Wednesday, February 20, 2019 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 10 Jun 2018 02.15 AM

കേന്ദ്രം വിളമ്പിയാല്‍ കേരളത്തിനു വേണ്ട!...കേന്ദ്ര റോഡും വേണ്ട, കൃഷിയും വേണ്ട

uploads/news/2018/06/224699/bft1.jpg

പ്രധാനമന്ത്രി ഗ്രാമീണ റോഡ്‌ നിര്‍മാണ പദ്ധതി (പി.എം.ജി.എസ്‌.വൈ)യില്‍നിന്നു കേരളം പുറത്തേക്ക്‌ എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ആദ്യ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതോടെ മൂന്നാം ഘട്ടത്തില്‍ ഇടംപിടിക്കാനുള്ള സാധ്യത കുറഞ്ഞു. കേ്രന്ദ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം കാണിക്കുന്ന അനാസ്‌ഥയുടെ മറ്റൊരു ഉദാഹരണം.
പിന്നാക്ക സംസ്‌ഥാനങ്ങളായ ബിഹാറും ഒഡീഷയും മധ്യപ്രദേശും കൂടുതല്‍ റോഡ്‌ നിര്‍മിച്ച്‌ മുന്നിലെത്തിയപ്പോഴാണ്‌ കേരളം പദ്ധതിയില്‍നിന്നു പുറത്തേക്കു പോകുന്നത്‌. കര്‍ണാടകയും ആന്‌ധ്രയും രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കര്‍ണാടകയില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ നിര്‍മിച്ചതിലും ദൈര്‍ഘ്യത്തില്‍ പി.എം.ജി.എസ്‌.വൈ. റോഡുകള്‍ നിര്‍മിച്ചു.
കേരളത്തിന്‌ ഒന്നാം ഘട്ടത്തില്‍ 3,300 കിലോമീറ്റര്‍ റോഡാണ്‌ അനുവദിച്ചത്‌. സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്‌ 2,600 കിലോമീറ്റര്‍. 700 കി.മീ. നിര്‍മ്മാണം തടസപ്പെടുകയോ പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്‌തു. രണ്ടാംഘട്ടത്തില്‍ 570 കി.മീ. മാത്രമാണ്‌ അനുവദിച്ചത്‌. അതില്‍ 320 കി.മീ. റോഡിന്‌ നിര്‍മാണ അനുമതിയായി.
ടെന്‍ഡര്‍ നടപടി തുടരുന്നു. നിര്‍മിച്ചത്‌ 95 കി.മീ. മാത്രം. നിരക്ക്‌ കൂട്ടിക്കൊടുക്കാന്‍ തയാറാകാത്തതിനാല്‍ കരാറുകാര്‍ പി.എം.ജി.എസ്‌.വൈയുടെ ടെന്‍ഡറുകള്‍ ബഹിഷ്‌കരിച്ചതും നോഡല്‍ ഏജന്‍സിയുടെ മെല്ലെപ്പോക്കും പദ്ധതിയെ പിന്നോട്ടടിച്ചു. കേന്ദ്രം അനുവദിച്ച കോടിക്കണക്കിനു രൂപ ചെലവഴിച്ചിട്ടില്ല. ഇതിന്റെ കണക്കുകള്‍ യഥാസമയം നല്‍കിയതുമില്ല.

തളിരിടാതെ കാര്‍ഷിക പദ്ധതികള്‍

കാര്‍ഷിക മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കേരളത്തിലെ സാധാരണ കര്‍ഷകര്‍ പലപ്പോഴും അറിയുന്നതേയില്ല. വരള്‍ച്ചയും വെള്ളപ്പൊക്കവും മാറിമാറിവരുന്ന കേരളത്തില്‍ കൃഷിക്കുള്ള ഇന്‍ഷുറന്‍സ്‌ പരിരക്ഷ നേടിയെടുത്തവര്‍ കുറവ്‌. കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ പരിരക്ഷയാണ്‌ പ്രധാനമന്ത്രി ഫസല്‍ ബീമ യോജന എന്ന വിള ഇന്‍ഷുറന്‍സ്‌ പദ്ധതിയുടെ പ്രഖ്യാപനം. മൂന്നു വര്‍ഷം കൊണ്ട്‌ രാജ്യത്തെ 50 ശതമാനം കര്‍ഷകരെ വിള ഇന്‍ഷുറന്‍സിന്റെ തണലില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടു.
999 മുതല്‍ നിലവിലുള്ള വിള ഇന്‍ഷുറന്‍സ്‌ പദ്ധതി പരിഷ്‌കരിച്ചാണ്‌ പുതിയ പദ്ധതി. കര്‍ഷകര്‍ നല്‍കേണ്ടത്‌ പ്രീമീയം തുകയുടെ 25 ശതമാനം മാത്രം.
ആദ്യവര്‍ഷം പ്രീമിയം സബ്‌സിഡിക്കായി 5700 കോടിയും രണ്ടാം വര്‍ഷം 7200 കോടിയും മൂന്നാം വര്‍ഷം 8800 കോടിയും നീക്കിവയ്‌ക്കുമെന്നാണു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്‌. സംസ്‌ഥാനത്തിന്റെ പങ്കാളിത്തവും ആവശ്യമുള്ള പദ്ധതി കേരളത്തില്‍ കാര്യക്ഷമമായിട്ടില്ല.
ജൈവ കൃഷി പ്രോത്സാഹനം ലക്ഷ്യമാക്കിയുള്ള കേന്ദ്ര-സംസ്‌ഥാന പദ്ധതിയാണ്‌ പരമ്പരാഗത്‌ കൃഷി വികാസ്‌ യോജന (പി.കെ.വി.വൈ). 2015-ല്‍ ആവിഷ്‌കരിച്ച ഈ പദ്ധതി കേരളത്തില്‍ മന്ദഗതിയിലാണ്‌.
ക്ലസ്‌റ്ററുകളായി ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 85 കോടി രൂപയാണ്‌ ചെലവഴിക്കുന്നത്‌.
കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ സംയുക്‌തമായി ഇതു വഹിക്കണം. കാസര്‍ഗോഡ്‌, വയനാട്‌ ഒഴികെയുള്ള ജില്ലകളില്‍ പദ്ധതി നടപ്പാക്കുമെന്ന്‌ അറിയിച്ചിരുന്നതെങ്കിലും ഒരു ജില്ലകളിലും കാര്യക്ഷമമായിട്ടില്ല. വാണിജ്യാടിസ്‌ഥാനത്തില്‍ സാക്ഷ്യപ്പെടുത്തിയ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, കീടനാശിനിരഹിതമായ ഉല്‍പ്പന്നങ്ങള്‍ ഉപയോക്‌താക്കള്‍ക്കു ലഭ്യമാക്കുക കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും വില്‍പ്പനകേന്ദ്രങ്ങള്‍ ശക്‌തിപ്പെടുത്തുകയും ചെയ്യുക എന്നിവയാണ്‌ ലക്ഷ്യങ്ങള്‍.

ഭൂമി നല്‍കാത്തതും തടസം

പാദരക്ഷ നിര്‍മാണരംഗത്ത്‌ പഠനവും പരിശീലനവും ഗവേഷണവും ലക്ഷ്യമിട്ട്‌ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ സംസ്‌ഥാന സര്‍ക്കാര്‍ സ്‌ഥലം ലഭ്യമാക്കാത്തതിനാല്‍ ചുവപ്പുനാടയിലായി. എട്ടു സംസ്‌ഥാനങ്ങള്‍ക്കു വേണ്ടി പ്രഖ്യാപിച്ച ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഗുജറാത്ത്‌, മധ്യപ്രദേശ്‌, ബിഹാര്‍, ആന്ധ്ര സംസ്‌ഥാനങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങി.
കേന്ദ്ര സില്‍ക്ക്‌ ബോര്‍ഡും കൈത്തറി ബോര്‍ഡും ചേര്‍ന്ന്‌ 113 കോടി രൂപ നല്‍കി നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതി അട്ടിമറിച്ചപ്പോള്‍ ആയിരക്കണക്കിനു തൊഴിലവസരമാണു നഷ്‌ടപ്പെട്ടത്‌.

പ്രധാനമന്ത്രി ആവാസ്‌ യോജന

ഭവനരഹിതര്‍ക്കു വീട്‌ നല്‍കാനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ആവാസ്‌ യോജന(പി.എം.എ.വൈ)യോടും സംസ്‌ഥാന സര്‍ക്കാര്‍ മടുപ്പുകാട്ടി. പദ്ധതി പ്രകാരം 60 ശതമാനം തുക കേന്ദ്രം നല്‍കും. 40 ശതമാനം സംസ്‌ഥാനത്തിന്റെയും തദ്ദേശ സ്‌ഥാപനങ്ങളുടെയും വിഹിതമാണ്‌. പദ്ധതി പ്രകാരം കേരളത്തില്‍ പൂര്‍ത്തിയായത്‌ ആയിരത്തില്‍പരം വീടുകള്‍ മാത്രമാണ്‌. കഴിഞ്ഞ വര്‍ഷം ലക്ഷ്യമിട്ടത്‌ 32,559 വീടുകളായിരുന്നു എന്നുകൂടി അറിയുമ്പോഴാണ്‌ ഉദാസീനത വ്യക്‌തമാകുന്നത്‌. 12,791 വീടുകള്‍ക്ക്‌ മാത്രമാണ്‌ സംസ്‌ഥാനം അനുമതി നല്‍കിയത്‌. ഇതുമൂലം സംസ്‌ഥാനത്തിന്‌ ലഭിക്കുമായിരുന്ന 19,768 വീടുകള്‍ നഷ്‌ടമായി.
സംസ്‌ഥാന സര്‍ക്കാര്‍ ഭവനരഹിതര്‍ക്കായി ലൈഫ്‌ എന്ന പദ്ധതി തുടങ്ങിയതോടെ പി.എം.എ.വൈയ്‌ക്ക്‌ വിഹിതം മാറ്റിവയ്‌ക്കാന്‍ താല്‍പര്യം കാണിക്കാത്തതും പദ്ധതിയുടെ നടത്തിപ്പിനെ ബാധിച്ചു.
അര്‍ഹരായവരെ കേന്ദ്രസര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യിക്കുന്നതിലും വീഴ്‌ചയുണ്ടായി. അര്‍ഹരായ 32,559 ഗുണഭോക്‌താക്കളുടെ സ്‌ഥാനത്ത്‌ 21,679 പേരെ മാത്രമാണു കണ്ടെത്തിയത്‌. വീട്‌ കിട്ടാതെപോയവരില്‍ കൂടുതലും പട്ടികവിഭാഗക്കാരാണ്‌. സ്വന്തമായി രണ്ട്‌ സെന്റ്‌ സ്‌ഥലമില്ലാത്തതാണു കാരണം. വീടില്ലാത്തവരുടെ പട്ടിക തദ്ദേശസ്‌ഥാപനങ്ങളിലെ ഗ്രാമസഭ കൂടി അംഗീകരിക്കണം.
വീട്‌ ലഭിക്കണമെങ്കില്‍ ഗുണഭോക്‌താക്കള്‍ കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഓണ്‍ലൈനായാണു നടപടികള്‍. ഇതൊന്നും ചെയ്യാതിരുന്നതാണ്‌ പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ കിട്ടേണ്ട വീടുകള്‍ നഷ്‌ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയത്‌്.

കേന്ദ്ര പദ്ധതികള്‍ കടക്ക്‌ പുറത്ത്‌

കേന്ദ്ര പദ്ധതികള്‍ നടപ്പായാല്‍ രാഷ്‌ട്രീയനേട്ടം ബി.ജെ.പിക്കു ലഭിക്കുമെന്ന സങ്കുചിത കാഴ്‌ചപ്പാടാണ്‌ കേന്ദ്ര പദ്ധതികളേ, കടക്ക്‌ പുറത്ത്‌ എന്നുപറയാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നത്‌ എന്ന ആക്ഷേപം ശക്‌തമാണ്‌. കേന്ദ്രം ഒന്നും തരുന്നില്ലെന്നും അവഗണിക്കുന്നു എന്നുമാണ്‌ പതിവ്‌ പല്ലവി.
ധനകാര്യ കമ്മിഷന്‍ ശിപാര്‍ശ പ്രകാരം മാസങ്ങള്‍ക്കുമുമ്പുള്ള കണക്ക്‌ അനുസരിച്ച്‌ കേന്ദ്ര നികുതി വിഹിതമായി 98,932 കോടി രൂപ ലഭിച്ചു. കേന്ദ്ര സഹായമായി ലഭിച്ചത്‌ 9519 കോടി രൂപ. തദ്ദേശ സ്‌ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ്‌ 2732 കോടിയില്‍ നിന്ന്‌ 7683 കോടിയായി ഉയര്‍ത്തി. വിവിധ ഗ്രാന്റുകളിലായി 70,000 കോടിയുടെ വര്‍ധനയുണ്ടായി. വികസന പദ്ധതികള്‍ക്കായി 15,0000 കോടിയുടെ ധനസഹായം ലഭിച്ചു.
കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ 194 കോടി, അമൃത നഗരങ്ങള്‍ക്ക്‌ 2359 കോടി, കൊച്ചി മെട്രോയ്‌ക്ക്‌ 1257 കോടി, സൂക്ഷ്‌മ ജലസേചനത്തന്‌ 180 കോടി, മത്സ്യത്തൊഴിലാളി ക്ഷേമത്തിന്‌ 130 കോടി, എന്നിങ്ങനെ അനുവദിച്ചു. കേരളത്തില്‍ 32 ലക്ഷത്തിലധികം ജന്‍ധന്‍ അക്കൗണ്ടുകള്‍ തുടങ്ങി. ഒരു കോടി എല്‍.ഇ.ഡി. ബള്‍ബും ലഭിച്ചു.

Ads by Google
Sunday 10 Jun 2018 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW