Saturday, April 20, 2019 Last Updated 25 Min 56 Sec ago English Edition
Todays E paper
Sunday 10 Jun 2018 02.11 AM

ജീവിക്കുന്നവര്‍ എന്തു പറയണം?

uploads/news/2018/06/224695/re6.jpg

ഒരു ദിവസം രാവിലെ പതിവുപോലെ നിരണത്തു നിന്നും തിരുവല്ലയിലേക്കു വരാന്‍ തയാറായി ഞാന്‍ വരാന്തയിലേക്ക്‌ ഇറങ്ങിയപ്പോള്‍ ഒരു പയ്യന്‍ ഓടിവന്ന്‌, അടുത്തുള്ളയാളുടെ മരണവാര്‍ത്ത അറിയിച്ചു. ഞാന്‍ നേരേ ആ സ്‌ഥലത്തേക്കു പോയി. കുറെ ആളുകള്‍ കൂടിയിട്ടുണ്ട്‌. മരിച്ചയാളിന്‌ എണ്‍പതു വയസിനടുത്തു വരും. ഒരു കട്ടിലില്‍ നല്ല പായ്‌ വിരിച്ച്‌ അതിന്റെ പുറത്ത്‌ വെള്ളത്തുണി പുതപ്പിച്ച്‌ മൃതശരീരം കിടത്തിയിരിക്കുന്നു. മക്കളും കൊച്ചുമക്കളും എല്ലാംകൂടി നിന്നു കരയുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ 'സമയമാം രഥത്തില്‍' പാടാന്‍ തുടങ്ങി. കൂടി നിന്നവര്‍ ഏറ്റു പാടി. ഞാന്‍ മൗനമായി ആ മുഖത്തേക്കു നോക്കി നില്‍ക്കുകയാണ്‌. അപ്പോള്‍ എന്റെ ചിന്ത ഓഫീസില്‍ പോകുന്നതോ, സ്‌റ്റുഡിയോയോ, ആത്മീയയാത്ര പ്രഭാഷണം പ്രക്ഷേപണം ചെയ്യുന്നതിനെപ്പറ്റിയോ ഒന്നും അല്ലായിരുന്നു. ആ ചുരുങ്ങിയ നിമിഷങ്ങളില്‍ ആരോ എന്നെ വേറെ ഒരു ലോകത്തേക്ക്‌ പിടിച്ചുകൊണ്ടുപോയി. എന്റെ ചിന്തകള്‍ വ്യത്യാസപ്പെട്ടു. സാധാരണ രീതിയില്‍ ചിന്തിക്കാത്ത കാര്യങ്ങള്‍കൊണ്ട്‌ എന്റെ ചിന്താമണ്ഡലം നിറഞ്ഞു. അത്‌ ഇപ്രകാരമായിരുന്നു. മനുഷ്യജീവിതം എത്ര ചുരുക്കം. നിമിഷങ്ങള്‍കൊണ്ട്‌ പെട്ടെന്നു കടന്നുപോകുന്ന ഈ ജീവിതം വെള്ളത്തിലെ കുമിള പോലെയോ, രാവിലെ കിളിര്‍ത്ത്‌ വൈകിട്ടു വാടുന്ന പുല്ലുപോലെയോ, ഒരു നിഴല്‍പോലെയോ മാത്രമേയുള്ളത്‌.
ചുരുങ്ങിയ നിമിഷങ്ങള്‍ക്ക്‌ മുമ്പ്‌, അല്ലെങ്കില്‍ ആഴ്‌ചകള്‍ക്കു മുമ്പ്‌ നടക്കുകയും സംസാരിക്കുകയും ചിരിക്കുകയും കരയുകയും ദുഃഖിക്കുകയും ആലിംഗനം ചെയ്യുകയും കൊച്ചുമക്കളോടു സംസാരിക്കുകയും മക്കളോട്‌ ഇടപെടുകയും ഒന്നിച്ചിരുന്ന്‌ ആഹാരം കഴിക്കുകയും ചെയ്‌ത ഈ ആളിന്റെ ശരീരം ഇപ്പോള്‍ നിശ്‌ചലമായിരിക്കുന്നു.
ഇതു തന്നെയല്ലേ ഈ ലോകത്തില്‍ എന്റെയും നിങ്ങളുടെയും അനുഭവം? മനുഷ്യജീവിതം ക്ഷണികമാണ്‌. എന്നാല്‍ ഈ ചുരുങ്ങിയ സമയത്തേക്ക്‌ ഒരു വഴിയാത്രക്കാരനെപ്പോലെ ജീവിതം ആരംഭിച്ച്‌ അതു മരണംകൊണ്ട്‌ ഇവിടെ അവസാനിപ്പിക്കുന്ന ഈ ലോകത്തിലെ നിങ്ങളുടെ ജീവിതത്തെപ്പറ്റി ജീവിച്ചിരിക്കുന്നവര്‍ എന്തു പറയും? എന്തു പറയണം എന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌ നല്ലതുപറയിക്കുന്ന പ്രവര്‍ത്തികളാണോ ഇന്നു നിങ്ങള്‍ ചെയ്യുന്നത്‌?
നിങ്ങളുടെ ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്‌? ഈ നശ്വരമായ ലോകത്തില്‍ നശിച്ചുപോകുന്ന കുറെ ധനവും വസ്‌തുവകകളും സമ്പാദിച്ചു മൃഗത്തെപ്പോലെ ജീവിച്ച്‌ അവസാനിപ്പിക്കാനാണോ? അതോ ഒരിക്കലും നശിച്ചു പോകാത്ത നിത്യതയിലേക്കു പ്രവേശിപ്പിക്കാന്‍ ദൈവത്തിന്റെ സ്‌നേഹം ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കി മറ്റെല്ലാറ്റിലും ഉപരിയായി ദൈവത്തെ അന്വേഷിക്കുന്ന വ്യക്‌തിയാകാനോ?
അല്‌പം കൂടി ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങള്‍ സ്‌കൂളിലോ കോളജിലോ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ആണെങ്കില്‍ പഠനത്തില്‍ മാത്രം ശ്രദ്ധിക്കുന്ന മറ്റുള്ളവരെപ്പോലെ ആയിത്തീരാതെ നിങ്ങള്‍ പറയുക : 'ഈ വിദ്യാഭ്യാസകാലത്ത്‌ എന്റെ സംസാരം, എന്റെ ഇടപെടല്‍, എന്റെ കൂട്ടുകെട്ട്‌, എന്റെ ജീവിതോദ്ദേശ്യം ദൈവമേ, നിനക്കു പ്രസാദകരമായിത്തീരത്തക്ക വണ്ണം ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ വിദ്യാഭ്യാസത്തിന്റെ നടുവില്‍ ദൈവമേ, ഞാന്‍ ആഗ്രഹിക്കുന്നത്‌ ഈശ്വരാശ്രയമുള്ള സ്വഭാവം എന്നില്‍ മറ്റുള്ളവര്‍ കാണണമെന്നുള്ളതാണ്‌. 'ഇതായിരിക്കണം നിന്റെ ആഗ്രഹം.
നിങ്ങള്‍ ഒരു ബിസിനസുകാരന്‍ ആകുന്നുവെങ്കില്‍ നിങ്ങളുടെ ബിസിനസിന്റെ എല്ലാ രംഗങ്ങളിലും നിന്റെ ഉദ്ദേശ്യം തൊഴില്‍ ചെയ്യുമ്പോള്‍, അരി തൂക്കി വില്‌ക്കുമ്പോള്‍, പഞ്ചസാര വില്‍ക്കുമ്പോള്‍, എണ്ണ തൂക്കി വില്‍ക്കുമ്പോള്‍ ഇത്‌ അളന്നുകൊടുക്കുമ്പോള്‍ എല്ലാം - അളവിലും തൂക്കത്തിലും ഇടപാടിലും കണക്കെഴുതുന്നതിലും എല്ലാറ്റിലും ഈശ്വര ചിന്തയോടും വിശ്വസ്‌തതയോടും ചെയ്യണം എന്നായിരിക്കണം.
നിങ്ങള്‍ ഒരു യുവാവാണ്‌ അല്ലെങ്കില്‍ യുവതിയാണ്‌. വിവാഹം കഴിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിക്കുന്നുണ്ട്‌. എന്താണ്‌ നിങ്ങളുടെ ഉള്ളിലെ പ്രധാന ചിന്ത? എന്തുമാത്രം പണം കിട്ടണം അല്ലെങ്കില്‍ കൊടുക്കണമെന്നാണോ? ബാഹ്യമായ സൗന്ദര്യത്തിലും വിദ്യാഭ്യാസത്തിലും പാരമ്പര്യത്തിലുമാണോ നോട്ടം..? ഏറ്റവും കൂടുതലായി ദൈവത്തെ സ്‌നേഹിക്കുവാനും അന്വേഷിക്കുവാനും ഇടവരുത്തണേ എന്നുള്ളതായിരിക്കണം പ്രാര്‍ത്ഥന.
ജീവിതപങ്കാളി എപ്പോഴും ദൈവത്തെ സ്‌നേഹിക്കുന്ന വ്യക്‌തി ആയിരിക്കണം. ഇതുപോലെ ദൈവസ്‌നേഹം ജീവിതത്തിലൂടെ വെളിപ്പെടുത്തുന്നത്‌ പരമപ്രധാന ഉദ്ദേശ്യമായിരിക്കണം. ഇങ്ങനെ നിങ്ങള്‍ ജീവിക്കുമെങ്കില്‍ നിങ്ങളെക്കുറിച്ച്‌ ആളുകള്‍ നന്മ പറയും. ഭൂമിയില്‍നിന്നു മാറ്റപ്പെട്ടാലും ആളുകള്‍ക്കു പറയാനും പിന്‍തുടരാനും ചില നന്മയുടെ അടയാളങ്ങള്‍ ശേഷിപ്പിക്കുവാന്‍ നമുക്കു കഴിയണം.
നിങ്ങളുടെ ജീവിതം ഭൂമിയില്‍ അവസാനിക്കുമ്പോള്‍ ആ കല്ലറയുടെ പുറത്തു ന്യായമായി എഴുതി വയ്‌ക്കാവുന്ന വാചകങ്ങള്‍ എന്തായിരിക്കും ? നിങ്ങള്‍ ജീവിച്ച ജീവിതത്തിന്റെ ഉദ്ദേശ്യത്തെ വെളിപ്പെടുത്തുന്നതായിരിക്കണം ആ വാചകം. എന്തിനുവേണ്ടി നിങ്ങള്‍ ഇവിടെ ജീവിച്ചു എന്നു വെളിപ്പെടുത്തുന്ന ആ വാചകം എന്തായിരിക്കും?

Sunday 10 Jun 2018 02.11 AM
YOU MAY BE INTERESTED
Loading...
TRENDING NOW