Sunday, June 16, 2019 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.11 AM

38 മിനിട്ട്‌... ട്രംപും കിമ്മും കണ്ടു ലവ്‌ ഇന്‍ സിംഗപ്പുര്‍

uploads/news/2018/06/225380/1.jpg

സിംഗപ്പൂര്‍: അരനൂറ്റാണ്ടിലേറെയുള്ള വൈരം അഞ്ചുമണിക്കൂറില്‍ പൊളിച്ചെഴുതി ട്രംപും കിമ്മും സൗഹൃദത്തിന്റെ പുതിയ നയതന്ത്രചരിത്രമെഴുതി. ഒപ്പം സമഗ്രമെന്നു വിശേഷിപ്പിച്ച കരാറിലും ഒപ്പിട്ടു. നൂറ്റാണ്ടിന്റെ ഉച്ചകോടി എന്നുവിശേഷിപ്പിക്കപ്പെട്ട യു.എസ്‌.-ഉത്തരകൊറിയ ചര്‍ച്ച പൂവണിഞ്ഞു എന്നുതന്നെയാണ്‌ ആദ്യസൂചനകള്‍. സിംഗപ്പൂരിലെ സാന്റോസ്‌ ദ്വീപിലെ കാപെല്ല ആഡംബര ഹോട്ടലാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്നും തമ്മിലുള്ള ഐതിഹാസിക കൂടിക്കാഴ്‌ചയ്‌ക്കു വേദിയായത്‌.
ഉത്തരകൊറിയയുടെ സമ്പൂര്‍ണ ആണവനിരായുധീകരണമായിരുന്നു ഉച്ചകോടിയുടെ ലക്ഷ്യമെങ്കിലും ട്രംപും കിമ്മും ഒപ്പിട്ട സമഗ്രകരാറില്‍ കൃത്യമായി എന്താണു പറഞ്ഞിട്ടുള്ളതെന്ന്‌ ഇതുവരെ പുറത്തുവന്നിട്ടില്ല. കൊറിയന്‍ ഉപദ്വീപിന്റെ സമ്പൂര്‍ണ ആണവനിരായുധീകരണത്തിനുള്ള പ്രതിജ്‌ഞാബദ്ധത കിം ആവര്‍ത്തിച്ചുറപ്പിച്ചതും പകരം ഉത്തരകൊറിയയ്‌ക്ക്‌ അമേരിക്ക സംരക്ഷണം ഉറപ്പുനല്‍കുമെന്നുള്ളതുമാണ്‌ കരാറിന്റെ ഉള്ളടക്കം എന്നാണു സൂചന.
സമഗ്രമായ കരാറാണ്‌ ഒപ്പിടുന്നതെന്നും മഹത്തരമായ ബന്ധമാണ്‌ ഇരുവര്‍ക്കും ഇടയില്‍ ഉടലെടുത്തതെന്നും ഉച്ചകോടിക്കൊടുവില്‍ മാധ്യമങ്ങളെ സാക്ഷിയാക്കി കരാര്‍ ഒപ്പിട്ട്‌ ട്രംപ്‌ പറഞ്ഞു. കൊറിയന്‍ ഉപദ്വീപിനെ ആണവമുക്‌തമാക്കുന്നത്‌ ഉടന്‍ ആരംഭിക്കുമെന്ന്‌ ട്രംപും ഭൂതകാലത്തെ ഇനി ഉപേക്ഷിക്കാമെന്നു കിമ്മും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. പിന്നീട്‌ ഉച്ചകോടിയിലെ ധാരണകള്‍ പ്രഖ്യാപിച്ചുകൊണ്ട്‌ ഇരുവരും ഒപ്പിട്ട സംയുക്‌തപ്രസ്‌താവനയും പുറത്തിറക്കി. തമ്മില്‍ ഇനിയും പലതവണ കൂടിക്കാണുമെന്നും കിമ്മിനെ വൈറ്റ്‌ഹൗസിലേക്കു ക്ഷണിക്കുമെന്നും ആവേശത്തോടെ ട്രംപ്‌ വ്യക്‌തമാക്കി.
പിന്നീട്‌ ട്രംപ്‌ ഒറ്റയ്‌ക്കു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംയുക്‌ത പ്രസ്‌താവനയില്‍ പറഞ്ഞിട്ടില്ലാത്ത ധാരണകളെക്കുറിച്ചും വ്യക്‌തമാക്കി. ദക്ഷിണകൊറിയയുമായുള്ള സംയുക്‌ത സൈനികാഭ്യാസം നിര്‍ത്തുമെന്നതാണ്‌ ഇതില്‍ പ്രധാനം. അമേരിക്കയുമായി ഉത്തരകൊറിയന്‍ ബന്ധം വഷളാകുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന്‌ കൊറിയന്‍ അതിര്‍ത്തിയിെല ഈ സൈനികാഭ്യാസമാണ്‌.
കിമ്മിന്റെ പുറത്തുതട്ടി തോളില്‍കൈവച്ചു നടന്നുനീങ്ങിയ ട്രംപിന്റെ സൗഹൃദമുദ്രയായിരുന്നു ഉച്ചകോടിക്കു തുടക്കമിട്ട ശുഭദര്‍ശനം. പിന്നീട്‌ അമേരിക്കയുടെയും ഉത്തരകൊറിയയുടെയും ദേശീയപതാകകള്‍ക്കു മുന്നില്‍നിന്ന്‌ ഇരുവരുടേയും ഹസ്‌തദാനം. പിന്നാലെ ഇരുവരും മാത്രമായി കൂടിക്കാഴ്‌ച. പരിഭാഷകരെ മാത്രമാണ്‌ ഒപ്പം കൂട്ടിയത്‌. സാധാരണ ഇത്തരം ഉച്ചകോടികളില്‍ ഉന്നത ഉദ്യോഗസ്‌ഥരില്‍ ഒരാളെങ്കിലും കാണും. ഒറ്റയ്‌ക്കുള്ള കൂടിക്കാഴ്‌ച 38 മിനിറ്റ്‌ നീണ്ടു. അതിനുശേഷം ഇരുപക്ഷത്തുമുള്ള നയതന്ത്രപ്രതിനിധികളുമായി വിശാലമായ ചര്‍ച്ചയും ഉച്ചയൂണും നടന്നു.
അമേരിക്കന്‍ പ്രസിഡന്റും ഉത്തരകൊറിയന്‍ ഭരണാധികാരിയും തമ്മിലുണ്ടായ ചരിത്രത്തിലെ ആദ്യകൂടിക്കാഴ്‌ചയാണ്‌ നിരവധി നാടകീയതകള്‍ക്കും അനിശ്‌ചിതത്വത്തിനും ഒടുവില്‍ യാഥാര്‍ഥ്യമായത്‌.
അമേരിക്കന്‍ ഇടപെടലോടെ കൊറിയകള്‍ ഉത്തരകൊറിയയും ദക്ഷിണകൊറിയയും ആയി വേര്‍പിരിഞ്ഞതിനുശേഷം ആറുപതിറ്റാണ്ടായി ഇരുരാജ്യങ്ങളും കൊടിയ ശത്രുക്കളായിരുന്നു. ട്രംപ്‌ അധികാരമേറ്റതു മുതല്‍ മുമ്പെങ്ങുമില്ലാത്തവിധം യുദ്ധവെല്ലുവിളിയും ആണവയുദ്ധഭീഷണിയുമായിരുന്നു കൊറിയന്‍ വിഷയത്തില്‍ നിറഞ്ഞുനിന്നത്‌. അതെല്ലാം പഴങ്കഥയാക്കി സിംഗപ്പുര്‍ കൂടിക്കാഴ്‌ച. ഈ വര്‍ഷത്തെ ശീതകാല ഒളിമ്പിക്‌സിന്റെ പശ്‌ചാത്തലത്തില്‍ ദക്ഷിണകൊറിയയും ഉത്തരകൊറിയയും തമ്മില്‍ സൗഹൃദത്തിന്റെ വാതില്‍ തുറക്കുകയും കഴിഞ്ഞമാസം ഇരുരാജ്യങ്ങളും തമ്മില്‍ ചരിത്രം സൃഷ്‌ടിച്ച ഉച്ചകോടി നടക്കുകയും ചെയ്‌തു.

Ads by Google
Wednesday 13 Jun 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW