Sunday, June 16, 2019 Last Updated 9 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.14 AM

ആരാന്റെ മക്കളുടെ പ്രണയവും ഒളിച്ചോട്ടവും ആഘോഷിക്കുന്ന മലയാളി; ഇത്‌ ഒളിച്ചോട്ടങ്ങളുടെ ആഘോഷക്കാലം; നെഞ്ചില്‍ നെരിപ്പോടുമായി രക്ഷിതാക്കള്‍

ആരാന്റെ മക്കളുടെ പ്രണയവും ഒളിച്ചോട്ടവുമൊക്കെ വിവാദങ്ങളായി ആഘോഷിക്കുകയാണു മലയാളിസമൂഹം. നിത്യേനയെന്നോണം പെണ്‍കുട്ടികള്‍ ഒളിച്ചോടുന്ന വാര്‍ത്തകള്‍, ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍, കോടതിമുറ്റങ്ങളിലെ നാടകീയരംഗങ്ങള്‍.ഇവയില്‍ ബഹുഭൂരിപക്ഷവും വിവാഹമോചനത്തിലോ പെണ്‍കുട്ടിയുടെ ആത്മഹത്യയിലോ കലാശിക്കുന്നു. പെണ്ണിന്റെ വീട്ടിലെ സ്വത്തുകണ്ട് വളയ്ക്കാന്‍ ജോലിയും കൂലിയുമില്ലാത്ത 'ഫ്രീക്കന്‍' കാമുകന്‍മാര്‍. സോഷ്യല്‍ മീഡിയ ഇവര്‍ക്കൊരു മറയും 'ടൂളു'മാകുന്നു. ഇത്തരം ഒളിച്ചോട്ടവിവാഹങ്ങളില്‍ 'വ്യക്തിസ്വാതന്ത്ര്യം' ആഘോഷിക്കുന്നവര്‍, അതു സ്വന്തം വീട്ടിലാണു സംഭവിച്ചതെങ്കില്‍ എന്നു ചിന്തിക്കുന്നില്ല. പെണ്‍മക്കളെയും പെങ്ങന്മാരെയുമോര്‍ത്ത് നെഞ്ചുനീറുന്ന എല്ലാവര്‍ക്കുമായി ഈ പരമ്പര സമര്‍പ്പിക്കുന്നു.
uploads/news/2018/06/225401/1.jpg

''പ്രണയമേ! നീയെന്റെയന്തരംഗം
വ്രണിതമാക്കീടുമെന്നോര്‍ത്തില്ല ഞാന്‍.
ചിരിയൊന്നറിയാതെ തൂകിപ്പോയാല്‍
ചിരകാലം തീവ്രം കരഞ്ഞിടേണം!
ചെറുമിന്നല്‍ കണ്ടു തെളിഞ്ഞ മേഘ-
മൊരു ജന്മം കണ്ണീര്‍ പൊഴിച്ചിടേണം!''
-ഇടപ്പള്ളി

'പ്രണയത്തിനു കണ്ണില്ല...', പ്രശസ്‌തവും പ്രസക്‌തവുമായ ഈ പഴമൊഴിക്ക്‌ സോഷ്യല്‍ മീഡിയാ കാലത്ത്‌ അര്‍ത്ഥതലങ്ങള്‍ വേറെയാണ്‌. കത്തുകളിലെ വിറയാര്‍ന്ന അക്ഷരങ്ങളും കവിതകളിലെ വ്രണിതവികാരങ്ങളും ഈ പഴഞ്ചൊല്ലിനൊപ്പം പഴങ്കഥയായി.
''ചിരിയൊന്നറിയാതെ തൂകിപ്പോയാല്‍
ചിരകാലം തീവ്രം കരഞ്ഞിടേണം!'' പ്രണയത്തിനുവേണ്ടി സ്വയം രക്‌തസാക്ഷിത്വം വഹിച്ച ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ഈ വരികള്‍ നഷ്‌ടപ്രണയികളെ ഉദ്ദേശിച്ചായിരുന്നു. എന്നാലിന്ന്‌, ഏതെങ്കിലുമൊരു പെണ്‍കുട്ടി 'ചിരിയൊന്നറിയാതെ തൂകിപ്പോയാല്‍', അവള്‍ക്കായി സാമൂഹികമാധ്യമങ്ങളുടെ ഭ്രമാത്മകലോകത്തു ചതിക്കുഴികളേറെ. അതു തിരിച്ചറിയപ്പെടാതെ പോയാല്‍, ചിരകാലം കരയേണ്ടിവരുക അവള്‍ മാത്രമല്ല, അവളുടെ വീട്ടുകാരുമാണ്‌. മക്കളുടെ ജന്മം പാഴായതുകണ്ട്‌ കണ്ണീര്‍ പൊഴിക്കാന്‍ വിധിക്കപ്പെട്ട പാവം രക്ഷിതാക്കള്‍...ഉദാത്തപ്രണയത്തിന്റെ ദാമ്പത്യമാതൃകകള്‍ ഇന്നും നമുക്കു ചുറ്റുമുണ്ട്‌. എന്നാല്‍, സ്വാര്‍ത്ഥപ്രണയങ്ങളുടെ ചൂണ്ടയില്‍ കോര്‍ക്കപ്പെടുന്ന ജീവിതങ്ങള്‍ അതിലേറെയാണ്‌. ജാതിക്കും മതത്തിനുമപ്പുറം സാമ്പത്തികതാത്‌പര്യങ്ങളാണു 'ഫ്രീക്കന്‍ യുഗ'ത്തിലെ കള്ളക്കാമുകന്‍മാരെ നയിക്കുന്നത്‌. എണ്ണിയാല്‍ തീരാത്തത്രയുണ്ട്‌ സമകാലിക ഉദാഹരണങ്ങള്‍.
പെണ്‍മക്കളെ കാണാനില്ലെന്ന ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജിയുമായി മാതാപിതാക്കള്‍ കോടതിയെ സമീപിക്കുന്ന സംഭവങ്ങള്‍ പെരുകുകയാണ്‌. മദ്യം വാങ്ങാന്‍ നിയമപരമായി 23 വയസ്‌ തികയേണ്ട നാട്ടില്‍, പതിനെട്ടുകാരിക്ക്‌ വിവാഹപ്രായമെത്താത്ത പുരുഷനൊപ്പം കഴിയാമെന്ന തീര്‍പ്പിനു മുന്നില്‍ അവര്‍ പകച്ചുനില്‍ക്കുന്നു. പ്രണയത്തിന്റെ എടുത്തുചാട്ടത്തേക്കാള്‍, മക്കളുടെ ഭാവി നിര്‍ണയിക്കാനുള്ള രക്ഷിതാക്കളുടെ പക്വതയാണു നിയമത്തിനു മുന്നിലും ചോദ്യംചെയ്യപ്പെടുന്നത്‌. ഒളിച്ചോട്ടവിവാഹങ്ങളെ ഉദാത്തപ്രണയമെന്നും വ്യക്‌തിസ്വാതന്ത്ര്യമെന്നും വാഴ്‌ത്തുന്നവര്‍, പെണ്‍മക്കളും പെങ്ങന്മാരുമുള്ളവരുടെ നെഞ്ചിലെ തീ കാണുന്നില്ല. ഏതു വീട്ടിലെ പെണ്‍കുട്ടിയേയും എത്ര മോശം പശ്‌ചാത്തലമുള്ളവനും 'പൊക്കിക്കൊണ്ടുപോകാം' എന്നതാണു സമകാലികകേരളത്തിലെ അവസ്‌ഥ. ആറ്റുനോറ്റു വളര്‍ത്തിയ മക്കളെ വീണ്ടെടുക്കാനുള്ള വീട്ടുകാരുടെ ശ്രമങ്ങള്‍ക്കു മുന്നില്‍ നീതിന്യായവ്യവസ്‌ഥയുടെപോലും വാതിലുകള്‍ കൊട്ടിയടയ്‌ക്കപ്പെടുന്നു. പുകഞ്ഞകൊള്ളി പുറത്തെന്നു വയ്‌ക്കാന്‍ മനസനുവദിക്കാത്ത മാതാപിതാക്കളുടെ ജന്മം ഉമിത്തീയില്‍ എരിഞ്ഞുതീരുന്നു.
കഞ്ചാവു കടത്തുകാരായാലും ക്വട്ടേഷന്‍ ഗുണ്ടകളായാലും മതതീവ്രവാദിയായാലും പ്രേമിക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശത്തെ കോടതിക്കുപോലും നിഷേധിക്കാനാവില്ലല്ലോ?!
അത്തരമൊരു സംഭവമാണു കൊല്ലത്ത്‌ അരങ്ങേറിയത്‌. ടി.ടി.സി. വിദ്യാഭ്യാസയോഗ്യതയുള്ള, മുന്നാക്കസമുദായക്കാരി ഇതരജാതിയില്‍പെട്ട നാട്ടുകാരനുമൊത്ത്‌ ഒളിച്ചോടിയതു വന്‍കോളിളക്കമായി. മകളുടെ കാമുകന്‍ അന്യജാതിക്കാരനാണ്‌ എന്നതിനെക്കാള്‍ മാതാപിതാക്കളെ ഭയപ്പെടുത്തിയതു മറ്റൊന്നായിരുന്നു. നാട്ടില്‍ അറിയപ്പെടുന്ന ഗുണ്ടയ്‌ക്കൊപ്പമാണ്‌ അവള്‍ ഒളിച്ചോടിയത്‌. ഈ അപമാനം അവര്‍ക്കു സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഒടുവില്‍ അവര്‍ ഭയന്നതു സംഭവിച്ചു. ഒരു കുട്ടി പിറന്നതോടെ ഇരുവരും വേര്‍പിരിഞ്ഞു. വിവാഹമോചനക്കേസ്‌ ഇപ്പോള്‍ കുടുംബകോടതിയിലാണ്‌.
സമീപപ്രദേശത്തുതന്നെ സമാനമായ മറ്റൊരു സംഭവമുണ്ടായി. ഇരുപതുകാരി ഇതരസമുദായക്കാരനായ യുവാവുമായി പ്രണയത്തിലായി. രജിസ്‌റ്റര്‍ വിവാഹത്തിനുശേഷം സ്‌ത്രീധനമാവശ്യപ്പെട്ട്‌ ഭര്‍ത്താവ്‌ നിരന്തരം പീഡിപ്പിച്ചു. സഹികെട്ട്‌ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ച യുവതിയെ ആദ്യം ശാസ്‌താംകോട്ടയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്‌, വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. ഇവര്‍ക്ക്‌ ഒന്നരവയസുള്ള മകളുണ്ട്‌. യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ കേസില്‍ പോലീസ്‌ അന്വേഷണം തുടരുകയാണ്‌.
വിവാഹിതയാകാതെ, കാമുകനൊപ്പം കഴിഞ്ഞ നഴ്‌സിങ്‌ വദ്യാര്‍ഥിനി ആത്മഹത്യചെയ്‌തതു കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലാണ്‌. കോട്ടയ്‌ക്കേറം ശ്രീവിലാസത്തല്‍ വാടകയ്‌ക്കു താമസിച്ചിരുന്ന ശ്രീജയുടെയും രാജീവിന്റെയും മകള്‍ അനുശ്രീ(19)യാണു ജീവനൊടുക്കിയത്‌. കാമുകനായ ചിറയ്‌ക്കര ശാസ്‌ത്രിമുക്ക്‌ വിഷ്‌ണുഭവനില്‍ വിശാഖിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലാണ്‌ അനുശ്രീയെ കണ്ടെത്തിയത്‌.
ബംഗളുരുവില്‍ ബി.എസ്സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. അനുശ്രീയുടെ പിതാവ്‌ ഗള്‍ഫിലാണ്‌. വീട്ടിലെ പ്രാരാബ്‌ധം മൂലം മാതാവ്‌ അടുത്തുള്ള ഹോട്ടലില്‍ ജോലിക്കു പോയിരുന്നു. വീട്ടുകാരെ ധിക്കരിച്ചാണ്‌ അനുശ്രീ കാമുകനൊപ്പം വീടുവിട്ടിറങ്ങിയത്‌. കാമുകന്റെ സ്വഭാവദൂഷ്യം അറിയാവുന്ന വീട്ടുകാര്‍ ഈ ബന്ധത്തെ ശക്‌തമായി എതിര്‍ത്തിരുന്നു. കഞ്ചാവിന്‌ അടിമയായ ഇയാള്‍ അനുശ്രീയെ ക്രൂരമായി ഉപദ്രവിച്ചിരുന്നെന്നാണു കേസ്‌.
മാതാപിതാക്കളോടു ക്ഷമ യാചിച്ചുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പില്‍ കാമുകന്റെ പീഡനവിവരം വ്യക്‌തമാക്കിയിരുന്നു. പാരിപ്പള്ളി പോലീസ്‌ അറസ്‌റ്റ് ചെയത്‌ വിശാഖ്‌ ഇപ്പോള്‍ റിമാന്‍ഡിലാണ്‌.
ഏറ്റവുമൊടുവില്‍ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ്‌ കോടതിയിലാണു നിയമത്തിന്റെയും രക്ഷിതാക്കളുടെയും നിസ്സഹായതയ്‌ക്കു കേരളം സാക്ഷ്യം വഹിച്ചത്‌. വിദ്യാര്‍ഥിനിയായ മകളെ കാണാതായതു മുതല്‍ നാടാകെ അരിച്ചുപെറുക്കുകയായിരുന്നു മാതാപിതാക്കള്‍. പോലീസ്‌ സ്‌റ്റേഷനില്‍ പരാതിയും നല്‍കി. ഇതോടെ മജിസ്‌ട്രേറ്റ്‌ കോടതി പിരിയാന്‍ അരമണിക്കൂര്‍ മാത്രം ശേഷിക്കേ, അഭിഭാഷകനൊപ്പം കമിതാക്കള്‍ കോടതിമുറ്റത്തെത്തി. അമ്മ ഓടിയെത്തി മകളെ പുണര്‍ന്നെങ്കിലും അവള്‍ കുതറിമാറി. കാമുകന്റെ ഒപ്പമെത്തിയവര്‍ പാഞ്ഞടുത്തു. കോടതി വരാന്തയില്‍ ഉന്തും തള്ളുമായി. പെണ്‍കുട്ടിയെ ഏതുവിധേനയും കോടതി മുറിയിലെത്തിക്കാനുള്ള ആണ്‍കൂട്ടരുടെ ശ്രമം വിജയിച്ചു. കായബലവും സംഘബലവുമില്ലാത്ത ആ പിതാവ്‌ അപ്പൊഴേ തോറ്റു. കോടതിമുറിയിലും ആരും വിടുവിക്കാതിരിക്കാന്‍ പ്രണയികള്‍ കൈകോര്‍ത്തുപിടിച്ചു. പ്രായപൂര്‍ത്തിയെന്ന കടമ്പ കടന്ന പെണ്‍കുട്ടിയെ കോടതി കാമുകനൊപ്പം അയച്ചു. ''വീട്ടുകാര്‍ക്കൊപ്പം മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നോ?''- ഈ ചോദ്യത്തിന്‌, 'ഇല്ല' എന്ന ഉറച്ച ഉത്തരമാണു പെണ്‍കുട്ടി നല്‍കുന്നതെങ്കില്‍ കോടതിക്കു മറ്റൊന്നും ചെയ്യാനില്ല. കോടതിയില്‍നിന്നു കാമുകനൊപ്പം മടങ്ങിയ മകള്‍ അമ്മയുടെ മുഖത്തേക്കൊന്നു നോക്കുകപോലും ചെയ്‌തില്ല.
കോടതികളിലെത്തുന്ന ഇത്തരം കേസുകളില്‍ മിക്കവയിലും പെണ്‍കുട്ടി ഉന്നത വിദ്യാഭ്യാസമുള്ളവളും സാമ്പത്തികശേഷിയുള്ള കുടുംബാംഗവുമായിരിക്കുമെന്ന്‌ അഭിഭാഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിക്കാന്‍ മാര്‍ഗമില്ലെങ്കിലും കാമുകിയെ സ്വന്തമാക്കുന്നവരോടു കോടതി ഉപാധി വയ്‌ക്കാറുണ്ട്‌. ഒപ്പം താമസിപ്പിക്കാതെ, പെണ്‍കുട്ടിയെ സുരക്ഷിതകേന്ദ്രത്തില്‍ താമസിപ്പിക്കുക. ആണ്‍വീട്ടുകാരുടെ അറിവോടെയും പിന്തുണയോടെയുമായിരിക്കും മിക്കവാറും ഒളിച്ചോട്ടം. കോടതി മുറ്റത്തുനിന്നു പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ തിരികെക്കൊണ്ടുപോയ മാതാപിതാക്കളുമുണ്ട്‌. ചില പ്രണയങ്ങളൊക്കെ അതോടെ കെട്ടടങ്ങാറുമുണ്ട്‌. 'ഇനി എനിക്കിങ്ങനെ ഒരു മകളില്ല' എന്ന ശാപവചനവും 'ചത്താലും ഇനി വീട്ടിലേക്കില്ല' എന്ന ശപഥവുമൊക്കെ കോടതിമുറികളില്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
പത്തൊന്‍പതുകാരിയെ പതിനെട്ടുകാരനൊപ്പം ജീവിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള വിധി ഈമാസമാദ്യം ഹൈക്കോടതി പുറപ്പെടുവിച്ചപ്പോള്‍ അതു പൊതുസമൂഹത്തിന്റെ മനസില്‍ ഒരുപാടു ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. വിവാഹിതരാകാതെതന്നെ ഒരുമിച്ചു കഴിയാനുള്ള 'പ്രായപൂര്‍ത്തി'യായവരുടെ നിയമാവകാശമാണു കോടതി ശരിവച്ചത്‌. കുട്ടിത്തം മാറാത്ത കാമുകന്‍ തന്റെ മകളെ എങ്ങനെ പോറ്റുമെന്ന പിതാവിന്റെ ചിന്ത, കണ്ണുകെട്ടിയ നീതിദേവതയ്‌ക്കു മുന്നില്‍ പ്രസക്‌തമല്ല. കാമുകനു പ്രായപൂര്‍ത്തിയാകുമ്പോള്‍ അവളെ വിവാഹം കഴിക്കാതെ വഴിയിലുപേക്ഷിച്ചാല്‍...? അതു ജന്മം നല്‍കിയവരുടെ മാത്രം ആധിയാകുന്നു.

(തുടരും)

Ads by Google
Wednesday 13 Jun 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW