Friday, May 24, 2019 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 01.13 AM

ഉലഞ്ഞ്‌ കോണ്‍ഗ്രസ്‌; കൈപൊള്ളി രാഹുല്‍

uploads/news/2018/06/224902/bft1.jpg

കോണ്‍ഗ്രസ്‌ അധ്യക്ഷനായശേഷം കേരളാഘടകവുമായി ബന്ധപ്പെട്ടു രാഹുല്‍ ഗാന്ധി സുപ്രധാനമായ രണ്ടു തീരുമാനങ്ങളെടുത്തു. പാര്‍ട്ടി നാമാവശേഷമായ ആന്ധ്രാപ്രദേശിന്റെ ചുമതല ജനകീയനേതാവായ ഉമ്മന്‍ ചാണ്ടിക്കു നല്‍കി എ.ഐ.സി.സി. ജനറല്‍സെക്രട്ടറിയായി നിയമിച്ചു. കോണ്‍ഗ്രസിനു ലഭിക്കേണ്ടിയിരുന്ന രാജ്യസഭാ സീറ്റ്‌ കേരളാ കോണ്‍ഗ്രസിനു വിട്ടുകൊടുത്തു. ഇതില്‍ രണ്ടാമത്തെ തീരുമാനം പാളിയെന്നു മാത്രമല്ല, സംസ്‌ഥാനഘടകത്തില്‍ കലാപ അന്തരീക്ഷമൊരുക്കി.
അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ അമ്പരപ്പിക്കുന്ന ശൈലിയാണു പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലെത്തിയശേഷം സ്വീകരിച്ചത്‌. ഇതേ രീതിയില്‍ പാര്‍ട്ടിഘടകങ്ങളില്‍ ഘട്ടംഘട്ടമായുള്ള പുനഃസംഘടനയുടെ ഭാഗമായ തീരുമാനങ്ങളാണ്‌ രാഹുലും കൈക്കൊള്ളുന്നത്‌.
ഘടകകക്ഷികള്‍ക്കു സീറ്റ്‌ കൈമാറുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സംസ്‌ഥാന നേതൃത്വത്തിന്റേതാണെന്നും കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ മാത്രമേ പാര്‍ട്ടി അധ്യക്ഷന്‍ ശ്രദ്ധിക്കേണ്ടതുള്ളുവെന്നും വ്യക്‌തമാക്കി ഹൈക്കമാന്‍ഡ്‌ തടിയൂരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലിച്ചിട്ടില്ല. അന്തിമാനുമതി നല്‍കിയ ഹൈക്കമാന്‍ഡ്‌ മൂന്നു നേതാക്കളുടെ വാക്കുകള്‍ക്കപ്പുറത്ത്‌ വിവരശേഖരണം നടത്തുന്നതില്‍ പരാജയപ്പെട്ടതായാണ്‌ ആരോപണം. തന്നെ സംസ്‌ഥാന നേതൃത്വം ഇരുട്ടില്‍ നിര്‍ത്തിയെന്ന പരാതി പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണിക്കുമുണ്ട്‌.
സീറ്റ്‌ കേരളാ കോണ്‍ഗ്രസിന്‌ നല്‍കാന്‍ ചരടുവലിച്ച ഉമ്മന്‍ ചാണ്ടിയും യോജിച്ച മറ്റു നേതാക്കളും ഇത്ര വലിയ പ്രതിഷേധം കരുതിയതുമില്ല. തക്കം പാര്‍ത്തുനിന്ന വി.എം. സുധീരന്റെ അപ്രതീക്ഷിതവും ശക്‌തവുമായ ആക്രമണമാണു സംസ്‌ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്‌.

മാറ്റത്തിനായി മാറ്റം

എ.ഐ.സി.സി. ആസ്‌ഥാനത്ത്‌ എത്തുന്ന നേതാക്കള്‍ക്കു തങ്ങളുടെ സ്‌ഥാനത്തെക്കുറിച്ച്‌ ഉറപ്പില്ല. ഗോവയുടെയും കര്‍ണാടകയുടെയും സംഘടനാച്ചുമതലയുള്ള മുതിര്‍ന്ന നേതാവ്‌ ദ്വിഗ്‌ വിജയ്‌ സിങ്ങിനെ മാറ്റിയ രാഹുല്‍, പിന്നിട്‌ ആന്ധ്രയുടെ ചുമതലയില്‍നിന്ന്‌ ഒഴിവാക്കി.
സോണിയയുടെ രാഷ്‌ട്രീയകാര്യ ഉപദേശകനായി രണ്ടുപതിറ്റാണ്ടോളം എ.ഐ.സി.സി. ആസ്‌ഥാനത്ത്‌ ഏറ്റവും സ്വാധീനമുണ്ടായിരുന്ന അഹമ്മദ്‌ പട്ടേലിനെ രാഹുല്‍ അടുപ്പിക്കുന്നില്ല. 10 ജനപഥില്‍ സോണിയയ്‌ക്കൊപ്പം ഒതുങ്ങിയ പട്ടേല്‍ ഇങ്ങോട്ടു വരാതെയുമായി. പ്രായാധിക്യത്തിന്റെ അവശതയുള്ള ട്രഷറര്‍ മോത്തിലാല്‍ വോറയെയും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെയുമാണു രാഹുല്‍ നിലനിര്‍ത്തിയിട്ടുള്ളത്‌.
പാര്‍ട്ടിയുടെ ഉടമസ്‌ഥതയിലുണ്ടായിരുന്ന നാഷണല്‍ ഹൊറാള്‍ഡ്‌ പത്രവുമായി ബന്ധപ്പെട്ട കേസില്‍ യു.പി.എ. അധ്യക്ഷ സോണിയയ്‌ക്കും രാഹുലിനുമൊപ്പം പ്രതിപ്പട്ടികയിലുള്ളതിനാല്‍ വോറയെ തല്‍ക്കാലം മാറ്റില്ല.
എന്നാല്‍, കേരളത്തിലെ കലാപം മുകുള്‍ വാസ്‌നിക്കിനും വിനയായേക്കും. ഗ്രൂപ്പുപക്ഷപാതിയായി വാസ്‌നിക്ക്‌ മാറിയെന്ന്‌ ആരോപിച്ച്‌ ഹൈക്കമാന്‍ഡിനു സംസ്‌ഥാനത്തുനിന്നു പരാതി ലഭിച്ചിട്ടുണ്ട്‌. അതിനാല്‍, കേന്ദ്രനേതൃത്വത്തില്‍ പുനഃസംഘടനയുണ്ടാകുമ്പോള്‍ ഇദ്ദേഹത്തെ നീക്കിയേക്കും.

ഭരണകക്ഷിയെ സഹായിച്ച കുര്യനു പണി കിട്ടി

രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പി.ജെ. കുര്യന്‌ ഹൈക്കമാന്‍ഡില്‍ ഏറെ സ്വാധീനമുണ്ടായിരുന്നു. എന്നാല്‍, മുതിര്‍ന്ന നേതാക്കളും രാജ്യസഭാ അംഗങ്ങളായ ഗുലാം നബി ആസാദ്‌, ആനന്ദ്‌ ശര്‍മ, ജയറാം രമേശ്‌ തുടങ്ങിയവര്‍ അദ്ദേഹത്തിനെതിരേ ശക്‌തമായ നീക്കം നടത്തിയിരുന്നു. ഭരണകക്ഷിയായ ബി.ജെ.പിക്ക്‌ അനുകൂലമായി നിലപാടെടുത്തുവെന്നാണ്‌ ഇവരുടെ പരാതി. പല വിഷയങ്ങളിലും ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രതിസന്ധിയിലായ ബി.ജെ.പി, പ്രതിപക്ഷ ആക്രമണത്തെ അതിജീവിച്ചത്‌ ചെയറിന്റെ സഹായത്തോടെയായിരുന്നു എന്ന്‌ ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍, ചെയറിലിരിക്കുമ്പോള്‍ താന്‍ കോണ്‍ഗ്രസ്‌ നേതാവല്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനവും സഭയുടെ നടത്തിപ്പും സുഗമമാക്കുന്നതാണു ദൗത്യമെന്നും കുര്യന്‍ വ്യക്‌തമാക്കിയിരുന്നു. വീണ്ടും രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുത്താല്‍ ബി.ജെ.പിയുടെ സഹായത്തോടെ ഒരിക്കല്‍ കൂടി ഉപാധ്യക്ഷനാകാന്‍ സാധിക്കുമായിരുന്നെന്നും കുര്യന്‍ കണക്കുകൂട്ടി. ഈ സാഹചര്യത്തിലാണു സീറ്റ്‌ നഷ്‌ടപ്പെട്ടതിനെത്തുടര്‍ന്നു ഉമ്മന്‍ ചാണ്ടിക്കെതിരേ ആഞ്ഞടിച്ചത്‌. രാജ്യസഭാ ഉപാധ്യക്ഷനാനെന്ന ഭരണഘടനാ പദവിയുടെ പേരില്‍ കേന്ദ്ര- സംസ്‌ഥാനതലങ്ങളില്‍ പാര്‍ട്ടിക്കായി കുര്യന്‍ കാര്യമായ പ്രവര്‍ത്തനം നടത്തിയിരുന്നില്ല. എന്‍.എസ്‌.എസ. ജനറല്‍സെക്രട്ടറി സുകുമാരന്‍ നായരുമായി അടുത്തബന്ധമുള്ള അദ്ദേഹമായിരുന്നു രമേശ്‌ ചെന്നിത്തലയെ താക്കോല്‍ സ്‌ഥാനത്ത്‌ അവരോധിക്കാന്‍ മുന്‍കൈയെടുത്തത്‌.

പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്കു ദാരിദ്ര്യം

കോണ്‍ഗ്രസ്‌ അധികാരത്തിലെത്തിയാല്‍ കേന്ദ്ര മന്ത്രിമാരാകാന്‍ സ്‌ഥിരം നേതാക്കള്‍ തയാറാണെങ്കിലും ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും വോട്ടുസമാഹരിക്കാനും കെല്‍പ്പുള്ള നേതാക്കള്‍ ദേശീയ രാഷ്‌ട്രീയത്തിലില്ല. പി. ചിദംബരവും കപില്‍ സിബലും അടക്കമുള്ള ഒട്ടേറെ നേതാക്കള്‍ മന്ത്രിസ്‌ഥാനങ്ങളിലേക്ക്‌ പരിഗണിക്കപ്പെടുന്നവരാണ്‌. എന്നാല്‍, അധികാരം നഷ്‌ടമായാല്‍ സ്വന്തം സംസ്‌ഥാനങ്ങളിലേക്ക്‌ മടങ്ങി പാര്‍ട്ടിയെ ശക്‌തിപ്പെടുത്താന്‍ ഇവരാരും ഒരുക്കമല്ല. ഡല്‍ഹിയില്‍ അടയിരുന്നു സ്വന്തംജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ്‌ ഇവര്‍ക്ക്‌ താല്‍പ്പര്യവും.
ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ള നേതാക്കളുടെ എണ്ണമെടുത്താല്‍ സോണിയയിലും രാഹുലിലും അവസാനിക്കും. രാഹുലിനാകട്ടെ, ഒരു തെരഞ്ഞെടുപ്പില്‍ പോലും സ്വന്തം നിലയ്‌ക്ക്‌ പാര്‍ട്ടിയെ വിജയിപ്പിക്കാനും സാധിച്ചിട്ടില്ല. അവസാനം നടന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ അധികാരം നിലനിര്‍ത്തുമെന്നായിരുന്നു ആദ്യഘട്ട സര്‍വേ ഫലങ്ങളെങ്കില്‍ പ്രധാനമന്ത്രി മോഹം തുറന്നുപറഞ്ഞ്‌ രാഹുല്‍ പ്രചാരണം ഏറ്റെടുത്തതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.

ചാണ്ടി ഉമ്മന്‍ പകരക്കാരനാകുമോ?

പുതിയ കെ.പി.സി.സി. പ്രസിഡന്റിനെ കണ്ടെത്താന്‍ രാഹുലിന്‌ ഇതുവരെ സാധിച്ചിട്ടില്ല. കലാപം രൂപപ്പെട്ടതിനാല്‍ യോജിച്ച നേതാവിനെ കണ്ടെത്തുക ദുഷ്‌കരം. ജനകീയനേതാവിനെ സംസ്‌ഥാനത്തുനിന്നു മാറ്റുന്നതു പോലുള്ള തലതിരിഞ്ഞ തീരുമാനങ്ങളില്‍ രാഹുല്‍ ഒതുങ്ങുന്നതായും ആക്ഷേപമുണ്ട്‌. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായി കെ.സി. വേണുഗോപാലിനെ നിശ്‌ചയിച്ച്‌ കര്‍ണാടകയുടെ ചുമതല നല്‍കിയെങ്കിലും ലക്ഷ്യംകണ്ടില്ല.
മറ്റു സംസ്‌ഥാനങ്ങളില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്‌ തെല്ലെങ്കിലും കേഡര്‍ സ്വഭാവം പ്രകടിപ്പിക്കുന്നത്‌ കേരളത്തിലാണ്‌. കേഡര്‍ സ്വഭാവത്തോടെ പ്രവര്‍ത്തിച്ച ആന്ധ്രാഘടകം മണ്ണടിഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം കര്‍ണാടകയിലും സ്‌ഥിതി വ്യത്യസ്‌തമല്ല. ഈ സാഹചര്യത്തിലാണ്‌ കേരളത്തിലെ കലാപം നേതൃത്വത്തെ ഞെട്ടിക്കുന്നത്‌. പരസ്‌പരവിശ്വാസം നഷ്‌ടമായതിനാല്‍ കോട്ടയം, ഇടുക്കി സീറ്റുകള്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും വച്ചുമാറുമെന്ന്‌ ഉറപ്പായി. കോട്ടയത്ത്‌ ദേശീയ നേതാവെന്ന നിലയില്‍ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയില്‍ സമ്മര്‍ദമുണ്ടായാല്‍ പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവരുമെന്നു പറഞ്ഞു ഒഴിഞ്ഞു മാറിയേക്കും. അങ്ങനെയെങ്കില്‍ മകന്‍ ചാണ്ടി ഉമ്മന്‌ നറുക്ക്‌ വീണേക്കും. കര്‍ണാടകയില്‍ ചെറു പ്രാദേശികപാര്‍ട്ടിക്ക്‌ മുന്നില്‍ വിധേയത്വം പുലര്‍ത്തിയതോടെ കേരളത്തിലും ഭാവിയില്‍ കോണ്‍ഗ്രസ്‌ വലിയ വിട്ടുവീഴ്‌ച ചെയ്യേണ്ടി വരും. പ്രബല ഘടകകക്ഷികളായ ലീഗും കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ വരെ ഇടപെടുന്ന സാഹചര്യമാണ്‌ രൂപപ്പെടുന്നത്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Monday 11 Jun 2018 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW