Thursday, September 20, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 02.57 PM

അനുകരണ കലയുടെ തിരയിളക്കം

''അനുകരണകലയുടെ മാസ്മരിക ഭാവങ്ങള്‍ വിഷ്ണുവിന്റെ രചനകളിലേക്കും പടര്‍ന്നുപിടിക്കുകയായിരുന്നു. തിരൂരില്‍ നടന്നസംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാംസ്ഥാനം നേടിയതോടെ തന്റെ ജീവിതം കലാരംഗത്ത് സമര്‍പ്പിതമാണെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ തീരുമാനിക്കുകയായിരുന്നു.''
uploads/news/2018/06/224487/CiniNINWVishnuunni090618.jpg

വിഷ്ണു ഉണ്ണികൃഷ്ണന്റെ മനസില്‍ നിറയുന്നത് അനുകരണ കലയുടെ തിരയിളക്കമാണ്. തന്റെ ചുറ്റുപാടുമുള്ള തീവ്രമായ ജീവിതാനുഭവങ്ങളാണ് മിമിക്രി വേദികളില്‍ വിഷ്ണു പിറവി നല്‍കുന്നത്. അനുകരണകലയുടെ മാസ്മരിക ഭാവങ്ങള്‍ വിഷ്ണുവിന്റെ രചനകളിലേക്കും പടര്‍ന്നുപിടിക്കുകയായിരുന്നു.

തിരൂരില്‍ നടനന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാംസ്ഥാനം നേടിയതോടെ തന്റെ ജീവിതം കലാരംഗത്ത് സമര്‍പ്പിതമാണെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ തീരുമാനിക്കുകയായിരുന്നു. മിമിക്രി വേദികള്‍ നല്‍കിയ ഉണര്‍വും വിപിന്‍ ജോര്‍ജുമായിട്ടുള്ള സൗഹൃദവും വിഷ്ണുവിനെ സിനിമയിലേക്ക് കടന്നുവരാന്‍ പ്രചോദനമായി.

അമര്‍ അക്ബര്‍ അന്തോണിയുടെ കഥയുമായി വന്ന വിഷ്ണു പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷനായി. ശിക്കാരി ശംഭുവും വികടകുമാരനും കഴിഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍ നിത്യഹരിതനായകനില്‍ എത്തിനില്‍ക്കുകയാണ്.

നായകനായി മലയാളസിനിമയിലേക്ക് കടന്നുവന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍ ദുല്‍ക്കര്‍ സല്‍മാന്റെ പുതിയ ചിത്രത്തിനു വേണ്ടി സ്‌ക്രിപ്റ്റ് തയാറാക്കുന്ന തിരക്കിലാണ്. പാലക്കാട് ചിത്രീകരണം നടന്ന നിത്യഹരിത നായകന്റെ സെറ്റില്‍ വച്ചാണ് വിഷ്ണു തന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.

? നിത്യഹരിത നായകനിലെ ചിത്രത്തെക്കുറിച്ച്...


ഠ നാട്ടിന്‍പുറത്തുകാരനായ സജിമോനെന്ന യുവാവിന്റെ ജീവിതയാത്രയില്‍ സംഭവിക്കുന്ന രസകരവും അല്ലാത്തതുമായ ചില അനുഭവങ്ങളാണ് നിത്യഹരിത നായകന്റെ പ്രമേയം.

വിപ്ലവ ചിന്തകളുമായി ജീവിതം തുടങ്ങുന്ന സജിമോന്റെ കലാലയ ജീവിതവും കല്യാണം കഴിക്കുന്നതോടെ ഭാര്യയെന്ന കഥാപാത്രം ജീവിതത്തിലേക്ക് കടന്നുവന്നതോടെ ഉണ്ടാകുന്ന ചില രസകരമയ പ്രശ്‌നങ്ങളുമാണ് നിത്യഹരിത നായകന്‍ ചര്‍ച്ച ചെയ്യുന്നത്. ഈ ചിത്രത്തില്‍ നിര്‍മ്മാതാവ് കൂടിയായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ചേട്ടനും എന്റെ കൂടെയുണ്ട്.

? കട്ടപ്പനയിലെ സഹോയും നിത്യഹരിത നായകനിലെ പ്രൊഡ്യൂസറുമായിട്ടുള്ള ആത്മബന്ധം...


ഠ ഞാനും ധര്‍മ്മജന്‍ ചേട്ടനും തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കലാഭവന്റെ പല സ്‌കിറ്റുകളും ഞാന്‍ ഒറ്റയ്ക്ക് അവതരിപ്പിക്കുമായിരുന്നു. ഫോണ്‍ ഇന്‍ പ്രോഗ്രാം എന്ന പരിപാടിയില്‍ അവതാരകയാവുന്നതും കഥാപാത്രമായി അഭിനയിക്കുന്നതുമൊക്കെ ഒട്ടും സമയം പാഴാക്കാതെ ഞാന്‍ സ്‌റ്റേജില്‍ ചെയ്യുമായിരുന്നു.

ഒരിക്കല്‍ മുളവുകാട് ക്ഷേത്രത്തില്‍ ഞാന്‍ പ്രോഗ്രാം അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ കൈയിലൊരു നോട്ടുമാലയുമായി സ്‌റ്റേജിലേക്കൊരാള്‍ കയറി വന്നു. ഭാവിയില്‍ വലിയവനാകുമെന്ന് പറഞ്ഞ് നോട്ടുമാല എന്റെ കഴുത്തിലണിയിച്ചു. ഞാന്‍ നായകനാവുന്ന നിത്യഹരിത നായകന്റെ പ്രൊഡ്യൂസര്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയായിരുന്നു അത്.

നിരവധി മിമിക്രി വേദികളില്‍ ഞാനും ധര്‍മ്മജന്‍ ചേട്ടനും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അന്നുണ്ടായിരുന്ന ആത്മബന്ധം ഇന്നും ഞങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ പുറത്തിറങ്ങിയപ്പോള്‍ എന്റെയും ധര്‍മ്മജന്‍ ചേട്ടന്റെയും പെര്‍ഫോമന്‍സ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നിത്യഹരിത നായകന്റെ രചയിതാവ് കഥ പറഞ്ഞപ്പോള്‍ തന്നെ മറ്റൊന്നും ആലോചിക്കാതെ ധര്‍മ്മജന്‍ ചേട്ടന്‍ ചിത്രം പ്രൊഡ്യൂസ് ചെയ്യാന്‍ മുന്നോട്ടു വരുകയായിരുന്നു.

uploads/news/2018/06/224487/CiniNINWVishnuunni090618a.jpg

? മലയാളസിനിമയില്‍ നിത്യഹരിത നായകനെന്ന് അറിയപ്പെടുന്നത് പ്രേംനസീറാണ്. ചിത്രത്തിന് ഇത്തരമൊരു ടൈറ്റില്‍ ബോധപൂര്‍വം നല്‍കിയതാണോ...


ഠ സിനിമയുടെ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ ടൈറ്റില്‍ തന്നെയാണ് നിത്യഹരിത നായകന്‍. മലയാളികളുടെ നിത്യഹരിത നായകനാണ് പ്രേംനസീര്‍ സാറ്. ചെറുപ്പം മുതല്‍ക്കേ സാറിന്റെ ശബ്ദം ഞാന്‍ അനുകരിച്ചിട്ടുണ്ട്. മലയാളികള്‍ പ്രേംനസീര്‍ സാറിനെ ഇന്നും ആദരവോടെ വിളിക്കുന്ന നിത്യഹരിത നായകനെന്ന ടൈറ്റിലിലുള്ള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.

? മിമിക്രി വേദികളില്‍ സജീവമായിരുന്ന വിഷ്ണുവിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്...


ഠ കൊച്ചിന്‍ ട്യൂണ്‍സ് എന്ന മിമിക്രി ട്രൂപ്പില്‍ ഞാന്‍ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ട്രൂപ്പിന്റെ ഉടമയായ ചലച്ചിത്ര താരം മന്‍രാജ് ചേട്ടന്‍ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലേക്ക് ഒരു ആര്‍ട്ടിസ്റ്റിനെ ആവശ്യമുണ്ടെന്നു പറഞ്ഞത്. മന്‍രാജ് ചേട്ടന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ചിത്രത്തിന്റെ സെറ്റിലെത്തി അസി. ഡയറക്ടര്‍ നിഷാദ് ഖാനെ കണ്ടു.

ടി.എസ്. രാജു ചേട്ടന്‍ ആളുകളെ തല്ലുമ്പോള്‍ ഗ്രൂപ്പില്‍ നില്‍ക്കുന്ന ആളായി എന്നെ സെലക്ട് ചെയ്തു. ഒരു ഡയലോഗ് ഉണ്ട് പറയാമോ എന്ന് നിഷാദ് ചേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഡയലോഗ് പറയാന്‍ ആവേശത്തോടെ മുന്നോട്ടു വന്നു. ഫസ്റ്റ് ടേക്കില്‍ തന്നെ എന്റെ ഡയലോഗ് ഓക്കെയായി. സെറ്റില്‍ ജയറാമേട്ടനെയും നെടുമുടി ചേട്ടനെയും അനുകരിച്ചത് അവര്‍ക്ക് ഏറെ ഇഷ്ടമായി.

പിന്നീട് ജയറാമേട്ടന്റെ അമൃതം എന്ന ചിത്രത്തില്‍ അന്തക്കോടായും മായാവിയില്‍ സലിം കുമാര്‍ ചേട്ടനോട് ഞാന്‍ പറയുന്ന 'ഒന്നു പോടാപ്പാ മരമാക്രി പോയി തരത്തീ പോയി കളിക്കെട....' എന്ന ഡയലോഗ് ഹിറ്റായി. പിന്നീട് കുറെയധികം സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ഓരോ സിനിമയും ചെറിയ വേഷമാണെങ്കിലും നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു.

? അഭിനയ മോഹവുമായി സിനിമയിലെത്തിയ വിഷ്ണു ഹ്യൂമര്‍ ടച്ചുള്ള സ്‌ക്രിപ്റ്റുകളുമായി മലയാളസിനിമയുടെ ഭാഗമായി മാറുകയായിരുന്നല്ലോ...


ഠ ഞാനും എന്റെ സുഹൃത്തായ വിപിന്‍ ജോര്‍ജും ചേര്‍ന്ന് ഞങ്ങള്‍ക്ക് അഭിനയിക്കാന്‍ വേണ്ടി ഒരു സ്‌ക്രിപ്റ്റ് തയാറാക്കിയിരുന്നു. പുതിയൊരു സംവിധായകനെ കണ്ടെത്തുകയെന്നതും ലക്ഷ്യമായിരുന്നു. നാദിര്‍ഷാ ഇക്കയോട് കഥ പറയാന്‍ ഞങ്ങള്‍ തീരുമാനിച്ചു. കലാഭവന്‍ ജോണ്‍ ചേട്ടനോട് ഞങ്ങള്‍ വിവരം പറഞ്ഞപ്പോള്‍ ഷാജോണ്‍ ചേട്ടന്‍ നാദിര്‍ഷ ഇക്കയോട് വിവരം പറഞ്ഞു.

കഥ കേട്ടതും നാദിര്‍ഷാ ഇക്ക നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഞങ്ങളുടെ അഭിനയ മോഹം പറഞ്ഞപ്പോള്‍ അറിയപ്പെടുന്ന അഭിനേതാക്കളെ വച്ച് സിനിമ ചെയ്താല്‍ ശ്രദ്ധിക്കപ്പെടുമെന്നും ഇക്ക പറഞ്ഞു.

സംവിധായകന്‍ ആരാവുമെന്ന് ചോദിച്ചപ്പോള്‍ വേണമെങ്കില്‍ ഞാന്‍ സംവിധാനം ചെയ്യാമെന്ന് നാദിര്‍ഷ ഇക്ക സൂചിപ്പിച്ചു. അങ്ങനെയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം യാഥാര്‍ത്ഥ്യമായത്.

ഈ സിനിമ ഹിറ്റായതോടെയാണ് മറ്റൊരു നടനെ കേന്ദ്രകഥാപാത്രമാക്കി കട്ടപ്പനയിലെ ഋത്വിക് റോഷന്റെ സ്‌ക്രിപ്റ്റ് ഞങ്ങള്‍ എഴുതിയത്. കഥ കേട്ട നാദിര്‍ഷ ഇക്ക പറഞ്ഞു മറ്റൊരാളെയും നോക്കണ്ട ഈ ചിത്രത്തിലെ നായകനായി നീ അഭിനയിച്ചാല്‍ മതിയെന്ന് എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ വല്ലാതെയായി.

തുടക്കത്തില്‍ അഭിനയിക്കാന്‍ മടിയും ടെന്‍ഷനുമൊക്കെ ഉണ്ടായിരുന്നു. പിന്നെ ശരിയായി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.

uploads/news/2018/06/224487/CiniNINWVishnuunni090618a1.jpg

? ശിക്കാരി ശംഭുവിലും വികടകുമാരനിലെയും അനുഭവങ്ങള്‍....


ഠ ശിക്കാരി ശംഭു പ്രത്യേക തലത്തിലുള്ള ചിത്രമായിരുന്നു. വികടകുമാരനില്‍ അഭിനയിക്കണമെന്നു പറഞ്ഞപ്പോള്‍ വക്കീലാകാന്‍ ഞാനില്ലെന്നു പറഞ്ഞതാണ്. രചയിതാവ് വൈ.വൈ. രാജേഷ് ഞാന്‍ വക്കീലായ കഥാപാത്രം ചെയ്യണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നു.

ഇവന്‍ കേസെടുത്താല്‍ തോറ്റു പോകുമെന്ന് പ്രേക്ഷകര്‍ക്കു തോന്നുന്ന തരത്തിലുള്ള വക്കീലാകാന്‍ വിഷ്ണുവിന് പറ്റുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിക്കുകയായിരുന്നു. ലുക്കിലല്ല ബുദ്ധിയിലാണ് കാര്യമെന്ന് എന്റെ കഥാപാത്രം പറയുന്നുണ്ട്.

? നല്ല കാമ്പുള്ള കഥകള്‍ക്ക് വായനാശീലം വേണമല്ലോ. എങ്ങനെയാണ് കഥകള്‍ തെരഞ്ഞെടുത്ത് എഴുതുന്നത്...


ഠ ഞാനും സുഹൃത്തായ വിപിന്‍ ജോര്‍ജും വായനയുടെ കാര്യത്തില്‍ പിറകിലാണ്. മിമിക്രിയുടെ ബാക്ക് ഗ്രൗണ്ടുള്ളതിനാല്‍ സ്‌ക്രിപ്റ്റില്‍ അതിന്റേതായ ഹ്യൂമര്‍ ടച്ചുണ്ട്. പിന്നെ ഞങ്ങളുടെ ചുറ്റും കാണുന്ന കാര്യങ്ങളും സുഹൃത്തുക്കള്‍ക്കുണ്ടാവുന്ന അനുഭവങ്ങളുമാണ് ഞങ്ങളുടെ സിനിമകള്‍ക്ക് വിഷയമാകുന്നത്. കഥകള്‍ തേടി അലയാനൊന്നും ഞങ്ങളില്ല...

? മിമിക്രി കളിച്ചുകൊണ്ടിരുന്ന വിഷ്ണു സിനിമയിലെത്തിയപ്പോള്‍ വീട്ടുകാരുടെ പ്രതികരണം...


ഠ സാധാരണ വീടുകളിലേതു പോലെ സര്‍ക്കാര്‍ ജോലി നേടുകയെന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നെ ഒന്നിനും നിര്‍ബന്ധിക്കാതെ സ്വതന്ത്രമായി വിടുകയായിരുന്നു. പി.എസ്.സി. പരീക്ഷയെഴുതണമെന്ന് അമ്മ നിര്‍ബന്ധിച്ചിരുന്നു. പിന്നെ കലാരംഗമാണ് എന്റെ വഴിയെന്ന് അവര്‍ക്കും മനസ്സിലായി.

? പുതിയ പ്രോജക്ടുകള്‍...


ഠ ഞാനും വിപിന്‍ ജോര്‍ജും ചേര്‍ന്ന് ദുല്‍ക്കര്‍ സല്‍മാന് വേണ്ടി പുതിയൊരു സ്‌ക്രിപ്റ്റ് തയാറാക്കുന്ന തിരക്കിലാണ്. ബി.സി. നൗഫലാണ് സംവിധായകന്‍.

? വിഷ്ണുവിന്റെ പ്രണയം...


ഠ ആരെയും പ്രണയിക്കുന്നില്ല. വീട്ടുകാര്‍ കല്യാണപ്രായമായെന്നു പറഞ്ഞ് തകൃതിയായ ആലോചന നടത്തുന്നുണ്ട്. കല്യാണം അടുത്തുതന്നെ ഉണ്ടാവും.

? വിഷ്ണുവിന്റെ കുടുംബത്തെക്കുറിച്ച് സൂചിപ്പിക്കാമോ...


ഠ അച്ഛന്‍ ഉണ്ണികൃഷ്ണന്‍ എറണാകുളം മാര്‍ക്കറ്റിലാണ് ജോലി ചെയ്യുന്നത്. അമ്മ ലീല വീട്ടമ്മയാണ്. ലക്ഷ്മിപ്രിയയും രശ്മിയും സഹോദരിമാരാണ്.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: സുരേഷ് കുനിശ്ശേരി

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW