Saturday, June 15, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 02.26 AM

ലക്ഷ്‌മിക്കുട്ടിയമ്മൂമ്മ അഥവാ ഒരുപിടി ചാരം!

uploads/news/2018/06/224402/bft2.jpg

''ലക്ഷ്‌മിക്കുട്ടിയമ്മയുടെ കാര്യം ഏതാണ്ട്‌ തീരുമാനമായി! കാണേണ്ടവര്‌ പോയിക്കണ്ടോളിന്‍! ചിലപ്പോള്‍ ഇന്ന്‌ അസ്‌തമിക്കുന്നതിനു മുമ്പ്‌ ചീട്ടുകീറും!''- ആല്‍ത്തറയ്‌ക്കു മുമ്പില്‍ കൂട്ടംകൂടിനിന്നവരോട്‌ കണിയാന്‍ ഗോവിന്ദന്‍ പറഞ്ഞു. തറവാട്ടമ്മൂമ്മയുടെ മരണസമയം കുറിച്ചു വരുംവഴിയാണ്‌ നാട്ടിലെ മരണമറിയിപ്പുകാരന്‍കൂടിയായ ശാസ്‌ത്രഗണകന്‍.
പേരെടുത്ത തറവാട്ടിലെ വന്ദ്യവയോധികയായ ലക്ഷ്‌മിക്കുട്ടിയമ്മ പരലോകത്തേക്ക്‌ പാസ്‌പോര്‍ട്ടെടുത്തുകഴിഞ്ഞുവെന്ന വാര്‍ത്ത ആല്‍ത്തറയിലെ ട്രാന്‍സ്‌മിറ്ററിലൂടെ ബി.ബി.സി. റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ ദേശത്തെ 'ഓള്‍ഡ്‌ ലേഡി'യെ ഒരു നോക്കുകാണാനായി വോട്ടര്‍മാര്‍ തറവാട്ടിലേക്കു വന്നുതുടങ്ങി. മരണമടുത്തവരെ കാലന്‍ കൊണ്ടുപോകുന്നതിനു മുമ്പ്‌ ചെന്നുകാണമെന്നതാണ്‌ നാട്ടുമര്യാദ. മരിച്ചുകഴിഞ്ഞാല്‍ എടുത്തു നിലത്തു കിടത്തുന്നതും മാവുവെട്ടുന്നതും സഞ്ചയനവും അടിയന്തിരവും വരെ നാട്ടുകാര്‍ ചേര്‍ന്നാണു നടത്തുക. മരിച്ചവരുടെ വീട്ടുകാര്‍ക്ക്‌ വിശേഷിച്ചൊന്നും ചെയ്യാനില്ല-പണം മുടക്കിയാല്‍ മാത്രം മതി. കഞ്ഞിയും ചോറും ചുക്കുവെള്ളവും വരെ മൂന്നു ദിവസത്തേക്ക്‌ അടുത്ത വീട്ടിലെ നല്ല സമരിയക്കാരാണു കുക്ക്‌ ചെയ്‌തു നല്‍കുന്നത്‌.
തറവാട്ടുമുറ്റത്ത്‌ വലിയൊരു പന്തലുയര്‍ന്നു. അത്യാവശ്യം കസേരകളും മേശകളും ബീഡിയും സിഗര്‍ട്ടും എത്തി.
ഉച്ചവരെ പോളിങ്‌ സമാധാനപരമായിരുന്നു. നാട്ടിലെ പരോപകാരികളായ ചില വൃദ്ധപൗരന്മാര്‍ നിരീക്ഷകരായി കസേരകളില്‍ മരുവി. ജനം ഒറ്റയ്‌ക്കും കൂട്ടായും അമ്മൂമ്മയുടെ മുറിയിലെത്തി വോട്ട്‌ ചെയ്‌തു, കണ്ണീര്‍വാര്‍ത്തു മടങ്ങി.
''നല്ലൊരു സ്‌ത്രീരത്നമായിരുന്നു! നല്ലവരെ ദൈവം കഷ്‌ടപ്പെടുത്താതെ വിളിക്കും!''-
-ദൈവത്തിനു പ്രിയപ്പെട്ട അലക്കുകാരി വിലാസിനി പറഞ്ഞു.
കറവക്കാരന്‍ രാമേട്ടന്‍ വലിയൊരു പാത്രത്തില്‍ ചുക്കുവെള്ളം കൊണ്ടുവന്നു പന്തലിലെ മേശപ്പുറത്തുവച്ചു. നാട്ടുകാര്‍ കരഞ്ഞുതളരുമ്പോള്‍ വെള്ളം കൊടുക്കണമെന്ന യു.എന്‍. നിര്‍ദ്ദേശം പാലിക്കപ്പെടേണ്ടതുണ്ട്‌.
വിവരമറിഞ്ഞെത്തിയ മരംവെട്ടുകാരന്‍ പാപ്പുക്കുട്ടി പറമ്പിന്റെ തെക്കേക്കോണിലുള്ള മാവിന്റെ ചുവടുതെളിച്ചു; എപ്പോള്‍ വേണമെങ്കിലും മാവുവെട്ടാന്‍ പരശുരാമന്‍ റെഡിയായി. മരക്കച്ചവടം സെയ്‌താലിക്ക്‌ പറമ്പിലെ മരം മുഴുവന്‍ കച്ചവടം ചെയ്‌തപ്പോള്‍, അമ്മൂമ്മതന്നെ പറഞ്ഞിട്ടാണ്‌ ഈ മാവ്‌ മാറ്റിനിര്‍ത്തിയത്‌. ''എന്നെ കൊണ്ടുപോകാന്‍ ഈ മാവു മതി'' എന്നവര്‍ പറഞ്ഞത്രേ. പഴയകാലത്ത്‌ തറവാടികളായ വി.ഐ.പികള്‍ക്ക്‌ മാവിന്റെ വിറകല്ല, ചന്ദനമുട്ടിയായിരുന്നു പതിവ്‌.
തറവാട്ടിലെ കാര്യസ്‌ഥന്‍ നാണുനായരുടെ മകന്‍ ഇതിനിടെ, ആറിനക്കരെയുള്ള തപാലാഫീസിലേക്കു നിയോഗിതനായി- ദൂരെദൂരെ കൂടുകൂട്ടിയിരിക്കുന്ന ആയമ്മയുടെ മറ്റു മക്കള്‍ക്കു ടെലിഗ്രാം ചെയ്യാന്‍. കണ്ണീരില്‍ക്കുതിര്‍ന്ന കമ്പിയിലെ സന്ദേശം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുതന്നെ: ''മദര്‍ സീരിയസ്‌, സ്‌റ്റാര്‍ട്ട്‌ ഇമ്മീഡിയറ്റ്‌ലി!''
മുറ്റത്തെ നാലുമണിപ്പൂക്കള്‍ വിടര്‍ന്നു.
ദേശത്തെ വിദഗ്‌ധതൊഴിലാളികളിലൊരുവളായ ശാന്തമ്മ കീറിയ ഓലമടലുകളുമായി വന്നിരുന്ന്‌ ഓല മെടയാന്‍ തുടങ്ങി. അവര്‍ കൈവിരലുകള്‍ നിവര്‍ത്തി കണക്കുകൂട്ടി ആരോടെന്നില്ലാതെ ചോദിച്ചു:-''ഇനി മരിപ്പ്‌ നാളെയേയുള്ളൂവെങ്കില്‍ അത്ര നല്ലതല്ലല്ലോ! അകംനാളാണ്‌ നാളെ! അവിട്ടം!''
അവിട്ടം മുതല്‍ രേവതി വരെയുള്ള നാളുകള്‍ 'അകംനാളു'കളാണ്‌. ആ നാളുകളില്‍ ആരെങ്കിലും മരിച്ചാല്‍ വീട്ടില്‍ മറ്റൊരു മരണംകൂടിയുണ്ടാകുമെന്നാണ്‌ യമന്റെ വിധി.
''ഒക്കെ ഒരു ഭാഗ്യമല്ലേ, ശാന്തമ്മേ...?
കാലനുണ്ടോ വാച്ചും ക്ലോക്കും പഞ്ചാംഗവുമൊക്കെ?'' - പന്തലില്‍ കൂടിയിരുന്ന കരപ്രമാണിമാരില്‍ ആരോ പറഞ്ഞു.
''ചെവിയില്‍ രാമായണം വായിച്ചുകൊടുത്താല്‍ വേഗം ജീവന്‍ വിടും! പണ്ട്‌, രാജാക്കന്മാര്‍ മരിക്കാന്‍ കിടക്കുമ്പോള്‍ നമ്പൂതിരിമാര്‍ ഗീതയോ ഭാഗവതമോ ഒക്കെ ചെവിയില്‍ ഓതിക്കൊടുക്കുമായിരുന്നു!'' - മറ്റൊരു ഓള്‍ഡ്‌മാന്‍.
''രാജാവ്‌ മരിച്ചാല്‍ 'തീപ്പെടുക' എന്നോ, നാടുനീങ്ങുക' എന്നൊക്കെയാണു പറയുക. മരണസമയമടുക്കുന്നതോടെ ദര്‍ഭയും മണ്ണും വിരിച്ചു തയ്യാറാക്കിയ സ്‌ഥലത്ത്‌ തല തെക്കോട്ടായി രാശാവിനെ കിടത്തും. വലിയ നിലവിളക്ക്‌, നിറപറ, തുളസിച്ചെടി മണ്ണോടുകൂടിയത്‌ എന്നിവ തലയ്‌ക്കല്‍ വയ്‌ക്കും. പിന്നെയാണ്‌ നമ്പൂതിരിമാരുടെ ഗീതാപാരായണം. രാജാവ്‌ സിദ്ധികൂടിയാല്‍ രാജ്യത്തെ മുഴുവന്‍ ആണുങ്ങളും പുരികമൊഴിച്ച്‌ ക്ഷൗരം ചെയ്യണമെന്നും പതിനഞ്ചു ദിവസത്തേക്ക്‌ വീട്ടില്‍ പപ്പടം കാച്ചരുതെന്നും സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ പോലും അരുതെന്നും നിയമമുണ്ടായിരുന്നു. ദുഃഖാചരണം കഴിയുന്ന ദിവസംവരെ ആരും വെറ്റില മുറുക്കാന്‍ പോലും പാടില്ല. വെറ്റില മുറുക്കിയാല്‍ ചുണ്ടു ചെത്തിയെടുക്കുമായിരുന്നു''- മറ്റൊരാള്‍ ഓര്‍മിച്ചു.
അപ്പോഴാണ്‌ വെറ്റിലത്താമ്പാളത്തില്‍ മുറുക്കാനുള്ള സാമഗ്രികള്‍ എത്തിയത്‌. രാജാവിന്റെ കാലമല്ലാത്തതിനാല്‍ സീനിയര്‍മാര്‍ സധൈര്യം താംബൂലചര്‍വണം തുടങ്ങി.
മരണവീടുകളില്‍ ഏറ്റവും നിസംഗരായവര്‍ മരണഭയം ഒളിച്ചുവെയക്കാന്‍ ശ്രമിക്കുന്ന കിഴവന്‍മാരാകുന്നു!
പന്തലില്‍ മുറുക്കിനൊപ്പം സംസാരവും മുറുകി.
-''മരണലക്ഷണം നോക്കണം. പിറന്നാള്‍ ദിവസമടുത്തെങ്കില്‍ മരണമുറപ്പാണ്‌!''
-''മരണലക്ഷണം പറയാന്‍ മിടുക്കരായിരുന്നു തൈക്കാട്ടു മൂസുമാര്‍! പണ്ട്‌, ഒരാളുടെ കൂര്‍ക്കംവലി കേട്ട്‌ അയാളുടെ മരണം പ്രവചിച്ചിട്ടുണ്ട്‌''.
-''അതിലൊന്നും കാര്യമില്ല! എത്ര മരിക്കാറായവനും എന്തെങ്കിലും പുണ്യപ്രവൃത്തി ചെയ്‌താല്‍ മരണംവഴിമാറും. മരിക്കുമെന്ന്‌ ജ്യോത്സ്യന്മാര്‍ ഉറപ്പിച്ചുപറഞ്ഞ നമ്പൂതിരിയാണ്‌ പാഴൂര്‍ പെരുംതൃക്കോവില്‍ പണിതത്‌. അതോടെ മൂപ്പരുടെ മരണയോഗം ഒഴിവായി!'
-''ദശയറുതി മരണം; വാവറുതി ഗ്രഹണം എന്നല്ലേ!''
ഇതിനിടയില്‍, ഔദ്യോഗിക വായനക്കാരന്‍ ശ്രീധരസ്വാമികള്‍ ഉമ്മറത്തെ പലകയിലിരുന്ന ഗ്രന്ഥം തൊട്ടുവണങ്ങി. 'ശംഭോ, മഹാദേവ!' എന്നു പറഞ്ഞ്‌ രാമായണപാരായണം തുടങ്ങി. മെല്ലെ, കഠോരശബ്‌ദത്തില്‍ വായന പടര്‍ന്നുകയറി. കിഴവന്മാരുടെ ഡയലോഗുകള്‍ കേട്ടു വശംകെട്ടിരിക്കുന്ന സഖാവ്‌ കുഞ്ഞിരാമന്‍ ഒരു ബീഡികത്തിച്ചു മുരണ്ടു: -''മാറ്റവും ആറ്റവും തമ്മിലുള്ള യുദ്ധമാണ്‌ മരണം. അതാണ്‌ വൈരുദ്ധ്യാത്മകഭൗതികവാദം!''
പന്തലില്‍ രണ്ടുമൂന്ന്‌ പെട്രോമാക്‌സുകള്‍ ആരോ തൂക്കി.
അമ്മൂമ്മയുടെ മുറിയില്‍ രണ്ടു തിരിയിട്ട നിലവിളക്കു കത്തിച്ചുവച്ചു. അതിനടുത്ത്‌ ഓട്ടുഗ്ലാസില്‍ തുളസിയിലയിട്ട വെള്ളവും. അതു ഗംഗാജലമാണെന്നാണു സങ്കല്‌പം. മരണമടുക്കുമ്പോള്‍ ആദ്യം 'നീര്‍വീഴ്‌ത്താ'നുള്ള അവകാശം മൂത്തമകനാണ്‌. വെള്ളം കിട്ടിയില്ലെങ്കില്‍ ആത്മാവിനു ഗതിയില്ല. വെള്ളമിറങ്ങാതെ മരിച്ചാല്‍ ആത്മാവ്‌ ദാഹിച്ചും കേണും അലഞ്ഞുതിരിയും! അതിനിടവരുത്താതിരിക്കുന്നതാണു നല്ലത്‌. മരിച്ചവരുടെ ആത്മാക്കള്‍ പന്ത്രണ്ടുദിവസം വീടുനുള്ളിലും പരിസരങ്ങളിലും ചുറ്റിത്തിരിഞ്ഞശേഷം ചന്ദ്രമണ്ഡലത്തിലേക്ക്‌ യാത്രയാവണമെന്നാണ്‌ റൂള്‍. അവിടെയാണ്‌ പാപ-പുണ്യങ്ങളുടെ ഓഡിറ്റിങ്‌ നടക്കുക. ഓഡിറ്റ്‌ റിപ്പോര്‍ട്ടനുസരിച്ചാണ്‌ പുനര്‍ജന്മങ്ങള്‍.
'ഓം ചന്ദ്രമണ്ഡല മദ്ധ്യസ്‌ഥേ രുദ്രമാലേ വിചിത്രിതേ
തത്രസ്‌ഥം ചിന്തയേത്‌ സാദ്ധ്യം മൃത്യുംപ്രാപ്‌നോതി ജീവതി'-എന്നാണ്‌ 'മൃത്യുഞ്‌ജയമന്ത്ര'ത്തില്‍ പറയുന്നത്‌.
തിരുനെല്ലിയിലും തിരുവല്ലത്തും പിണ്ഡം വെയ്‌ക്കുന്നതും എള്ളു ഹോമിച്ച്‌ തിലഹവനം നടത്തുന്നതും പിതൃമുക്‌തിക്കായാണ്‌. കര്‍ക്കടകത്തിലെ കറുത്തവാവിന്‍നാള്‍ ബലിയിട്ടാലും പിതൃക്കള്‍ക്കു മോക്ഷം ലഭിക്കും. ആത്മാക്കള്‍ക്ക്‌ അന്നു രാത്രി മുഴുവന്‍ യഥേഷ്‌ടം വഴിനടക്കാനുള്ള ലൈസന്‍സ്‌ കൊടുത്തിട്ടുണ്ട്‌. രാത്രി മഴയുണ്ടെങ്കില്‍ അത്‌ പിതൃക്കളുടെ സന്തോഷക്കണ്ണീരുമാണ്‌!
അസ്‌ഥി സഞ്ചയനം നടത്തിയാലും പിതൃമോക്ഷം കിട്ടും. മരിച്ചയാളുടെ അസ്‌ഥികള്‍ സംഭരിച്ച്‌ സംസ്‌കരിക്കുന്ന ക്രിയയാണ്‌ സഞ്ചയനം. മരണം നടന്നതിന്റെ അഞ്ചാം ദിവസത്തെ ചടങ്ങ.്‌ അസ്‌ഥികള്‍ പ്ലാശിന്റെ കമ്പുകള്‍കൊണ്ടു പെറുക്കിയെടുത്തു ശുദ്ധീകരിച്ചു മണ്‍പാത്രത്തിലാക്കി പാലുള്ള മരത്തിന്റെ ശിഖരത്തില്‍ കെട്ടിയിടും. പിന്നീട്‌ നദിയിലൊഴുക്കും. ചുടലയില്‍ വാഴയും നവധാന്യങ്ങളും ചുടലത്തെങ്ങും നടും. ചുടലത്തെങ്ങ്‌ നല്ലതുപോലെ കായ്‌ക്കാറുമുണ്ട്‌! മരിച്ച്‌ ഒരു വര്‍ഷംകഴിയുമ്പോള്‍ മരിച്ച പക്കത്തില്‍ ആണ്ടുബലിയിടും. ബലിക്കാക്ക വന്ന്‌ പിണ്ഡം കഴിക്കണമെന്നുണ്ട്‌.
സന്ധ്യ കനത്തു. പന്തലിലെ തിരക്കു കുറഞ്ഞു.
മുറ്റത്തെ മരക്കൊമ്പില്‍ മൂങ്ങ മൂളിയതു കേട്ട്‌ അടുക്കളയുടെ ചാര്‍ജ്‌ വഹിച്ചിരുന്ന മീനാക്ഷി, കുറച്ച്‌ ചുമന്ന മുളകും കുരുമുളകും ഉപ്പുംകൂടി അടുപ്പിലേക്കിട്ടു. കാലദൂതന്മാരെ വിരട്ടാനുള്ള അറ്റകൈപ്രയോഗം!
അമ്മൂമ്മയുടെ മുറിയിലെ വിളക്കിലെ ദീപം മങ്ങി. ചുവന്ന പുതപ്പിനുള്ളില്‍ അസ്‌ഥിമാത്രമായിക്കിടന്നിരുന്ന ശരീരത്തിലൂടെ ശീല്‍ക്കാരത്തോടെ പ്രാണന്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ തുടങ്ങി. നാലു സെക്കന്‍ഡ്‌ മാത്രമാണ്‌ പ്രാണന്റെ ഒരുശ്വസന സമയം. അതു കഴിഞ്ഞും ശ്വാസമില്ലെങ്കില്‍ 'കിളി കൂടുവിട്ടുപോയെ'ന്നര്‍ത്ഥം. അമ്മൂമ്മയുടെ പ്രാണന്‍ ടേക്ക്‌ ഓഫ്‌ ചെയ്യാനുള്ള ഒരുക്കത്തിലാണ്‌. 'പ്രാണസഞ്ചാര'മെന്നും 'പ്രാണവേദന'യെന്നും പറയുന്ന സംഗതി.
മുറിയാത്ത അരിയും മഞ്ഞപ്പൊടിയും കലര്‍ത്തിയ 'അക്ഷതം' അമ്മൂമ്മയുടെ കട്ടിലിനുചുറ്റും വിതറി. കാല്‍ക്കലും തലയ്‌ക്കലും അഷ്‌ടഗന്ധം തൂകി. നെറ്റിയില്‍ ഭസ്‌മക്കുറിവരച്ചു. കസേരയിലിരുന്നു മയങ്ങുകയായിരുന്ന മൂത്തമകനെ ചിലര്‍ പിടിച്ചുകൊണ്ടുവന്ന്‌ കട്ടിലിനടുത്തു നിര്‍ത്തി. അരണ്ട വെളിച്ചത്തില്‍ അയാള്‍ ഗ്ലാസില്‍നിന്ന്‌ തുളസിയിലയിട്ട വെള്ളം തുള്ളിതുള്ളിയായി ഒഴിച്ചുകൊടുത്തു. ഒന്നോ രണ്ടോ തുള്ളി നാവില്‍ വീണോ എന്നു സംശയം. ശേഷം ജലം ചുക്കിച്ചുളിവുവീണ മുഖത്തുകൂടിയൊഴുകി ചാലുകളായി താഴെപ്പതിച്ചു.
മുത്തശ്ശിയുടെ പ്രാണശരീരം സാന്ധ്യാകാശത്തെ ചന്ദ്രമണ്ഡലം ലാക്കാക്കി ഒരു മിന്നലിന്റെ പുറത്തേറിക്കടന്നുപോയി.
മുറ്റത്തെ തിരക്കൊഴിഞ്ഞ കോണില്‍ കൂനിക്കൂടി നിന്നിരുന്ന വലിയമ്മാവന്‍ വിറകുകൊള്ളി പോലുള്ള കൈകള്‍ ആകാശത്തെ ഇരുളിലേക്കു നീട്ടി മെല്ലെ വിളിച്ചു:
''കൃഷ്‌ണാ! ഗുരുവായൂരപ്പാ!!!!''

krpramoudmenon@gmail.com

Ads by Google
Saturday 09 Jun 2018 02.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW