Monday, May 20, 2019 Last Updated 55 Min 16 Sec ago English Edition
Todays E paper
Ads by Google
വി. ഹരികൃഷ്ണന്‍
വി. ഹരികൃഷ്ണന്‍
Friday 08 Jun 2018 10.16 AM

തലൈവര്‍ അതിരടി.... ക്ലാസ് കാലാ...

രജനികാന്തിന്റെ രാഷ്ട്രീയപ്രവേശം ചര്‍ച്ചാവിഷയമായ കാലഘട്ടത്തിലെത്തിയ ചിത്രമായതിനാല്‍ ഡയലോഗുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. നിലമെന്നാല്‍ പാവപ്പെട്ടവന് ജീവിതവും പണക്കാരന് അധികാരവും ആണെന്ന രജനിയുടെ ഡയലോഗ് തന്നെ ഉദാഹരണം. നമ്മുടെ ഭൂമി നമ്മള്‍ക്ക് ഉള്ളതാണെന്ന രാഷ്ടീയമാണ് ചിത്രം പങ്ക് വെയ്ക്കുന്നത്.
Rajinikanth Kaala Movie Review

മാസാണോ ക്ലാസാണോ കാലയെന്ന് ചോദിച്ചാല്‍ ആരാധകര്‍ക്ക് ഒരു ഉത്തരമേയുള്ളൂ, തലൈവര്‍ അതിരടി. രജനിയുടെ മാസും ക്ലാസും നിറഞ്ഞതാണ് കാലാ. കാലായെന്നാല്‍ കറുപ്പും അധികാരത്തിന്റെ വെളുപ്പും തമ്മിലുള്ള അതിജീവനത്തിനുളള പോരാട്ടമാണ് ചിത്രം. ഗോഡ്ഫാദര്‍ ജോണറിലെ അവസാനത്തെ കണ്ണിയാണ് പാ രഞ്ജിത്ത് ഒരുക്കിയ കാലാ. രജനീകാന്തിന്റെ സ്റ്റാര്‍ഡം മൊത്തമായി ചേര്‍ത്ത് ഒപ്പം അഭിനയമുഹൂര്‍ത്തങ്ങളും കൂട്ടിയിണക്കിയിരിക്കുന്നു. തികച്ചും റിയലിസ്റ്റിക് അതിലുപരി രജനിയുടെ പഞ്ച് സീനുകള്‍.

Rajinikanth Kaala Movie Review

നാട്ടിലേക്കാള്‍ ഒരു ദിവസം മുമ്പേ റിലീസ് ആവുന്നു എന്ന മോഹനവാഗ്ദാനമാണ് ദുബായിലെ ഗ്രാന്‍ഡ് ഹയാത്തിലെ വോക്‌സ് സിനിമാസിലെത്തിച്ചത്. തുടക്കം കബാലിയുടെ ലാഗ് അടിച്ചതോടെ പണി പാളിയെന്ന് ഓര്‍ത്താണ് തീയേറ്ററ്റില്‍ ആദ്യപകുതിയില്‍ ഒരു മണിക്കൂറോളം ചെലവഴിച്ചത്. കാലയുടെ കുടുംബവും പൂര്‍വകാല കാമുകിയായ സെറീനയോടുള്ള (ഹുമ ഹുറേഷി) പ്രണയാര്‍ദ്രമായ സീനുകളുമായതോടെ പടം ഇഴയുമെന്ന് തോന്നുന്ന ഘട്ടത്തിലാണ് കാല എന്ന കരികാലന്‍ പഞ്ച് ഡയലോഗോടെ മാസായി മാറുന്നത്.

'ദില്ലിരുന്താല്‍ മൊത്തമാ വാങ്കലെ'

കുട്ടികളുടെ കൂടെ ക്രിക്കറ്റ് കളിക്കുന്ന കാലയെ കാണിക്കുമ്പോള്‍ ഒരു സ്ലോ മൂവിംഗ് പടമെന്ന ഇമേജ് സംവിധായകന്‍ ബോധപൂര്‍വം ഇട്ടു തരുന്നുണ്ട്. അങ്ങനെ കണ്ടു തുടങ്ങുന്ന സീനില്‍ നിന്നാണ് കാലാ പഞ്ചിലേക്ക് മാറുന്നത്. ഇന്റ്രവെല്ലാകുമ്പോള്‍ കറുത്ത ഷര്‍ട്ടുമിട്ട് മുണ്ടും മടക്കി 'ക്യാ രേ സെറ്റിംഗാ...വെങ്കയ്യ മവന്‍ ഒത്തയാ നിക്ക്...ദില്ലിരുന്താല്‍ മൊത്തമാ വാങ്കലെ' എന്ന് ഗര്‍ജിക്കുമ്പോള്‍ തീയേറ്ററില്‍ ഉയരുന്ന ആരവം. പഴയ രജനികാന്തിലേക്ക് വീണ്ടും നടന്ന് അടുക്കുകയാണ് ആരാധകരുടെ തലൈവര്‍. രജനി രസികര്‍ക്ക് ആഘോഷിക്കാനുള്ള ചേരുവകള്‍ എല്ലാം ചേര്‍ത്ത് വെച്ചിരിക്കുന്നു. ഡാന്‍സ് ആടുന്ന റൊമാന്‍സില്‍ കള്ളു കുടിച്ച് പാടുന്ന, തമാശകള്‍ പറയുന്ന, അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ആരാധകരുടെ ഉള്ളം നനയിക്കുന്ന രജനി.

Rajinikanth Kaala Movie Review

ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് രജനി ഒരു സാധാരണക്കാരനായി വെള്ളിത്തിരയിലെത്തുന്നത്. ധാരാവിയിലെ ഒരു ചേരിയില്‍, തിരുനെല്‍ വേലിയില്‍നിന്ന് കുടിയേറിയ വെങ്കയ്യന്റെ മകന്‍ കരികാലന്‍. അതിജീവനത്തിന്റെ പോരാട്ടത്തില്‍ വെങ്കയ്യനെ ഹരിദാദയെന്ന ഹരിദേവ് അഭയങ്കാര്‍ (നാനാ പടേക്കര്‍) കൊലപ്പെടുത്തുന്നതില്‍ തുടങ്ങുന്ന കുടിപ്പക. അത് കാലയെ ഇല്ലായ്മ ചെയ്യുന്നതിലേക്ക് നീങ്ങുമ്പോള്‍ അത് ഒരു കീഴാള മേലാള സമൂഹത്തിന്റെ സമരമുഖമായി മാറുന്നു.

ഹരിദാദയുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ ത്രസിപ്പിക്കുന്നവയാണ്. പഞ്ച് ഡയലോഗിന് മറു പഞ്ച് കൊണ്ട് ചെറുക്കുന്ന നായകനൊത്ത വില്ലന്‍. അതിനൊപ്പം കോര്‍ത്തിണക്കിയ സംഘട്ടന രംഗങ്ങള്‍, സ്ലോ മോഷനും ക്ലോസ് ഷോട്ടും 360 ഷോട്ടുകളും വി എഫ് എക്‌സുമായി രജനി രസികര്‍ക്കുള്ള വിരുന്നാണ്.

രജനിയുടെ രാഷ്ട്രീയം

രജനികാന്തിന്റെ രാഷ്ട്രീയപ്രവേശം ചര്‍ച്ചാവിഷയമായ കാലഘട്ടത്തിലെത്തിയ ചിത്രമായതിനാല്‍ ഡയലോഗുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. നിലമെന്നാല്‍ പാവപ്പെട്ടവന് ജീവിതവും പണക്കാരന് അധികാരവും ആണെന്ന രജനിയുടെ ഡയലോഗ് തന്നെ ഉദാഹരണം. ഒപ്പം നമ്മുടെ ഉടലാണ് ആയുധം അത് നമ്മള്‍ ലോകത്തിന് കാട്ടികൊടുക്കണം, അതിനായി സംഘടിക്കണമെന്ന ആഹ്വാനവും കാല നടത്തുന്നു. നമ്മുടെ ഭൂമി നമ്മള്‍ക്ക് ഉള്ളതാണെന്ന രാഷ്ടീയമാണ് ചിത്രം പങ്ക് വെയ്ക്കുന്നത്.

ഒരു കാലയ്ക്ക് പകരം ആയിരം കാല വരും. അത് സമൂഹമായി മാറും, എന്നിങ്ങനെയുള്ള രാഷ്ട്രീയ വിളംബരങ്ങള്‍ ഏറെയും ചിത്രത്തിലുണ്ട്. കാവിയുടെ രാഷ്ട്രീയം കപടരാഷ്ട്രീയമെന്ന രീതിയിലുള്ള ട്രീറ്റ്‌മെന്റാണ് കാല പറയുന്നത്.സ്വച്ഛ് ഭാരതിനെ അനുസ്മരിപ്പിക്കുന്ന ക്ലീന്‍ സിറ്റിയുടെ അംബാസിഡറായാണ് ഹരിദാദയുടെ രംഗപ്രവേശം.

Rajinikanth Kaala Movie Review

ക്ലൈമാക്‌സ് സംവിധായകന്റെ ധൈര്യമാണ്. ഇത് വരെ ഒരു രജനി പടത്തിലും പരീക്ഷിക്കാന്‍ മുതിരാത്ത ക്ലൈമാക്‌സിനാണ് എഴുത്തുകാരന്‍ കൂടിയായ സംവിധായകന്‍ പാ രഞ്ജിത്ത് ശ്രമിച്ചിരിക്കുന്നത്. അത് ആരാധകര്‍ തിരസ്‌കരിച്ചിട്ടില്ലെന്നാണ് തീയേറ്ററിലെ ആരവം തെളിയിക്കുന്നത്.

കാലയുടെ ഭാര്യ ശെല്വിയായി എത്തുന്ന ഈശ്വരി റാവുവും പൂര്‍വകകാമുകി സെറീനയായെത്തുന്ന ഹുമാ ഖുറേഷിയും തീര്‍ക്കുന്ന സ്‌ക്രീന്‍ പ്രസന്‍സ് വലുതാണ്. ശ്രദ്ധേയമായ മറ്റൊരു കഥാപാത്രം കാലയുടെ പട്ടിയായ ആസാമിയാണ്. രജനി സിനിമയില്‍ അഭിനയിച്ച 2 കോടിയുടെ മൂല്യം നേടിയ തെരുവ് നായ.

ധനുഷ് നിര്‍മിച്ച ചിത്രത്തില്‍ ഏറ്റവും താഴ്ന്ന് നില്‍ക്കുന്ന ഒരേ ഒരു ഘടകം ബി ജി എമ്മാണ്. പലയിടത്തും കല്ലുകടി തോന്നുന്ന, കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിക്കും പലപ്പോഴും ബാക് ഗ്രൌണ്ട് സ്‌കോര്‍. ആദ്യ പകുതിയിലെ ലാഗും അതുപോലെ ഒഴിവാക്കാവുന്ന ഒന്നായിരുന്നു. മൊത്തത്തില്‍ ലോജിക്കുകള്‍ ചിന്തിക്കാതെ ഒരു രജനി പടത്തിനായി മാത്രം ടിക്കറ്റെടുക്കുക, അമിതപ്രതീക്ഷകളില്ലാതെ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW