Saturday, April 20, 2019 Last Updated 8 Min 9 Sec ago English Edition
Todays E paper
ജി.അരുണ്‍
Wednesday 13 Jun 2018 12.34 PM

തച്ചങ്കരി ഇനി സ്‌റ്റേഷന്‍ മാസ്റ്ററുടെ റോളിലും; നാളെ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ പുതിയ ജോലി

തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയല്‍ മോര്‍ണിംഗ് ഷിഫ്റ്റിലാണ് സി.എം.ഡി സ്‌റ്റേഷന്‍ മാസ്റ്ററാകുന്നത്. ഇതിനായുള്ള പരിശീലനത്തിലാണ് അദ്ദേഹം ഇപ്പോള്‍.
Tomin Thachankary

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സി.എം.ഡിയില്‍ നിന്ന് കണ്ടക്‌റും കണ്ടക്ടറില്‍ നിന്ന് വീണ്ടും സി.എം.ഡിയുമായ ടോമിന്‍ തച്ചങ്കരി നാളെ സ്‌റ്റേഷന്‍ മാസ്റ്ററാകും. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയല്‍ മോര്‍ണിംഗ് ഷിഫ്റ്റിലാണ് സി.എം.ഡി സ്‌റ്റേഷന്‍ മാസ്റ്ററാകുന്നത്. ഇതിനായുള്ള പരിശീലനത്തിലാണ് അദ്ദേഹം ഇപ്പോള്‍. ചീഫ് ഓഫീസില്‍ സിനീയര്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ ശിക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം സ്‌റ്റേഷന്‍ മാസ്റ്ററുടെ ചുമതലകളെക്കുറിച്ച് പഠിക്കുന്നത്.

കൊല്ലം ഡിപ്പോയില്‍ മിന്നല്‍ പരിശോധന നടത്തി കാര്യങ്ങള്‍ ഏറെകുറേ ഗ്രഹിച്ചശേഷമാണ് സി.എം.ഡിയായി അദ്ദേഹം ചുമതല ഏറ്റെടുത്തത്. പിറ്റേന്നു തന്നെ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ മിന്നല്‍ പരിശോധന ഉണ്ടായി. പിന്നീട് സംസ്ഥാനമെമ്പാടുമുള്ള ഡിപ്പോകളില്‍ നേരിട്ട് എത്തി ജീവനക്കാരുമായി സംവദിച്ചു. ധീരമായ നിലപാടുകളിലുടെ കോര്‍പ്പറേഷനെ നഷ്ടത്തിന്റെ പടുകുഴിയില്‍ നിന്ന് കരകയറ്റി വരികയാണിപ്പോള്‍. ഇതിനിടയില്‍ തമ്പാനൂരില്‍ നിന്ന് കോഴിക്കോടിനുള്ള സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കണ്ടക്ടറായി ജീവനക്കാരുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ടുകള്‍ നേരിട്ടറിഞ്ഞു.

നല്ലകാര്യങ്ങള്‍ ചെയ്യുന്ന ജീവനക്കാരെ പരസ്യമായി അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ഈരാറ്റുപേട്ട ഡിപ്പോയിലെ ബസിനുവേണ്ടി ആലുവായില്‍ വിളിച്ച പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് വിളിച്ച് ആദരിച്ച അദ്ദേഹം ആ ബസിന് 'ചങ്ക് ബസ് ' എന്നുപേരിട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ജോലി എടുക്കാതെ യൂണിയന്‍ പ്രവര്‍ത്തനം നടത്തിയവരെ ചീഫ് ഓഫീസില്‍ നിന്ന് ഇറക്കി വിവിധ ഡിപ്പോകളില്‍ ജോലിക്കയച്ചു. എന്നു ശമ്പളം കിട്ടുമെന്ന് അറിയാതിരുന്ന ജീവനക്കാര്‍ക്ക് മാസാവസാന പ്രവര്‍ത്തിദിവസം തന്നെ ശമ്പളവും പെന്‍ഷനും നല്‍കി.

നഷ്ടത്തിന്റെ പടുകുഴിയില്‍ നിന്ന് ലാഭത്തിന്റെ പാതയിലേക്ക് മാറി ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയെ പതിവു കഷ്ടകാലനാളുകളില്‍ ഏല്‍ക്കാറുള്ള തിരിച്ചടികളില്‍ നിന്ന് കരകയറ്റാനുള്ള മറുതന്ത്രം മെനയുകയാണ് സി.എം.ഡി ടോമിന്‍ തച്ചങ്കരി ഇപ്പോള്‍. പകര്‍ച്ചവ്യാധികളും കാലവര്‍ഷവും നോമ്പും സ്‌കൂള്‍ തുറപ്പുമൊക്കെ സാധാരണ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെ പിന്നോട്ട് അടിക്കാറുണ്ട്. ഇക്കുറി നിപ കൂടി എത്തിയതോടെ കളക്ഷന്‍ കാര്യത്തില്‍ മുന്‍ മാസങ്ങളെ അപേക്ഷിച്ച് കോര്‍പ്പറേഷന്‍ പിന്നോട്ടു പോകും. ഇത് ജൂണ്‍, ജൂലൈ മാസത്തെ കലക്ഷനില്‍ പ്രതിഫലിക്കുമെന്നറിയാവുന്ന തച്ചങ്കരി കളക്ഷന്‍ കൂട്ടാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.

മുഴുവന്‍ ബസുകള്‍ നിരത്തിലിറക്കി കളക്ഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശം സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകള്‍ക്കും നല്‍കി കഴിഞ്ഞു. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളിലും സമയങ്ങളിലും ബസുകള്‍ കൂടുതല്‍ സര്‍വീസ് നടത്താനാണ് നിര്‍ദേശം. ഇതോടൊപ്പം കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാവരുന്ന പമ്പുകള്‍ ആരംഭിക്കാനും കൂടുതല്‍ ഇ ബസുകള്‍ ഉടന്‍ തന്നെ നിരത്തിലിറക്കി ചെലവു കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനുമഗുള്ള നടപടികളും പൂര്‍ത്തിയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് കോര്‍പ്പറേഷന്റെ 50 ഡിപ്പോകളിലാണ് പമ്പുകള്‍ ആരംഭിക്കുന്നത്. ഒരു പമ്പിന് രണ്ട് ലക്ഷം രൂപായാണ് ഐ.ഒ.സി കെ.എസ്.ആര്‍.ടി.സിക്ക് വാടയായി നല്‍കുക. പ്രതിവര്‍ഷം 10 കോടി രൂപ ഈ ഇനത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് അധികവരുമാനമായി ലഭിക്കുമെന്നാണ് തച്ചങ്കരിയുടെ കണക്ക്കൂട്ടല്‍. ഇന്ധവില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ നേട്ടം ഇതിലും കൂടുതല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. 93 ഡിപ്പോകളാണ് സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. ഇതിന് പുറമേ ഓപറേറ്റിങ് സെന്ററുകളും. പൊതു പമ്പുകള്‍ക്കായുള്ള സ്ഥലം കണ്ടെത്തി നല്‍കേണ്ട ചുമതലയും കെ.എസ്.ആര്‍.ടി.സിക്കാണ്. മറ്റ് വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ സൗകര്യമുള്ള 50 പമ്പുകളാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിട്ടുള്ളത് കമ്പനിയാണ് ഇവിടെ പമ്പ് ഓപറ്റേര്‍മാരെ നിയോഗിക്കുക. ഇതോടെ നിലവില്‍ ഡിപ്പോകളിലുള്ള പമ്പ് രണ്ട് ഭാഗമായി തിരിക്കും. ഒരു ഭാഗം കെ.എസ്.ആര്‍.ടി.സിക്കും മറുഭാഗം പൊതു വാഹനങ്ങള്‍ക്കുമായി നീക്കിവെക്കും.

നിലവില്‍ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയാണ് പമ്പ് ഓപറേറ്റര്‍മാരായി നിയമിച്ചിട്ടുള്ളത്. 150 പമ്പ് ഓപറേറ്റര്‍മാരാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. ഐ.ഒ.സിയുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഡിപ്പോകളിലേക്ക് ഐ.ഒ.സിയുടെ ജീവനക്കാരെ നിയമിക്കാന്‍ ധാരണയായി. ഇതോടെ കെ.എസ്.ആര്‍.ടി.സിയുടെ 150 പമ്പ് ഓപറേറ്റര്‍മാരെ പിന്‍വലിക്കാനും ഇവരെ മറ്റ് ജോലികളിലേക്ക് നിയോഗിക്കാനുമാണ് തീരുമാനം. ഇവരെ ജീവനക്കാര്‍ കുറവുള്ള വിഭാഗത്തില്‍ വിനിയോഗിക്കും. ടാങ്കില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ അളവിനാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ഐ.ഒ.സിക്ക് കാശ് നല്‍കുന്നത്. ഇനി മുതല്‍ ഐ.ഒ.സി ഓപറേറ്റര്‍മാര്‍ ബസുകളില്‍ നിറയ്ക്കുന്ന ഇന്ധന അളവിന് അനുസരിച്ച് മാത്രം തുക നല്‍കിയാല്‍ മതി. ടാങ്കിലുള്ള ഇന്ധനത്തിന് മുന്‍കൂട്ടി കാശ് നല്‍കുന്ന രീതിയാണ് ഇതോടെ അവസാനിക്കുന്നത്. ഇതോടൊപ്പം കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത ഇനത്തില്‍ (കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി) 10 ബസ് ഡിപ്പോകളുടെ അറ്റകുറ്റപണികളും എണ്ണക്കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ടോയിലറ്റുകളുടെ നവീകരണം, പെയിന്റിങ് ഉള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടും. നിലവിലെ അവസ്ഥയില്‍ ഇത് കോര്‍പ്പറേഷന് ലാഭകരമാണ്.

ഇലക്ര്ടിക് ബസ് സര്‍വീസ് നടത്തുന്നതിന് കെ.എസ്.ആര്‍.ടി.സിയും ചൈനീസ് കമ്പനിയായ ബി.വൈ.ഡി യുമായി ധാരണ. പരീക്ഷണാടിസ്ഥാനത്തില്‍ 18 മുതല്‍ തിരുവനന്തപുരത്ത് ബി.വൈ.ഡിയുടെ ഇ-ബസ് ഓടിത്തുടങ്ങും. തുടര്‍ന്ന് കൊച്ചിയിലും കോഴിക്കോടും ഇതേ ബസ് സര്‍വീസിനായി എത്തിക്കും. ഓരോ നഗരത്തിലും 15 ദിവസമാണ് സര്‍വീസ്. കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയും ബി.വൈ.ഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷാങ് ചെ കെറ്റ്‌സുവുമായി തിങ്കളാഴ്ച ധാരണ ഒപ്പുവെച്ചിരുന്നു കെ. എസ്.ആര്‍.ടി.സി ജീവനക്കാരനെയാണ് കണ്ടക്ടര്‍ ആയി നിയോഗിക്കുക. ഡ്രൈവറെ കമ്പനി നല്‍കും.

കെ.എസ്.ആര്‍.ടി.സി ക്യാന്റീനുകളിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ക്യാന്റീന്‍ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികെയാണ്. ഉപയോഗശൂന്യമായ ബസുകളിലാകും കാന്റീനുകള്‍ പ്രവര്‍ത്തിക്കുക. ഇതോടെ ഇപ്പോള്‍ ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ കോര്‍പ്പറേഷന് മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയുമാകം.

ജി.അരുണ്‍
Wednesday 13 Jun 2018 12.34 PM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW