Monday, July 23, 2018 Last Updated 12 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 15 Jun 2018 04.20 PM

മാതാപിതാക്കളെ അനുകരിക്കുമ്പോള്‍

മക്കളെ വളര്‍ത്തുക ഏറെ ക്ലേശകരവും ഉത്തരവാദിത്തവുമുള്ള കാര്യമാണ്. കുട്ടികളെ എങ്ങനെ നന്നായി വളര്‍ത്താമെന്നു സോദാഹരണം വ്യക്തമാക്കുന്ന പ്രമുഖ മോട്ടിവേഷണല്‍ ട്രെയിനറും ഫാമിലി കൗണ്‍സിലറും എഴുത്തുകാരനുമായ പ്രൊഫ. പി. എ.വര്‍ഗീസിന്റെ പംക്തി
uploads/news/2018/06/226077/GOODPARENTING150618.jpg

അച്ഛനമ്മമാരെയാണ് കുട്ടികള്‍ മാതൃകയാക്കുക. അച്ഛനമ്മമാര്‍ കുട്ടികളോട് പറയുന്ന കാര്യങ്ങള്‍ പലപ്പോഴും അവരെ സ്വാധീനിക്കണമെന്നില്ല. പിറന്ന് വീഴുന്ന ദിവസംതൊട്ട് മാതാപിതാക്കളെ അനുകരിച്ചാണ് കുട്ടികള്‍ ഓരോന്ന് പഠിച്ചെടുക്കുന്നത്.

അവര്‍ നടക്കുന്നത് കണ്ട് കുട്ടി നടക്കാന്‍ പഠിക്കുന്നു. അവരുടെ ചുണ്ടുകളുടെ ചലനം ശ്രദ്ധിച്ചും ശബ്ദം കേട്ടും കുട്ടി സംസാരിക്കാന്‍ പഠിക്കുന്നു. ഓടാനും ചാടാനും മുകളിലേക്ക് വലിഞ്ഞുകയറാനും കുട്ടി അങ്ങനെയാണ് കഴിവ് നേടുന്നത്. കൂടാതെ, മാതാപിതാക്കളുടെ സ്വഭാവ ഗുണങ്ങള്‍ കുട്ടികള്‍ അനുകരണത്തിലൂടെ സ്വായത്തമാക്കും.

കലഹപ്രിയര്‍


പരസ്പരം കലഹിക്കുന്ന മാതാപിതാക്കളുടെ കുട്ടികളും വാശിക്കാരാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരക്കാര്‍ വീട്ടിലും കലഹപ്രിയരായിരിക്കും. പങ്കാളി കലഹപ്രിയയോ, പ്രിയനോ ആണെങ്കില്‍ പറയുകയേ വേണ്ട. മാതാപിതാക്കള്‍ സത്യസന്ധരാണെങ്കില്‍ കുട്ടികളും അങ്ങനെയായിത്തീരും.

സത്യമേ പറയാവൂ എന്ന് ഉപദേശിച്ച് കൊടുക്കുകയും ജീവിതത്തില്‍ കള്ളം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ കുട്ടികള്‍ നിങ്ങളുടെ പ്രവൃത്തികളെയാണ് അനുകരിക്കുക. ഇത്തരക്കാര്‍ വാക്കുകളെ പൂര്‍ണ്ണമായും തള്ളിക്കളയും. വാക്കും പ്രവൃത്തിയും പൊരുത്തപ്പെട്ടു പോവുന്നെങ്കില്‍ അതിന്റെ പ്രേരണാശക്തി പതിന്മടങ്ങാകും.

സമയനിഷ്ഠ


മാതാപിതാക്കള്‍ സമയനിഷ്ഠ പാലിക്കുന്നവരാണെങ്കില്‍ കുട്ടികള്‍ അതുകണ്ട് പഠിക്കും. വാഗ്ദാനങ്ങള്‍ നിറവേറ്റാത്തവരും സമയനിഷ്ഠ ഇല്ലാത്തവരുമാണെങ്കില്‍ കുട്ടികള്‍ ആ രീതികളാവും പിന്തുടരുക.

കളവും വഞ്ചനയും നടത്തുന്ന മാതാപിതാക്കള്‍ നല്ല പാഠമല്ല കുട്ടികള്‍ക്ക് നല്‍കുന്നത്. ആരെങ്കിലും വിളിച്ചാല്‍ അച്ഛനിവിടെ ഇല്ല എന്നുള്ള കള്ളങ്ങളെല്ലാം പറയാന്‍ കുട്ടികളെ പ്രേരിപ്പിക്കുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ കളവ് പറയാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.

കൂട്ടുകാര്‍


മാതാപിതാക്കളുടെ കൂട്ടുകാര്‍ കുട്ടിയുടെ ജീവിതത്തെ സ്വാധീനിക്കാതിരിക്കില്ല. സുഹൃത്തുക്കള്‍ നല്ലവരും ശുഭാപ്തി വിശ്വാസക്കാരും ജോലി ഇഷ്ടപ്പെടുന്നവരുമാണെങ്കില്‍ അവര്‍ കുട്ടികള്‍ക്കൊരു മാതൃകയാണ്. ഇത് കണ്ട് കുട്ടികളും ഭാവിയില്‍ നല്ലവരെ സുഹൃത്തുക്കളാക്കും.

മതവിശ്വാസം


മാതാപിതാക്കള്‍ നല്ല മതവിശ്വാസികളാണെങ്കില്‍ കുട്ടികളും അങ്ങനെ ആയിത്തീരും. നിരീശ്വരവാദികളുടെ കുഞ്ഞുങ്ങള്‍ നിരീശ്വരവാദികളാകാനാണ് സാധ്യത. നിങ്ങളുടെ വിശ്വാസരീതികളാണ് കുട്ടി പിന്‍തുടരുക. അതിന്റെ ശരി തെറ്റുകള്‍ അവന്‍/അവള്‍ നോക്കാറില്ല. കുട്ടിയുടെ മതം മാതാപിതാക്കളുടേതാണ്.

അലസത


മാതാപിതാക്കള്‍ അലസരാണെങ്കില്‍ കുട്ടിയും അലസനാകാന്‍ സാധ്യതയുണ്ട്. കുട്ടിയെക്കൊണ്ട് കൂടുതല്‍ അദ്ധ്വാനിപ്പിക്കുവാന്‍ ശ്രമിച്ചതുകൊണ്ട് കാര്യമില്ല. അച്ഛനമ്മമാര്‍ അവരവരുടെ ജോലി കൃത്യമായി ചെയ്താല്‍ കുട്ടി സ്വന്തം ജോലി നന്നായി ചെയ്തുകൊള്ളും. വെറുതെയിരുന്നു സൊറ പറഞ്ഞും ടി.വി. കണ്ടും സമയം കളഞ്ഞാല്‍ കുട്ടി അതായിരിക്കും അനുകരിക്കുക.

കുടുംബത്തിന്റെ സ്വാധീനം


കുട്ടിയുടെ സ്വഭാവവും ആത്യന്തികമായ വിജയവും നിശ്ചയിക്കുന്നത് മാതാപിതാക്കളാണ്. കുട്ടിയുടെ ബുദ്ധിശക്തി, ഉത്സാഹശീലം, വൈകാരികനില, ജന്മവാസനകള്‍ ഇവയൊക്കെത്തന്നെ പാരമ്പര്യമായും കുടുംബസാഹചര്യത്തില്‍നിന്നും വന്നുചേരുന്നതാണ്.

കുട്ടിയുടെ വ്യക്തിത്വവും കഴിവും കഴിവുകേടും രൂപപ്പെടുന്നത് കുടുംബത്തില്‍നിന്നാണ്. പരസ്പരം സ്‌നേഹമില്ലാത്ത, കലഹിക്കുന്ന, അലസരായ മാതാപിതാക്കളുടെ കുട്ടികള്‍ വിജയിക്കുവാനുള്ള സാധ്യത കുറവാണ്.

പരസ്പരം സ്‌നേഹിക്കുന്ന, ധാരണയുള്ള ഉത്സാഹശീലരായ ദമ്പതികളുടെ കുട്ടികള്‍ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്കെത്തും. പട്ടിണിയേയും ദുരിതങ്ങളേയും വെല്ലുവിളിച്ച് അവര്‍ ഉയരും. കുട്ടിയുടെ വിജയം വീടാണ് തീരുമാനിക്കുന്നത്.

അച്ഛനും അമ്മയും സാന്മാര്‍ഗ്ഗരീതിയില്‍ നീങ്ങിയാല്‍ കുട്ടിയും ആ പാത പിന്തുടരും. മാതാപിതാക്കള്‍ മറ്റുള്ളവരെ സ്‌നേഹിക്കുകയും പാവപ്പെട്ടവരോട് കരുണ കാണിക്കുകയും ചെയ്താല്‍ കുട്ടികള്‍ ആ മാതൃക പിന്തുടരും.

മാതാപിതാക്കളെ കുട്ടികള്‍ അതേ പടി അനുകരിക്കാറുണ്ട്. എന്നാല്‍ ഉപദേശങ്ങള്‍ ചെവിക്കൊള്ളണമെന്നില്ല. ഒളിച്ചോടിപ്പോകുന്ന പെണ്‍കുട്ടികളുടെ വീട് ശ്രദ്ധിച്ചാലറിയാം, അവിടെ അസ്സമാധാനവും അരക്ഷിതാവസ്ഥയും നിലനിന്നിട്ടുണ്ടാകും. ഇത്തരം കുടുംബസാഹചര്യങ്ങളാണ് മയക്കുമരുന്നിലേക്കും മദ്യത്തിലേക്കും നയിക്കുന്നതും..

പ്രൊഫ. പി.എ.വര്‍ഗീസ്
മോട്ടിവേഷന്‍ ട്രെയിനര്‍ ഫാമിലി കൗണ്‍സിലര്‍
കൊച്ചി , 0484 4064568

Ads by Google
Ads by Google
Loading...
TRENDING NOW