൂട്ടുകുടുംബ വ്യവസ്ഥയില്‍ വൃദ്ധജനങ്ങളുടെ സംരക്ഷണം മറ്റ് കുടുംബങ്ങളുടെ ചുമതലയായിരിക്കുന്നു. അണുകുടുംബങ്ങളുടെ ആവിര്‍ഭാവത്തോടെ ഈ സ്ഥിതിക്ക് മാറ്റങ്ങള്‍ വരികയും വൃദ്ധജനങ്ങളുടെ സംരക്ഷണം ഒരു ബാധ്യതയാവുകയും ചെയ്തു.

3. ജോലിയുടെ സ്വഭാവം, റിട്ടയര്‍മെന്റ് പ്രായം എന്നിവയില്‍ വന്ന മാറ്റങ്ങള്‍

കാര്‍ഷിക വൃത്തിയിലൂടെ ജീവിതം മുന്നോട്ട് പോയിരുന്ന കാലത്ത് ജനങ്ങള്‍ കൂടുതല്‍ വര്‍ഷം ക്രിയാത്മകമായ ജീവിതം നയിച്ചിരുന്നു. മാനസിക പിരിമുറുക്കങ്ങളും രോഗങ്ങളും ഇവരില്‍ വളരെ കുറവായിരുന്നു.

uploads/news/2018/06/226664/oldagestarted180618b.jpg

എന്നാല്‍ കൂടുതല്‍ ആളുകള്‍ മറ്റുജോലികളിലേക്ക് തിരിഞ്ഞപ്പോള്‍ റിട്ടയര്‍മെന്റ് വളരെ നേരത്തേയായി. സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയും വിരസതയും കൂടിച്ചേര്‍ന്ന ഒരു ദീര്‍ഘകാല വാര്‍ധക്യമാണ് അവരെ കാത്തിരിക്കുന്നത്.

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ എല്ലാം ചേര്‍ന്ന് വാര്‍ധക്യകാല ജീവിതം ദുഷ്‌കരമാകുന്ന ഒരു അവസ്ഥയാണ് ഇന്ന് പൊതുവേ കാണാനാവുന്നത്. വാര്‍ധക്യത്തിന്റെ അനിവാര്യതയെ തടുത്ത് നിര്‍ത്താനായില്ലെങ്കിലും അല്‍പമൊന്ന് ശ്രദ്ധവച്ചാല്‍ വാര്‍ധക്യം കൂടുതല്‍ ക്രിയാത്മകവും ആസ്വാദ്യകരവുമാക്കാം.

എന്നാല്‍ ഇത് കൂടുതല്‍ ഫലപ്രദമാകണമെങ്കില്‍ അതിനുള്ള തയാറെടുപ്പുകള്‍ വളരെ നേരത്തേ തുടങ്ങേണ്ടതുണ്ട്. ആസ്വാദ്യകരമായ ഒരു വാര്‍ധക്യ ജീവിതത്തിന് അവശ്യം വേണ്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സാമ്പത്തിക സുരക്ഷിതത്വം


ആരോഗ്യം പോലെ ഏറെ പ്രധാനമാണ് സാമ്പത്തിക സുരക്ഷിതത്വം. വൃദ്ധജനങ്ങളുടെ ജീവിതം ദുരിതമയമാക്കുന്നതിന് ഒരു പ്രധാന കാരണം സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയാണ്.

'സമ്പത്തുകാലത്ത് തൈ പത്തുവച്ചാല്‍ ആപത്തുകാലത്ത് കാ പത്തു തിന്നാം' എന്ന ചൊല്ല് ഓര്‍ക്കുക.

ജോലി ചെയ്യാന്‍ ആരോഗ്യമുള്ള കാലത്തു തന്നെ ഭാവിയിലേക്കു വേണ്ട ചിട്ടയായ നിക്ഷേപങ്ങള്‍ അവനവന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് നടത്തണം. സര്‍ക്കാര്‍ ജോലിയുടെ സുരക്ഷിതത്വം ഉള്ളവര്‍ക്കുപോലും താങ്ങാന്‍ കഴിയുന്നതല്ല ഇക്കാലത്തെ വര്‍ധിച്ച ചികിത്സാ ചിലവുകള്‍.

ഗൃഹ നിര്‍മാണത്തിനും മറ്റും എടുക്കുന്ന ലോണുകള്‍ ആരോഗ്യവും ജോലിയുമുള്ള കാലത്തു തന്നെ അടച്ചുതീര്‍ക്കാവുന്ന തരത്തില്‍ വേണം പ്ലാന്‍ ചെയ്യാന്‍. മക്കള്‍ വലുതായാല്‍ സ്വത്ത് മുഴുവന്‍ അവരുടെ പേരില്‍ എഴുതിക്കൊടുത്ത് പടിയിറക്കപ്പെടുന്ന വൃദ്ധജനങ്ങള്‍ ഇന്ന് ഏറെയുണ്ട്.

സ്വന്തം സുരക്ഷിതത്വത്തിന് ആവശ്യമുള്ളതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ മാത്രം അതിനു മുതിരുകയും അല്ലാത്ത പക്ഷം കാലശേഷം മാത്രമേ സ്വത്തുവകകള്‍ മക്കള്‍ക്കു കൊടുക്കു എന്നു തീരുമാനിക്കുകയും ചെയ്താല്‍ ഇത്തരം ദുര്‍ഗതി ഒഴിവാക്കാം.

മാത്രവുമല്ല, എന്തിനും ഏതിനും മക്കളെ ആശ്രയിക്കേണ്ടിവരുന്നത് ആത്മവിശ്വാസത്തെയും മാനസികാരോഗ്യത്തെയും തകര്‍ക്കുന്ന കാര്യമാണ്. വാര്‍ധക്യത്തിലെത്തുന്നതിനു മുമ്പും അതിനു ശേഷവും പ്രാധാന്യത്തോടെ കാണേണ്ടതാണ് സാമ്പത്തിക സുരക്ഷ.

മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് പോളിസികളിലും പെന്‍ഷന്‍ പ്ലാനുകളിലും നിക്ഷേപങ്ങള്‍ നടത്തുന്നതും നല്ലതാണ്.

മാനസികോല്ലാസം


വിരസതയാണ് വൃദ്ധജനങ്ങളെ ഏറെ അലട്ടുന്ന മറ്റൊരു കാര്യം. ജീവിതയാത്രയ്ക്ക് വേഗത കൂടിയ ഇക്കാലത്ത് മക്കള്‍ ജോലിക്കു പോയാല്‍ വീട്ടില്‍ തീര്‍ത്തും ഒറ്റപ്പെടുന്നവരാണ് വയോജനങ്ങളില്‍ ഏറെപ്പേരും.

ഉയര്‍ന്ന തസ്തികകളില്‍ തിരക്കുപിടിച്ച ജീവിതം നയിച്ചിരുന്നവര്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ഓഫീസില്‍ ഒരുപാടു പേരെ നിയന്ത്രിച്ചിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ സ്വന്തം മക്കളുടെയും പേരക്കുട്ടികളുടെയും ആജ്ഞാനുവര്‍ത്തിയാകുന്നത് ഇന്ന് പതിവു കാഴ്ചയാണ്.

uploads/news/2018/06/226664/oldagestarted180618a.jpg

പുറത്തിറങ്ങി നടക്കാനും മറ്റും ആരോഗ്യമുള്ള കാലത്തോളം സമൂഹത്തില്‍ സജീവമാകാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. വായനശാലകളും ക്ഷേത്രം, പള്ളി കമ്മിറ്റികളും ആത്മീയ കൂട്ടായ്മകളും ഒക്കെ ഇതിനുതകുന്നവയാണ്.

ഇന്ന് മിക്കയിടത്തും സീനിയര്‍ സിറ്റിസണ്‍സ് ഫോറങ്ങള്‍ സജീവമാണ്. സായാഹ്നങ്ങളില്‍ അവിടെയും സജീവമാകാം. ഇതിനെല്ലാം പകരമായി രാവിലെ മുതല്‍ ഇരുട്ടുവോളം ചായക്കപ്പുമായി ടിവിയുടെ മുന്നിലിരിക്കുന്നത് ഒട്ടും ആശാസ്യമല്ല.

സംഗീതം, വായന മുതലായവ മാനസികോല്ലാസത്തിന് ഏറ്റവും നല്ല ഹോബികളാണ്. പേരക്കുട്ടികളുടെ കൂടെ സമയം ചിലവഴിക്കുന്നതും മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായകരമാണ്.

ഊഷ്മളമായ കുടുംബബന്ധങ്ങള്‍


വാര്‍ധക്യകാലം ആസ്വാദ്യകരമാക്കുന്നതില്‍ പ്രധാന ഘടകം ഊഷ്മളമായ കുടുംബ ബന്ധങ്ങളാണ്. ആയകാലത്ത് മക്കളുമായി ആരോഗ്യകരമായ ഒരു ബന്ധം വളര്‍ത്തിയെടുക്കാന്‍ വളരെ ശ്രദ്ധിക്കണം. 'മക്കള്‍ തന്നോടൊപ്പം വളര്‍ന്നാല്‍ താന്‍ എന്നു വിളിക്കണം' എന്ന ചൊല്ല് ഓര്‍ക്കുക.

ചെറിയ കാര്യങ്ങളിലെ നിര്‍ബന്ധബുദ്ധിയും പിടിവാശിയും ഒഴിവാക്കണം. സ്‌നേഹിച്ചു വളര്‍ത്തിയ മക്കളാണെങ്കിലും അവരില്‍ അമിത പ്രതീക്ഷ വച്ചു പുലര്‍ത്താതിരിക്കുന്നതാണ് നല്ലത്. വൃദ്ധരുടെ ജീവിതം ആസ്വാദ്യകരമാക്കുന്നതില്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം തുല്യ പങ്കാണുള്ളത്. മുതിര്‍ന്നവരെ മാനിക്കാനുള്ള ശീലം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കണം.

മുതിര്‍ന്നവരെ ഒപ്പമിരുത്തി ഒരുനേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. വല്ലപ്പോഴും ഒരു തീര്‍ഥാടനത്തിനോ, പിക്‌നിക്കിനോ ഇവരെക്കൂടി കൂട്ടണം. ജന്മദിനവും വിവാഹ വാര്‍ഷികവും ആഘോഷമാക്കുന്നത് ഇവര്‍ക്ക് കൂടുതല്‍ സന്തോഷവും ആത്മവിശ്വാസവും പകരും.

കടപ്പാട്:
ഡോ. സുനില്‍ , മൂത്തേടത്ത്

Ads by Google
Ads by Google
Loading...
TRENDING NOW