Monday, June 18, 2018 Last Updated 8 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 01.48 AM

കിം - ട്രംപ്‌ ഉച്ചകോടി കൂടിക്കാഴ്‌ച 'മരണദ്വീപില്‍'

uploads/news/2018/06/225230/bft1.jpg

'സെന്റോസ' എന്ന വാക്കിനു മലയ്‌ ഭാഷയില്‍ അര്‍ഥം സമാധാനവും ശാന്തിയുമെന്നാണ്‌. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്‌ ഉന്നും അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും സമാധാനമുണ്ടാക്കാന്‍ ചര്‍ച്ച നടത്താന്‍ തെരഞ്ഞെടുത്തതോടെ ഇന്നു ലോകശ്രദ്ധ സെന്റോസയിലാണ്‌.
സിംഗപ്പൂരിന്റെ തെക്കന്‍ തീരത്തുനിന്ന്‌ അരക്കിലോമീറ്റര്‍ അകലെയാണു സെന്റോസ. പഴയ പേര്‌ - പുലൗ ബെലകങ്‌ മാടി (മരണത്തിന്റെ ദ്വീപ്‌). 1972 ലാണു പേരു മാറിയത്‌. ഇപ്പോള്‍ പ്രതിവര്‍ഷം രണ്ടുകോടി വിനോദ സഞ്ചാരികളാണു ദ്വീപിലെത്തുന്നത്‌.
സിംഗപ്പൂരിലെ 63 ദ്വീപുകളിലൊന്നാണു സെന്റോസ. ഏകദേശം 500 ഹെക്‌ടര്‍ വിസ്‌തീര്‍ണം. രണ്ടാം ലോകയുദ്ധകാലത്താണു സെന്റോസയില്‍ ചോരയൊഴുകിയത്‌. ജപ്പാന്റെ അധിനിവേശ കാലത്ത്‌ യുദ്ധത്തടവുകാരെ ഇവിടെ പാര്‍പ്പിച്ചിരുന്നു. ജപ്പാന്‍ സൈന്യത്തിനു മുന്നില്‍ കീഴടങ്ങിയ ബ്രിട്ടിഷ്‌, ഓസ്‌ട്രേലിയന്‍ തടവുകാരെയാണ്‌ ഇവിടെ പാര്‍പ്പിച്ചത്‌.
ചാരവൃത്തി ആരോപിക്കപ്പെട്ട്‌ ചൈനക്കാരടക്കം നിരവധിപ്പേര്‍ ഈ ദ്വീപിലെത്തി. അവരെ കാത്തിരുന്നതു കൊടുംക്രൂരതയും. അക്കാലത്ത്‌ കടല്‍ത്തീരത്ത്‌ മൃതദേഹങ്ങള്‍ കൂട്ടത്തോടെ അടിയുന്നതു പതിവായിരുന്നു. സെന്റോസയെ റിസോര്‍ട്ട്‌് ദ്വീപാക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണു മാറ്റങ്ങള്‍ വന്നത്‌. ആദ്യം പേരുമാറ്റി. തടവറകളുസെ സ്‌ഥാനത്ത്‌ ആഡംബര ഹോട്ടലുകള്‍, സ്വകാര്യകടലോരങ്ങള്‍, ഗോള്‍ഫ്‌ക്ല ബ്ബുകള്‍, അത്യാഡംബര വസതികള്‍, ചൂതാട്ട കേന്ദ്രങ്ങള്‍ എന്നിവ നിറഞ്ഞു. പക്ഷേ, പഴമയുടെ അടയാളങ്ങള്‍ നിലനിര്‍ത്തിയായിരുന്നു മാറ്റം.
ബ്രിട്ടിഷ്‌ കോളനിവാഴ്‌ചക്കാലത്തെ കെട്ടിടങ്ങള്‍ പലതും നിലനിര്‍ത്തി. ട്രംപ്‌- കിം കൂടിക്കാഴ്‌ച നടക്കുന്ന അത്യാഡംബര കാപെല്ല ഹോട്ടലിനും പഴമയുടെ കഥപറയാനുണ്ട്‌. ബ്രിട്ടിഷ്‌ ആര്‍ക്കിടെക്‌ട്‌ നോര്‍മന്‍ ഫോസ്‌റ്ററാണു രൂപകല്‍പന. ഇന്തൊനീഷ്യന്‍ ഡിസൈനര്‍ ജയ ഇബ്രാഹിമാണു കെട്ടിടത്തിന്റെ ഒരുഭാഗം നിര്‍മിച്ചത്‌. കാപെല്ല ഹോട്ടല്‍ വളപ്പില്‍ മയിലുകളും നിത്യക്കാഴ്‌ചയാണ്‌.ദ്വീപിലെ പ്രധാന ആകര്‍ഷണമാണ്‌ 30 ഏക്കറില്‍ പരന്നു കിടക്കുന്ന കാപെല്ല.
മുറികളും വില്ലകളുമായി താമസത്തിന്‌ 112 ഇടങ്ങളുണ്ട്‌. ഒരു രാത്രി താമസത്തിനുള്ള വാടക 33,000 മുതല്‍ അഞ്ചുലക്ഷം രൂപ വരെയാണ്‌. രണ്ടു പ്രസിഡന്‍ഷ്യല്‍ സ്വീറ്റുകളും ഹോട്ടലിലുണ്ട്‌. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണിപ്പോള്‍ സെന്റോസ. ഇന്നു ധനികരുടെ പ്രിയ കേന്ദ്രവും സെന്റോസ തന്നെ. പോപ്‌ നായികമാരായ മഡോണയും ലേഡി ഗാഗയുമാണ്‌ ഇതുവരെ കാപെല്ലയില്‍ താമസിച്ചിരുന്നവരില്‍ ഏറ്റവും പ്രശസ്‌തര്‍. ഇനി കിം- ട്രംപ്‌ ഉച്ചകോടിയുടെ പേരില്‍ ദ്വീപ്‌ അറിയപ്പെടും. ഉച്ചകോടിക്കായി 100 കോടി രൂപയോളമാണു സിംഗപ്പുര്‍ ചെലവിട്ടിട്ടുള്ളത്‌. അതു വിനോദസഞ്ചാര മേഖലയില്‍നിന്നു തന്നെ തിരിച്ചെത്തുമെന്നാണ്‌ അവരുടെ പ്രതീക്ഷ.

Ads by Google
Tuesday 12 Jun 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW