Wednesday, September 19, 2018 Last Updated 25 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 02.11 AM

ഇനി ലോകത്തിന്റെ ഉത്സവനാളുകള്‍

uploads/news/2018/06/225773/editorial.jpg

ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇനി 450 ഗ്രാം തൂക്കം വരുന്ന ഒരു തുകല്‍ പന്തിനു ചുറ്റുമായിരിക്കും. റഷ്യയില്‍ 21-ാമത്‌ ലോകകപ്പ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‌ ഇന്നു തുടക്കമിടുമ്പോള്‍ ലോകമൊന്നാകെ ആ മാമാങ്കത്തില്‍ പങ്കാളിയാവുകയാണ്‌. ലോകത്ത്‌ ഏറ്റവും ആരാധകരുള്ള കായികകേളി ഏതെന്ന ചോദ്യത്തിന്‌ ഒറ്റ ഉത്തരമേയുള്ളു, അതു ഫുട്‌ബോള്‍ ആണ്‌. മഞ്ഞുമൂടിയ അലാസ്‌കയിലും ചൂടില്‍ ഉരുകുന്ന സഹാറന്‍ മരുഭൂമിയിലും ആമസോണിന്റെ വന്യതയിലും ജനങ്ങള്‍ക്ക്‌ ആനന്ദമേകുന്നതില്‍ ഫുട്‌ബോളിന്റെ പങ്ക്‌ അനന്യമാണ്‌. സമ്പന്നതയുടെ കൊടുമുടിയിലുള്ള അമേരിക്കയിലുള്ളവരും മൂന്നാം ലോകത്തിലെ പട്ടിണിപ്പാവങ്ങളും ഒരേ പോലെ ഫുട്‌ബോളില്‍ സന്തോഷം കണ്ടെത്തുന്നു. യുദ്ധഭൂമിയിലെ ഇടവേളകളില്‍ പോലും ഫുട്‌ബോള്‍ കളിക്കുന്നവരെ കാണാം. യുദ്ധത്തിലും ആഭ്യന്തര കലഹത്തിലും തകര്‍ന്ന സിറിയ പോലുള്ള രാജ്യങ്ങളിലും ഇവിടെ നിന്നുള്ള അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകളിലും ജനങ്ങള്‍ ആശ്വാസം കണ്ടെത്തുന്നത്‌ ഫുട്‌ബോളിലാണ്‌.

ലോകത്തിന്റെ മതമാണ്‌ ഫുട്‌ബോള്‍ എന്നു പറയാം. സുപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും നെയ്‌മറുമൊക്കെ ഈ ഭൂഗോളത്തിന്റെ മുക്കിലും മൂലയിലും വരെ സുപരിചിതരാണ്‌. അവരും അനേകം ഫുട്‌ബോള്‍ മാന്ത്രികരുമൊരുക്കുന്ന അവിസ്‌മരണീയ നിമിഷങ്ങള്‍ക്കായി ലോകമെമ്പാടും കാത്തിരിക്കുന്നു. ടൂര്‍ണമെന്റില്‍ കളിക്കുന്ന 32 രാജ്യങ്ങളിലുള്ളവര്‍ മാത്രമല്ല ഓരോ മത്സരത്തിന്റെയും ഫലത്തിനായി കാത്തിരിക്കുന്നത്‌. അര്‍ജന്റീനയും ബ്രസീലും ഫ്രാന്‍സും ഇറ്റലിയും ഇംഗ്ലണ്ടും സ്‌പെയിനും ഒക്കെ കളിക്കുമ്പോള്‍ ഇങ്ങു കൊച്ചു കേരളത്തിലെ കുഗ്രാമങ്ങളിലടക്കം ആയിരങ്ങള്‍ ഉറക്കമിളയ്‌ക്കുന്നു. അതെ, ലോകത്തെ ഒരുമിപ്പിക്കുന്നതില്‍ ഫുട്‌ബോളിനുള്ള പങ്ക്‌ അവിസ്‌മരണീയമാണ്‌. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും വംശീയതയുടെയും നിറത്തിന്റെയും അതിര്‍ത്തിയുടെയും ഒക്കെ പേരില്‍ തമ്മിലടിക്കുന്നവര്‍ ഫുട്‌ബോളിന്റെ പിന്നില്‍ ഒരുമിച്ച്‌ അണിനിരക്കുന്നു. ലോകത്തെ ഏതു രാഷ്‌ട്രീയ നേതാവ്‌ നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്കും മേലേ നില്‍ക്കും ഫുട്‌ബോള്‍ നീട്ടുന്ന സമാധാനത്തിന്റെ കരങ്ങള്‍.

ക്ലാസിക്‌ രൂപത്തില്‍ നിന്ന്‌ ഫുട്‌ബോള്‍ ഏറെ മാറിക്കഴിഞ്ഞു. ഫുട്‌ബോള്‍ എന്ന ഒറ്റ ആവേശത്തില്‍ മാത്രം കളിച്ചിരുന്ന പഴയ താരങ്ങളുടെ കാലം ഇന്ന്‌ ഓര്‍മയില്‍ മാത്രമാണ്‌. വാണിജ്യവത്‌കരണം ഫുട്‌ബോളിനെ അത്രമാത്രം ഗ്രസിച്ചിരിക്കുന്നു. സ്‌റ്റേഡിയത്തിലെ ഓരോ ഇഞ്ചും വാണിജ്യവത്‌കരണത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്‌. കോടിക്കണക്കിനു ഡോളറുകളുടെ കച്ചവടമാണ്‌ ഓരോ ഫുട്‌ബോള്‍ മേളകളും. എങ്കില്‍ പോലും ഫുട്‌ബോള്‍ ലോകത്തിന്റെ രോമാഞ്ചമാണ്‌. ഇനിയുള്ള ഒരുമാസം റഷ്യയിലെ 12 സ്‌റ്റേഡിയങ്ങളിലേക്ക്‌ ലോകം നോക്കിയിരിക്കുന്നത്‌ അടുത്ത നാലുവര്‍ഷത്തേക്കുള്ള ലോക ചാമ്പ്യന്‍ ആരെന്നാണ്‌. അനിശ്‌ചിതത്വത്തിന്റെ ആകെത്തുകയാണ്‌ ഫുട്‌ബോള്‍ എന്നു പറയാം. ഏതു നിമിഷവും എന്തും സംഭവിക്കാം. ലോകം പിടിച്ചടക്കാന്‍ വന്നവര്‍ ആദ്യ റൗണ്ടില്‍ തലതാഴ്‌ത്തി മടങ്ങാം, ആരുമറിയാതെ വരുന്ന ഇത്തിരിക്കുഞ്ഞന്മാര്‍ കളിയാരാധകരുടെ മൊത്തം ഓമനകളായി മുന്നേറാം. തോല്‍വിയുടെ വക്കില്‍ നിന്ന്‌ വിജയവും വിജയത്തിന്റെ കുതിപ്പില്‍ നിന്ന്‌ പരാജയവും പിറക്കാം. ത്രസിപ്പിക്കുന്ന നിമിഷങ്ങളാണ്‌ ഫുട്‌ബോളിലെ ഓരോ സെക്കന്‍ഡും. ആ നിമിഷങ്ങള്‍ക്കു വേണ്ടിയാണ്‌ ഇനി ലോകം കാത്തിരിക്കുന്നത്‌.

Ads by Google
Thursday 14 Jun 2018 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW