Friday, November 16, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 08.23 AM

സ്മൃതി ഇറാനിയ്ക്ക് കഴിക്കാന്‍ ചക്കപ്പഴം, സ്വീകരിച്ചത് ഏലയ്ക്കാ മാല ചാര്‍ത്തി; ശബരിമലയെക്കുറിച്ച് ​കേട്ട് അതിശയിച്ച കേന്ദ്രമന്ത്രിയുടെ താഴമൺ മഠം സന്ദർശനം

Smrithi Irani

ചെങ്ങന്നൂർ: കേന്ദ്രമന്ത്രി സ്മൃതി ഇറാനി ശബരിമല തന്ത്രി കുടുംബമായ താഴമൺമഠം സന്ദർശിച്ചു. കേന്ദ്ര സർക്കാരിന്റെ നാലു വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനുളള സമ്പർക്ക പരിപാടി സമ്പർക്ക് സേ സമർഥൻ ന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. വി. മുരളീധരൻ എം.പിയോടൊപ്പം തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ചെങ്ങന്നൂർ മുണ്ടൻകാവിലെത്തിയ സ്മൃതി, അന്തരിച്ച വലിയ തന്ത്രി കണ്ഠര് മഹേശ്വരരുടെ വീട്ടിലാണ് ആദ്യമെത്തിയത്. വലിയ തന്ത്രിയുടെ ഛയാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനത്തെ ആശ്വസിപ്പിച്ചു. മകൻ കണ്ഠര് മോഹനര് അദ്ദേഹത്തിന്റെ ഭാര്യ ആശ എന്നിവരുമായി സംസാരിച്ചു.

തുടർന്ന് തൊട്ടടുത്തുളള തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെത്തി. രാജീവർ കസവ് നേരീയതും ഭാര്യ ബിന്ദു ഏലയ്ക്കാ മാലയും ചാർത്തി സ്മൃതിയെ സ്വീകരിച്ചു. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കപ്പഴമാണ് സ്മൃതിക്ക് കഴിക്കാൻ നൽകിയത്. തുടർന്ന് മന്ത്രി വെളളം ചോദിച്ചു വാങ്ങി കുടിച്ചു.1937-ൽ മഹാത്മാ ഗാന്ധി ഹരിജനങ്ങളോടൊപ്പം താഴമൺമഠം സന്ദർശിച്ച കാര്യം രാജീവർ പറഞ്ഞു. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി ഉയർത്തൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് രാജീവർ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം വേണ്ട വിധത്തിൽ പരിഗണിക്കുമെന്നും സ്വദേശ് ദർശൻ പദ്ധതിയിമായി ബന്ധപ്പെടുത്തുന്നുണ്ടെന്നും വി. മുരളീധരൻപറഞ്ഞു. രണ്ട് കോടിക്കുമേൽ ആളുകൾ തീർത്ഥാടനകാലത്ത് ശബരിമലയിൽ ദർശനം നടത്തുന്നുണ്ടെന്ന വിവരം സ്മൃതി ഇറാനി അതിശയത്തോടെയാണ് കേട്ടത്. സർക്കാരിന്റെ നാലുവർഷത്തെ പ്രവർത്തനങ്ങളെ പറ്റിയുളള ലഘുലേഖ നൽകിയ മന്ത്രി രാജീവരോട് നിർദ്ദേശവും ആരാഞ്ഞു.

Smrithi Irani

പെട്രോൾ, ഡീസൽ വിലവർദ്ധന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് രാജീവർ സൂചിപ്പിച്ചു. ഇത് കുറയ്ക്കാൻ വേണ്ട നടപടി സ്വീകരിക്കണം. ജൻഔഷധി മെഡിക്കൽ സ്റ്റോറിൽ എല്ലാമരുന്നുകളും ലഭിക്കുന്നില്ലെന്നും. പ്രമേഹരോഗികൾക്കുളള ഇൻസുലിൽ ലഭ്യമാക്കണമെന്നും രാജീവർ ആവശ്യപ്പെട്ടു. ഇന്ധനവിലയിൽ നിന്ന് കിട്ടുന്ന ലാഭം ജൻഔഷധിപോലെ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന കാര്യം മന്ത്രി ചൂണ്ടിക്കാട്ടി. ഇല്ലാത്ത മരുന്നുകളുടെ ലിസ്റ്റ് നൽകിയാൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. വേണ്ട നിർദ്ദേശങ്ങൾ സാവകാശം വി. മുരളീധരൻ എം.പിയെ അറിയിച്ചാൽ മതിയെന്നും നിർദ്ദേശിച്ചു.

ഡൽഹിയിൽ വരുമ്പോൾ വീട്ടിലേക്ക് വരാൻ രാജീവരെയും ഭാര്യയേയും ക്ഷണിച്ചിട്ടാണ് സ്മിതി ഇറാനി മടങ്ങിയത്. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എം.വി. ഗോപകുമാർ, നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കലാ രമേശ്, കൗൺസിലർമാരായ എൻ. സുധാമണി, ബി. ജയകുമാർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ് കാരക്കാട് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Ads by Google
Tuesday 12 Jun 2018 08.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW