Sunday, June 16, 2019 Last Updated 5 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 10 Jun 2018 01.33 AM

കല്യാണപിറ്റേന്ന്‌ വെള്ളത്തിലായപ്പോള്‍...

uploads/news/2018/06/224608/sun4.jpg

ദാമ്പത്യ ജീവിതത്തില്‍ ഒരു വ്യാഴവട്ടം പിന്നിടുമ്പോള്‍ വിവാഹദിനത്തിലെ കൗതുകകരമായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ്‌ ഗിന്നസ്‌ പക്രു
എന്റെ കല്യാണം നടന്നതിന്റെ പിറ്റേദിവസം കല്യാണവീഡിയോ ഭംഗിയാക്കാനുള്ള തീവ്രശ്രമത്തിലാണ്‌ വീഡിയോ സംഘം. എന്റെ വീട്‌ മീനച്ചിലാറിന്റെ തീരത്തായിരുന്നതുകൊണ്ടാവണം ഞങ്ങളുടെ ലവ്‌ സീന്‍ ആ കായലിന്റെ പശ്‌ചാത്തലത്തില്‍ പകര്‍ത്താമെന്ന്‌ അവര്‍ കരുതിയത്‌. ഞാന്‍ സമ്മതിച്ചു. തീരത്തൂ കൂടെ ആടിപ്പാടി നടന്നാല്‍ മതിയല്ലോ. കായലിന്റെ ബാക്ക്‌ഗ്രൗണ്ട്‌ ഭംഗിയാവും. ഞങ്ങള്‍ ഒരുങ്ങി ചെന്നപ്പോള്‍ അതാ അവര്‍ ഒരു കൊച്ചുവള്ളവും തുഴയുമായി നില്‍ക്കുന്നു. ഞാന്‍ ഒന്ന്‌ ഞെട്ടി. ആറിന്റെ തീരത്താണ്‌ താമസമെങ്കിലും എനിക്ക്‌ പണ്ടേ വെള്ളത്തില്‍ ഇറങ്ങാന്‍ പേടിയാണ്‌. വള്ളം തുഴയാനാണെങ്കില്‍ അറിയുകയുമില്ല. പക്ഷെ, ഇപ്പോള്‍ അതൊക്കെ പറഞ്ഞാല്‍ വിലപോകും. കല്യാണത്തിന്റെ രണ്ടാംദിവസം ഭാര്യയുടെ മുന്നില്‍ എന്റെ വില നഷ്‌ടപ്പെടുന്ന കാര്യം ആലോചിക്കാന്‍ പോലും കഴിയില്ല.
നീന്താനും, തുഴയാനുമൊക്കെ എനിക്കറിയാമെന്ന്‌ തട്ടിവിട്ടു. തീരത്ത്‌ കെട്ടിയിരുന്നതുകൊണ്ട്‌ സര്‍വ്വധൈര്യവും സംഭരിച്ച്‌ വള്ളത്തില്‍ കയറി തുഴയെടുത്ത്‌ രണ്ടുതവണ തുഴഞ്ഞു. ഇല്ല, കുഴപ്പമില്ല. ഞാനാരാ മോന്‍, ഞാന്‍ എന്നെത്തന്നെ മനസ്സില്‍ അഭിനന്ദിച്ചു. അതുകണ്ടപ്പോള്‍ ക്യാമറാമാനും സമാധാനമായി. പിന്നെ ഒന്നും ചോദിക്കാതെ, അയാള്‍ ഗായത്രിയെയും വള്ളത്തിലേക്ക്‌ കയറ്റി. എന്റെ ഭാരം കൊണ്ട്‌ അനങ്ങാതെയിരുന്ന വള്ളം, ഗായത്രി കയറിയപ്പോള്‍ ഒന്ന്‌ ഉലഞ്ഞു. ഉള്ളിലെ ഭയം പുറത്തുകാണിക്കാതെ ഞാന്‍ ചിരിച്ചു.
''ഞങ്ങള്‍ ഒരു കയര്‍ വള്ളത്തില്‍ കെട്ടി വലിക്കാമെന്നാണ്‌ കരുതിയത്‌. ഇനിയിപ്പോള്‍ പക്രുചേട്ടന്‍ എക്‌സ്പര്‍ട്ട്‌ ആയതുകൊണ്ട്‌ അതുവേണ്ടല്ലോ?''
എന്നും പറഞ്ഞ്‌ ആ മഹാപാപികള്‍ വള്ളം കായലിന്റെ നടുവിലേക്ക്‌ ഒരൊറ്റ തള്ളല്‍. എന്റെ പകുതി ജീവന്‍ പോയി. തീരത്ത്‌ വള്ളം കെട്ടിയിട്ട്‌ തുഴയുന്നപോലെ എളുപ്പമല്ല എന്ന്‌ ഇപ്പോള്‍ മനസ്സിലായി. എന്റെ ആത്മവിശ്വാസം കണ്ട്‌ സുസ്‌മേരവദനയായിരുന്ന ഭാര്യ പെട്ടെന്ന്‌ എന്റെ മുഖഭാവം മാറിയതു കണ്ട്‌ തിരക്കി, ''എന്തുപറ്റി ചേട്ടാ?''
''ഹേയ്‌, ഒന്നുമില്ല ഗായത്രി.'
ഞാന്‍ പിന്നെയും മുഖത്ത്‌ ചിരി വരുത്തിങ്ക
എവിടെനിന്നാണെന്നറിയില്ല, ഒരു കാറ്റ്‌ വന്ന്‌ വള്ളം ഉലയ്‌ക്കാന്‍ തുടങ്ങി. എനിക്കാണെങ്കില്‍ തുഴ മര്യാദയ്‌ക്ക് പിടിക്കാന്‍പോലും അറിയില്ല. കാറ്റും, നടുവിലെ ഒഴുക്കും കൂടിയായപ്പോള്‍ വള്ളത്തിന്റെ നിയന്ത്രണം ഏതാണ്ട്‌ നഷ്‌ടപ്പെട്ടു. ഗായത്രി ഉണ്ടല്ലോ, അവളുടെ വീടിനടുത്തും പുഴയൊക്കെ ഉള്ളതാണ്‌. ഇനിയിപ്പോ അഭിമാനം നോക്കിയിരുന്നിട്ട്‌ കാര്യമില്ല. അവളോട്‌ തുഴയാന്‍ പറയാം.
''ഗായത്രി നന്നായി തുഴയുമല്ലോ അല്ലേ? ''
ഞാന്‍ ചോദിച്ചു.
''ഹേയ്‌, എനിക്ക്‌ തുഴയാനൊന്നും അറിയില്ല ചേട്ടാ''
ഹൃദയത്തിലൂടെ ഒരു ഇടിവെട്ട്‌ കടന്നുപോയി. ചെറിയ വള്ളമാണ്‌. ഇനിയും കാറ്റ്‌ ശക്‌തി പ്രാപിച്ചാല്‍ മുങ്ങും. എനിക്ക്‌ നീന്തലും അറിയില്ല. എന്റെ ബലത്തിലാണ്‌ ഗായത്രി ഇരിക്കുന്നത്‌.
''ഗായത്രി എത്രനാളായി നീന്തല്‍ പഠിച്ചിട്ട്‌?''
ഞാന്‍ ചോദിച്ചു.
''ഓ, എനിക്ക്‌ നീന്തലോന്നും അറിയില്ല ചേട്ടാ.''
ഈശ്വരാ, ഇടിവെട്ടിയവനെ പാമ്പും കടിച്ചല്ലോ. ഇനി എന്തുചെയ്യും? കരയിലാണെങ്കില്‍ എന്റെ വെപ്രാളം കണ്ടു കുറെപേര്‍ ഡ്രസ്സ്‌ ഒക്കെ മാറ്റി ഏതുസമയത്തും വെള്ളത്തില്‍ ചാടാന്‍ തയ്യാറായി നില്‍ക്കുകയാണ്‌. കുറച്ചുപേരാവട്ടെ, കാറ്റിനും ഒഴുക്കിനും അനുസരിച്ച്‌ പോകുന്ന വള്ളത്തിന്റെ ഒപ്പം കരയിലൂടെ മതിലും കാടും താണ്ടി ഓടുകയാണ്‌. ഞാന്‍ ഗായത്രിയോട്‌ പറഞ്ഞു.
''പേടിക്കണ്ട. നമ്മുടെ കടവില്‍ അല്ലെങ്കിലും ഏതേലും കരയില്‍ ഞാന്‍ നിന്നെ അടുപ്പിക്കും''
''അപ്പോള്‍ ചേട്ടന്‌ തുഴയാന്‍ അറിയില്ലേ?''
അവളുടെ ചോദ്യം എന്റെ ഹൃദയത്തിലാണ്‌ തറച്ചത്‌. ഒരു വളിച്ച ചിരിയോടെ ഇല്ല എന്ന്‌ കാണിച്ച്‌ ഞാന്‍ എങ്ങനേലും, ഏതേലും കടവില്‍ അടുക്കാനുള്ള അശ്രാന്തപരിശ്രമം ആരംഭിച്ചു. എങ്ങനെയോ അകലെമാറി ഒരു കടവില്‍ അടുത്തപ്പോള്‍ ഗായത്രി എന്നെ ഒന്ന്‌ നോക്കി. പക്ഷെ, ഞാന്‍ നോക്കിയില്ല. എല്ലാവരുടെയും ഇടയില്‍ പെട്ടെന്ന്‌ ചിരി പടര്‍ന്നപ്പോള്‍, കൂടെ ഞാനും പങ്കാളിയായി.
പിന്നീട്‌ സ്വപ്‌നസുന്ദരമായി കടന്നുപോയ ഞങ്ങളുടെ ജീവിതത്തിലേക്ക്‌ മറ്റൊരു അതിഥികൂടി വരാന്‍ പോകുന്നെന്ന്‌ അറിഞ്ഞതോടെ സന്തോഷം പതിന്മടങ്ങായി.
ഗായത്രി ഒരു പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ മതിമറക്കുകയായിരുന്നു. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ കുഞ്ഞിന്‌ ശ്വാസകോശസംബന്ധമായ അസുഖം സ്‌ഥിരീകരിച്ചതോടെ എല്ലാ സന്തോഷവും പമ്പകടന്നു. പിന്നെ ആശങ്കയുടെയും സങ്കടത്തിന്റെയും ദിനങ്ങളായിരുന്നു. കോട്ടയത്തെ സ്വകാര്യആശുപത്രിയിലായിരുന്നു ചികിത്സ. ആ സമയത്താണ്‌ എനിക്ക്‌ അമേരിക്കയില്‍ പ്രോഗ്രാമിന്‌ പോകാനായി ചെന്നൈയില്‍ വിസയുടെ കാര്യത്തിന്‌ പോകേണ്ടിവരുന്നത്‌.
മനസ്സില്‍ ആ ദുഃഖം പേറി ചെന്നൈയില്‍ എത്തിയപ്പോളാണറിയുന്നത്‌ പാസ്‌പോര്‍ട്ട്‌ എടുക്കാന്‍ മറന്നിരിക്കുന്നു. അത്രയേറെ മനസ്സ്‌ തകര്‍ന്നിരിക്കുകയായിരുന്നു. അടുത്ത ഫ്‌ളൈറ്റിനു ഡ്രൈവറെ വിളിച്ച്‌ പാസ്‌പോര്‍ട്ട്‌ എത്തിച്ചാണ്‌ കാര്യം സാധിച്ചത്‌. കുഞ്ഞിന്‌ പിന്നെയും ചികിത്സ നടക്കുമ്പോളാണ്‌ മുമ്പ്‌ പറഞ്ഞുറപ്പിച്ച ഒരു പരിപാടിക്കായി തൃശൂരില്‍ പോകേണ്ടിവരുന്നത്‌. അന്നവിടെ കുഞ്ഞിന്റെ കാര്യം മനസ്സിലിട്ടാണ്‌ മിമിക്രി കാണിച്ച്‌ തിങ്ങിനിറഞ്ഞ ജനങ്ങളെ ചിരിപ്പിക്കേണ്ടി വന്നത്‌. വല്ലാത്ത ഒരു അനുഭവമായിരുന്നു അത്‌.
ജനിച്ചതിന്റെ പതിനഞ്ചാം ദിവസം കുഞ്ഞ്‌ ഈ ലോകത്തോട്‌ വിടപറഞ്ഞു.
ജീവിതംപോലും വേണ്ടെന്നുതോന്നിയ ദിവസങ്ങളായിരുന്നു പിന്നീട്‌ . ഒരുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ്‌ രണ്ടാമത്തെ കുഞ്ഞ്‌ പിറക്കുന്നത്‌. അവള്‍ ജനിച്ചപ്പോള്‍ ചില അകന്ന ബന്ധുക്കളൊക്കെ പറഞ്ഞു, ഇതും അധികനാള്‍ പോകില്ലെന്ന്‌. പക്ഷെ, എനിക്ക്‌ ദൈവത്തില്‍ വിശ്വാസം ഉണ്ടായിരുന്നു. ഞങ്ങളെ ഇത്രയും വിഷമിപ്പിച്ച ഈശ്വരന്‍ ഇനിയും പരീക്ഷിക്കില്ലെന്ന്‌. രണ്ടാമത്തെ മകള്‍ പിറന്നതോടെയാണ്‌ ആദ്യകുഞ്ഞിന്റെ വിയോഗത്തിന്റെ വേദന അല്‍പ്പമെങ്കിലും മറക്കാന്‍ കഴിഞ്ഞത്‌.
ഇന്ന്‌ ഞങ്ങളുടെ എല്ലാവരുടെയും പൊന്നോമനയായി ദീപ്‌തകീര്‍ത്തി ഞങ്ങളില്‍ നിറയുമ്പോള്‍ കഴിഞ്ഞുപോയ കാലത്തേക്ക്‌ ഞങ്ങള്‍ തിരിഞ്ഞുനോക്കാറുണ്ട്‌. അപ്പോഴും, സുഖവും ദുഃഖവും നിറഞ്ഞ ജീവിതത്തില്‍ ഇനിയും താണ്ടാനുള്ള വഴികളാണ്‌ മനസ്സില്‍ നിറയുന്നത്‌. ആ വഴികളിലേക്ക്‌ പ്രാര്‍ഥനയോടെ ഞങ്ങള്‍ കണ്ണുംനട്ട്‌ ഇരിക്കാറുണ്ട്‌.

തയ്യാറാക്കിയത്‌:
ഡോ. അബേഷ്‌ രഘുവരന്‍

Ads by Google
Sunday 10 Jun 2018 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW