Friday, May 24, 2019 Last Updated 15 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 10 Jun 2018 02.14 AM

അജപാലനത്തിന്‌ ആള്‍ക്ഷാമം...

uploads/news/2018/06/224698/bft2.jpg

ക്രൈസ്‌തവ സഭകളില്‍ പ്രത്യേകിച്ച്‌ കത്തോലിക്ക സഭയില്‍ അജപാലനദൗത്യത്തിന്‌ ആള്‍ക്ഷാമം. സഭയില്‍ വൈദിക പഠനത്തിനു ചേരുന്നവരില്‍ നാലിലൊന്നും അള്‍ത്താരയില്‍ എത്തുന്നില്ലന്നതാണ്‌ യാഥാര്‍ഥ്യം.
കന്യാസ്‌ത്രീകളാകാനും പെണ്‍കുട്ടികള്‍ കടന്നുവരുന്നില്ല. പെണ്‍കുട്ടികള്‍ സാമൂഹികമായി നേടിയ ശാക്‌തീകരണം അതിനു കാരണമായി കാണാന്‍ കഴിയുമോ?
വൈദിക വൃത്തിയിലേക്ക്‌ പുതിയ തലമുറ കടന്നു വരുന്നില്ലെന്നത്‌ കേവലം സഭയില്‍ മാത്രമൊതുങ്ങി നില്‍ക്കുന്ന വിഷയമാണോ? സന്യസ്‌ത ജീവിതം ഒരു ജീവിതവൃത്തിയെന്ന നിലയില്‍ അതു സാമൂഹികബദ്ധവുമാണ്‌.
ആത്മീയതയിലേക്ക്‌ ഒരാള്‍ ജീവിതത്തെ വഴിതിരിച്ചുവിടുന്നതിനു സുചിന്തിതമായ ഒരു മനസൊരുക്കം ആവശ്യമാണ്‌. ആ മനസൊരുക്കത്തിലേക്ക്‌ ഒരു വ്യക്‌തിയെ നയിക്കാന്‍ പര്യാപ്‌തമായ സാമൂഹിക ചുറ്റുപാടുകളുടെ അഭാവമാണു പ്രേഷിതവേലയ്‌ക്ക്‌ ആളുകള്‍ കടന്നുവരാത്തതിന്‌ കാരണമായി കത്തോലിക്ക സഭ തിരിച്ചറിഞ്ഞിട്ടുള്ളത്‌. എന്നാല്‍ ഡോക്‌ടറെയും എന്‍ജിനീയറെയും മാത്രം ഉല്‍പ്പാദിപ്പിക്കുന്ന ഒരു സാമൂഹിക സാഹചര്യവും വിദ്യാഭ്യാസ പദ്ധതികളും സൃഷ്‌ടിക്കുന്നതില്‍ ക്രൈസ്‌തവ സഭകള്‍ക്കും ഉത്തരവാദിത്തമില്ലേ എന്ന ചോദ്യവും അവശേഷിക്കുന്നു.
ഇതനേക്കാളുപരി സഭാ സംവിധാനങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ അര്‍ഹമായി പ്രാധാന്യവും പ്രാതിനിധ്യവും ലഭിക്കുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതല്ലേ?
ആത്മീയതയും സന്യസ്‌ത ജീവിതവും വൈദിക പഠനവുമൊക്കെ ആധുനിക തലമുറയുടെ പ്രാഥമിക പരിഗണനയില്‍പ്പോലും വരുന്നില്ല എന്നത്‌ പുതിയ നിരീക്ഷണമല്ല.
ഏറെ കാലങ്ങളായി സഭകള്‍ മുറവിളി കൂട്ടുന്ന കാര്യമാണ്‌. കുടുംബ വ്യവസ്‌ഥയില്‍ സംഭവിച്ചിട്ടുള്ള വ്യതിയാനമെന്ന നിലയില്‍ മാത്രം കാണാനാണ്‌ ക്രൈസ്‌തവ സഭകള്‍ തയാറാകുന്നത്‌. വൈദിക പഠിതാക്കളുടെ എണ്ണത്തില്‍ സംഭവിച്ചിട്ടുള്ള കുറവിനെ സാമൂഹികമായ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍.

ബ്രഹ്‌മചര്യമല്ല കാരണം: ഫാ. ജോളി വടക്കന്‍

(കെ.സി.ബി.സി. മാധ്യമ കമ്മിഷന്‍ സെക്രട്ടറി)

ക്രൈസ്‌തവ സഭകളില്‍ സന്യസ്‌ത്യവൃത്തിയിലേക്കു പുതിയ തലമുറ കടന്നുവരുന്നില്ലെന്നത്‌ യാഥാര്‍ഥ്യമാണ്‌. പ്രധാന കാരണം കുടുംബങ്ങളില്‍ സംഭവിച്ചിട്ടുള്ള സാമൂഹികമായ മാറ്റമാണ്‌. അണുകുടുബങ്ങളുടെ സാര്‍വത്രികത. കൂട്ടുകുടുംബ വ്യവസ്‌ഥിതിയുടെ തകര്‍ച്ച. പുതിയ സാമൂഹിക ചുറ്റുപാടുകള്‍ മാതാപിതാക്കളുടെ കാഴ്‌ചപ്പാടില്‍ വരുത്തിയ പരിവര്‍ത്തനം.
ഇവയൊക്കെ പുതിയ തലമുറയ്‌ക്ക്‌ ആത്മീയകാര്യങ്ങളിലുള്ള ആഭിമുഖ്യത്തിന്‌ കോട്ടംവരുത്തിയിട്ടുണ്ട്‌. ആധുനിക വിനിമയ സാധ്യതകളുടെ കടന്നുവരവ്‌ സമൂഹത്തില്‍ ഒരുതരം പാശ്‌ചാത്യ അനുകരണഭ്രമത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. ജീവിതം സമ്പാദിക്കാന്‍വേണ്ടി മാത്രമാണെന്ന ചിന്തയ്‌ക്കു മാതാപിതാക്കള്‍ കുട്ടികളുടെ മനസില്‍ വിത്തുപാകുന്ന സാഹചര്യം. സമ്പത്ത്‌ സ്വരൂപിക്കുന്നതിലാണു പുതിയ തലമുറയുടെ ശ്രദ്ധ. ബാക്കി എല്ലാ കാര്യങ്ങള്‍ക്കും രണ്ടാം സ്‌ഥാനം മാത്രം.
വൈദികര്‍ ബ്രഹ്‌മചര്യം സ്വീകരിക്കണമെന്നു വ്യവസ്‌ഥ വൈദിക ജീവിതത്തിലേക്ക്‌ കടന്നുവരുന്നതിനെ നിരുല്‍സാഹപ്പെടുത്തുന്ന കാരണമായി കണ്ടിട്ടില്ല. വൈവാഹിക ജീവിതത്തിന്‌ കല്‍പ്പിച്ചിട്ടുള്ള വിലക്കിന്റെ പേരില്‍ ആരും വൈദികപഠനം ഉപേക്ഷിച്ചു പോയതായും കണ്ടെത്തിയിട്ടില്ല. അജപാലന ദൗത്യം ദൈവത്തിനെന്നപോലെ ദൈവജനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്‌. കുടുംബകാര്യങ്ങളില്‍ മുഴുകുന്നത്‌ അതിനു തടസമാകുമെന്നതിനാലാണു വൈവാഹിക ജീവിതത്തിന്‌ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്‌. സ്വകാര്യമായ കാരണങ്ങളാല്‍ വൈദിക പഠനം ഉപേക്ഷിച്ചുപോയിട്ടുണ്ടെങ്കില്‍ അതിനെ മറ്റു രീതിയില്‍ വ്യാഖ്യാനിക്കാനാകില്ല. സഭ ആരെയും വൈദിക വേലയ്‌ക്ക്‌ നിര്‍ബന്ധിക്കാറില്ല. സന്യസ്‌തരായി ജീവിക്കാനുള്ള തീരുമാനമെടുക്കേണ്ടത്‌ സ്വന്തം തീരുമാനത്തിലായിരിക്കണം എന്നാണു നിലപാട്‌.

അനുഭവങ്ങള്‍ പുറംലോകം അറിഞ്ഞു തുടങ്ങി: സിസ്‌റ്റര്‍ ജെസ്‌മി

സന്യസ്‌തജീവിതം ഇടയ്‌ക്കുവച്ച്‌ അവസാനിപ്പിച്ച്‌ പുറത്തുവന്നവരുടെ അനുഭവങ്ങള്‍ പുറംലോകം അറിഞ്ഞുതുടങ്ങിയതിന്റെ ഫലമാകാം കന്യാസ്‌ത്രീവൃത്തിയിലേക്ക്‌ പെണ്‍കുട്ടികള്‍ കടന്നുവരാത്തത്‌.
യഥാര്‍ഥ സന്യാസം ഇല്ലാത്ത സാഹചര്യം സഭകളില്‍ നിലനില്‍ക്കുന്നു. അതാണു സന്യസ്‌തവൃത്തിയിലേക്കു പുതിയ തലമുറയുടെ വരവ്‌ കുറയാന്‍ കാരണം. ഇപ്പോഴുള്ള കന്യാസ്‌ത്രീകളില്‍ ഒരു ശതമാനം മാത്രമാണ്‌ യഥാര്‍ഥ കന്യാസ്‌ത്രീകള്‍.
ബാക്കി 99 ശതമാനവും വെറുതെ ഉടുപ്പിട്ടുനടക്കുന്നവരാണ്‌. അവര്‍ക്ക്‌ സുഖലോലുപ ജീവിതവും ഒരു ശതമാനം മാത്രമുള്ള യഥാര്‍ഥ സമര്‍പ്പിതര്‍ക്ക്‌ ദുരിതവും അനുഭവിക്കേണ്ടി വരുന്ന സാഹചര്യമാണ്‌ സഭകളില്‍ നിലനില്‍ക്കുന്നത്‌. ക്രൈസ്‌തവ സഭകളുടെ പ്രധാന വരുമാന സ്രോതസാണ്‌ ഓരോ കന്യാസ്‌ത്രീയും. കന്യാസ്‌ത്രീയായി അവരോധിക്കപ്പെട്ടു കഴിഞ്ഞാല്‍ അവരെ ഏതെങ്കിലും തൊഴിലിനു പറഞ്ഞുവിടും. മാസംതോറും ലഭിക്കുന്ന ശമ്പളം സഭയുടെ ഖജനാവിലേക്കാണു പോകുക.
ഒരു കോളജ്‌ അധ്യാപികയായ കന്യാസ്‌ത്രീക്ക്‌ ലഭിക്കുന്ന യു.ജി.സി. നിരക്കിലുള്ള ശമ്പളം സഭയ്‌ക്കാണു ലഭിക്കുക. കൂടാതെ കുടുംബസ്വത്തിന്റെ പേരില്‍ ലഭിക്കുന്ന വിഹിതവും സഭയ്‌ക്ക്‌ സ്വന്തമാക്കാം.
സന്യസ്‌ത ജീവിതം സമര്‍പ്പിത മനസോടെ സ്വീകരിച്ചവര്‍ക്ക്‌ ഇതിനോട്‌ പ്രതികരിക്കാതിരിക്കാനോ അനുകൂലിക്കാനോ അതല്ലെങ്കില്‍ മൗനംപാലിക്കാനോ സാധിക്കില്ല.

സഭയുടെ അലകും പിടിയും മാറണം: ഫാ. പോള്‍ തേലക്കാട്ട്‌

സ്‌ത്രീകള്‍ക്ക്‌ ഇന്നും സഭാ സംവിധാനങ്ങളില്‍ അര്‍ഹമായി സ്‌ഥാനം ലഭിക്കുന്നില്ല. സ്‌ത്രീകളെ അബലകളോ അല്ലെങ്കില്‍ ഉപകരണങ്ങളോ ആയി കാണുന്ന സാഹചര്യം മാറണം. അത്തരത്തില്‍ ക്രൈസ്‌തവ സഭയുടെ അലകും പിടിയും മാറ്റേണ്ടതുണ്ട്‌. ്‌അത്തരമൊരു മാറ്റം കാലത്തിന്റെ അനിവാര്യതയാണ്‌.
കന്യാസ്‌ത്രീവൃത്തിയിലേക്ക്‌ പെണ്‍കുട്ടികള്‍ വരുന്നില്ലെങ്കില്‍ അതിനു പരിഹാരമായി സഭാസംവിധാനങ്ങളില്‍ കാതലായ മാറ്റം വരുത്തണം. സഭയില്‍ സ്‌ത്രീകള്‍ക്ക്‌ യോജ്യമായ ഇടംലഭിക്കുന്നില്ല.
മെത്രാന്‍മാരുടെ അടുക്കളപ്പണിക്കും അള്‍ത്താരയില്‍ പൂക്കള്‍വയ്‌ക്കാനും മഠത്തിലെ പൂന്തോട്ടം നനയ്‌ക്കാനും മാത്രമുള്ളവരായി സ്‌ത്രീകള്‍ താഴ്‌ത്തപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നു. സമൂഹത്തില്‍ ലഭിക്കുന്ന അംഗീകാരം സഭയില്‍ ലഭിക്കാതെ വരുന്നതിനാല്‍ അവര്‍ അത്തരം സംവിധാനങ്ങളില്‍നിന്ന്‌ അകലുക സ്വാഭാവികം. സഭയില്‍ കന്യാസ്‌ത്രീ വിഭാഗം ഒരു സൈനിക ശക്‌തിക്ക്‌ തുല്യമായ ഒന്നാണ്‌.
എന്നാല്‍ അവരില്‍നിന്നും ഒരാള്‍ പോലും കന്യാസ്‌ത്രീ എന്ന പൊതുഅസ്‌തിത്വത്തില്‍നിന്ന്‌ ഉയര്‍ത്തപ്പെട്ടതായി കാണാന്‍കഴിയില്ല.
സഭ തുന്നിവച്ചിട്ടുള്ള ഉടുപ്പ്‌ അണിയാന്‍ അവര്‍ തയാറാകുന്നില്ല. സഭ നല്‍കുന്ന ഉടുപ്പ്‌ പാകമല്ലെന്നു കാണുമ്പോള്‍ അവര്‍ പുതിയ കുപ്പായം സ്വീകരിക്കുന്നു. ലോകം മാറിയത്‌ കാണാനുള്ള ഉത്തരവാദിത്തം സഭാ നേതൃത്വത്തിനുണ്ട്‌. പഴയതെല്ലാം പുണ്യമാണെന്നും പുതിയ പ്രവണതകള്‍ തെറ്റാണെന്നുമുള്ള കാഴ്‌ചപ്പാട്‌ മാറേണ്ടിയിരിക്കുന്നു. സഭ വിപണ്യാധിഷ്‌ഠിത വിശ്വാസത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

ജേക്കബ്‌ ബെഞ്ചമിന്‍

Ads by Google
Sunday 10 Jun 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW