Friday, February 22, 2019 Last Updated 10 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 01.48 AM

കേന്ദ്ര സര്‍വീസില്‍ സ്വകാര്യ നിയമനം പാടില്ല

uploads/news/2018/06/225231/editorial.jpg

സര്‍ക്കാരിന്റെ ഉന്നത തസ്‌തികകളിലേക്ക്‌ ഐ.എ.എസിനു പുറത്തു നിന്ന്‌ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം നല്ല ഉദ്ദേശത്തോടെയുള്ളതാണെന്നു കരുതാനാവില്ല. മന്ത്രാലയങ്ങളിലെ ജോയിന്റ്‌ സെക്രട്ടറി തലത്തിലുള്ള തസ്‌തികകളിലേക്ക്‌ സ്വകാര്യ മേഖലകളില്‍ നിന്ന്‌ ഉദ്യോഗാര്‍ഥികളെ നിയമിക്കാനാണ്‌ തീരുമാനം. റവന്യൂ, സാമ്പത്തിക കാര്യം, കൃഷി-സഹകരണം, കര്‍ഷക ക്ഷേമം, റോഡ്‌ ഗതാഗതം, കപ്പല്‍ ഗതാഗതം, വനം-പരിസ്‌ഥിതി-കാലാവസ്‌ഥാ വ്യതിയാനം, ഊര്‍ജം, വ്യോമയാനം, വാണിജ്യം എന്നീ മന്ത്രാലയങ്ങളിലെ ജോയിന്റ്‌ സെക്രട്ടറി തസ്‌തികയിലേക്കാണ്‌ സര്‍ക്കാര്‍ സര്‍വീസിനു പുറത്തു നിന്നുള്ളവരെ നിയമിക്കുന്നത്‌.

കേന്ദ്രസര്‍വീസില്‍ നിര്‍ണായകവും സീനിയര്‍ മാനേജ്‌മെന്റ്‌ തലത്തിലുളളതുമായ തസ്‌തികയാണ്‌ ജോയിന്റ്‌ സെക്രട്ടറിയുടേത്‌. നയരൂപീകരണത്തിലും സര്‍ക്കാരിന്റെ പരിപാടികള്‍ നടപ്പാക്കുന്നതിലും ജോയിന്റ്‌ സെക്രട്ടറിയുടെ പങ്ക്‌ പ്രധാനമാണ്‌. ഐ.എ.എസ്‌. ഉള്‍പ്പെടെയുളള കേന്ദ്രസര്‍വീസിലുളളവരെ മാത്രമാണ്‌ ഈ തസ്‌തികയിലേക്ക്‌ നിയമിക്കുന്നത്‌. എന്നാല്‍, അത്‌ ഒഴിവാക്കാനാണ്‌ കേന്ദ്രത്തിന്റെ നീക്കം. ഉദ്യോഗസ്‌ഥരുടെ കുറവ്‌ പരിഹരിക്കുക, പുതിയ ആശയങ്ങള്‍ കൊണ്ടുവരിക, പുത്തന്‍ ഊര്‍ജം സര്‍ക്കാര്‍ സര്‍വീസില്‍ എത്തിക്കുക എന്നിവയാണ്‌ ഇതിനു കാരണമായി സര്‍ക്കാര്‍ പറയുന്നത്‌. ബന്ധപ്പെട്ട രംഗത്ത്‌ 15 വര്‍ഷത്തെ പരിചയമുള്ള വിദഗ്‌ധരെ നിയമിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇങ്ങനെ വരുന്നവരെ മൂന്നു വര്‍ഷത്തേക്ക്‌ കരാര്‍ അടിസ്‌ഥാനത്തില്‍ നിയമിക്കും. ഇവര്‍ക്ക്‌ കഴിവ്‌ പരിഗണിച്ച്‌ അഞ്ചു വര്‍ഷം വരെ സര്‍വീസ്‌ നല്‍കും. ഈ സമയത്ത്‌ ഐ.എസ്‌.എസ്സുകാരായ തത്തുല്യ തസ്‌തികയിലുള്ളവര്‍ക്ക്‌ കിട്ടുന്ന ശമ്പളവും മറ്റെല്ലാ ആനുകൂല്യങ്ങളും കിട്ടുകയും ചെയ്യും.

ഇന്ത്യന്‍ ഭരണസംവിധാനം കാര്യക്ഷമമായി നടക്കുന്നു എന്ന്‌ ഉറപ്പ്‌ വരുത്താന്‍ വേണ്ട എല്ലാ പരിശീലനവും കിട്ടുന്നവരാണ്‌ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍. അതിനിശിതമായ പരീക്ഷകളും ഇന്റര്‍വ്യൂവും കടന്ന്‌ വരുന്നവരെയാണ്‌ ഐ.എ.എസ്‌. പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്‌. അവര്‍ക്ക്‌ ഇന്ത്യന്‍ യാഥാര്‍ഥ്യം സംബന്ധിച്ച്‌ എല്ലാത്തരം പരിശീലനങ്ങളും അറിവും നല്‍കുന്നു. തുടര്‍ന്ന്‌ സബ്‌ ജില്ലാതലത്തില്‍ മുതല്‍ പ്രവര്‍ത്തിച്ച്‌ വരുന്ന ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരാണ്‌ ജോയിന്റ്‌ സെക്രട്ടറി തലത്തില്‍ എത്തുന്നത്‌. അപ്പോഴേക്കും ഭരണസംവിധാനത്തിന്‌ നിര്‍ണായകമായ നേതൃത്വം നല്‍കാന്‍ തക്കവിധത്തില്‍ അവര്‍ പ്രാപ്‌തരായിരിക്കും. അങ്ങനെയുള്ളവരെ നിയമിക്കാതെ സ്വകാര്യമേഖലയില്‍ നിന്ന്‌ ആളെ തപ്പിയിറങ്ങുന്നത്‌ തീര്‍ച്ചയായും രാജ്യതാത്‌പര്യം മുന്‍നിറുത്തിയാവില്ല.

കൃത്യമായ ജോലിക്കയറ്റത്തോടെ എത്തേണ്ട ഒരു തസ്‌തികയിലേക്ക്‌ പുറത്തുനിന്ന്‌ ആളെ നിയമിക്കുമ്പോള്‍ അതില്‍ സുതാര്യതയില്ലായ്‌മ വരാന്‍ സാധ്യതയേറെയാണ്‌. ഭരിക്കുന്ന പാര്‍ട്ടിക്ക്‌ താത്‌പര്യമുള്ള, അവരുടെ ആശയങ്ങളോട്‌ ചേര്‍ന്നു നിന്ന്‌ അവരുടെ താത്‌പര്യങ്ങള്‍ മാത്രം നടത്തുന്ന ഒരു സംഘത്തെ വളര്‍ത്തിയെടുക്കാന്‍ ഈ നീക്കം സഹായിക്കും. ഇത്‌ കേന്ദ്ര സര്‍വീസിനെ ദുര്‍ബലമാക്കും. ഉദ്യോഗസ്‌ഥവൃന്ദം സ്‌ഥിരവും സ്വതന്ത്രവുമായിരിക്കണമെന്ന ആശയം അട്ടിമറിക്കപ്പെടുകയാണ്‌ ഇതുവഴി. സര്‍ക്കാരുമായി ഒരു ബന്ധവുമില്ലാത്ത ചിലര്‍ക്ക്‌ വളരെ സുപ്രധാനമായ ഫയലുകള്‍ സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ അവസരമൊരുക്കുകയാണ്‌ ഇതുവഴി ചെയ്യുന്നത്‌. കരാര്‍ കഴിഞ്ഞ്‌ അവര്‍ പോകുമ്പോള്‍ ഈ ഔദ്യോഗിക രഹസ്യമൊക്കെ പുറത്തേക്ക്‌ കടത്താന്‍ സാധ്യതയുണ്ട്‌. ഇതെല്ലാം മുന്നില്‍ കണ്ട്‌ ഈ നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറുകയാണ്‌ വേണ്ടത്‌.

Ads by Google
Tuesday 12 Jun 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW