പാലാ: രണ്ടു കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ യുവാവിനെ മോഷണക്കേസില്‍ ആറുവഷം കഠിനതടവിനു ശിക്ഷിച്ചു. കാസര്‍ഗോഡ് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കല്‍ സതീഷ് ബാബുവിനെ (സതീഷ് നായര്‍-38)യാണു ഭരണങ്ങാനം അസീസി സ്നേഹഭവനില്‍ കവര്‍ച്ച നടത്തിയതിനു പാലാ അഡീഷണല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ. കമനീസ് ശിക്ഷിച്ചു വിധിപ്രസ്താവിച്ചത്. അതിക്രമിച്ചുകയറി അന്തേവാസിയെ ആക്രമിച്ചതിന് അഞ്ചുവര്‍ഷത്തെ തടവിനും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നു കോടതി വ്യക്തമാക്കി. 2015 ഏപ്രില്‍ പത്തിനായിരുന്നു കേസിനാസ്പദമായ സഭവം. രണ്ടു മൊബൈല്‍ ഫോണും ആയിരം രുപയുമായിരുന്നു കവര്‍ന്നത്. പ്രതിയെ ഇന്നലെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. പ്രോസിക്യൂഷന് ഭാഗത്തിനുവേണ്ടി അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ വി.ജി. വേണുഗോപാല്‍ ഹാജരായി. പാലാ കര്‍മലീത്താ ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമല (69)യെയും ചേറ്റുതോട് എസ്.എച്ച് മഠാംഗമായ സിസ്റ്റര്‍ ജോസ് മരിയ ഇരുപ്പക്കാട്ടി(81)നെയും കൊലപ്പെടുത്തിയത് ഇയാളാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഈ കേസുകളില്‍ വിചാരണ നടക്കുകയാണ്. 2015 സെപ്റ്റംബര്‍ 16-ന് അര്‍ധരാത്രിക്കുശേഷമായിരുന്നു സിസ്റ്റര്‍ അമല (69)യെ കൈത്തൂമ്പകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തില്‍നിന്ന് ഉത്തരാഖണ്ഡ് പോലീസ് പിടികൂടി കേരളാ പോലീസിന് കൈമാറുകയായിരുന്നു. പാലാ ഡിവൈ.എസ്.പിയായിരുന്ന സുനീഷ് ബാബുവിന്റെയും സി.ഐ: ബാബു സെബാസ്റ്റിയന്റെയും നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നത്.
പുലര്‍ച്ചെ രണ്ടരയോടെ സിസ്റ്റര്‍ അമല കൊല്ലപ്പെട്ടെന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തിനുശേഷം കവിയൂര്‍, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സതീഷ് ബാബു, ഉത്തരേന്ത്യയിലേക്ക് കടക്കുകയായിരുന്നു.മോഷണവും റിപ്പര്‍മോഡല്‍ ആക്രമണവും നടത്തിയിരുന്ന ഇയാള്‍ക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം കേസുണ്ട്. ചേറ്റുതോട്, ഭരണങ്ങാനം, കൂത്താട്ടുകുളം, വടകര, പൈക തുടങ്ങിയ വിവിധ മഠങ്ങള്ക്കു നേരേ രാത്രിയില്‍ നടന്ന അക്രമണക്കേസുകള് ഉള്‍പ്പെടെയാണിത്. ഇവയില്‍ തെളിവുകളുടെ അഭാവത്തില്‍ ഇരുപത്തിരണ്ടു കേസുകളില്‍ ഇയാളെ വെറുതെവിട്ടിരുന്നു.
സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായതോടെയാണു സിസ്റ്റര്‍ ജോസ് മരിയയുടെ ദുരൂഹ മരണത്തിന്റെ ചുരുള്‍ അഴിഞ്ഞത്. സതീഷ്ബാബുവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതു കൊലപാതകമാണെന്നു തെളിഞ്ഞത്. 2015 ഏപ്രില്‍ 17-ന് മഠത്തിലെ മുറിയില്‍ മരിച്ചനിലയില്‍ സിസ്റ്ററെ കണ്ടെത്തുകയായിരുന്നു. വയോധികയായ കന്യാസ്ത്രീ തെന്നിവീണു മരിച്ചെന്നു കരുതി മഠം അധികൃതര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നില്ല. സിസ്റ്റര്‍ ജോസ് മരിയയുടേതു കൊലപാതകമാണെന്നു ബോധ്യപ്പെട്ടതോടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.