Sunday, June 16, 2019 Last Updated 17 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 01.28 AM

പെരുമഴ 14 വരെ ; ആറു മരണം കൂടി , ജാഗ്രതാ നിര്‍ദേശം

uploads/news/2018/06/225194/k1.jpg

തിരുവനന്തപുരം/തൊടുപുഴ: കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ സംസ്‌ഥാനത്ത്‌ ആറു പേര്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 22 ആയി. 14 വരെ ശക്‌തമായ മഴയ്‌ക്കും ചില സ്‌ഥലങ്ങളില്‍ 15-ന്‌ അതിശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു. തുടര്‍ച്ചയായ മഴ നദികളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്‌ക്കു കാരണമാകാമെന്നു കേന്ദ്ര ജല കമ്മിഷന്റേതടക്കം മുന്നറിയിപ്പുണ്ട്‌.
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ഇന്നലെ ജലനിരപ്പ്‌ നാലടി ഉയര്‍ന്നു. ഇടുക്കിയില്‍ ജലനിരപ്പ്‌ 2329.6 അടിയിലെത്തി - സംഭരണശേഷിയുടെ 29.4 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2300.46 അടിയായിരുന്നു. ചെറുകിട അണക്കെട്ടുകള്‍ ജലസമൃദ്ധമായതോടെ മൂലമറ്റം പവര്‍ ഹൗസില്‍ ഉല്‍പ്പാദനം കുറച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശങ്ങളില്‍ മഴ തിമിര്‍ക്കുകയാണ്‌. പെരിയാര്‍ കടുവാ സങ്കേതത്തിലെ കാട്ടരുവികളും തോടുകളും കരകവിഞ്ഞു. ജലസംഭരണിയിലേക്ക്‌ സെക്കന്‍ഡില്‍ 7504 ഘനയടി വെള്ളമെത്തുന്നു. സെക്കന്‍ഡില്‍ 1150 ഘനയടി വെള്ളമാണ്‌ തമിഴ്‌നാട്ടിലേക്ക്‌ കൊണ്ടുപോകുന്നത്‌. ഇന്നലെ മുല്ലപ്പെരിയാറില്‍ 124 മി.മീ, തേക്കടിയില്‍ 43.2 മി.മീ. മഴ രേഖപ്പെടുത്തി. പീരുമേട്ടില്‍ 320 മി.മീ. മഴ പെയ്‌തു.
ഇന്നലെ 47 വീടുകള്‍ പൂര്‍ണമായും 596 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതുവരെ 66 വീടുകള്‍ പൂര്‍ണമായു ം 1004 വീടുകള്‍ ഭാഗികമായും തകര്‍ന്നെന്നാണു കണക്ക്‌. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ്‌ കൂടുതല്‍ നാശനഷ്‌ടം. സംസ്‌ഥാനത്ത്‌ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്‌.
കേരളതീരത്ത്‌ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വേഗത്തില്‍ വീശാനിടയുള്ള കാറ്റ്‌ ചില അവസരങ്ങളില്‍ 60 കീ.മീ. കടന്നേക്കാം. കടല്‍ പ്രക്ഷുബ്‌ധമായിരിക്കും. ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തു പോകരുതെന്നും കേരളം, കര്‍ണാടക, ലക്ഷദീപ്‌ തീരങ്ങളില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നാലു ലക്ഷം രൂപ വീതം സഹായം നല്‍കുമെന്നും സംസ്‌ഥാനത്ത്‌ 6.34 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. തീരദേശജില്ലകളില്‍ ദുരിതാശ്വാസത്തിന്‌ 50 ലക്ഷം രൂപ വീതം അനുവദിച്ചു. സംസ്‌ഥാനത്താകെ 188.41 ഹെക്‌ടറിലെ കൃഷി നശിച്ചു. 2784 കര്‍ഷകരെ ബാധിച്ചു.
പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക്‌ മലയോരമേഖലയില്‍ 1,01,900 രൂപയും മറ്റിടങ്ങളില്‍ 95,100 രൂപയും നല്‍കും. കടല്‍ക്ഷോഭത്തില്‍ പൂര്‍ണമായും വീട്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ 10 ലക്ഷം രൂപ നല്‍കും. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക്‌ അതിന്റെ തോത്‌ അനുസരിച്ചു ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇടുക്കി ആനച്ചാലില്‍ നിര്‍മാണത്തിലിരുന്ന നാലുനിലക്കെട്ടിടം മണ്ണിടിച്ചിലില്‍ തകര്‍ന്നു. ആനച്ചാല്‍ മേക്കോടയില്‍ ശാരങ്‌ഗധരന്‍ അടിമാലി- മൂന്നാര്‍ റോഡരികില്‍ നിര്‍മിക്കുകയായിരുന്ന കെട്ടിടമാണു തകര്‍ന്നത്‌. കെട്ടിടഭാഗങ്ങള്‍ 150 അടിയോളം താഴ്‌ചയിലേക്ക്‌ വീണു. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത്‌ പ്രദേശത്തുനിന്ന്‌ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
എല്ലാ ജില്ലകളിലും ദുരന്ത പ്രതികരണത്തിനു മുന്‍കരുതലുകളെടുക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. മലയോര മേഖലയിലെ താലൂക്ക്‌ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണം. ശക്‌തമായ മഴയുള്ളതും വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ്‌ ഓഫീസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കൈവശം കരുതണം. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത്‌ മലയോരമേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കണം.
വിനോദസഞ്ചാരികള്‍ കടലിലിറങ്ങാതിരിക്കാന്‍ നടപടിയെടുക്കണം. മലയോര മേഖലയിലെ റോഡുകള്‍ക്ക്‌ കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അവിടെ വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്‌.

Ads by Google
Tuesday 12 Jun 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW