Sunday, June 16, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 10 Jun 2018 01.33 AM

ഗള്‍ഫിലെ പെരുന്നാളാഘോഷം

uploads/news/2018/06/224609/sun5.jpg

അന്നംതേടി വന്ന പ്രവാസി മലയാളികള്‍ക്ക്‌ നോമ്പും പെരുന്നാളും ആഹ്‌ളാദത്തിന്റെയും ഒത്തുചേരലിന്റെയും ദിനങ്ങളാണ്‌. കദനം കൂടുകെട്ടുന്ന മനസില്‍ വിരഹനൊമ്പരം ആര്‍ത്തലയ്‌ക്കുമ്പോഴും വേദനകള്‍ മറന്ന്‌ അവര്‍, ജന്മനാട്ടിനെക്കാളേറെ ആഘോഷപൂര്‍വം ഈ ദിനങ്ങള്‍ കൊണ്ടാടുന്നു. ഓരോ പ്രവാസി മലയാളിക്കും മായാത്ത ഓര്‍മ്മയാണ്‌ ഈ പുണ്യദിനങ്ങള്‍. ഗൃഹാതുരത്വത്തിന്റെ നോവും വേവും പങ്കിടുന്നതിനിടയിലും ലക്ഷക്കണക്കിന്‌ പ്രവാസി മുസ്ലിംകള്‍ പരിശുദ്ധ റമസാന്റെയും ചെറിയ പെരുന്നാളിന്റെയും ഉദാത്തവും ഭക്‌തിസാന്ദ്രവുമായ പുണ്യപ്രക്രിയയില്‍ പങ്കാളികളാകുന്നു.
പിറന്ന മണ്ണിനെക്കാളേറെ ആവേശത്തോടും ആഘോഷത്തിമിര്‍പ്പോടും നോമ്പും പെരുന്നാളും കൊണ്ടാടുന്ന പ്രവാസി മലയാളികള്‍ പ്രവാസ ജീവിതത്തിനിടയിലും ആത്മീയ പരിശുദ്ധി നിലനിര്‍ത്തി ധര്‍മ്മചിന്തയുടെ തിരിനാളം കരളില്‍ കൊളുത്തുന്നു.
അപ്പം തേടിപ്പോയ പ്രവാസികള്‍ ഗള്‍ഫ്‌ നാടുകളിലുടനീളം നോമ്പും പെരുന്നാളും ജാതിമതഭേദമന്യേ ഭക്‌തിനിര്‍ഭരതയുടെയും ആഹ്‌ളാദത്തിന്റെയും ഒത്തുചേരലിന്റെയും പുണ്യദിനങ്ങളായി കൊണ്ടാടി വരുന്നു. മനസില്‍ നൊമ്പരത്തിന്റെ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങുമ്പോഴും അവര്‍ ഈ പാവനദിനങ്ങളുടെ പരിശുദ്ധിയില്‍ വേദനകള്‍ മറക്കുന്നു.
കുടുംബത്തെ വിട്ട്‌ കാതങ്ങളകലെ കഴിയുമ്പോഴും നാട്ടില്‍ ശീലിച്ച നോമ്പുതുറയും അത്താഴവുമെല്ലാം അവര്‍ വിഭവസമൃദ്ധമായി അവിടെയും ഒരുക്കുന്നു. സാമൂഹ്യജീവിതത്തിന്റെ സമ്പൂര്‍ണത, സര്‍വനാഥന്റെ സ്‌മരണയില്‍ മുങ്ങിത്തുടിക്കുന്ന ഇത്തരം പുണ്യദിനങ്ങളിലാണ്‌ സാക്ഷാല്‍ക്കരിക്കപ്പെടുന്നതെന്ന യാഥാര്‍ത്ഥ്യം പ്രവാസി മുസ്ലിംകള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു.
നോമ്പ്‌ തുറക്കാനുള്ള സമയമാകുന്നതോടെ ഗള്‍ഫ്‌ നാടുകളിലെ പള്ളികള്‍ സാമൂഹ്യ നോമ്പുതുറയുടെ ചൈതന്യവത്തായ വേദനകളായി മാറുന്നു. നോമ്പുതുറയ്‌ക്ക്‌ വേണ്ടി പള്ളിയുടെ ചുറ്റുപാടുമുള്ള അറബിവീടുകളില്‍ നിന്നു ചെമ്പുകളിലും കൂറ്റന്‍ പാത്രങ്ങളിലുമായി എത്തിച്ചേരുന്ന വിഭവങ്ങളില്‍ വിവിധതരം പലഹാരങ്ങളും അലീസ മുതല്‍ ആട്‌ ബിരിയാണി വരെയും ഉണ്ടായിരിക്കും.
പ്രമുഖരായ അറബി വ്യവസായികള്‍പോലും സ്വന്തം വാഹനങ്ങളില്‍ വണ്ടി ഓടിച്ച്‌ ഈ വിഭവങ്ങള്‍ പള്ളികളിലെത്തിക്കുന്നതോടൊപ്പം സാധാരണക്കാരോടൊപ്പമിരുന്ന്‌ നോമ്പ്‌ തുറയില്‍ പങ്കാളികളാകുന്നു. കോടീശ്വരനായ ഒരു അറബി ചിലപ്പോള്‍ അദ്ദേഹത്തിന്റെ തൊഴിലാളിയോടൊപ്പമിരുന്നായിരിക്കും നോമ്പ്‌ തുറക്കുക.
ശവ്വാല്‍മാസപിറവി കാണുന്നതോടെ ഉപവാസത്തിന്റെ പകലുകള്‍ യാത്രപറയുന്നു. മനസും വപുസും നോമ്പിന്റെ പരിശുദ്ധിയില്‍ പ്രശോഭിച്ച ഒരുമാസം പിന്നിടുന്നതോടെ സുഗന്ധപൂരിതമായ പെരുന്നാള്‍ സമാഗതമാകുന്നു. റമസാനോടനുബന്ധിച്ചുള്ള ഈദുല്‍ഫിതര്‍ പ്രവാസി മുസ്ലിംകളുടെ ഭക്‌തിയുടെയും ആഘോഷത്തിന്റെയും ദിനമാണ്‌. ഒരു മാസം മുഴുവന്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളുപേക്ഷിച്ചവര്‍ക്ക്‌ തങ്ങളുടേതായ ഒരുമാസത്തെ വ്രതം മുറതെറ്റാതെ പൂര്‍ത്തിയാക്കാന്‍ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കാനും അതിനു ദൈവത്തോട്‌ നന്ദി രേഖപ്പെടുത്താനുമുള്ള സുദിനം. ക്ഷമയും വിനയവും സ്‌നേഹവും ഔദാര്യവും കൈകോര്‍ത്ത്‌ മുപ്പത്‌ രാപ്പകലുകള്‍ കഴിച്ചുകൂട്ടിയതിലുള്ള ആഹ്‌ളാദം പ്രകടിപ്പിക്കുന്നതിനുള്ള സുദിനം.
പെരുന്നാള്‍ ദിവസം ഇസ്ലാം നിര്‍ബന്ധമാക്കിയ ഫിതര്‍സക്കാത്തും പ്രവാസി മലയാളികള്‍ നിര്‍വഹിക്കുന്നു. ഗള്‍ഫ്‌ നാടുകളില്‍ പാവപ്പെട്ടവരെ തേടിപ്പിടിച്ച്‌ ഫിതര്‍ സക്കാത്ത്‌ നല്‍കുന്നു. പെരുന്നാള്‍ദിവസം ആരും പട്ടിണി കിടന്നുകൂടാ എന്ന തത്വം പ്രായോഗികമാക്കാനാണ്‌ ഈ ദാനധര്‍മ്മം നിര്‍ബന്ധമാക്കിയത്‌.
നാട്ടിനെലക്കാളേറെ ഭക്‌തിസാന്ദ്രവും ചൈതന്യപൂര്‍ണവുമാണ്‌ പ്രവാസി മലയാളികളുടെ റമസാന്‍ - ഈദ്‌ ആഘോഷങ്ങള്‍.

ആറ്റക്കോയ പള്ളിക്കണ്ടി

Ads by Google
Sunday 10 Jun 2018 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW