Wednesday, August 22, 2018 Last Updated 14 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 10 Jun 2018 01.33 AM

ആയിരങ്ങള്‍ക്ക്‌ ആശ്വാസമായി എല്‍ദോ വൈദ്യന്‍

uploads/news/2018/06/224610/sun1.jpg

ഭാരതത്തിന്റെ ആയുര്‍-ആരോഗ്യ സംരക്ഷണരീതിയാണ്‌ ആയുര്‍വേദം. ജരാനരകളെ മാറ്റിനിര്‍ത്താനും പാര്‍ശ്വഫലങ്ങളില്ലാതെ രോഗശാന്തി നല്‍കാനും കഴിയുന്ന ശാസ്‌ത്രം. കാലം മുന്നോട്ടു പോകുമ്പോള്‍ പാരമ്പര്യമായി പകര്‍ന്ന്‌ നല്‍കിയ ആയുര്‍വേദസിദ്ധികൊണ്ട്‌ മനസും രോഗവും തൊട്ടറിഞ്ഞ്‌ ചികിത്സിക്കുന്ന പാരമ്പര്യ വൈദ്യന്‍മാരും കുറഞ്ഞുവരുന്നു.
പാരമ്പര്യമായി ലഭിച്ച അറിവുകളും അനുഭവജ്‌ഞാനവുംകൊണ്ട്‌ ആയിരക്കണക്കിന്‌ ആസ്‌ത്‌മ അലര്‍ജി രോഗികള്‍ക്ക്‌ ആശ്വാസമായി മാറിയ ഒരു വൈദ്യനും വൈദ്യശാലയുമുണ്ട്‌ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത്‌ പനിച്ചയം എന്ന കൊച്ചുഗ്രാമത്തില്‍. എ.പി.എല്‍ദോ എന്ന എല്‍ദോ വൈദ്യനും അദ്ദേഹത്തിന്റെ സെന്റ്‌ പോള്‍സ്‌ ആയുര്‍വേദ എന്ന വൈദ്യശാലയും ജീവിതത്തിലേക്ക്‌ കൈപിടിച്ചുകയറ്റിയ രോഗികള്‍ എണ്ണമറ്റതാണ്‌.
ആസ്‌ത്‌മയ്‌ക്കും അലര്‍ജിക്കും കിട്ടാവുന്ന ചികിത്സകളെല്ലാം ചെയ്‌ത് മരവിച്ച മനസുമായാണ്‌ രോഗികള്‍ ഏറെയും എല്‍ദോ വൈദ്യനെ കാണാന്‍ ഇവിടെ എത്താറ്‌. ആത്മവിശ്വാസം നിറഞ്ഞ ചിരിയുമായി ഓരോരുത്തരെയും വരവേല്‍ക്കുന്ന വൈദ്യന്‍ പ്രാര്‍ത്ഥനയോടെ നല്‍കിയിട്ടുള്ള മരുന്നുകളൊന്നും ഇതുവരെ ഫലം കാണാതിരുന്നിട്ടില്ല എന്നതാണ്‌ വാസ്‌തവം.
കഴിക്കുന്ന മരുന്നിനോടുള്ള വിശ്വാസവും പ്രാര്‍ഥനയും രോഗശമനത്തിനുള്ള എളുപ്പവഴിയാകും എന്നാണ്‌ എല്‍ദോ വൈദ്യന്റെ സിദ്ധാന്തം. മരുന്നുകളുടെ കാര്യത്തിലും വൈദ്യന്‍ അങ്ങനെ തന്നെയാണ്‌. കഷായ നിര്‍മാണത്തില്‍ സഹായിക്കാന്‍ നിരവധി പേരുണ്ടെങ്കിലും പ്രത്യേക ചേരുവകളും ഔഷധക്കൂട്ടുകളും ചേര്‍ക്കുന്നത്‌ വൈദ്യന്റെ കൈകള്‍കൊണ്ടുമാത്രം.
ആയുര്‍വേദത്തിലെ തന്നെ പ്രത്യേക രീതിയിലുള്ള ചികിത്സാമുറകളാണ്‌ പാരമ്പര്യമായി എല്‍ദോ വൈദ്യനും പിന്‍തുടര്‍ന്ന്‌ വരുന്നത്‌. സ്വന്തം കൈകൊണ്ട്‌ തയാറാക്കുന്ന ദിവ്യ ഔഷധവും മാസത്തില്‍ പ്രത്യേക ദിവസങ്ങളില്‍ മാത്രം തേക്കുന്ന എണ്ണയും അനേകം രോഗികളെയാണ്‌ ജീവിതത്തിന്റെ ശുദ്ധവായു ശ്വസിപ്പിച്ചത്‌. ആസ്‌ത്മയുടെയും അലര്‍ജിയുടെയും ക്രൂരഭാവങ്ങളില്‍ വലയുന്ന നൂറുകണക്കിന്‌ രോഗികള്‍ ഇത്രയും ദൂരം താണ്ടി എല്‍ദോ വൈദ്യനെ തേടി എത്തുന്നു.

പാരമ്പര്യം പകര്‍ന്ന്‌ കൈപ്പുണ്യം
പനിച്ചയം ഗ്രാമത്തിലെ വൈദ്യനായിരുന്ന പൗലോസ്‌ വൈദ്യന്റെ മകനായാണ്‌ എല്‍ദോ വൈദ്യന്‍ ജനിച്ചത്‌. മുത്തച്‌ഛനായിരുന്ന അമ്മാണ്ടിയില്‍ കോരവൈദ്യനില്‍ നിന്ന്‌ അച്‌ഛന്‍ പൗലോസ്‌ വൈദ്യന്‌ സിദ്ധിച്ച പ്രത്യേക ആയുര്‍വേദ കൂട്ടുകളും അറിവുകളും പിന്നീട്‌ എല്‍ദോ വൈദ്യന്‍ ഏറ്റുവാങ്ങുകയായിരുന്നു. ഗ്രാമത്തിലെ നാട്ടുവൈദ്യനായിരുന്ന മുത്തശ്ശനെ കാണാന്‍ രോഗികള്‍ എത്തുന്നതും പച്ചമരുന്നുകള്‍ പറിച്ച്‌ മരുന്നുണ്ടാക്കുന്നതുമെല്ലാം കുട്ടിയായിരുന്ന എല്‍ദോ വൈദ്യന്‍ നോക്കി നിന്നിരുന്നു.
കാലങ്ങള്‍ പിന്നിട്ടപ്പോള്‍ പ്രായാധിക്യം കൊണ്ട്‌ കോരവൈദ്യന്‌ ചികിത്സ നടത്താന്‍ കഴിയാതെവന്നു. പിന്നീട്‌ ചികിത്സ നടത്തിയത്‌ പിതാവായ പൗലോസ്‌ വൈദ്യനായിരുന്നു. ഓടിക്കളിക്കുന്ന പ്രായംമുതല്‍ പിതാവിനോടൊപ്പം പച്ചമരുന്നുകള്‍ പറിച്ചും കഷായപ്പുരയില്‍ കൂട്ടിരുന്നും എല്‍ദോ ആയുര്‍വേദത്തിലേക്ക്‌ അടുത്തു. കുട്ടിക്കാലം മുതല്‍ കണ്ടും കേട്ടും തൊട്ടും അറിഞ്ഞ ആയുര്‍വേദത്തിന്റെ അത്ഭുതസിദ്ധികള്‍ പിതാവില്‍ നിന്നുതന്നെ എല്‍ദോ വൈദ്യന്‍ സ്വന്തമാക്കി. വാര്‍ദ്ധക്യം അച്‌ഛനെ പിടികൂടുന്നതുവരെ എല്‍ദോ വൈദ്യന്‍ പ്രിയപ്പെട്ട ശിഷ്യനായി തുടര്‍ന്നു. പച്ചമരുന്ന്‌ പറിക്കലും കഷായം ഉണ്ടാക്കലും എല്ലാം എല്‍ദോ വൈദ്യന്‍ പിതാവിനോടൊപ്പം ചെയ്യാറുണ്ടെങ്കിലും ആസ്‌ത്‌മയ്‌ക്കുള്ള പ്രത്യേക എണ്ണ അരിച്ചെടുക്കുന്നതിന്‌ പിതാവ്‌ എല്‍ദോയെ കൂട്ടിയിരുന്നില്ല. ഏറ്റവും ശുദ്ധിയോടും ശ്രദ്ധയോടും ചെയ്യേണ്ട ജോലിയായിരുന്നു അത്‌. പ്രത്യേക ആയുര്‍വേദക്കൂട്ടുകളോടെ തയാറാക്കുന്ന എണ്ണ, വ്രതം നോറ്റ വൈദ്യര്‍ക്ക്‌ മാസത്തിലെ ഒരു പ്രത്യേകദിവസം മാത്രമേ അരിച്ചെടുക്കാന്‍ പാടുള്ളു എന്നായിരുന്നു ശാസ്‌ത്രം. എന്നാല്‍ എണ്ണ അരിക്കുന്ന ദിവസം എത്തിയപ്പോള്‍ പൗലോസ്‌ വൈദ്യന്‌ കടുത്ത പനി ബാധിച്ചു. തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വ്രതം നോറ്റ്‌ കത്തിച്ചുവച്ച നിലവിളക്കിനുമുമ്പിലിരുന്ന്‌ ആദ്യമായി പ്രത്യേക ആയുര്‍വേദകൂട്ടുകള്‍ അടങ്ങിയ എണ്ണ എല്‍ദോ വൈദ്യന്‍ അരിച്ചെടുത്തു. അന്നുമുതലാണ്‌ പിതാവിനോടൊപ്പം എല്‍ദോവൈദ്യന്‍ രോഗികളെ പരിശോധിക്കാനും മരുന്ന്‌ നല്‍കാനും തുടങ്ങിയത്‌. ഇതോടൊപ്പം ആസ്‌ത്മ-അലര്‍ജി രോഗത്തെക്കുറിച്ചും രോഗികളെക്കുറിച്ചും കൂടുതല്‍ അന്വേഷിക്കാനും പഠിക്കാനും എല്‍ദോ വൈദ്യന്‍ സമയം കണ്ടെത്തി.
തന്റെ അരികിലെത്തുന്ന രോഗികളുമായി സംസാരിച്ച്‌ അവരുടെ മാനസിക ശാരിരീക പ്രശ്‌നങ്ങള്‍ മനസിലാക്കുകയും പാരമ്പര്യമായി പകര്‍ന്നുകിട്ടിയ കൈപ്പുണ്യം മരുന്നുകളായി നല്‍കുകയും ചെയ്‌തതോടെ ആയിരക്കണക്കിന്‌ ആസ്‌ത്മ-അലര്‍ജി രോഗികള്‍ക്ക്‌ രോഗശാന്തി നല്‍കാന്‍ എല്‍ദോ വൈദ്യനും സെന്റ്‌ പോള്‍സ്‌ ആയുര്‍വേദ വൈദ്യശാലയ്‌ക്കും കഴിഞ്ഞു.
പാരമ്പര്യ വൈദ്യം പോലുള്ള ചികിത്സാരീതികള്‍ പുതിയ തലമുറ ഏറ്റെടുക്കാന്‍ മടിക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ തന്നെ ഉറച്ചുനിന്ന്‌ പാരമ്പര്യം തുടര്‍ന്ന്‌ കൊണ്ടുപോകാന്‍ എല്‍ദോ വൈദ്യന്‌ പ്രേരണയായത്‌ എന്താണ്‌?
നാട്ടിലെ പേരുകേട്ട വൈദ്യനായിരുന്നു എന്റെ മുത്തച്‌ഛന്‍ കോരവൈദ്യന്‍. മുത്തശ്ശനെ കാണാനും ചികിത്സയ്‌ക്കുമായി ദൂരെ നിന്നുവരെ പലരും എത്താറുണ്ട്‌. അന്ന്‌ വാഹന സൗകര്യങ്ങള്‍ വളരെ കുറവാണ്‌. ഏറെ ദൂരം നടന്നായിരിക്കും പലരും ചികിത്സക്ക്‌ എത്തുന്നത്‌. അരിയും കലവും വിറകുമൊക്കെയായി എത്തുന്ന ആളുകള്‍, അസുഖം മാറുംവരെ ഓലമേഞ്ഞ ഞങ്ങളുടെ വീടിന്റെ മുറ്റത്ത്‌ കഞ്ഞിവച്ചും കുടിച്ചും താമസിക്കും. മുത്തച്‌ഛന്‍ പറയുന്ന പച്ചമരുന്നുകള്‍ അവര്‍ തന്നെ പറിച്ചെടുത്ത്‌ കൊണ്ടുവരും. കഷായം ഉണ്ടാക്കിക്കുടിച്ച്‌ അസുഖം ഭേദമായി മടങ്ങുമ്പോള്‍, അവര്‍ മുത്തച്‌ഛന്‌ ദക്ഷിണ നല്‍കും. അതായിരുന്നു ഞങ്ങളുടെ ഉപജീവനമാര്‍ഗം. അസുഖംമാറി മടങ്ങുമ്പോള്‍ രോഗിയുടെ മുഖത്തുണ്ടാകുന്ന സന്തോഷമാണ്‌ വൈദ്യന്റെ ഏറ്റവും വലിയ പ്രതിഫലം എന്നാണ്‌ മുത്തച്‌ഛനും അച്‌ഛനും പഠിപ്പിച്ചത്‌്. ആ വലിയ പ്രതിഫലത്തിന്റെ ലഹരിയാണ്‌ പാരമ്പര്യമായി കിട്ടിയ ആയുര്‍വേദ വൈദ്യത്തില്‍ ഞാന്‍ എത്തിയത്‌.

എന്താണ്‌ ആസ്‌ത്മ അലര്‍ജി രോഗങ്ങളുടെ പ്രത്യേകതകള്‍?
അലര്‍ജി എന്നത്‌ ആസ്‌ത്മയിലേക്കുള്ള വഴിയാണ്‌. ജീവനെ പിടിച്ചുനിര്‍ത്തുന്ന പ്രധാനഘടകമായ ഓക്‌സിജന്‍ ആവശ്യമായ രീതിയില്‍ വലിച്ചെടുക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്‌ ആസ്‌തമയുടേത്‌. കണ്ടുനില്‍ക്കുവര്‍ക്ക്‌ ഭയാനകവും അനുഭവിക്കുവര്‍ക്ക്‌ മരണതുല്യവുമാണ്‌. ആധുനിക വൈദ്യശാസ്‌ത്രത്തിലെ മരുന്നുകള്‍ക്കും ഇന്‍ഹേലറുകള്‍ക്കും പുറമെ ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജന്‍ സിലിണ്ടര്‍ എപ്പോഴും കൊണ്ടുനടക്കുന്ന രോഗികളും എന്നെ കാണാന്‍ എത്താറുണ്ട്‌. ദയനീയമാണ്‌ ആ കാഴ്‌ച. അഞ്ച്‌ കിലോയോളം തൂക്കംവരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ എപ്പോഴും കൂടെക്കൊണ്ട്‌ നടക്കുകയും അതില്‍നിന്നും മുഖത്ത്‌ ഘടിപ്പിച്ച മാസ്‌കിലൂടെ ശ്വസിക്കുകയുമാണ്‌ അവര്‍ ചെയ്യുന്നത്‌. ഇത്തരത്തില്‍ വൈദ്യശാലയില്‍ എത്തുവര്‍ ശ്വാസതടസംമൂലം ഒന്ന്‌ സംസാരിക്കാന്‍പോലും കഴിയാതെ കരയുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. പുതിയതലമുറ പ്രകൃതിയെവിട്ട്‌ ആധുനികവല്‍ക്കരണത്തിന്‌ പിന്നാലെ ഓടുമ്പോള്‍ ആസ്‌ത്മ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. വിഷ വാതകങ്ങളും പൊടിപടലങ്ങളും നിറഞ്ഞ ചുറ്റുപാടില്‍ അലര്‍ജിയായി തുടക്കമിടുന്ന അസുഖങ്ങള്‍ ആസ്‌ത്മയിലേക്ക്‌ എത്തുകയാണ്‌ ചെയ്യാറ്‌. തുടര്‍ച്ചയായുള്ള തുമ്മല്‍, കുത്തി കുത്തിയുള്ള ചുമ, കണ്ണ്‌, മൂക്ക്‌, ചെവി, തൊണ്ട ചൊറിച്ചില്‍ തുടങ്ങിയ അലര്‍ജികളാണ്‌ പിന്നീട്‌ ആസ്‌തമയായി മാറുന്നത്‌.
ഏത്‌ പ്രായക്കാര്‍ക്കും ആസ്‌തമ അലര്‍ജി ചികിത്സകള്‍ ഫലപ്രദമാണോ?
പ്രായം ഫലപ്രദമായ ചികിത്സയ്‌ക്ക്‌ പ്രശ്‌നമാകാറില്ല. എന്നാല്‍ പ്രായത്തിനും രോഗത്തിന്റെ പഴക്കത്തിനും അനുസരിച്ച്‌ ചികിത്സാ സമയത്തിലും വ്യത്യാസം വരുമെന്ന്‌ മാത്രം. സാധാരണ ആസ്‌ത്മ-അലര്‍ജി രോഗം ബാധിച്ചാല്‍ എല്ലാ ആധുനിക മരുന്നുകളും പരീക്ഷിച്ച്‌ ഫലമില്ലാതെ വരുമ്പോള്‍ മാത്രമാണ്‌ ആളുകള്‍ ആയുര്‍വേദത്തെ തേടി എത്താറ്‌. എന്നാല്‍ ഇത്തരം രോഗങ്ങള്‍ക്ക്‌ ഫലപ്രദമായ കൂട്ടുകള്‍ ആയുര്‍വേദത്തില്‍ ഉണ്ടെന്നത്‌ ജനങ്ങള്‍ക്ക്‌ അറിയില്ല. ആരംഭത്തില്‍ ചികിത്സിച്ചാല്‍ കുറഞ്ഞകാലം കൊണ്ട്‌ രോഗം നിശേഷം മാറ്റാന്‍ കഴിയും എന്നതാണ്‌ ആയുര്‍വേദ ചികിത്സയുടെ പ്രത്യേകത.

ആസ്‌ത്മയ്‌ക്കും അലര്‍ജിക്കുമുള്ള പാരമ്പര്യ ചികിത്സയ്‌ക്ക് തടസമാകുന്ന ഏതെങ്കിലും ഘടകങ്ങള്‍ ഉണ്ടോ?
പാരമ്പര്യ ആയുര്‍വേദ ചികിത്സയില്‍ പ്രതിസന്ധിയാകുന്നത്‌ ഔഷധസസ്യങ്ങളുടെ ക്ഷാമമാണ്‌. ആസ്‌ത്മ-അലര്‍ജി ചികിത്സയ്‌ക്കായി ആവശ്യമുളള പല ഔഷധ ക്കൂട്ടുകളും ഇന്ന്‌ ലഭ്യമല്ല. അതിനാല്‍തന്നെ ഇവയുടെ വിലയില്‍ ഉണ്ടാകുന്ന വര്‍ധന സാധാരണക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു. ആയുര്‍വേദ മരുന്നുകള്‍ക്ക്‌ ഏറ്റവും ആവശ്യം ശുദ്ധിയും വൃത്തിയുമുള്ള കൂട്ടുകളാണ്‌. ഇത്തരത്തിലുള്ളവ സംഘടിപ്പിക്കാന്‍ വളരെ പ്രയാസവും. എന്റെ വൈദ്യശാലയില്‍ ഉപയോഗിക്കുന്ന ഔഷധക്കൂട്ടുകള്‍ ശുദ്ധിയുള്ളതാകണം എന്നെനിക്ക്‌ നിര്‍ബന്ധമുണ്ട്‌. അതിനാല്‍ പുറത്തെ വന്‍കിട വിപണിയില്‍നിന്നും ഞാന്‍ ഇവയൊന്നും വാങ്ങാറില്ല. എനിക്കാവശ്യമായ ഔഷധക്കൂട്ടുകള്‍ എത്തിച്ചുതരുന്നത്‌ പരിചയമുള്ള ആളുകളാണ്‌. അവരില്‍നിന്നുമാത്രമേ ഞാന്‍ മരുന്നിനാവശ്യമായ സാധനങ്ങള്‍ വാങ്ങാറുള്ളൂ. ഇവ ശേഖരിക്കുന്നതിന്‌ പുറമെ വിപണിയില്‍നിന്ന്‌ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പണം ചിലവാകുമെങ്കിലും വിശ്വസിച്ച്‌ ഉപയോഗിക്കാനാകും. ഔഷധക്കൂട്ടുകളുടെ ക്ഷാമം വര്‍ദ്ധിച്ചതോടെ സ്വന്തമായി ഞങ്ങള്‍ ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്താനും തുടങ്ങിയിട്ടുണ്ട്‌.

പൗലോസ്‌ വൈദ്യന്‍ തുടങ്ങിവെച്ച സെന്റ്‌ പോള്‍സ്‌ ആയുര്‍വേദ വൈദ്യശാല ഇന്ന്‌ ഒരുപാട്‌ വളര്‍ന്ന്‌ കഴിഞ്ഞു?
വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ ഒന്നും ചെയ്‌തിട്ടില്ല. ആസ്‌തമയും അലര്‍ജിയും കൊണ്ട്‌ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക്‌ മരുന്ന്‌ നല്‍കാന്‍ തുടങ്ങിയ പ്രസ്‌ഥാനമാണിത്‌. സെന്റ്‌ പോള്‍സ്‌ ഫാര്‍മസി എന്ന പേരിലാണ്‌ ആരംഭിച്ചത്‌. ഇവിടത്തെ ചികിത്സകൊണ്ട്‌ രോഗം ഭേദപ്പെട്ടവര്‍ പലരോടും പറഞ്ഞറിയിച്ചതോടെ വൈദ്യശാല പ്രശസ്‌തി നേടുകയായിരുന്നു. അച്‌ഛന്റെ കാലശേഷം ഞാന്‍ എനിക്ക്‌ കഴിയുംപോലെ വൈദ്യശാല നോക്കിനടത്തി. ഗുരുതുല്യരായ മുത്തച്‌ഛനും അച്‌ഛനും അനുഗ്രഹിച്ചുതന്ന അറിവുകളും പാരമ്പര്യ കഷായ കൂട്ടുകളും പലര്‍ക്കും രോഗശാന്തി നല്‍കിയപ്പോള്‍ സെന്റ്‌ പോള്‍സ്‌ ഫാര്‍മസിയും വളരുകയായിരുന്നു. ചികിത്സയില്‍ ഫലമുണ്ടായവര്‍ പറഞ്ഞതനുസരിച്ച്‌ ദൂരെ നിന്നുവരെ ആളുകള്‍ സെന്റ്‌ പോള്‍സ്‌ ഫാര്‍മസി അന്വേഷിച്ച്‌ എത്താന്‍ തുടങ്ങി. പെരുമ്പാവൂരിനടുത്തുള്ള പനിച്ചയം ഗ്രാമം വരെയുള്ള രോഗികളുടെ ദുരിതയാത്ര പലരും വിഷമമായി എന്നോട്‌ പറഞ്ഞു. ഈ യാത്ര ഒഴിവാക്കാന്‍ ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെല്ലാന്‍ തീരുമാനിച്ചു. അങ്ങനെയാണ്‌ സെന്റ്‌ പോള്‍സ്‌ ഫാര്‍മസി സെന്റ്‌ പോള്‍സ്‌ ആയുര്‍വേദയാകുകയും പല ഇടങ്ങളിലായി വൈദ്യശാല ആരംഭിക്കുകയും ചെയ്‌തത്‌. ഇന്ന്‌ സെന്റ്‌ പോള്‍സ്‌ ആയുര്‍വേദക്ക്‌ ബാംഗ്‌ളൂര്‍, സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട്‌, പാലക്കാട്‌, വളാഞ്ചേരി, തിരുവല്ല, തിരുവനന്തപുരം, എറണാകുളം, വടക്കന്‍ചേരി, മണ്ണാര്‍ക്കാട്‌ എന്നിവിടങ്ങളിലായി പത്ത്‌ ശാഖകളുണ്ട്‌.
സെന്റ്‌ പോള്‍സ്‌ ആയുര്‍വേദയുടെ ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. നീമ പോളിന്റെ നേതൃത്വത്തില്‍ പത്ത്‌ വൈദ്യശാലകളിലും എല്ലാദിവസവും സ്‌ഥിരം ഡോക്‌ടര്‍മാരുടെ സേവനവും ലഭ്യമാണ്‌. മാസത്തിലെ നിശ്‌ചയിക്കപ്പെട്ട ദിവസങ്ങളില്‍ എല്ലാ വൈദ്യശാലകളിലും ഞാനും എത്തി രോഗികളെ കാണാറുണ്ട്‌. സെന്റ്‌ പോള്‍സ്‌ ആയുര്‍വേദ എന്ന പ്രസ്‌ഥാനം വളരണം. ആസ്‌തമയും അലര്‍ജിയുമായി ഒരു കുഞ്ഞുപോലും ഇനി വിഷമിക്കരുതെന്നാണ്‌ എന്റെ പ്രാര്‍ത്ഥന.

നൂറില്‍പരം വര്‍ഷത്തെ ചികിത്സാ പാരമ്പര്യം അടുത്ത തലമുറയിലേക്ക്‌ കൈമാറാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടോ...?
ഒരു അനുഗ്രഹമായി എനിക്ക്‌ ലഭിച്ചതാണ്‌ ആയുര്‍വേദത്തെക്കുറിച്ചുള്ള അറിവുകളും വൈദ്യന്‍ എന്ന പദവിയും. തലമുറകളായി പകര്‍ന്നുകിട്ടിയ ഇവയെല്ലാം എന്റെ മക്കള്‍ ഇതിലും നന്നായി നോക്കണമെന്നും രോഗം കൊണ്ട്‌ വലയുന്നവര്‍ക്ക്‌ ആശ്വാസം പകരണം എന്നും ആഗ്രഹമുണ്ട്‌. വിദ്യാഭ്യാസകാലത്ത്‌ എന്നെ കൂടുതല്‍ പഠിപ്പിക്കാനുള്ള ശേഷി രക്ഷകര്‍ത്താക്കള്‍ക്ക്‌ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന്‌ കാലം മാറി. എന്റെ മക്കള്‍ക്ക്‌ ഇഷ്‌ടമുള്ളത്‌ പഠിക്കാന്‍ ഞാന്‍ അവസരം ഒരുക്കി. അതോടൊപ്പം എനിക്ക്‌ എന്റെ പിതാവ്‌ ആയുര്‍വേദത്തെക്കുറിച്ച്‌ പറഞ്ഞുതന്നതെല്ലാം ഞാന്‍ അവര്‍ക്കും പറഞ്ഞുകൊടുക്കാറുണ്ട്‌. അതുകൊണ്ടാകാം മൂത്തമകള്‍ ഗ്രീഷ്‌മയും, രണ്ടാമത്തെ മകന്‍ ഗ്രൈസ്‌മണും ആയുര്‍വേദത്തിന്റെ വഴി തെരഞ്ഞെടുത്തത്‌. ഗ്രീഷ്‌മ ബി.എ.എം.എസ്‌. 3-ാം വര്‍ഷ വിദ്യാര്‍ഥിനിയും ഗ്രൈസ്‌മണ്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമാണ്‌. ഇളയമകള്‍ ഗ്രേയ 7-ാം ക്ലാസില്‍ പഠിക്കുന്നു. എന്റെ പ്രയത്നങ്ങള്‍ക്ക്‌ എല്ലാ പി ന്തുണയും നല്‍കി ഭാര്യ ബീനയും ഒപ്പമുണ്ട്‌. ആസ്‌ത്മ രോഗികളെ സഹായിക്കാന്‍ എനിക്കുശേഷം എന്റെ മക്കള്‍ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ.

ശരത്ത്‌ ഓടക്കാലി

Ads by Google
Sunday 10 Jun 2018 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW