Friday, February 22, 2019 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 02.28 AM

പ്രണബിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ

uploads/news/2018/06/224404/editorial.jpg

രാജ്യത്തെ അന്ധകാരത്തിലേക്ക്‌ നയിക്കാന്‍ വെമ്പുന്ന എല്ലാവര്‍ക്കുമായി മുന്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി നല്‍കിയ മറുപടിയാണ്‌ നാഗ്‌പൂരിലെ ആര്‍.എസ്‌.എസ്‌. ആസ്‌ഥാനത്ത്‌ അദ്ദേഹം നടത്തിയ പ്രസംഗം. ഏതെങ്കിലും മതത്തിന്റെയോ ആശയസംഹിതയുടെയോ അസഹിഷ്‌ണുതയിലൂടെ ദേശീയതയെ നിര്‍വചിക്കാനുള്ള ശ്രമം രാജ്യത്തിന്റെ അസ്‌തിത്വത്തെ ദുര്‍ബലമാക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ കാതല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ പ്രതിലോമകരമായി വിഭാഗീയ ചിന്ത അടിച്ചേല്‍പിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതാവണം അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നത്‌. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംഘപരിവാറുമായി ബന്ധമുള്ള സംഘടനകളും വ്യക്‌തികളും തങ്ങളുടെ ആശയം അടിച്ചേല്‍പിക്കാനുള്ള അതിശക്‌തമായ ശ്രമം നടത്തിയിരുന്നു. ബീഫ്‌ ഭക്ഷിക്കുന്നുവെന്നപേരില്‍ ജനങ്ങളെ രണ്ടു ചേരിയിലാക്കി നിര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ അതിനുമുന്‍പ്‌ ഇന്ത്യ ഒരിക്കലും കാണാത്ത തരത്തിലുള്ളതായിരുന്നു. ബീഫ്‌ കൈവശം വച്ചു എന്ന്‌ സംശയത്തിന്റെ പേരില്‍ പച്ചമനുഷ്യരെ കൊന്നൊടുക്കിയ ഒന്നിലധികം സംഭവങ്ങള്‍ക്ക്‌ ഉത്തരേന്ത്യ സാക്ഷ്യം വഹിച്ചു. ബി.ജെ.പിക്ക്‌ ഭൂരിപക്ഷമുള്ള യു.പിയടക്കമുള്ള സംസ്‌ഥാനങ്ങളിലായിരുന്നു ഈ അതിക്രമങ്ങള്‍ കൂടുതല്‍.

എതിര്‍വാക്ക്‌ ഉയരുന്നതിനോടുള്ള അതിരൂക്ഷമായ അസഹിഷ്‌ണുത നിഴലിച്ചു നിന്ന അനേകം സംഭവങ്ങള്‍ ഈ കാലയളവിലുണ്ടായി. എതിര്‍പ്പ്‌ ഉയര്‍ത്തുന്നവരോട്‌ "പാകിസ്‌താനിലേക്ക്‌ പൊയ്‌ക്കോ" എന്നു പറയാന്‍ അമിതാവേശമാണ്‌ പലരും കാണിച്ചത്‌. സംഘപരിവാറിന്റെ നയങ്ങള്‍ക്കെതിരേ തുറന്ന നിലപാടെടുത്ത മൂന്നു സാമൂഹ്യ നിരീക്ഷകരാണ്‌ ഇക്കാലയളവില്‍ കൊലചെയ്യപ്പെട്ടത്‌. എം.എം. കല്‍ബുര്‍ഗി, ഗോവിന്ദ്‌ പന്‍സാരെ, ഗൗരി ലങ്കേഷ്‌ എന്നിവരുടെ കൊലപാതകം സ്വതന്ത്രമായ അഭിപ്രായം പറയുന്നത്‌ സൂക്ഷിച്ചു വേണമെന്ന സന്ദേശമാണ്‌ രാജ്യത്തെമ്പാടും എത്തിച്ചത്‌. യോഗി ആദിത്യനാഥ്‌ മുഖ്യമന്ത്രിയായ ശേഷം ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ രൂക്ഷമായി. സ്‌ഥലപ്പേരുകള്‍ മാറ്റി വരെ സ്വന്തം അജന്‍ഡ നടപ്പാക്കാനാണ്‌ അവിടെ മുഖ്യമന്ത്രി ശ്രമിക്കുന്നത്‌. ബി.ജെ.പി. അധികാരത്തില്‍ വന്ന പല സംസ്‌ഥാനങ്ങളിലും ചരിത്രപുസ്‌തകങ്ങള്‍ അവരുടെ താത്‌പര്യത്തിനനുസരിച്ച്‌ മാറ്റാന്‍ നീക്കം ശക്‌തമാക്കി.
രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക്‌ ജീവിതം സുരക്ഷിതവും സ്വതന്ത്രവും അല്ലാതാകുന്ന അവസ്‌ഥ നിലനില്‍ക്കെയാണ്‌ മുന്‍ രാഷ്‌ട്രപതിയുടെ വാക്കുകള്‍ പ്രസക്‌തമാകുന്നത്‌. കോപത്തില്‍ നിന്നും അക്രമത്തില്‍ നിന്നും ശാന്തിയിലേക്കും സമാധാനത്തിലേക്കും പോകണം, നമുക്കു ചുറ്റും അക്രമം വര്‍ധിച്ചു വരുന്നു, വെറുപ്പിനെയും വിവേചനത്തെയും പ്രോത്സാഹിപ്പിക്കുന്നത്‌ രാജ്യത്തിന്റെ സ്വത്വത്തിനു ഭീഷണിയാണ്‌, ഒരു കുടക്കീഴില്‍ ഭാരതീയനെന്ന പേരില്‍ നാം ജീവിക്കുന്നു, നമുക്കിടയില്‍ ശത്രുക്കളില്ല, ഇന്ത്യയുടെ ആത്മാവിനു മുറിവേല്‍പിക്കരുത്‌... തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ആധുനിക ഇന്ത്യ കണ്ട ഏറ്റവും പ്രമുഖ രാഷ്‌ട്രമീമാംസകരില്‍ ഒരാളായ പ്രണബ്‌ മുഖര്‍ജിയുടെ ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ മനസ്സിലെ വേദനകള്‍ വ്യക്‌തമാക്കുന്നതാണ്‌. ജീവിതത്തിന്റെ നല്ലൊരു പങ്ക്‌ ഇന്ത്യക്കുവേണ്ടി സേവനമനുഷ്‌ഠിച്ച പ്രണബ്‌ രാജ്യത്തിന്റെ പോക്കില്‍ തൃപ്‌തനല്ലെന്ന്‌ ഇതോടെ വ്യക്‌തമാക്കുകയാണ്‌. മതേതരത്വത്തില്‍ വിശ്വസിക്കുന്ന, വിഭാഗീയ ചിന്തകളെ തള്ളിക്കളയുന്ന എല്ലാവരും മനസ്സില്‍ കൊണ്ടു നടക്കുന്ന ചിന്തകളാണ്‌ പ്രണബ്‌ തുറന്നു പറഞ്ഞത്‌. വിഭാഗീയതകള്‍ ഇല്ലാതായി ഒരുമിച്ചു മുന്നേറാന്‍ പ്രണബിന്റെ വാക്കുകള്‍ പ്രചോദനമാകട്ടെ.

Ads by Google
Saturday 09 Jun 2018 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW