ലോകം രണ്ടു വ്യക്തികളിലേക്കു ചുരുങ്ങിയിരിക്കുകയാണ്, സമാധാനത്തിനായും ജീവിക്കാനായും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിലേക്കും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്നിലേക്കുമാണ് ചുരുങ്ങിയിരിക്കുന്നത്. നാളെ സിംഗപ്പൂരിലെ വിനോദസഞ്ചാര ദ്വീപായ സെന്റോസയിലെ ആഡംബരഹോട്ടല്‍ കാപെല്ലയിലേക്കാണ് ലോകത്തിന്റെ ഉറ്റുനോട്ടം. ഉത്തരകൊറിയയുടെ ആണവനിരായുധീകരണം, കൊറിയന്‍ ഭൂഖണ്ഡത്തിലെ സമാധാനം തുടങ്ങി ലോകസമാധാനം വരെ നിര്‍ണയിക്കുന്നതായി മാറുകയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
ഇരു കൊറിയകളും തമ്മിലുള്ള മത്സരം ലോകസമാധാനത്തിനു ഭീഷണിയാകുന്ന തലത്തിലേക്ക് വളരുകയായിരുന്നു. ഡൊണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെ ഉത്തരകൊറിയന്‍ പ്രസിഡന്റുമായുള്ള വാക്പോര് ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള തര്‍ക്കത്തിനപ്പുറം അമേരിക്കയും ദക്ഷിണകൊറിയയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ തലത്തിലേെക്കത്തിച്ചേര്ന്നു. ഇതിനിടെ പ്രതീക്ഷ നല്‍കുന്നതായി കിങ് ജോങ് ഉന്നും ട്രംപും തമ്മിലുള്ള ചര്‍ച്ചയ്ക്കു വഴിയൊരുങ്ങിയത്. എന്നാല്‍, നിരവധി തവണ കൂടിക്കാഴ്ച ജലരേഖയാകുന്ന തലത്തിലേക്കു കാര്യങ്ങള്‍ വഴുതിപ്പോവുകയും ചെയ്തിരുന്നു. ഇതിനു കാരണം ഇരു നേതാക്കളുടെയും നയതന്ത്രരഹിതമായ വാക്പോരുകളായിരുന്നു.
മേയ് 24ന് കിങ് ജോങ് ഉന്‍ കൂടിക്കാഴ്ച ഏകപക്ഷീയമായി റദ്ദാക്കിയതു ലോകത്തെ സമാധാനകാംക്ഷികള്‍ക്കു നിരാശയായിരുന്നു. കൂടിക്കാഴ്ചയ്ക്ക് ഉചിതമായ സമയമായില്ല എന്നു പറഞ്ഞായിരുന്നു റദ്ദാക്കല്‍. ട്രംപിന്റെ കടുത്ത ദേഷ്യവും വിദ്വേഷവും അവസാന പ്രസ്താവനയില്‍ വ്യക്തമായെന്നും കൂടിക്കാഴ്ചയ്ക്ക് അനുയോജ്യമായ സമയമല്ലെന്നുമായിരുന്നു ഉന്നിന്റെ കണ്ടെത്തല്‍. എന്നാല്‍, കൂടിക്കാഴ്ചയ്ക്കുവേണ്ട നടപടികള്‍ പലതും ഉത്തരകൊറിയ എടുത്തിരുന്നത് ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. അതില്‍ ഏറ്റവും പ്രധാനം ആണവപരീക്ഷണം നടത്തുന്ന സ്ഥലംതകര്ത്തതാണ്. ലോകം കാത്തിരിക്കുന്ന കൂടിക്കാഴ്ച അവസാനം യാഥാര്‍ഥ്യമാകുകയാണ്.
ലോകത്തെ 762 കോടി ജനങ്ങള്‍ ജീവിക്കണോ മരിക്കണമോയെന്നു തീരുമാനിക്കുന്നത് ഒന്നോ രണ്ടോ വ്യക്തികളാണെന്നതിലേക്കു ലോകം ചുരുങ്ങുന്നത് ആശാസ്യമല്ല. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം മറ്റൊരു യുദ്ധമൊഴിവാക്കുന്നതിനു രൂപീകൃതമായ ലീഗ് ഓഫ് നേഷന്‍സിന്റെ പരാജയം രണ്ടാം ലോകമഹായുദ്ധത്തോടെ ലോകം കണ്ടതാണ്.
ലോകത്ത് ഒട്ടേറെ വിനാശങ്ങള്‍ വരുത്തിവച്ച രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കുശേഷം ലോകസമാധാനത്തിനുവേണ്ടി 1945 ല്‍ രൂപീകരിച്ച സംഘടനയാണ് ഐക്യരാഷ്ട്ര സംഘടന. ലോകത്താകമാനമുള്ള 195 രാജ്യങ്ങളില്‍ 193 രാജ്യങ്ങളും ഐക്യരാഷ്ട്രസംഘടനയില്‍ അംഗങ്ങളാണ്. അതിനര്‍ഥം ലോകത്തെ മുഴുവന്‍ രാജ്യങ്ങളും ലോകസമാധാനം ആഗ്രഹിക്കുന്നുവെന്നാണ്. അതുകൊണ്ട് തത്വത്തില്‍ ലോകസമാധാനത്തിനു വേണ്ട എല്ലാ സംവിധാനങ്ങളും ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന് സംഘടനയില്‍ കൈക്കൊണ്ടിട്ടുണ്ട്. ഏറ്റുമുട്ടുന്നത് വമ്പന്മാര് തമ്മിലാകുമ്പോള്‍ ഈ സംവിധാനങ്ങളൊക്കെ പതിവായി നോക്കുകുത്തികളാകുന്ന കാഴ്ചയാണ് ലോകം കാണുന്നത്.
നിയന്ത്രണം കരബലമുള്ളവനിലേക്ക് ചുരുങ്ങുന്ന അപരിഷ്കൃത കാട്ടുനീതി നടപ്പാകുമ്പോള്‍ 762 കോടിയുടെ സമാധാനസ്വപ്നങ്ങള്‍ വിരലിലെണ്ണാവുന്നവരിലേക്കു ചുരുങ്ങുകയാണ്. ഈ ചുരുക്കം ചിലരുടെ മാനസികവ്യാപാരങ്ങളാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്ന ഗതികേടിലേക്ക് ലോകം അധഃപതിക്കുന്നത്. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും വിതരണം ചിലയിടങ്ങളിലേക്കുമാത്രമാകുന്നതിന്റെ ശാസ്ത്രവും ഈ കാട്ടുനീതിതന്നെ. എന്തായാലും അമേരിക്ക-ഉത്തരകൊറിയ നേതാക്കളുടെ കൂടിക്കാഴ്ച യാഥാര്‍ഥ്യമാകുന്നത് ലോകസമാധാനത്തിനു ഗുണകരമാകുമെന്നുതന്നെ പ്രത്യാശിക്കാം.