Sunday, April 21, 2019 Last Updated 32 Min 18 Sec ago English Edition
Todays E paper
ശ്രീപാര്‍വതി
ശ്രീപാര്‍വതി
Friday 15 Jun 2018 08.51 PM

മേരിക്കുട്ടി പെണ്ണല്ല, ആണുമല്ല; ‘ഞാന്‍ മേരിക്കുട്ടി’ റിവ്യൂ

കപട സദാചാര ബോധത്തിന്റെ ഇരയാണ് അവള്‍. ആര്‍ക്കും എപ്പോഴും എന്തും കാണിക്കാനുള്ള ജീവിതങ്ങള്‍. പക്ഷെ മേരിക്കുട്ടിയ്ക്ക് ഒരു ജീവിത ലക്ഷ്യമുണ്ട്, അതിലേക്കുള്ള അവളുടെ യാത്രയാണ് ഈ സിനിമ. എല്ലാ സാമൂഹികമായ ഒറ്റപ്പെടുത്തലുകളെയും അതിജീവിച്ചു അവള്‍ ആ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നുണ്ട്.
njan marykutty, review

മൂന്നാമതൊരു ജന്‍ഡര്‍ എന്ന വിഷയം മറ്റേതുകാലത്തേക്കാളേറെ ചര്‍ച്ചചെയ്യപ്പെടുകയും കോടതി കയറുകയും വിവാദങ്ങളുണ്ടാക്കുകയും കാലത്താണ് രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ 'ഞാന്‍ മേരിക്കുട്ടി' എത്തുന്നത്. 'ഞാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അല്ല ട്രാന്‍സ് സെക്ഷ്വല്‍ ആണ്' എന്ന അടയാളപ്പെടുത്തലുമായാണ് ഈ ജയസൂര്യ ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയത്.

ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഒറ്റ പദം പ്രതിനിധീകരിക്കുന്നത് പല ട്രാന്‍സ് വിഭാഗങ്ങളെയുമാണ്. പക്ഷെ അതിന്റേയുമൊക്കെ അപ്പുറംനിന്ന് ട്രാന്‍സ് സമൂഹം നേരിടുന്ന മാനസികവും ശാരീരികവും സാമൂഹികവുമായ അവസ്ഥകളാണ് ഈ സിനിമ ചര്‍ച്ചചെയ്യുന്നത്. ഒരുപക്ഷെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്ര സുവ്യക്തമായി ട്രാന്‍സ്‌ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ വച്ച സിനിമകള്‍ അപൂര്‍വമാകാം.

ഞാന്‍ മേരിക്കുട്ടി ഇറങ്ങുന്നതിനു മുന്‍പു തന്നെ മേരിക്കുട്ടി സൂപ്പര്‍ ലേഡി സ്റ്റാര്‍ ആയിരുന്നു. സരിത ജയസൂര്യയുടെ കോസ്‌റ്യൂമിലും പെണ്ണത്തമുള്ള ലുക്കിലും ജയസൂര്യ ശരിക്കും അമ്പരപ്പിച്ചിരുന്നു, അതേ കൗതുകം സിനിമയില്‍ ഉടനീളം കാത്തുസൂക്ഷിക്കാന്‍ ജയസൂര്യയ്ക്ക് കഴിഞ്ഞു എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകതയും. ഒരു നടത്തം പോലും അസ്വാഭാവികമല്ലാതെ, ഒരു മുഖചലനംപോലും ശ്രദ്ധിച്ച് ആണിനും പെണ്ണിനും ഇടയില്‍നിന്നുകൊണ്ട് ജയസൂര്യ നമ്മെ അമ്പരപ്പിക്കുന്നുണ്ട്.

njan marykutty, review

പതിവു സിനിമാക്കാഴ്ചകളിലെ കോമാളിവേഷത്തിലേയ്‌ക്കോ മിമിക്രിയിലേയ്‌ക്കോ എപ്പോള്‍ വേണമെങ്കിലും വീണുപോകാവുന്ന ഒരു കഥാപാത്രം, അസാധാരണമായ കൈയടക്കത്തോടെയാണ് ജയസൂര്യ എന്ന നടന്‍ അവതരിപ്പിച്ചിരിക്കുന്നത്. അത്രയേറെയുണ്ട് ഈ നടന്റെ സൂക്ഷ്മാഭിനയം. ഒരു നൂല്‍വഴിയിലൂടെ തന്നെയാണ് നടന്‍ എന്ന നിലയില്‍ ജയസൂര്യ മേരിക്കുട്ടിയായി യാത്ര ചെയ്തത്. അമിതമായി മേക്കപ്പ് ചെയ്യുന്ന, 'ചാന്തുപൊട്ട്' രീതിയില്‍ നടക്കുന്ന ഒരു വിഭാഗമാണ് ഇപ്പോഴും മലയാളിയ്ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍, പക്ഷെ ആ വാക്കിന്റെ അര്‍ഥം അതല്ലെന്നു ആ നേര്‍ത്ത രേഖയില്‍ നിന്ന് കൊണ്ട് രഞ്ജിത് ശങ്കര്‍ പറഞ്ഞു തരുന്നു.

കുട്ടിക്കാലം മുതല്‍ തന്നെ തന്റെ ജെണ്ടര്‍ വ്യത്യാസം മനസ്സിലാക്കിയെങ്കിലും ഒന്നും ചെയ്യാനാകാതെ വീട്ടുകാരുടെ അവഗണനയും മര്‍ദ്ദനങ്ങളും സഹിച്ചു തന്നെയാണ് മാത്തുക്കുട്ടി ഒടുവില്‍ വീട് വിട്ട് ഇറങ്ങി പോകാന്‍ തീരുമാനിക്കുന്നത്. സ്വന്തം നാട്ടില്‍ വച്ച് മനസ്സ് കാണിച്ച സ്ത്രീത്വത്തിന്റെ വഴിയിലേക്ക് ഇറങ്ങി നടക്കാന്‍ മാത്തുക്കുട്ടിയ്ക്ക് ആകുമായിരുന്നില്ല. പക്ഷെ വീടുവിട്ടിറങ്ങിയ മാത്തുക്കുട്ടി ചെന്നൈയില്‍ എത്തുന്നതോടെ ധൈര്യപൂര്‍വ്വം സ്ത്രീയായി മാറുന്നു. ശസ്ത്രക്രിയയിലൂടെ സ്വയം സ്ത്രീയായി മാറുന്നു. ട്രാന്‍സ്‌ജെന്‍ഡറില്‍ നിന്ന് മാത്തുക്കുട്ടി ട്രാന്‍സ് സെക്ഷ്വല്‍ ആയ മേരിക്കുട്ടി ആയി മാറുന്നു. അവിടം മുതലാണ് കഥ ആരംഭിക്കുന്നതും.

പൊതുവെ ട്രാന്‍സ് സമൂഹം സമൂഹത്തില്‍ നേരിടേണ്ടി വരുന്ന എല്ലാ പ്രശ്ങ്ങളെ കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട്. രാത്രിയില്‍ ട്രാന്‍സ് ആയ ഒരു സ്ത്രീ ഇറങ്ങി നടന്നാല്‍ അവള്‍ക്ക് പണി വ്യഭിചാരം ആണെന്നുള്ള കപട സദാചാര ബോധത്തിന്റെ ഇരയാണ് അവള്‍. ഇവിടെ മേരിക്കുട്ടിയും അത്തരം നിരവധി ഇരകളുടെ പ്രതിനിധിയാണ്. ആര്‍ക്കും എപ്പോഴും എന്തും കാണിക്കാനുള്ള ജീവിതങ്ങള്‍. പക്ഷെ മേരിക്കുട്ടിയ്ക്ക് ഒരു ജീവിത ലക്ഷ്യമുണ്ട്, അതിലേക്കുള്ള അവളുടെ യാത്രയാണ് ഈ സിനിമ. എല്ലാ സാമൂഹികമായ ഒറ്റപ്പെടുത്തലുകളെയും അതിജീവിച്ചു അവള്‍ ആ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നുണ്ട്.

njan marykutty, review

ജോജുവിന്റെ എസ് ഐ വേഷം, സുരാജിന്റെ കളക്ടര്‍, ജുവല്‍ മേരിയുടെ സുഹൃത്ത് വേഷം, അജുവിന്റെ ആര്‍ ജെ, ഇന്നസെന്റിന്റെ അച്ഛന്‍, ആരും അവരവരുടെ വേഷം മോശമാക്കിയില്ല, ഇതില്‍ എടുത്തു പറയേണ്ടത് ജോജുവിന്റെ പോലീസ് തന്നെ. എത്ര തന്മയത്വത്തോടെയാണ് വില്ലന്‍ വേഷങ്ങള്‍ പോലും തനിക്കിണങ്ങുന്നതെന്ന് അയാള്‍ കാണിച്ചു തരുന്നത്!

തമാശ വേഷങ്ങളോട് സൂരാജ് ഗുഡ് ബൈ പറഞ്ഞു എന്ന് കരുതാനാകില്ല, എന്നാലും അടുത്തിടെ സുരാജിന്റെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ ഗൗരവ സ്വഭാവങ്ങളുള്ളതാണ്. മേരിക്കുട്ടിയെ സഹായിക്കുന്ന കളക്ടര്‍ സുരാജിന്റെ ഇമേജ് തന്നെ മാറ്റി മറിക്കുന്നുണ്ട്. സിദ്ധാര്‍ഥ് ശിവയുടെ വക്കീല്‍ കഥാപാത്രം ഇടയ്ക്കിടെ കുറിയ്ക്ക് കൊള്ളുന്ന വാക്കുകള്‍ കൊണ്ട് തീയേറ്ററില്‍ ചിരി പടര്‍ത്തുന്നുണ്ടായിരുന്നു.

ട്രാന്‍സ് വിഭാഗത്തിന് പൊതുസമൂഹത്തോട് പറയാനുള്ള പല കാര്യങ്ങളും മേരിക്കുട്ടിയെ കൊണ്ട് രഞ്ജിത് ശങ്കര്‍ പറയിപ്പിക്കുന്നു. സാമൂഹികമായ വിഷയങ്ങളെ തന്റെ സിനിമയില്‍ ചര്‍ച്ചചെയ്യാന്‍ രഞ്ജിത്ത് പലപ്പോഴും ശ്രമിക്കാറുണ്ട്, മേരിക്കുട്ടിയും അത്തരം വിഷയങ്ങള്‍ പേറുന്നുണ്ട്. റോഡില്‍ പലപ്പോഴും പോലീസും സദാചാരപോലീസും നടത്തുന്ന അതിക്രമങ്ങള്‍ക്ക് ഈ സിനിമ സാക്ഷിയാണ്. ട്രാന്‍സ് സമൂഹത്തിനും ഇവിടെ സമാധാനപരമായി സുരക്ഷിതത്വത്തോടെ ജീവിക്കണമെന്ന് ആഗ്രഹമുണ്ട്, അതിനുവേണ്ടി മെച്ചപ്പെട്ട തൊഴിലവസരങ്ങളും അവര്‍ തിരയുന്നു. പക്ഷെ വീട്ടില്‍ പോലും അവഗണിക്കപ്പെടുന്നവര്‍ എന്ത് ചെയ്യാന്‍! എന്നാല്‍ അവര്‍ക്കും ആഗ്രഹങ്ങളുണ്ട്, സ്വപ്നങ്ങളും, അത് നേടാനുള്ള ആര്‍ജ്ജവവുമുണ്ട്. മേരിക്കുട്ടിയുടെ സ്വപ്നത്തിലേക്കുള്ള യാത്ര അതാണ്.

സിനിമകളില്‍ സ്ത്രീകളെ വളരെ ആര്‍ജ്ജവത്തോടെ അവതരിപ്പിക്കുന്ന സംവിധായകനാണ് രഞ്ജിത് ശങ്കര്‍, ന്യൂനപക്ഷ സമൂഹമായ ട്രാന്‍സിന്റെ ജീവിതം പകര്‍ത്തുക വഴി മലയാള സിനിമയില്‍ ഒരു വിപ്ലവം തന്നെ അദ്ദേഹം കൊണ്ടു വന്നിരിക്കുന്നു. മലയാളി സമൂഹം ട്രാന്‍സ് വിഭാഗത്തിന്റെ വിഷയത്തില്‍ അവരുടെ പ്രാചീനമായ സദാചാരചിന്ത കുറെയേറെ മാറ്റിയിട്ടുണ്ട്. അവരെ അപഹാസ്യരായും ഒന്‍പത് ആയും ചന്തു പൊട്ട് ആയും ഒക്കെ മാറ്റി നിര്‍ത്തിയിരുന്ന രീതി മാറി വരുന്നു. അതുകൊണ്ടു തന്നെ ഈ സിനിമ ഈ കാലത്തില്‍ ഏറെ യോജിച്ചത് തന്നെ.

ആനന്ദ് മധുസൂദനന്റെ സംഗീതം സിനിമയ്ക്ക് വല്ലാത്ത ഫീല്‍ തരുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. സരിതയുടെ വസ്ത്രാലങ്കാരം എടുത്തു പറയേണ്ടത് തന്നെ. മേരിക്കുട്ടിയെ വ്യത്യസ്തയായ, ട്രെന്‍ഡി ആയ ഒരു സ്ത്രീയാക്കി മാറ്റാന്‍ വേഷവിധാനത്തിനു കഴിഞ്ഞിട്ടുണ്ട്. എല്ലാത്തിലും മീതെ, ജയസൂര്യ ...You are the real Hero / Shero ...

ശ്രീപാര്‍വതി
ശ്രീപാര്‍വതി
Friday 15 Jun 2018 08.51 PM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW