Sunday, June 16, 2019 Last Updated 6 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 10 Jun 2018 01.33 AM

പ്രകാശം പരത്തുന്ന പെണ്‍കുട്ടി

uploads/news/2018/06/224611/sun2.jpg

ദീപ്‌തി എന്ന വാക്കിന്റെ അര്‍ത്ഥം പ്രകാശം എന്നാണ്‌. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്തു താമസിക്കുന്ന ദീപ്‌തിയും അങ്ങനെ തന്നെ. സ്വന്തം കുടുംബത്തിലും താന്‍ സ്‌നേഹിക്കുന്നവര്‍ക്കിടയിലും പ്രകാശം പരത്തുന്നവള്‍. സ്വന്തമായി തിരഞ്ഞെടുത്ത തൊഴില്‍ മേഖലയും പ്രകാശഭരിതമാക്കി മാറ്റിയ യുവതി. ഇച്‌ഛാശക്‌തികൊണ്ട്‌ സ്വന്തം ജീവിതം കെട്ടിപ്പടുത്ത ദീപ്‌തി മറ്റുള്ളവര്‍ക്കും ഒരു മാതൃകയാണ്‌.
വള്ളിക്കുന്നത്ത്‌ വര്‍ക്ക്‌ ഷോപ്പ്‌ നടത്തുന്ന രാജന്‍ പിള്ളയാണ്‌ ദീപ്‌തിയുടെ അച്‌ഛന്‍. പ്‌ളസ്‌ ടു പാസായ ശേഷം ദീപ്‌തി കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിച്ചു. പതിനെട്ടാമത്തെ വയസില്‍ തന്നെ വിവാഹവും കഴിഞ്ഞു. പള്ളിപ്പാട്‌ പലചരക്കുകടയും ബേക്കറിയും നടത്തുന്ന രാജീവാണ്‌ ദീപ്‌തിയുടെ കഴുത്തില്‍ താലി കെട്ടിയത്‌. രണ്ടു കുട്ടികളും ജനിച്ചു.
ഭര്‍ത്തൃവീട്ടിലെത്തിയപ്പോള്‍ മുതല്‍ ദീപ്‌തി കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരുന്നു. 2013 മുതല്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഇതു രണ്ടാം തവണയാണ്‌ ദീപ്‌തിയെ സി.ഡി.എസ്‌ മെമ്പറായി തിരഞ്ഞെടുക്കുന്നത്‌. പഞ്ചായത്തില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നതില്‍ ദീപ്‌തി സദാ ശ്രദ്ധയും പിന്തുണയും നല്‍കുന്നു. ഇപ്പോള്‍ മൈത്രി അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറിയാണ്‌ ഈ യുവതി.
അങ്ങനെയിരിക്കെ 2013ലാണ്‌ കുടുംബശ്രീ നടപ്പാക്കുന്ന സാന്ത്വനം പദ്ധതിയെക്കുറിച്ച്‌ ദീപ്‌തി അറിയുന്നത്‌. ജീവിതശൈലീ രോഗങ്ങള്‍ സംബന്ധിച്ച ലാബ്‌ പരിശോധനകള്‍ നടത്തി കൃത്യമായ പരിശോധനാഫലം നല്‍കുന്ന പദ്ധതിയാണിത്‌. മിതമായ നിരക്കു മാത്രമാണ്‌ ഇതിന്‌ ഈടാക്കുന്നത്‌. കാര്യം അറിഞ്ഞപ്പോള്‍ തന്നെ സി.ഡി.എസ്‌ ചെയര്‍പേഴ്‌സണ്‍ മുഖേന പഞ്ചായത്തില്‍ പദ്ധതിക്കുളള അപേക്ഷ സമര്‍പ്പിച്ചു. പരിശീലന പരിപാടികള്‍ തിരുവനന്തപുരത്തു വച്ചായിരുന്നു. ഹെല്‍ത്ത്‌ ആക്ഷന്‍ ബൈ പീപ്പിള്‍(ഹാപ്‌) എന്ന സംഘടനയുമായി ചേര്‍ന്നുകൊണ്ടായിരുന്നു പരിശീലനം. പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, ബോഡി മാസ്‌ ഇന്‍ഡക്‌സ് എന്നിവ പരിശോധിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ഹാപ്‌ നല്‍കി. കുടുംബശ്രീ മുഖേന ലഭിച്ച വായ്‌പ കൊണ്ട്‌ ഒരു സ്‌കൂട്ടറും വാങ്ങി.
സി.ഡി.എസ്‌ മീറ്റിങ്ങുകളിലും പഞ്ചായത്ത്‌, നഗരസഭ, വിവിധ സ്‌കൂളുകള്‍ എന്നിങ്ങനെ എല്ലാ സ്‌ഥാപനങ്ങളിലും നേരിട്ടു ചെന്ന്‌ താന്‍ പുതുതായി തുടങ്ങിയ സംരംഭത്തെക്കുറിച്ച്‌ അറിയിക്കുകയാണ്‌ ദീപ്‌തി ആദ്യം ചെയ്‌തത്‌. ഇതിനായി ആശാ വര്‍ക്കര്‍മാരുടെ സഹായവും തേടി. പഞ്ചായത്തില്‍ ഓരോ കുടുംബത്തിലും പ്രമേഹം, രക്‌തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ കൊണ്ടു ബുദ്ധിമുട്ടുന്നവരുടെ എണ്ണവും മറ്റ്‌ വിശദാംശങ്ങളും ശേഖരിച്ചു. ആദ്യമൊക്കെ അടുത്തുള്ള വീടുകളിലുള്ളവരും പിന്നെ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുമൊക്കെയായിരുന്നു ദീപ്‌തിയുടെ സേവനം തേടിയിരുന്നത്‌. എന്നാല്‍ പതുക്കെ ആവശ്യക്കാരുടെ എണ്ണം കൂടി വന്നു. കൊളസ്‌ട്രോള്‍ നോക്കുന്നതിന്‌ എണ്‍പത്‌ രൂപ, ഷുഗര്‍ നോക്കുന്നതിന്‌ മുപ്പതു രൂപ, ഹീമോഗ്‌ളോബിന്‍ അമ്പത്‌, പ്രഷറും ഭാരവും കൂടി ഇരുപത്‌, പ്രഷറും ബോഡി മാസ്‌ ഇന്‍ഡക്‌സും ഇരുപത്‌ രൂപ എന്നിങ്ങനെയാണ്‌ പരിശോധനകള്‍ക്കായി ദീപ്‌തി വാങ്ങുന്ന ഫീസ്‌.

അവസരങ്ങള്‍ കണ്ടെത്തുന്ന സംരംഭക
അവസരങ്ങള്‍ തന്നെ തേടി വരാന്‍ ഈ സംരംഭക കാത്തു നില്‍ക്കാറില്ല. അതു തന്നെയാണ്‌ ദീപ്‌തിയുടെ വിജയവും. താന്‍ പഠിച്ച തൊഴിലിലൂടെ എവിടെ നിന്നെല്ലാം വരുമാനം നേടാന്‍ കഴിയും എന്ന്‌ ഈ യുവസംരംഭക ഇതിനകം പഠിച്ചു കഴിഞ്ഞു. ആളുകള്‍ തന്റെ സേവനം ആവശ്യപ്പെട്ട്‌ ഇങ്ങോട്ടു വരുന്നതിനേക്കാള്‍ മുമ്പ്‌ അങ്ങോട്ട്‌ ചെന്നു കാണുകയാണ്‌ ദീപ്‌തിയുടെ രീതി. രാവിലെ കുട്ടികള്‍ക്ക്‌ സ്‌കൂളില്‍ പോകാനുള്ള എല്ലാ കാര്യങ്ങളും ചെയ്‌തതിനു ശേഷം തന്റെ സ്‌കൂട്ടറില്‍ ഓരോ ഇടങ്ങളിലേക്ക്‌ ദീപ്‌തി വച്ചു പിടിക്കും. സിവില്‍ സേ്‌റ്റഷന്‍, നഗരസഭ, സ്‌കൂളുകള്‍....തുടങ്ങി എല്ലായിടത്തും ജീവിതശൈലീ രോഗ നിര്‍ണയത്തിനുള്ള സജ്‌ജീകരണങ്ങളുമായിട്ടാണ്‌ ദീപ്‌തി ചെല്ലുക. തിരക്കിനിടയില്‍ പ്രഷറും ഷുഗറുമൊന്നു ചെക്കു ചെയ്യാന്‍ സമയം കിട്ടാത്തവര്‍ക്ക്‌ ഈ സംരംഭകയുടെ സേവനം തികച്ചും സഹായകരമാണ്‌. കൂടാതെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പൊതുപരിപാടികള്‍ ടൗണ്‍ഹാളില്‍ നടക്കുമ്പോള്‍ അതില്‍ തന്റെ സംരംഭവുമായി പങ്കെടുക്കാന്‍ ദീപ്‌തിക്ക്‌ അവസരം ലഭിക്കുന്നുണ്ട്‌.
''പാര്‍ട്ടി പരിപാടിയാകുമ്പോള്‍ അന്ന്‌ ഒരുപാട്‌ പേര്‍ വരുമല്ലോ? ലാബിലൊന്നും പോകാതെ പെട്ടെന്നു തന്നെ റിസള്‍ട്ട്‌ അറിയാന്‍ കഴിയുന്നതുകൊണ്ട്‌ എല്ലാവര്‍ക്കും സന്തോഷമാണ്‌. ചിലപ്പോള്‍ സമ്മേളനത്തോടനുബന്ധിച്ച്‌ ക്യാമ്പ്‌ സംഘടിപ്പിക്കുമ്പോഴും എന്നെ വിളിക്കാറുണ്ട്‌''
ദീപ്‌തി പറയുന്നു.
സ്‌കൂളുകളാണ്‌ ഈ സംരംഭകയുടെ മറ്റൊരു കേന്ദ്രം. നാല്‍പതോളം സ്‌കൂളുകളിലെ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്ക്‌ ജീവിതശൈലി രോഗനിര്‍ണയ പരിശോധന നടത്താന്‍ ഇപ്പോള്‍ ദീപ്‌തി പോകാറുണ്ട്‌.
''മൂന്നു മാസം കൂടുമ്പോള്‍ ഓരോ സ്‌കൂളില്‍ നിന്നും എന്നെ വിളിക്കും. ചില സ്‌കൂളുകളില്‍ എല്ലാവരുംകൂടി എണ്‍പതു പേരോളം കാണും. ചിലയിടത്ത്‌ അതില്‍ കൂടുതലും. അങ്ങനെ മിക്ക ദിവസങ്ങളിലും സ്‌കൂളിലെ പരിശോധന കിട്ടാറുണ്ട്‌''
ദീപ്‌തി പറയുന്നു.
ജീവിതശൈലി രോഗനിര്‍ണയ പരിശോധനകള്‍ ചെയ്‌തു കൊടുക്കാന്‍ ദീപ്‌തി തിരഞ്ഞെടുത്തിട്ടുള്ള മറ്റൊരു സ്‌ഥലം പള്ളികളാണ്‌.
''നമ്മള്‍ വികാരിയച്ചനെ കണ്ട്‌ കാര്യങ്ങള്‍ സംസാരിക്കും. അദ്ദേഹം കുര്‍ബാന കഴിയുമ്പോള്‍ ഇക്കാര്യം എല്ലാവരോടും പറയും. അപ്പോള്‍ കുറഞ്ഞത്‌ അമ്പതു പേരെങ്കിലും നമ്മുടെ അടുത്തു വരും. പള്ളിയില്‍ ഒരുപാട്‌ പ്രായമായവരൊക്കെ വരാറുണ്ടല്ലോ. അവര്‍ക്ക്‌ ലാബുകളിലൊന്നും പോകാതെ സൗകര്യമായി രോഗപരിശോധന നടത്തി റിസള്‍ട്ടുമായി പോകാം. അവരതു വലിയ കാര്യമായിട്ടാണ്‌ കാണുന്നത്‌'' ദീപ്‌തി പറയുന്നു.
''ചിലയിടത്ത്‌ ഒരു സംഘം ആളുകള്‍ ഒരുമിച്ച്‌ ലാബ്‌ ടെസ്‌റ്റ് നടത്താന്‍ വിളിക്കാറുണ്ട്‌. എല്ലാ ദിവസവും രാവിലെ പത്തു പേരെങ്കിലും വീട്ടില്‍ പരിശോധനയ്‌ക്കു വരും. പിന്നെ എല്ലാ മാസവും ട്രഷറിയില്‍ നിന്നു പെന്‍ഷന്‍ വാങ്ങാന്‍ ചെങ്ങന്നൂര്‍ സിവില്‍ സ്‌റ്റേഷനില്‍ ഒരുപാടു പേര്‍ വരും. അവര്‍ക്കു വേണ്ടി പ്രഷറും ഷുഗറുമെല്ലാം നോക്കുന്നുണ്ട്‌. പ്രായമായവരല്ലേ? പെന്‍ഷന്‍ വാങ്ങുന്ന കൂടെ അസുഖങ്ങളും പരിശോധിച്ച്‌ റിസള്‍ട്ട്‌ കൂടി അറിഞ്ഞുകൊണ്ടു പോകാന്‍ അവര്‍ക്കും വലിയ ഉത്സാഹമണ്‌. കുടുംബശ്രീ ജില്ലാമിഷന്‍ ഇടപെട്ട്‌ ആലപ്പുഴ കളക്‌ട്രേറ്റിലും എനിക്ക്‌ ജോലിക്കുള്ള സ്‌ഥലം ശരിയായിട്ടുണ്ട്‌. ഒരു മേശയും രണ്ടു മൂന്നു കസേരയും ഇടാനുള്ള സ്‌ഥലം. ഹരിപ്പാട്‌ നഗരസഭയിലും എനിക്ക്‌ സാന്ത്വനം പദ്ധതിയുടെ ഭാഗമായി പോകാന്‍ അവസരം കിട്ടുന്നുണ്ട്‌'' ദീപ്‌തി പറയുന്നു.
ഇന്നോളം ദീപ്‌തി നല്‍കുന്ന പരിശോധനാഫലത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അത്ര കൃത്യതയോടെയാണ്‌ ഓരോ റീഡിങ്ങും നല്‍കുന്നത്‌. തനിക്ക്‌ ഇതുവരെ ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞിരുന്ന ചിലര്‍ക്ക്‌ പരിശോധിച്ചു കഴിഞ്ഞപ്പോള്‍ ഷുഗറും കൊളസ്‌ട്രോളുമൊക്കെ കണ്ടെത്തിയിട്ടുണ്ട്‌.
''റിസള്‍ട്ട്‌ കൊടുത്തപ്പോള്‍ സംശയം തോന്നിയിട്ട്‌ അവര്‍ വേറെ ലാബില്‍ പോയി നോക്കി. എല്ലാം ഒന്നു തന്നെയായിരുന്നു. അതോടെ അവര്‍ക്ക്‌ പൂര്‍ണ വിശ്വാസമായി''
ദീപ്‌തി അഭിമാനത്തോടെ പറയുന്നു.

ഫിറ്റ്‌നെസ്‌ ട്രെയിനിങ്ങ്‌ സെന്ററും സൂംബാ ഡാന്‍സും
പള്ളിപ്പാട്‌, ഹരിപ്പാട്‌, ചങ്ങനാശേരി എന്നിടങ്ങളില്‍ വനിതകള്‍ക്കായി ഹെല്‍ത്ത്‌ സെന്ററുകളും ദീപ്‌തി നടത്തുന്നു. പതിനൊന്നു വയസു മുതല്‍ അമ്പത്തിയഞ്ചു വരെ പ്രായമുള്ളവര്‍ ഇവിടെ ഫിറ്റ്‌നെസ്‌ ട്രെയിനിങ്ങിനായി വരാറുണ്ട്‌. ആരോഗ്യ സംരക്ഷണത്തോടൊപ്പം ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വീട്ടമ്മമാരും കോളേജു വിദ്യാര്‍ത്ഥിനികളുമാണ്‌ ട്രെയിനിങ്ങ്‌ സെന്ററില്‍ എത്തുന്നത്‌. ശരീരത്തിലെ കൊഴുപ്പകറ്റി മികച്ച ശാരീരിക ക്ഷമതയും ഊര്‍ജവും പകരുന്ന സുംബാ ഡാന്‍സ്‌ പഠിക്കാനും ഇവിടെ സൗകര്യമുണ്ട്‌. വൈകുന്നേരം നാലര മുതല്‍ ഏഴു മണി വരെയാണ്‌ പരിശീലന സമയം.ദീപ്‌തി തന്നെയാണ്‌ ഇതു പഠിപ്പിക്കുന്നത്‌.

പ്രതിമാസ വരുമാനം 75,000 രൂപ
ഹെല്‍ത്ത്‌ ക്‌ളബ്‌ നടത്തുന്നതു വഴി മാസം നാല്‍പതിനായിരം രൂപയോളം വരുമാനമുണ്ട്‌ ഈ യുവതിക്ക്‌. സാന്ത്വനം-പദ്ധതിയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിനു പുറമേയാണിത്‌. രണ്ടുംകൂടി ചേര്‍ത്താല്‍ എല്ലാ ചെലവും കഴിച്ചാലും ബാക്കി എഴുപത്തയ്യായിരം രൂപയോളം വരും. കോര്‍പ്പറേറ്റ്‌ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കു കെട്ടിട വാടകയും കറണ്ട്‌ ചാര്‍ജും എല്ലാം ഉള്‍പ്പെടെ മാറ്റി നിര്‍ത്തിയാലും മാസം മുപ്പതിനായിരം രൂപയെങ്കിലും വരുമാനം നേടാന്‍ കഴിയുന്നത്‌. അതുകൊണ്ടുതന്നെ തന്റെ നേട്ടത്തില്‍ ഈ വീട്ടമ്മയ്‌ക്ക് സംതൃപ്‌തിയുണ്ട്‌.
''ഇനി ഒരു നല്ല വീടു പണിയണം. അതിന്റെ തയ്യാറെടുപ്പിലാണ്‌ ഞങ്ങള്‍''
ദീപ്‌തി തന്റെ സ്വപ്‌നങ്ങള്‍ പങ്കു വയ്‌ക്കുന്നു.

കൂടെയുള്ളവര്‍ക്കും കൈത്താങ്ങായി ദീപ്‌തി
പാവപ്പെട്ടവര്‍ക്ക്‌ തന്നാല്‍ കഴിയുന്ന സേവനങ്ങള്‍ സൗജന്യമായി നല്‍കാനും ദീപ്‌തി തയ്യാറാകുന്നു.
''എനിക്കറിയാവുന്ന ഒരുപാട്‌ പാവങ്ങളുണ്ട്‌. അവര്‍ക്ക്‌ വീടുകളില്‍ പോയി പരിശോധന നടത്തി കൊടുക്കും. കൂലിപ്പണി എടുത്തു കഴിയുന്നവരാണ്‌. അവരുടെ കൈയില്‍ നിന്നും ഒന്നും വാങ്ങാറില്ല. കുടുംബശ്രീയുടെ മീറ്റിങ്ങ്‌ വിളിച്ചു കൂട്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്താറുണ്ട്‌ എനിക്കും അവര്‍ക്കും അത്‌ സന്തോഷമാണ്‌. തൊഴിലില്‍ അഭിവൃദ്ധി കൈവരിച്ചതോടെ തന്റെ സഹായത്തിന്‌ ഒരാളെ കൂടി നിര്‍ത്തിയിട്ടുണ്ട്‌ ദീപ്‌തി. അവര്‍ക്ക്‌ മാസം പതിനയ്യായിരം രൂപ ശമ്പളമായി നല്‍കുന്നുണ്ട്‌.
''നമ്മള്‍ രക്ഷപ്പെടുമ്പോള്‍ കൂട്ടത്തില്‍ ഒരാളെ കൂടി സഹായിക്കാന്‍ കഴിഞ്ഞാല്‍ അതു വലിയ കാര്യമല്ലേ?''
ചോദിച്ചു തീരും മുമ്പേ ദീപ്‌തിയുടെ ഫോണിലേക്കൊരു കോള്‍. നമ്പര്‍ നോക്കിയിട്ട്‌ ദീപ്‌തി പറഞ്ഞു. ''മക്കളെല്ലാം വിദേശത്തുള്ള ഒരമ്മച്ചിയാണ്‌. ഇന്ന്‌ കൊളസ്‌ട്രോളും ഷുഗറും നോക്കുന്ന ദിവസമാണ്‌. ഞാന്‍ ചെല്ലട്ടെ'' ചിരിച്ചുകൊണ്ട്‌ കൈവീശി ദീപ്‌തി തന്റെ സ്‌കൂട്ടര്‍ സ്‌റ്റാര്‍ട്ടാക്കി. പിന്നെ ആത്മവിശ്വാസത്തോടെ അകലെയൊരു വീട്ടില്‍തന്നെ കാത്തിരിക്കുന്ന വൃദ്ധയായ അമ്മച്ചിയുടെ അടുത്തേക്ക്‌ സാമാന്യം നല്ല വേഗത്തില്‍ യാത്ര.

ആശ.എസ്‌. പണിക്കര്‍

Ads by Google
Sunday 10 Jun 2018 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW