Sunday, June 16, 2019 Last Updated 15 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 10 Jun 2018 01.33 AM

ആത്മാവില്‍ ഒരഴിച്ചുപണി-കഥ

uploads/news/2018/06/224607/sun3.jpg

സെറ്റിയില്‍ ബാഗ്‌ വച്ച്‌, അതിന്റെ വലിപ്പ്‌ തുറന്ന്‌ മകള്‍ക്ക്‌ വേണ്ടി വാങ്ങിയ ആ കൊച്ചു പൊതി മാത്രം എടുത്ത്‌ ടീപ്പൊയ്‌ മേല്‍ വച്ച്‌ ഞാന്‍ മേലേ മുറിയിലേക്ക്‌ കയറിപ്പോയി. സെറ്റിയില്‍ എല്ലാം ശ്രദ്ധിച്ചുകൊണ്ട്‌ അവള്‍ ഇരിപ്പുണ്ടായിരുന്നെങ്കിലും ഒരക്ഷരം മിണ്ടിയില്ല. അതങ്ങിനെയാണ്‌, പോസ്‌റ്റ്മോര്‍ട്ടം ഉണ്ടാകാറുള്ള ദിവസങ്ങളില്‍ വൈകിട്ട്‌ ഞാന്‍ വീട്ടില്‍ വരുമ്പോള്‍ അവള്‍ക്ക്‌ ഈ രസക്കേട്‌ പതിവുള്ളതാണ്‌. കാരണം മറ്റൊന്നുമല്ല ഞാന്‍ മകള്‍ക്ക്‌ വേണ്ടി വാങ്ങിവരുന്ന ആ കുഞ്ഞു പൊതിതന്നെ. അത്‌ നമുക്കര്‍ഹതപ്പെട്ടതല്ലെന്നും, ആരുടെയൊക്കെയോ കണ്ണീര്‌ വീണ പണം കൊണ്ടാണ്‌ അത്‌ വാങ്ങുന്നതെന്നും അതിനാല്‍ മകള്‍ കഴിക്കുന്നത്‌ ശരിയല്ല എന്നിങ്ങനെയാണ്‌ അവളുടെ വാദം. ആദ്യമൊക്കെ ഉച്ചത്തില്‍ ഒച്ചയുണ്ടാക്കുകയും, ആ പൊതി വലിച്ചെറിയാന്‍ ശ്രമിക്കുകയും ചെയ്യുമായിരുന്നെങ്കിലും ഞാന്‍ മാറാന്‍ പോകുന്നില്ലെന്ന്‌ കരുതിയാകണം, ഇപ്പോഴൊന്നും മിണ്ടാറില്ല. മൗനം മാത്രമായി അവളുടെ പ്രതിഷേധം ചുരുങ്ങി. അല്ലെങ്കിലും ഞാനെങ്ങിനെ മാറാനാണ്‌? മകളെ സ്‌നേഹിക്കുന്ന, അവളുടെ ഇത്തിരി ആവശ്യങ്ങളെങ്കിലും നിറവേറ്റിക്കൊടുക്കുന്ന, നല്ല ഒരച്‌ഛനാകാന്‍ എനിക്കും ആഗ്രഹമുണ്ടാവില്ലേ?
തൊട്ടടുത്ത ഒരു ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി അറ്റന്ററാണ്‌ ഞാന്‍. ദിവസ വേതനത്തിന്‌ ജോലി ചെയ്യുന്ന ഒരാള്‍. മാസത്തില്‍ ലീവൊന്നുമെടുത്തില്ലെങ്കില്‍ കൂടിയും കഷ്‌ടിച്ച്‌ ഇരുപതിനായിരം രൂപയില്‍ താഴെ മാത്രമാണ്‌ ശമ്പളം. അത്‌ കൊത്തിവലിക്കാനാകട്ടെ നൂറുനൂറാവശ്യങ്ങളും. അതിനാല്‍ മിച്ചവരുമാനം എന്നത്‌ എനിക്ക്‌ വെറും കേട്ട്‌ കേള്‍വിയാണ്‌. അങ്ങിനെയിരിക്കുമ്പോഴാണ്‌ മാസത്തില്‍ വല്ലപ്പോഴും വരുന്ന മൂന്നോ നാലോ പോസ്‌റ്റ്മോര്‍ട്ടങ്ങള്‍. ഡോക്‌ടറുടെ സഹായിയായി നിന്ന്‌ അവസാനം പുറത്തിറങ്ങുമ്പോള്‍ മൃതദേഹത്തിന്റെ ഉറ്റവരാരെങ്കിലും അഞ്ഞൂറോ ആയിരമോ കൈയില്‍ വച്ച്‌ തരും. അപ്രതീക്ഷിതമായി കിട്ടുന്ന ഈ പണം മാത്രമാണ്‌ എനിക്ക്‌ ജീവിതത്തില്‍ കിട്ടുന്ന ഏക അധിക വരുമാനം. കണക്കില്‍ പെടാത്തതായതിനാല്‍ ആ പണം പ്രത്യേകിച്ച്‌ ഒരാവശ്യവുമായും കെട്ടുപിണഞ്ഞ്‌ കിടക്കില്ല. ഈ ദിവസങ്ങളിലാണ്‌ മകളുടെ ഏറെ നാളത്തെ പല ആവശ്യങ്ങളും ഞാന്‍ നിറവേറ്റിക്കൊടുക്കാറ്‌. ലെയ്‌സും കിന്റര്‍ജോയും പോലുള്ള ചെറിയ വലിയ സന്തോഷങ്ങള്‍. അപ്പോഴാണ്‌ കുറേ വിലകുറഞ്ഞ ആദര്‍ശങ്ങളുമായി അവള്‍ ഇടങ്കോലിട്ട്‌ വരുന്നത്‌.
ടൗണില്‍ പല വലിയ ഹോസ്‌പിറ്റലുകളിലും ജോലി ചെയ്യുന്ന എന്റെ തന്നെ പല സുഹൃത്തുക്കളും ശമ്പളത്തേക്കാളധികമാണ്‌ ഈ വഴിക്ക്‌ സമ്പാദിക്കുന്നത്‌. അവര്‍ക്കൊക്കെ ദിവസേന ഒന്നോ അതിലധികമോ പോസ്‌റ്റ്മോര്‍ട്ടങ്ങളുണ്ടാകും. പലരും സഹായികളെ ആവശ്യമായി വരുമ്പോഴെല്ലാം എന്നെ അങ്ങോട്ട്‌ വിളിക്കാറുമുണ്ട്‌. പക്ഷേ ഞാന്‍ പോകാറില്ല. ഇവളുടെ ഈ സ്വഭാവം തന്നെ കാരണം. അല്ലെങ്കിലും പല ഡോക്‌ടര്‍മാരും ആ പണം ഒരു കുഴപ്പവുമില്ലാതെ വാങ്ങുമ്പോള്‍ വെറുമൊരു സഹായിയും ദിവസവേതനക്കാരനുമായ എന്റെ ആദര്‍ശങ്ങള്‍ക്ക്‌ എന്ത്‌ പ്രസക്‌തിയാണുള്ളത്‌? ഞാനത്‌ വാങ്ങിയില്ലെങ്കില്‍ ചിലപ്പോള്‍ പിന്നീടെന്നെ സഹായിയായി വിളിക്കണമെന്നുമില്ല. ഒരുപക്ഷേ ഭാവിയിലതെന്റെ ജോലിക്ക്‌ തന്നെ ഭീഷണിയാകാനും മതി. അതിനേക്കാളെന്തുകൊണ്ടും നല്ലതാണ്‌ ഇവളുടെ ഈ എതിര്‍പ്പ്‌ കണ്ടില്ലെന്ന്‌ നടിക്കുന്നത്‌.
അന്ന്‌ രാത്രി പതിവുപോലെ ഊണ്‍ മേശയിലും കിടക്കയിലുമെല്ലാം അവളുടെ മൗനം പടര്‍നിരുന്നു. പിറ്റേന്ന്‌ കാലത്ത്‌ എല്ലാം സാധാരണരീതിയിലായതിന്റെ അടയാളമെന്നോണം ഉച്ചഭക്ഷണവും വെള്ളവും പൊതിഞ്ഞുവച്ചതിനുശേഷം അവളെന്നെ
കാപ്പികുടിക്കാന്‍ വിളിച്ചു. തുടര്‍ന്ന്‌ ഇറങ്ങാന്നേരം തലേ ദിവസത്തെ മാലിന്യങ്ങളെല്ലാം പൊതിഞ്ഞ്‌ മറ്റൊരു കവറും അവളെന്റെ കൈയില്‍ തന്നു. ഇറങ്ങുമ്പോള്‍ ചിരിച്ചൊന്ന്‌ യാത്ര പറഞ്ഞെങ്കിലും വൈകിട്ട്‌ വീണ്ടും അവളുടെ ഭാവം മാറുമെന്ന്‌ എനിക്കറിയാമായിരുന്നു. കാരണം ഇന്നും ഉണ്ട്‌ ഒരു പോസ്‌റ്റ്മോര്‍ട്ടം. അതവളോട്‌ പറഞ്ഞില്ലെങ്കിലും മാസാവസാനം വീട്ടിലെന്ത്‌ വാങ്ങിവന്നാലും അവള്‍ ഊഹിച്ചെടുത്തോളും. അതില്‍ മകള്‍ക്കുള്ള പൊതി ഇല്ലെങ്കില്‍ മുഖത്തിന്റെ കടുപ്പം ഇത്തിരി കുറയുമെന്നുമാത്രം.
സ്‌ഥിരമായി വെയ്‌സ്റ്റ്‌ ഇടാറുള്ളിടത്ത്‌ സ്‌കൂട്ടി നിര്‍ത്തി ഞാന്‍ ആളൊഴിഞ്ഞ ഒരിടം അന്വേഷിച്ചു. അതൊരു ചേരിയോട്‌ ചേര്‍ന്നുള്ള ഇടവഴിയാണ്‌. അധികം ആളുകളൊന്നും ഉണ്ടാവാറില്ല. കുറച്ച്‌ കുട്ടികള്‍ എന്നും അല്‌പ്പമകലെമാറി കളിക്കുന്നുണ്ടാകും. അവരെന്നെ ശ്രദ്ധിക്കുന്നുണ്ട്‌ എന്നത്‌ എന്റെ എന്നുമുള്ള സംശയമാണ്‌. പിന്നീട്‌ കുട്ടികളുടെ കണ്ണു തെറ്റി എന്നു തോന്നുമ്പോള്‍ ഞൊടിയിടയില്‍ ഞാനത്‌ വലിച്ചെറിഞ്ഞ്‌ ആശുപത്രിയിലേക്ക്‌ പോകും. അന്നും അങ്ങിനെ തന്നെയാണ്‌ ചെയ്‌തത്‌. പക്ഷേ തിരിഞ്ഞുനോക്കിയപ്പോഴെല്ലാം അവരെന്നെ നോക്കിനില്‌ക്കുന്നതായു കണ്ടു. ദൈവമേ ഇനി ഈ കുട്ടികള്‍ വല്ല ആരോഗ്യ അധികൃതരേയും വിളിച്ച്‌ കൊണ്ടുവന്ന്‌ കാണിക്കുമോ എന്നതാണ്‌ എന്റെ ഭയം. പക്ഷേ ഇതുവരെ ഒരു കുഴപ്പവുമുണ്ടായിട്ടില്ലെന്ന്‌ മാത്രമല്ല ഞാനെറിഞ്ഞ കവറുകള്‍ പിന്നീടൊരിക്കലും ഞാനവിടെ കണ്ടിട്ടുമില്ല.
ആശുപത്രിയിലെത്തിയപ്പോഴേക്കും ഡോക്‌ടര്‍ വന്നിട്ടുണ്ടായിരുന്നു. ഞാന്‍ നേരെ മോര്‍ച്ചറിയിലേക്ക്‌ കയറി. വഴിയിലെങ്ങാനും കിടന്നുകിട്ടിയ ഒരു ജഡമാണെന്ന്‌ ഡോക്‌ടര്‍ ഇന്നലെ തന്നെ പറഞ്ഞിരുന്നു. അപ്പോള്‍ എന്റെ ജോലി കൂടും. (ഞാന്‍ മനസിലോര്‍ത്തു). വൈകാതെ ഡോക്‌ടറും അങ്ങോട്ട്‌ വന്നു. ഞാന്‍ ജഡമെടുത്ത്‌ ഡസ്‌കില്‍ കിടത്തി. ഒരു സ്‌ത്രീയാണ്‌, നാല്‌പ്പതോടടുപ്പിച്ച്‌ പ്രായം. ഇത്തിരി പഴകിയ മട്ടുമുണ്ട്‌. മറിച്ചും തിരിച്ചും പരിശോധിച്ച ശേഷം ഡോക്‌ടര്‍ പറഞ്ഞ ഭാഗങ്ങള്‍ ഞാന്‍ വെള്ളമൊഴിച്ച്‌ കഴുകി, തുടച്ച്‌ വൃത്തിയാക്കിയതിനു ശേഷം ആ ശരീരത്തില്‍ ഡോക്‌ടര്‍ കീഴ്‌ത്താടിക്ക്‌ ചുവടെ നിന്നും അടിവയര്‍ വരെ നീളത്തില്‍ കത്തികൊണ്ട്‌ മുറിച്ചു. പിന്നീടോരോ അവയവത്തില്‍ നിന്നും മുറിച്ചെടുത്ത ഭാഗങ്ങള്‍ ടേബിളില്‍ വച്ച്‌ തന്നെ പ്രാഥമിക പരിശോധന നടത്തി. തലയോട്ടി തുറക്കാറായപ്പോള്‍ വീണ്ടും എനിക്കുനേരെ നോക്കി. (അതിന്റെ അര്‍ഥം അതാണെന്ന്‌ ഇത്രയും കാലത്തെ അനുഭവം കൊണ്ട്‌ എനിക്കൂഹിക്കാമായിരുന്നു). ഞാനത്‌ എളുപ്പത്തില്‍ ചെയ്‌തു. മുമ്പൊക്കെ എനിക്ക്‌ ഒരു വല്ലായ്‌മ തോന്നിയിരുന്നു. ഇത്തിരി മദ്യം കഴിക്കേണ്ടി വന്ന സന്ദര്‍ഭം പോലുമുണ്ട്‌. എന്നാലിന്ന്‌ ഇതൊന്നും എനിക്കൊരു വിഷയമേയല്ല. ഇരു ഭാഗത്തും കത്തികൊണ്ട്‌ വരഞ്ഞ്‌ നെറ്റിയില്‍ ഉളി ഒരു പ്രത്യേക സ്‌ഥാനത്ത്‌ വച്ച്‌ ചുറ്റിക കൊണ്ട്‌ ഒന്നോ രണ്ടോ തട്ട്‌. തലയോട്ടി ഒരു തൊപ്പി പോലെ തുറന്നുവരും. അതിലെന്താണ്‌ ഇത്ര വല്ലായ്‌മ തോന്നാന്‍. മാത്രവുമല്ല ഇതൊരു ജോലിയാണ്‌, മഹത്തായ ഒരു പ്രവൃത്തി. പരിശോധന കഴിഞ്ഞ്‌ ഡോക്‌ടര്‍ മാറിയാല്‍ പിന്നീടെന്റെ ഊഴമാണ്‌. മുറിച്ചെടുത്തതും ആവശ്യം കഴിഞ്ഞതുമായ അവയവാവശിഷ്‌ടങ്ങളെല്ലാം ഒരു പ്‌ളാസ്‌റ്റിക്‌ ബാഗിലാക്കി ജഡത്തിന്റെ വയറ്റില്‍ വയ്‌ക്കണം. തുടര്‍ന്ന്‌ പുറത്തെടുത്ത മുഴുവന്‍ അവയവങ്ങളും വയറ്റില്‍ തന്നെ വച്ച്‌ തുന്നിക്കെട്ടി വെള്ളത്തുണിയില്‍ പൊതിയണം.
എല്ലാം കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോള്‍ രണ്ടുപേര്‌ (മൃതദേഹത്തിന്റെ ആരെങ്കിലുമാകണം) അവിടെ നില്‌പ്പുണ്ടായിരുന്നു. അവരുടെ മുഖം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അവരിലൊരാള്‍ നീട്ടിയ പണവും വാങ്ങി ഞാന്‍ നടന്നു. ഈ മാസം ഇത്‌ അഞ്ചാമത്തെ പോസ്‌റ്റ്മോര്‍ട്ടമാണ്‌. ഒരാളൊഴിച്ച്‌ ബാക്കി എല്ലാവരും തന്നത്‌ അഞ്ഞൂറു രൂപവീതമായിരുന്നു. വൈകിട്ട്‌ വീട്ടിലേക്ക്‌ പോകുമ്പോള്‍ മകള്‍ക്കായി കുറച്ചധികം മിഠായിപ്പൊതികള്‍ വാങ്ങി. അടുത്തദിവസം പോസ്‌റ്റ്മോര്‍ട്ടമുള്ളതായൊന്നും ഡോക്‌ടര്‍ പറഞ്ഞിരുന്നില്ല. ഇനി എന്നാണ്‌ ഉണ്ടാവുകയെന്നുമറിയില്ല. അതങ്ങനെയാണ്‌. വരുമ്പോള്‍ ഒരുമിച്ച്‌ വരും പോകുമ്പോള്‍ ഒറ്റപ്പോക്കു പോകുകയും ചെയ്യും. സാധാരണയില്‍ നിന്നും വ്യത്യസ്‌തമായി ഈ മാസം കുറച്ചധികം കേസുകള്‍ ഉണ്ടാവുകയും ചെയ്‌തു. പക്ഷേ 3000 രൂപ മാത്രമാണ്‌ ഈ വഴി എനിക്ക്‌ ലഭിച്ചത്‌. വീട്ടിലെത്തി അവളിരിപ്പുണ്ടായിരുന്ന സെറ്റിക്കു മുന്നിലായി ടീപ്പൊയ്‌ മേല്‍ മകള്‍ക്കുള്ള പൊതിയും എടുത്തുവച്ച്‌ ഞാന്‍ മുറിയിലേക്ക്‌ പോയി. രാത്രി വര്‍ത്തമാനം പറഞ്ഞിരിക്കെ മിഠായി നന്നായിരുന്നു എന്ന്‌ മകള്‍ ഇങ്ങോട്ട്‌ പറഞ്ഞുകേട്ടപ്പോള്‍ ഞാന്‍ ഗൗരവമുള്ള ഒരച്‌ഛനായി ഒന്നു മൂളി. എന്റെ ആത്മഹര്‍ഷങ്ങള്‍ എനിക്കുവേണ്ടി മാത്രം മുഴങ്ങി. ഈ സന്തോഷമാണോ കുറേ ആദര്‍ശങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ നഷ്‌ടപ്പെടുത്തേണ്ടത്‌? അതിന്‌ വേറെ ആളെ നോക്കണം. ആദര്‍ശങ്ങള്‍ മിക്കപ്പോഴും കേവലം സാഹചര്യങ്ങളുടെ സന്താനങ്ങളാണ്‌. പ്രതികരണം ഊഹിക്കാവുന്നതുകൊണ്ടുതന്നെ അവളോടധികമൊന്നും ഞാനന്ന്‌ മിണ്ടാന്‍ പോയില്ല.
പിറ്റേന്ന്‌ കാലത്ത്‌ ആശുപത്രിയിലേക്ക്‌ പുറപ്പെടാന്‍ നേരം വീണ്ടും തലേന്നാളത്തെ മാലിന്യങ്ങള്‍ പൊതിഞ്ഞെടുത്ത്‌ അവളെന്റെ കൈയില്‍ തന്നു. ഞാന്‍ അത്‌ വലിച്ചെറിയാറുള്ള എന്റെ സ്‌ഥിരം സ്‌ഥലം ലക്ഷ്യമാക്കി പുറപ്പെട്ടു. പതിവുപോലെ തൊട്ടടുത്ത മൈതാനത്ത്‌ കുറച്ച്‌ കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നതൊഴിച്ചാല്‍ മറ്റാരും ആ പരിസരത്തില്ലായിരുന്നു. ഭാഗ്യം കുട്ടികള്‍ കളിയില്‍ മുഴുകിനില്‌ക്കുകയായിരുന്നു. ഞാന്‍ എന്റെ കൈയിലെ പൊതി അടുത്തുള്ള ഒരു കുറ്റിക്കാട്ടിലേക്ക്‌ വലിച്ചെറിഞ്ഞ്‌ ധൃതിയില്‍ സ്‌കൂട്ടി സ്‌റ്റാര്‍ട്ട്‌ ചെയ്‌ത് പുറപ്പെടാനൊരുങ്ങി. സ്‌റ്റാര്‍ട്ട്‌ ചെയ്‌ത ശബ്‌ദം കേട്ടാകണം കുട്ടികളെല്ലാവരും ഒരുമിച്ച്‌ അങ്ങോട്ട്‌ നോക്കി. ഞാന്‍ അത്‌ ഗൗനിക്കാതെ വണ്ടിയെടുത്ത്‌ പുറപ്പെട്ടു. കുറച്ച്‌ ദൂരം ചെന്ന്‌ വെറുതേ ഒന്നു തിരിഞ്ഞുനോക്കിയതാണ്‌; ഞാനാ കാഴ്‌ച കണ്ടുഞെട്ടി. കുട്ടികള്‍ കളി നിര്‍ത്തിവച്ച്‌ ഞാന്‍ ആ കവര്‍ വലിച്ചെറിഞ്ഞ ഭാഗത്തേക്ക്‌ ഓടുകയായിരുന്നു. ഒരുനിമിഷം ഞാനൊന്നു സ്‌തബ്‌ധനായി. വണ്ടിയെടുത്ത്‌ അവിടെനിന്നും രക്ഷപ്പെടാന്‍ തോന്നിയെങ്കിലും, അപ്പോഴേക്കും കുട്ടികള്‍ ആ കവറിനടുത്തെത്തിയിരുന്നു. അവരിലൊരാള്‍ ആ കവറുമെടുത്ത്‌ തിരികെ മൈതാനത്തേക്ക്‌ ഓടുകയും ചെയ്‌തു. എന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ ഞാന്‍ അത്ഭുതപ്പെട്ടു. വരുന്നത്‌ വരട്ടെ എന്ന്‌ കരുതി ഞാന്‍ അടുത്തുണ്ടായിരുന്ന ഒരു മതിലിനരികില്‍ ഒരു മരത്തിനു പിന്നിലേക്ക്‌ മാറിനിന്നു. അവിടെ നിന്നും എനിക്ക്‌ കുട്ടികളെ വ്യക്‌തമായി കാണാമായിരുന്നു. അവര്‍ പക്ഷേ ആ കവറിനു ചുറ്റും കൂടിനിന്നതല്ലാതെ മറ്റൊന്നും ശ്രദ്ധിച്ചതേയില്ല. അവരിലൊരാള്‍ ആ കവറഴിച്ച്‌ അതിലെ മാലിന്യങ്ങളെല്ലാം നിലത്ത്‌ കുടഞ്ഞിട്ടു. കുട്ടികള്‍ക്കിടയിലൂടെ ഞാനാ കാഴ്‌ച വ്യക്‌തമായി കണ്ടു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കവറില്‍ നിന്നും പുറത്തേക്ക്‌ തെറിച്ച മാലിന്യങ്ങളോടൊപ്പം ഞാന്‍ മകള്‍ക്ക്‌ വേണ്ടി വാങ്ങിയ എന്റെ സ്‌നേഹസമ്മാനങ്ങള്‍ മുഴുവനുമുണ്ടായിരുന്നു. കവര്‍ പോലും തുറക്കാതെ എന്റെ മുഴുവന്‍ വാത്സല്യവും.

ബി. മണി എരിക്കുളം

Ads by Google
Sunday 10 Jun 2018 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW