Friday, February 22, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 02.28 AM

കേന്ദ്രം വിളമ്പിയാല്‍ കേരളത്തിനു വേണ്ട! ...കുടികളിലെത്താതെയും കേന്ദ്രപദ്ധതികള്‍

uploads/news/2018/06/224403/bft1.jpg

കേന്ദ്ര സര്‍ക്കാരിന്റെ ആദിവാസി ഗോത്ര ഭവനപദ്ധതി തങ്ങളുടെ നാട്ടിലുണ്ടാക്കിയ വിപ്ലവത്തെപ്പറ്റി ത്രിപുരയും ഝാര്‍ഖണ്ഡും അസമും ഗുജറാത്തും അഭിമാനത്തോടെ പറയും. കേരളത്തിലാകട്ടെ; കേന്ദ്ര പദ്ധതികളെന്നല്ല, സംസ്‌ഥാന പദ്ധതികള്‍ പോലും ആദിവാസിക്കുടികളിലേക്കു ചെന്നിട്ടില്ല. വിശന്നപ്പോള്‍ ചോദിക്കാതെ അല്‍പ്പം അരിയെടുത്തതിന്റെ പേരില്‍ കള്ളനാക്കി തല്ലിക്കൊന്ന മധുവും പേറ്റുനോവിന്റെ മൂര്‍ധന്യത്തിലും ആംബുലന്‍സിന്റെ സൗകര്യം കിട്ടാതെ മുളങ്കമ്പിലെ സാരിത്തൊട്ടിലില്‍ കിടന്ന മണിയുമൊക്കെ ചോദിക്കും; ഞങ്ങളുടെ പേരിലൊഴുക്കിയ കോടികളെവിടെ?
നൂറുകണക്കിന്‌ ആദിവാസി കുടിലുകളില്‍ വികസനത്തിന്റെ വെളിച്ചമെത്തിച്ച ആദിവാസി ഗോത്ര ഭവനപദ്ധതിയെപ്പറ്റി ത്രിപുര, ഝാര്‍ഖണ്ഡ്‌, അസം, ഗുജറാത്ത്‌ സംസ്‌ഥാനങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ എടുത്തുപറയുന്നു. കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ നല്‍കുന്ന പദ്ധതി സംസ്‌ഥാന സര്‍ക്കാരുകളാണു വിജയകരമായി നടപ്പാക്കിയത്‌. കേരളത്തിലാകട്ടെ, ഇത്തരത്തിലുള്ള ഒരു പദ്ധതി പോലും ആദിവാസിക്കുടികളിലേക്കു ചെന്നിട്ടില്ല.
പൂര്‍ണ ഗര്‍ഭിണിയായ മണിയെ അഗളിയിലെ ആദിവാസി കുടിയില്‍ നിന്നു മുളങ്കമ്പില്‍ സാരി കെട്ടി കിലോമീറ്ററുകള്‍ ചുമന്ന്‌ ആശുപത്രിയിലെത്തിച്ചെന്നു കഴിഞ്ഞ ദിവസം വാര്‍ത്ത വന്നത്‌ പാലക്കാട്ടെ പുത്തൂരില്‍ നിന്നാണ്‌. ആതുരശുശ്രൂഷയിലും അടിസ്‌ഥാനവര്‍ഗത്തിന്റെ വികസനത്തിലും മുന്‍പന്തിയിലെന്ന്‌ അഹങ്കരിക്കുന്ന നമ്മുടെ മുന്നിലൂടെയാണു നാട്ടുകാര്‍ കാടും പുഴയും താണ്ടി നടന്നത്‌.
പാലക്കാട്‌ പുത്തൂര്‍ പഞ്ചായത്തിലെ കിടവാണിയൂരിലെ പളനിയുടെ ഭാര്യയായ മണി ആശുപത്രിയിലെത്തിച്ച്‌ മണിക്കൂറുകള്‍ക്കകം അമ്മയായി. ആംബുലന്‍സ്‌ വരാന്‍ കാത്തിരുന്നു മടുത്ത കുടിക്കാര്‍ മുളങ്കമ്പില്‍ അവളെ തൂക്കിയെടുത്ത്‌ പാഞ്ഞില്ലായിരുന്നെങ്കില്‍... വേണ്ട, അങ്ങനെയൊരു ചിന്ത പോലും വേദനയാകും.
വിശന്നു എന്ന കുറ്റത്തിന്‌ അട്ടപ്പാടി ചിണ്ടക്കിയൂരിലെ മധുവിനെ തല്ലിക്കൊന്നതും നമ്മളാണ്‌. മധു അരിയാണു മോഷ്‌ടിച്ചത്‌. പോസ്‌റ്റ്‌മോര്‍ട്ടം ടേബിളില്‍ കീറിമുറിക്കപ്പെട്ട മധുവിന്റെ വയറ്റില്‍നിന്നു വേവാത്ത അരിയുടെ നുറുങ്ങുകള്‍ കണ്ടെത്തി. കൊല്ലപ്പെട്ട മധുവും മരണം മുന്നില്‍ക്കണ്ട മണിയുമൊക്കെ ചോദിക്കും; ഞങ്ങള്‍ക്കായി നിങ്ങള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എവിടെ? ഞങ്ങളുടെ പേരില്‍ ഒഴുകിയ കോടികള്‍ എവിടെ? മറയൂരിലും മൂന്നാറിലും അട്ടപ്പാടിയിലുമെല്ലാമുള്ള ആദിവാസി മേഖലകളിലേക്കു കോടികളുടെ പദ്ധതികളാണു സംസ്‌ഥാന സര്‍ക്കാര്‍ ഓരോ ബജറ്റിലും വകയിരുത്തുന്നത്‌.
അവയ്‌ക്കു പുറമേ, ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ നാല്‍പതിലേറെ പദ്ധതികളുണ്ട്‌. വീട്‌, വഴി, വാഹനസൗകര്യം, വിദ്യാഭ്യാസം, ചികിത്സ എന്നിവയ്‌ക്കെല്ലാമുള്ളതാണ്‌ ഈ പദ്ധതികള്‍. പണം ചെലവാക്കിയില്ലെന്നല്ല; ഒന്നും അര്‍ഹതപ്പെട്ടവര്‍ക്കു പ്രയോജനപ്പെട്ടില്ല. ആദിവാസി വിഭാഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രീ-മെട്രിക്‌ ഉള്‍പ്പെടെ പത്തോളം പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റേതായിട്ടുണ്ട്‌. അതിലൂടെ ഉയര്‍ന്നുവന്നവര്‍ എത്രപേരുണ്ടാകും! വനബന്ധു കല്യാണ്‍ ഉള്‍പ്പെടെയുള്ള പദ്ധതികളെക്കുറിച്ച്‌ കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്കോ ഇവരുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ക്കോ കൃത്യമായ ധാരണ ഉണ്ടാക്കിക്കൊടുക്കാന്‍ സംസ്‌ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ആദിവാസിക്ഷേമ മേഖലയില്‍ നിരവധി എന്‍.ജി.ഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേന്ദ്രപദ്ധതികളെക്കുറിച്ച്‌ അവര്‍ക്കും പൂര്‍ണ ധാരണയില്ല. സംസ്‌ഥാനത്തിനാകെ പ്രയോജനപ്പെടേണ്ട ദേശീയപാത വികസനം, റെയില്‍വേ വികസനം എന്നിവയ്‌ക്കായും കേന്ദ്രം കോടികള്‍ അനുവദിക്കാറുണ്ടെങ്കിലും ഇതില്‍ സിംഹഭാഗവും പാഴാകുന്നു.
ഭൂമി ഏറ്റെടുത്തുനല്‍കാന്‍ സംസ്‌ഥാന സര്‍ക്കാരിനു കഴിയാത്തതാണു പ്രധാന പ്രശ്‌നം. ചര്‍ച്ചയിലൂടെ തീര്‍ക്കാവുന്ന പ്രാദേശിക പ്രശ്‌നങ്ങളാണു പലപ്പോഴും വിപുലമായ വികസനപദ്ധതികളുടെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുന്നത്‌.
ശബരി റെയില്‍പാത ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നത്‌ ഇത്തരം സമീപനങ്ങള്‍കൊണ്ടാണെന്ന്‌ ബി.ജെ.പിയും മറ്റുംആരോപിക്കുന്നു. കേരളത്തിലെ കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിച്ച റായ്‌ബറേലി ഫാക്‌ടറിയില്‍ നിന്നുള്ള റെയില്‍വേ കോച്ചുകള്‍ രാജ്യമാകെ ഓടുന്നു. കഞ്ചിക്കോട്‌ ഇന്നും കടലാസിലാണ്‌. പാലക്കാട്‌ ഐ.ഐ.ടിക്കുള്ള സ്‌ഥലമെടുപ്പും മുടങ്ങിക്കിടക്കുന്നു.

Ads by Google
Saturday 09 Jun 2018 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW