Friday, June 21, 2019 Last Updated 29 Min 35 Sec ago English Edition
Todays E paper
Ads by Google
ജി. വിശാഖന്‍
ജി. വിശാഖന്‍
Friday 08 Jun 2018 11.20 AM

പിതാവേ, പുത്രാ, പരിശുദ്ധാത്മാക്കളേ...ലേശം ഉളുപ്പ്...

uploads/news/2018/06/224142/Vellappalli-nadeshan.jpg

അവസരവാദത്തിനും ഒരു പരിധിയുണ്ട്. ആദിയും അന്തവുമില്ലാത്ത ദൈവം തമ്പുരാനെപ്പോലെ അനാദിയല്ല അവസരവാദം. അതിന് എവിടെയെങ്കിലും ഒരു ഫുള്‍ സ്‌റ്റോപ്പ് വേണം. അല്ലെങ്കില്‍ അതിന്റെ പേര് ഉളുപ്പില്ലായ്മ എന്ന് മാറ്റേണ്ടി വരും. കഴിഞ്ഞ പാര്‍ലമെന്റ്,നിയമസഭ, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയങ്ങളില്‍ എസ്എന്‍ഡിപിയുടെ രാഷ്ട്രീയ കക്ഷിയായ ബിഡിജെഎസ് കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്.

എനിക്ക് കേരളത്തില്‍ മാത്രമല്ലട, അങ്ങ് ഡെല്‍ഹിലുമുണ്ടെടാ പിടി എന്ന് അറിയിക്കാന്‍ വേണ്ടിയാണ് വെള്ളാപ്പള്ളി മകനെ മുന്നില്‍ നിര്‍ത്തി ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപീകരിച്ച് കഞ്ഞിക്ക് വകയില്ലാത്തവര്‍ അടക്കമുള്ള പാവം ഈഴവന്റെ മുന്നില്‍ ഇട്ടു കൊടുത്തത്. പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിയുണ്ടാകുമെന്ന് പറഞ്ഞാണ് ബിജെപിക്കൊപ്പം കൂടിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ധാരണയും നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യവും കൂടി. രണ്ടു തെരഞ്ഞെടുപ്പും കഴിഞ്ഞപ്പോള്‍ കേരളത്തില്‍ ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചു. അതിന്റാള് ഞമ്മളാണെന്ന് മേനി നടിച്ച എസ്എന്‍ഡിപി നേതാക്കള്‍ കേന്ദ്രത്തില്‍ സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങി. എന്നാല്‍, ബിഡിജെഎസ് വോട്ട് വലുതായി പെട്ടിയില്‍ വീണിട്ടില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തെ അറിയിച്ചത്. ഇതോടെ സ്ഥാനമാനങ്ങള്‍ അമിത്ഷാ പരണത്തു വച്ചു. മുന്തിക്കുലയ്ക്ക് നേരെ ചാടുന്ന കുറുക്കനെപ്പോലെ ബിഡിജെഎസ് അതിപ്പോള്‍ കിട്ടുമെന്ന് പറഞ്ഞ് ചാടിക്കൊണ്ടിരുന്നു.

തങ്ങളുടെ ശക്തി തെളിയിക്കാന്‍ ഒരു അവസരം, കൂടി നോക്കിയിരുന്ന വെള്ളാപ്പള്ളി കുടുംബത്തിന് വീണു കിട്ടിയ ലോട്ടറിയായിരുന്നു ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്. അപ്പോഴെങ്കിലും സ്ഥാനമാനങ്ങള്‍ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. കിട്ടി, അതൊരു ഈഴവനായിരുന്നു താനും. പക്ഷേ, ബിഡിജെഎസുകാരനല്ല. അനുകൂലിക്കുകയല്ലാതെ തരമില്ലായിരുന്നു അപ്പനും മകനും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സ്ഥാനമാനം കിട്ടുമെന്ന് കരുതി കാത്തിരുന്നു. കിട്ടിയില്ല. അപ്പന്‍ ഗോദായിലിറങ്ങി സജി ചെറിയാന് പിന്തുണ പ്രഖ്യാപിച്ചു. മകന്‍ അത്രയ്ക്കങ്ങോട്ട് പോയില്ല. മനസാക്ഷി വോട്ടെന്ന് പറഞ്ഞ് മാറി നിന്നു. സജി ചെറിയാന്‍ വിജയിച്ചു കഴിഞ്ഞപ്പോള്‍ കണ്ടോ ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനരിക്കും എന്ന പതിവു ശൈലിയുമായി അപ്പന്‍ രംഗത്തിറങ്ങി. ബിജെപിക്ക് പണികൊടുത്തുവെന്ന് അഭിമാനിക്കുകയും ചെയ്തു.

ചെങ്ങന്നൂരിന്റെ പതിനാറടിയന്തിരം കഴിഞ്ഞപ്പോള്‍ സുഭാഷ് വാസുവിന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം തളികയില്‍ വച്ചു നീട്ടി. ഇയ്രയൊക്കെ ബിജെപിയോട് ചെയ്തിട്ട് അവര്‍ വച്ചു നീട്ടിയ ഔദാര്യം യാതൊരു ഉളുപ്പുമില്ലാതെ വാങ്ങി പോക്കറ്റിലിട്ടിരിക്കുകയാണ് എസ്എന്‍ഡിപിയും ബിഡിജെഎസും. ഇവരുടെ വാക്കുകേട്ട് ബിജെപിക്കും സിപിഎമ്മിനും വോട്ടുചെയ്തവര്‍ (അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍) ഇപ്പോള്‍ ആരായി? കാറ്റുള്ളപ്പോള്‍ തൂറ്റിയാല്‍ നാറുകയേ ഉള്ളൂ എന്ന് അപ്പനും മകനും ഓര്‍ത്താല്‍ നന്ന്. ഈഴവസമുദായം നിങ്ങളെ വണങ്ങുന്നത് ബഹുമാനം കൊണ്ടല്ല. ഭയംകൊണ്ടാണ്. അറിയുക, കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും നിങ്ങളോട് വെറുപ്പാണ്. നിങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും സമുദായത്തിന്റെ നയമല്ല. നടപ്പാക്കുന്നത് കുടുംബത്തിന്റെ അജണ്ടയാണ്. അതു കൊണ്ടാണ് നാവു നിങ്ങള്‍ക്ക് മുന്നില്‍ പണയം വച്ചിട്ടില്ലാത്ത് സാദാ ഈഴവര്‍ പറയുന്നത്. നാണവും മാനവും അല്‍പം ഉളുപ്പും വേണമെന്ന്.

Ads by Google
ജി. വിശാഖന്‍
ജി. വിശാഖന്‍
Friday 08 Jun 2018 11.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW