Saturday, February 09, 2019 Last Updated 18 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 01.11 AM

സ്വന്തം ജെറ്റ്‌ ഒഴിവാക്കി കിം; നൊബേല്‍ പ്രതീക്ഷിച്ചു ട്രംപ്‌

uploads/news/2018/06/224900/bft3.jpg

"എയര്‍ ഫോഴ്‌സ്‌ ഉന്നി"ലായിരുന്നു കിം ജോങ്‌ ഉന്നിന്റെ സ്‌ഥിരം യാത്ര. എന്നാല്‍, ട്രംപുമായുള്ള ചര്‍ച്ചയ്‌ക്കു സിംഗപ്പുരിലേക്കു പോകാന്‍ ഉന്‍ ആശ്രയിച്ചത്‌ എയര്‍ ചൈന ബോയിങ്‌ -747 നെയാണ്‌. പ്രദേശിക സമയം ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.36 നാണു കിമ്മിന്റെ വിമാനം ചാന്‍ഗി വിമാനത്താവളത്തിലെത്തിയത്‌. തൊട്ടുപിന്നാലെ എയര്‍ ഫോഴ്‌സ്‌ ഉന്നും മറ്റൊരു വിമാനവും വിമാനത്താവളത്തിലെത്തി.
സോവിയറ്റ്‌ യൂണിയനില്‍നിന്നു വാങ്ങിയ പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിമാനമാണു സാധാരണ യാത്രയ്‌ക്കായി കിം ആശ്രയിക്കുന്നത്‌. "ചാമ്മേയ്‌-1" എന്നാണ്‌ ഔദ്യോഗിക പേര്‌. പാശ്‌ചാത്യ മാധ്യമങ്ങള്‍ "എയര്‍ഫോഴ്‌സ്‌ ഉന്‍" എന്നു പരിഹസിക്കും. അമേരിക്കന്‍ പ്രസിഡന്റിന്റെ "എയര്‍ഫോഴ്‌സ്‌ വണ്ണി"ന്റെ പേര്‌ പരിഷ്‌കരിച്ചാണു പരിഹാസത്തിന്‌ ഉപയോഗിക്കുന്നത്‌.
ഫ്‌ളൈറ്റ്‌ നമ്പര്‍ സിഎ122 ലായിരുന്നു കിമ്മിന്റെ യാത്ര. ആകാശത്തുവച്ച്‌ കോള്‍സൈന്‍ സിഎ061ലേക്കു മാറ്റി.
സിംഗപ്പുരില്‍ കനത്ത സുരക്ഷയാണു കിമ്മിന്‌ ഒരുക്കിയിരിക്കുന്നത്‌. 20 വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ചൈനീസ്‌ പ്രസിഡന്റ്‌ ഷി ചിന്‍പിങ്‌ സിംഗപ്പുര്‍ സന്ദര്‍ശിച്ചപ്പോള്‍ താമസിച്ചിരുന്ന സെന്റ്‌ റീജസ്‌ ഹോട്ടലിലാണു കിമ്മിനു താമസം ഒരുക്കിയത്‌.
ഉച്ചകോടി നടക്കുന്ന വേദിക്കും അനുബന്ധ ഹോട്ടലുകള്‍ക്കും കനത്തസുരക്ഷയാണു സിംഗപ്പുര്‍ ഒരുക്കിയിട്ടുള്ളത്‌. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറക്കണ്ണുകള്‍ എത്താതിരിക്കാന്‍, കിം താമസിക്കാന്‍ സാധ്യതയുള്ള ഹോട്ടലുകള്‍ക്കു മുന്നില്‍ പുതുതായി മരങ്ങള്‍ വച്ചുപിടിപ്പിച്ചിരുന്നു.
സിംഗപ്പുരിലെത്തി രണ്ട്‌ മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും മൂന്ന്‌ ചിത്രങ്ങള്‍ മാത്രമാണു സര്‍ക്കാരുകള്‍ പുറത്തുവിട്ടത്‌. സിംഗപ്പുര്‍ പ്രധാനമന്ത്രി ലി സിയാനൊപ്പമുള്ള ചിത്രങ്ങളായിരുന്നു അവ. അധികാരത്തിലെത്തിയശേഷം ലോകത്തെ അറിയിച്ചശേഷം മൂന്ന്‌ വിദേശയാത്രമാത്രമേ കിം നടത്തിയിട്ടുള്ളൂ.
പ്രതിദിനം 16,205 രൂപ മുറി വാടകയുള്ള ഹോട്ടലിലാണു കിമ്മും കൂട്ടരും താമസിക്കുന്നത്‌. 20 -ാം നിലയില്‍ 3,606 ചതുരശ്ര അടി വിസ്‌താരമുള്ള മുറിയാണു കിമ്മിനായി ഒരുക്കിയിരിക്കുന്നത്‌. സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവകൊണ്ടുള്ള ആഡംബര വസ്‌തുക്കളും ഇവിടെയുണ്ട്‌. ന്യൂയോര്‍ക്കില്‍ ഇത്രയും സൗകര്യമുള്ള മുറിയില്‍ താമസിക്കണമെങ്കില്‍ 23,63,200 രൂപ മുടക്കേണ്ടിവരുമെന്നാണ്‌ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരുടെ കണക്ക്‌. മുറിവാടക ആരു നല്‍കുമെന്നും വ്യക്‌തമല്ല.
ഉച്ചകോടിയുടെ സുരക്ഷയ്‌ക്കായി സിംഗപ്പുരിനു 101.12 കോടി രൂപയാണു ചെലവ്‌. 3,000 മാധ്യമപ്രവര്‍ത്തകരാണു പരിപാടി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഇവിടെയുള്ളത്‌. ഇവരില്‍ ദക്ഷിണ കൊറിയന്‍ പൗരന്മാരായ രണ്ട്‌ പേരെ സിംഗപ്പുര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഉത്തര കൊറിയന്‍ അംബാസഡറുടെ ഔദ്യോഗിക വസതി വളപ്പില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനായിരുന്നു അറസ്‌റ്റ്‌.
ജി-7 ഉച്ചകോടിക്കായി കാനഡിലെത്തിയ ട്രംപ്‌ മുമ്പ്‌ നിശ്‌ചയിച്ചതിനെക്കാള്‍ നേരത്തെ തന്നെ സിംഗപ്പുരിലേക്കു യാത്ര തിരിച്ചു. അദ്ദേഹത്തിന്റെ എയര്‍ഫോഴ്‌സ്‌ വണ്‍ വിമാനം പായ ലെബര്‍ വേ്യാമത്താവളത്തിലാണ്‌ എത്തിച്ചേര്‍ന്നത്‌.
ആദ്യ മിനിറ്റില്‍ തന്നെ ഉച്ചകോടിയുടെ ഭാവി അറിയാമെന്നാണു ട്രംപിന്റെ നിലപാട്‌. ഒറ്റനോട്ടത്തില്‍ തന്നെ ആളുകളെ തിരിച്ചറിയാന്‍ തനിക്കു കഴിയുമെന്നാണ്‌ അവകാശവാദം. ജീവിതത്തില്‍ ഇതുവരെ ഫോണില്‍പോലും കിമ്മിനോട്‌ ട്രംപ്‌ സംസാരിച്ചിട്ടില്ല. എങ്കിലും സമയം കളയാനല്ല ചര്‍ച്ചയെന്നാണു ട്രംപ്‌ പറയുന്നത്‌.
നയതന്ത്രജ്‌ഞത ഒരു കലയാണെന്നാണു വൈറ്റ്‌ ഹൗസ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌. ചര്‍ച്ച സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിക്കൊടുക്കുമെന്നാണു ട്രംപിന്റെ വിശ്വാസം.
തിരിച്ചുപിടിക്കാനാകാത്തതും പരിശോധനയ്‌ക്കു വിധേയവുമായ സമ്പൂര്‍ണ ആണവനിരായുധീകരണമാണ്‌ ഉത്തരകൊറിയയ്‌ക്കു മുന്നില്‍ അമേരിക്ക മുന്നോട്ടുവച്ചിട്ടുള്ള ഉപാധി. ഉത്തരകൊറിയ നിരായുധീകരണം സംബന്ധിച്ചു പരസ്യമായി ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും പകരം രാജ്യസുരക്ഷ സംബന്ധിച്ച ഉറപ്പാണ്‌ ആവശ്യപ്പെടുന്നത്‌.

Ads by Google
Monday 11 Jun 2018 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW