Saturday, February 16, 2019 Last Updated 49 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 01.12 AM

ചരിത്രമാകുന്ന ട്രംപ്‌ - കിം ഉച്ചകോടി

uploads/news/2018/06/224901/bft2.jpg

സമകാലീന ലോകം കണ്ട വിചിത്ര സ്വഭാവക്കാരായ ഡോണള്‍ഡ്‌ ട്രംപും കിം ജോങ്‌ ഉന്നും നടത്തുന്ന കൂടിക്കാഴ്‌ചയിലാണ്‌ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും. കുറച്ചുനാളുകളായി ഇവര്‍ പരസ്‌പരം നടത്തിയിരുന്ന വെല്ലുവിളികള്‍ ജനകോടികളെ ആശങ്കയിലാഴ്‌ത്തിയിരുന്നു. ഒരു ഘട്ടത്തില്‍, അണ്വായുധ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കുമോ എന്നുപോലും ജനങ്ങള്‍ സന്ദേഹിച്ചു. ആശങ്കകള്‍ക്കു വിരാമം കുറിച്ചുകൊണ്ടാണ്‌ സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കാപ്പെല്ലാ ഹോട്ടലില്‍ നാളെ ഇവര്‍ തമ്മില്‍ കാണുന്നത്‌. അമേരിക്കന്‍- ഉത്തര കൊറിയന്‍ പ്രസിഡന്റുമാര്‍ തമ്മില്‍ ഇങ്ങനെയൊരു കൂടിക്കാഴ്‌ച അസംഭവ്യമെന്നു കരുതിയതാണ്‌. ശത്രുതയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷത്തിന്‌ അയവുവരുത്തുന്ന കൂടിക്കാഴ്‌ച ചരിത്രസംഭവമായി മാറുകയാണ്‌.

മനഃപരിവര്‍ത്തനം വന്ന കിം

2018 പിറന്നതു ഉത്തരകൊറിയന്‍ നേതാവ്‌ കിം ജോങ്‌ ഉന്നിന്റെ മനഃപരിവര്‍ത്തനം കണ്ടുകൊണ്ടാണ്‌. ഉത്തരകൊറിയന്‍ ജനതയ്‌ക്കു പുതുവത്സരാശംസ നേര്‍ന്നുകൊണ്ടുള്ള പ്രസംഗത്തില്‍ സമാധാനത്തിനു താന്‍ തയാറാണെന്നു കിം ജോങ്‌ പരസ്യപ്രഖ്യാപനം നടത്തി. തുടര്‍ന്ന്‌ ദക്ഷിണ കൊറിയയില്‍ നടന്ന വിന്റര്‍ ഒളിമ്പിക്‌സില്‍ ഉത്തര - ദക്ഷിണ കൊറിയകളുടെ സംയുക്‌ത ടീമാണു മത്സരത്തിനിറങ്ങിയത്‌. അതിനുശേഷം ദക്ഷിണ കൊറിയയുടെ സംഗീത ട്രൂപ്പ്‌ ഉത്തര കൊറിയയില്‍ സംഗീത പരിപാടികള്‍ നടത്തി. ഇതിന്റെ തുടര്‍ച്ചയായി ഏപ്രില്‍ 27ന്‌ കൊറിയന്‍ അതിര്‍ത്തിയിലെ നിരായുധീകരണമേഖലയായ പാന്‍മുന്‍ജത്തില്‍വച്ച്‌ ഉത്തര-ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമാരുടെ കൂടിക്കാഴ്‌ച. അന്നത്തെ ചര്‍ച്ചകളാണ്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രംപും കിം ജോങ്‌ ഉന്നും തമ്മില്‍ ചര്‍ച്ചയ്‌ക്കു വഴിയൊരുക്കിയത്‌.
കൊറിയ വിഭജിക്കപ്പെടുന്നു

രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യകക്ഷികളുടെ കൂട്ടായ്‌മക്കു മുമ്പില്‍ ജപ്പാന്‍ കീഴടങ്ങിയതിനെത്തുടര്‍ന്നാണു ജപ്പാന്റെ അധീശത്തില്‍നിന്നു കൊറിയ മോചിതമാകുന്നത്‌. യുദ്ധാനന്തരം കൊറിയയുടെ വടക്കന്‍ ഭാഗം സോവിയറ്റ്‌ യൂണിയന്റെ കൈവശവും തെക്കന്‍ ഭാഗം അമേരിക്കയുടെ കൈയിലുമെത്തി. സോവിയറ്റ്‌ യൂണിയനും ചൈനയ്‌ക്കുമൊപ്പംനിന്ന്‌ ഒളിപ്പോരാട്ടം നയിച്ച കിം ജോങ്‌ ഉന്നിന്റെ മുത്തച്‌ഛനായ കിം ഇന്‍ സൂങിനെ ഉത്തരകൊറിയയുടെ ഭരണമേല്‍പ്പിച്ച്‌ സോവിയറ്റ്‌ യൂണിയനും തെരഞ്ഞെടുക്കപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റായ സിങ്‌മാന്റീയെ അധികാരമേല്‍പ്പിച്ച്‌ അമേരിക്കയും ഭരണസാരഥ്യത്തില്‍നിന്നും പിന്‍മാറി.
നേര്‍പകുതിയായി വിഭജിക്കപ്പെട്ട കൊറിയകള്‍ തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം പതിവായിരുന്നു. ഇതു രൂക്ഷമായതിനെത്തുടര്‍ന്ന്‌ 1950 ജൂണില്‍ ഇരു കൊറിയകളും തമ്മില്‍ യുദ്ധം തുടങ്ങി. ഐക്യരാഷ്‌ട്ര സംഘടനയുടെയും അമേരിക്ക, സോവിയറ്റ്‌ യൂണിയന്‍ തുടങ്ങിയ വന്‍ശക്‌തികളുടെയും ഇടപെടലിനെത്തുടര്‍ന്ന്‌ 1953 ജൂലൈയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. എന്നാല്‍ സമാധാന ഉടമ്പടി ഉണ്ടായില്ല. അതുകൊണ്ട്‌ സാങ്കേതികമായി ഇരു കൊറിയകളും തമ്മിലുള്ള യുദ്ധം തുടര്‍ന്നു. ദക്ഷിണകൊറിയ്‌ക്ക്‌ അമേരിക്കയുടെയും ഉത്തരകൊറിയയ്‌ക്ക്‌ ചൈനയുടെയും സൈനിക സഹായവും ലഭിച്ചിരുന്നു. ഇതിനിടെ, ലോകരാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്‌ ഉത്തരകൊറിയ അണ്വായുധ മിസൈല്‍ പരീക്ഷണത്തിലും പ്രവേശിച്ചു. ഇതോടെ, അമേരിക്കയുടെ മുന്‍കൈയില്‍ ഐക്യരാഷ്‌ട്ര സംഘടന ഉത്തരകൊറിയയ്‌ക്കെതിരേ ശക്‌തമായ ഉപരോധം പ്രഖ്യാപിച്ചു. സുഹൃദ്‌രാജ്യമായ ചൈനയ്‌ക്കും ഉപരോധം നടപ്പാക്കേണ്ടി വന്നു. അതോടെ സാമ്പത്തികമായും വാണിജ്യപരമായും ഉത്തരകൊറിയ ഒറ്റപ്പെട്ടു. ഉത്തരകൊറിയയെ സമാധാന ചര്‍ച്ചയിലേക്കെത്തിച്ചത്‌ ഇതാണെന്നു വിലയിരുത്തപ്പെടുന്നു.

ട്രംപ്‌ - കിം കൂടിക്കാഴ്‌ച

ട്രംപും കിമ്മുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു മുന്‍കൈയെടുത്തത്‌ സമാധാനകാംക്ഷിയായ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്‌ മൂണ്‍ ജെ ഇന്നാണ്‌. ഒരു ഘട്ടത്തില്‍ ചര്‍ച്ച റദ്ദാക്കിയതായി പ്രഖ്യാപിച്ച ട്രംപിനെ തിരികെ ചര്‍ച്ചയിലേക്കെത്തിച്ചത്‌ മൂണ്‍ ജെ ഇന്നിന്റെ നയതന്ത്രനീക്കങ്ങളാണ്‌. അമേരിക്കയുമായുള്ള ചര്‍ച്ചയ്‌ക്കു വഴിയൊരുക്കുന്നതിനായാണ്‌ ആണവ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ രണ്ടുമാസങ്ങള്‍ക്കു മുമ്പ്‌ ഉത്തര കൊറിയ തീരുമാനിച്ചത്‌.
അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും ആക്രമണ ഭീഷണി ശാശ്വതമായി ഇല്ലാതാക്കുക, കൊറിയന്‍ അതിര്‍ത്തിയില്‍ അമേരിക്ക സ്‌ഥാപിച്ചിട്ടുള്ള മിസൈലുകളും മറ്റ്‌ ആധുനിക സന്നാഹങ്ങളും നീക്കുക, അമേരിക്കയുടെ സൈനിക ക്യാമ്പുകള്‍ അടച്ചുപൂട്ടുക, അമേരിക്ക-ദക്ഷിണ കൊറിയ സൈനികാഭ്യാസങ്ങള്‍ നിര്‍ത്തലാക്കുക, സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കുക, കൊറിയന്‍ യുദ്ധം ഔപചാരികമായി അവസാനിപ്പിച്ചുകൊണ്ടുള്ള കരാറിന്‌ രൂപം നല്‍കുക എന്നിവയായിരിക്കും ചര്‍ച്ചയില്‍ കിം ഉന്നയിക്കുക.
താല്‍ക്കകാലികമായി ഉത്തരകൊറിയ നിര്‍ത്തിവച്ചിട്ടിള്ള അണ്വായുധ മിസൈല്‍ പരീക്ഷണങ്ങള്‍ എന്നന്നേക്കുമായി നിര്‍ത്തുക, നിലവില്‍ ഉത്തരകൊറിയയുടെ കൈവശമുള്ള ആണവായുധങ്ങള്‍ വിശ്വാസയോഗ്യമായ രീതിയില്‍ നശിപ്പിക്കുക, അണവായുധശാലകള്‍ അടച്ചുപൂട്ടുക, ഇക്കാര്യങ്ങളുടെ സത്യാവസ്‌ഥ ബോധ്യപ്പെടാന്‍ അന്തര്‍ദേശിയ അണ്വായുധ പരിശോധകര്‍ക്ക്‌ അനുവാദം നല്‍കുക എന്നിവയായിരുക്കും ചര്‍ച്ചയില്‍ ട്രംപ്‌ ഉന്നയിക്കുക. ഇക്കാര്യത്തില്‍ അനുകൂലമായ പ്രതികരണമുണ്ടായാല്‍ നിര്‍ലോഭമായ സാമ്പത്തിക സഹായം നല്‍കുമെന്നും നിലവിലുള്ള ഉപരോധങ്ങള്‍ പടിപടിയായി മാറ്റുമെന്നുള്ള വാഗ്‌ദാനവും ട്രംപ്‌ നല്‍കും.
സിംഗപ്പൂര്‍ ചര്‍ച്ചകള്‍ വിജയിക്കുമോയെന്നു ചര്‍ച്ചകളുമായി ബന്ധപ്പെട്ട ആര്‍ക്കും ഉറപ്പില്ല. ചര്‍ച്ച തൃപ്‌തികരമല്ലെങ്കില്‍ താന്‍ ബഹിഷ്‌കരിക്കുമെന്ന്‌ ട്രംപ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇരുവര്‍ക്കും തൃപ്‌തികരമായ രീതിയില്‍ ചര്‍ച്ച പുരോഗമിച്ചാല്‍ തുടര്‍ചര്‍ച്ചകള്‍ക്കുള്ള തീരുമാനവും പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ വൈറ്റ്‌ഹൗസില്‍ വച്ചുതന്നെ അടുത്തവട്ടം ചര്‍ച്ച നടക്കാനുള്ള സാധ്യതയുണ്ട്‌. ഈ നൂറ്റാണ്ടു കണ്ട പ്രവചനാതീതരായ രണ്ടു നേതാക്കളാണ്‌ ട്രംപും കിമ്മും. അതുകൊണ്ടു തന്നെ സിംഗപ്പൂര്‍ ചര്‍ച്ചകളുടെ ഫലവും അപ്രവചനീയമാണ്‌.
പി. എസ്‌. ശ്രീകുമാര്‍

(ലേഖകന്‍ തിരുവനന്തപുരം പബ്ലിക്‌ പോളിസി റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ രജിസ്‌ട്രാറാണ്‌. ഫോണ്‍: 9847173177)

Ads by Google
Monday 11 Jun 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW