Friday, February 22, 2019 Last Updated 5 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 08 Jun 2018 12.30 AM

നിലയില്ലാക്കയത്തില്‍ കോണ്‍ഗ്രസ്‌

uploads/news/2018/06/224012/3.jpg

ചര്‍ച്ചയിലുടനീളം പുലര്‍ത്തിയ ശക്‌തമായ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനം ഞങ്ങള്‍ക്കു തന്നെയെന്ന്‌ ഉറപ്പായി... ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന കോണ്‍ഗ്രസ്‌ - ഘടകകക്ഷി നേതാക്കള്‍ തമ്മിലുള്ള മാരത്തോണ്‍ ചര്‍ച്ചയ്‌ക്ക്‌ ശേഷം ഒരു യുവനേതാവ്‌ പറഞ്ഞതാണിത്‌. കെ.പി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനം നേടിയെടുത്ത ഗ്രൂപ്പ്‌ നേതാവിന്റെ അവകാശവാദമല്ലിത്‌. ഘടകകക്ഷികളുടെ സമ്മര്‍ദത്തിനു വഴങ്ങി രാജ്യസഭാ സീറ്റ്‌ പോലും വിട്ടുകൊടുക്കേണ്ടി വന്ന കോണ്‍ഗ്രസിന്‌ ഒടുവില്‍ കെ.പി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനം മാത്രമാകും സ്വന്തമെന്ന ദയനീയതയാണ്‌ ഈ യുവ നേതാവ്‌ പങ്ക്‌ വച്ചത്‌...!
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയവും ഉമ്മന്‍ ചാണ്ടിയുടെ ദേശീയ നേതൃപദവിയെത്തുടര്‍ന്നു രൂപപ്പെട്ട രാഷ്‌്രടീയ സാഹചര്യവുമാണ്‌ രണ്ടു ദിവസത്തെ ഡല്‍ഹി ചര്‍ച്ചയുടെ അജണ്ടയെ സ്വാധീനിച്ച ഘടകങ്ങള്‍. ചെങ്ങന്നൂരിലെ തോല്‍വിയോടെ കെ.എം മാണിയുടെ മുന്നണി പ്രവേശനം വേഗത്തിലാക്കണമെന്ന നിലപാട്‌ ഹൈക്കമാന്‍ഡും സ്വീകരിച്ചു. മാണിയെ തിരിച്ചുകൊണ്ടുവരാന്‍ ശക്‌തമായി നീക്കം നടത്തിയ മുസ്ലിം ലീഗിന്‌ കോണ്‍ഗ്രസ്‌ രാഷ്ര്‌ടീയത്തില്‍ ഇടപെടാനുള്ള അവസരമായി ഇത്‌ മാറുകയും ചെയ്‌തു.
നേതൃമാറ്റം

കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പോരില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമാണ്‌ ലീഗും കേരളാ കോണ്‍ഗ്രസും നിലയുറപ്പിച്ചിട്ടുള്ളത്‌. പുതിയ സാഹചര്യത്തില്‍ ഈ കൂട്ടായ്‌മ കൂടുതല്‍ ശക്‌തിപ്പെടുകയും ചെയ്‌തു. കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കെ.എം മാണിയെ യു.ഡി.എഫില്‍ തിരിച്ചെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടി മുന്നിട്ടിറങ്ങിയതോടെ ഐ ഗ്രൂപ്പ്‌ നേതാവും പ്രതിപക്ഷനേതാവുമായ രമേശ്‌ ചെന്നിത്തലയ്‌ക്കാണ്‌ അപകടം മണത്തത്‌. ബാര്‍കോഴക്കേസില്‍പെടുത്തി തന്നെ പ്രതിസന്ധിയിലാക്കിയത്‌ രമേശാണെന്ന പരാതി മാണിയ്‌ക്കുണ്ട്‌. ഈ സാഹചര്യത്തില്‍ രമേശിനെ പ്രതിപക്ഷ നേതൃസ്‌ഥാനത്തുനിന്നു മാറ്റണമെന്ന നിബന്ധനയാണു മാണി മുന്നോട്ടുവയ്‌ക്കുന്നത്‌.
എന്നാല്‍, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തില്‍ ഹൈക്കമാന്‍ഡിന്‌ അതൃപ്‌തിയുണ്ടെങ്കിലും നേതൃമാറ്റം ഉടനെയുണ്ടാകില്ല. യു.ഡി.എഫിനെ ശക്‌തിപ്പെടുത്തണമെന്നും ഇതിന്‌ നേതൃമാറ്റം അനിവാര്യമാണെന്നും ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസും വാദിക്കുന്നു. ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയിലും ഘടകകക്ഷി നേതാക്കള്‍ ഉന്നയിച്ചിരുന്നു. സംസ്‌ഥാന സര്‍ക്കാറിന്റെ വീഴ്‌ചകള്‍ ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷ നേതാവിന്‌ സാധിക്കുന്നില്ലെന്നും ലീഗും കേരള കോണ്‍ഗ്രസും എ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന്‌ വാദിക്കുന്നു.
ചെങ്ങന്നൂരിലെ പരാജയത്തിനു സ്‌ഥാനാര്‍ഥി നിര്‍ണയവും പാലംവലിയും കാരണമായിട്ടുണ്ടെന്നാണു രമേശ്‌ ചെന്നിത്തലയുടെ പരാതി. തങ്ങള്‍ സ്‌ഥാനാര്‍ഥിയായി നിര്‍ദേശിച്ചതു ബി.മുരളിയെയായിരുന്നെന്നും ഇത്‌ അട്ടിമറിച്ച്‌ വിജയകുമാറിനെ എ ഗ്രൂപ്പ്‌ സ്‌ഥാനാര്‍ഥിയാക്കിയതാണ്‌ വലിയ പരാജയത്തിന്‌ കാരണമായതെന്നും ഐ ഗ്രൂപ്പ്‌ പരാതിപ്പെടുന്നു. ചെങ്ങന്നൂരില്‍ പരാജയമാണ്‌ എ ഗ്രൂപ്പ്‌ ലക്ഷ്യംവച്ചതെന്നും ഇതുവഴി നേതൃമാറ്റമാണ്‌ അവര്‍ ആഗ്രഹിക്കുന്നതെന്നും ഐ ഗ്രൂപ്പ്‌ ആരോപിക്കുന്നു. ചെങ്ങന്നൂരിലെ ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ സ്വന്തമാക്കാന്‍ എന്തു കൊണ്ട്‌ ഉമ്മന്‍ ചാണ്ടിക്ക്‌ സാധിച്ചില്ലെന്നും ഐ ഗ്രൂപ്പ്‌ ചോദിക്കുന്നു.
കുറുമുന്നണി

കോണ്‍ഗ്രസ്‌ തളരുകയും ഗ്രൂപ്പ്‌ പോര്‌ മൂര്‍ച്‌ഛിക്കുകയും ചെയ്‌തതോടെ നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ്‌ ഘടകകക്ഷികള്‍. കര്‍ണാടകയടക്കമുള്ള സംസ്‌ഥാനങ്ങളില്‍ കോണ്‍ഗ്രസ്‌ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകുന്ന സാഹചര്യവും ഘടകക്ഷികളെ സ്വാധീനിക്കുന്നുണ്ട്‌. മുന്നണിയില്‍ തിരിച്ചെത്തിയാല്‍ കേരളാ കോണ്‍ഗ്രസ്‌ ലീഗുമായി കൈകോര്‍ത്ത്‌ കുറു മുന്നണി രൂപീകരിക്കാനുള്ള നീക്കത്തിലുമാണ്‌.
ഇതുമായി എ ഗ്രൂപ്പ്‌ സഹകരിക്കുമെന്നതിനാല്‍ പ്രതിസന്ധിയിലാവുക കോണ്‍ഗ്രസ്‌ നേതൃത്വവും പ്രതിപക്ഷനേതാവുമായിരിക്കും. ഈ സാഹചര്യത്തിലാണ്‌ യു.ഡി.എഫില്‍ തിരിച്ചെത്തും മുമ്പ്‌ തന്നെ രാജ്യസഭാ സീറ്റിനായി കേരള കോണ്‍ഗ്രസ്‌ അവകാശവാദം ഉന്നയിച്ചതും മുസ്ലിം ലീഗ്‌ പിന്തുണച്ചതും.
നോട്ടം വയനാട്ടില്‍

മുന്നണി വിട്ട കേരളാ കോണ്‍ഗ്രസിനെതിരേ ഏറ്റവും ശക്‌തമായി രംഗത്തിറങ്ങിയത്‌ കോട്ടയം ഡി.സി.സിയാണ്‌. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ വീണ്ടും മത്സരിച്ചാല്‍ കോണ്‍ഗ്രസ്‌ പാലംവലിക്കുമെന്ന ആശങ്ക ജോസ്‌ കെ മാണിക്കുണ്ട്‌. ഇതിനാല്‍ വയനാട്‌ സീറ്റുമായി വച്ചുമാറണമെന്നാണ്‌ ജോസ്‌ കെ മാണിയുടെ താല്‍പ്പര്യം. മലപ്പുറം ജില്ലയുടെ ഭാഗങ്ങള്‍ കൂടെ ഉള്‍പ്പെടുന്ന വയനാട്‌ സീറ്റ്‌ ലീഗിനു സ്വാധീനമുള്ള മണ്ഡലമാണ്‌. ലീഗിന്റെ പിന്തുണയാണു കേരളാ കോണ്‍ഗ്രസിനെ വയനാട്‌ സീറ്റിലേക്ക്‌ അടുപ്പിക്കുന്നത്‌.
സിറ്റിങ്‌ മണ്ഡലമായ വയനാട്‌ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ്‌ തയാറല്ലെങ്കിലും കേരളാ കോണ്‍ഗ്രസിനു വേണ്ടി ലീഗ്‌ സമ്മര്‍ദം ചെലുത്തിയേക്കും. എന്നാല്‍ വടകരയില്‍ അപകടം മണക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വയനാട്‌ സീറ്റ്‌ ലക്ഷ്യംവച്ച്‌ കരുനീക്കം ശക്‌തമാക്കിയിട്ടുമുണ്ട്‌. കെ.പി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനം ലഭിച്ചില്ലെങ്കില്‍ മുല്ലപ്പള്ളി സുരക്ഷിത സീറ്റിനായി വാദമുന്നയിച്ചേക്കും. രാഹുല്‍ ഗാന്ധി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതല മുല്ലപ്പള്ളിയ്‌ക്കായിരുന്നു. ഈഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ ഗുഡ്‌ ബുക്കിലാണ്‌ മുല്ലപ്പള്ളിക്കു സ്‌ഥാനം.

അമരത്താര്‌..?

മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌ വരെ കെ.പി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനത്തേക്കു കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്‌.ചെങ്ങന്നൂരിലെ കനത്ത തോല്‍വിയോടെ കരുത്തനായ നേതാവ്‌ തന്നെ അമരത്തെത്തണമെന്ന ആവശ്യമുയര്‍ന്നു. കെ.മുരളീധരന്‍ മുതല്‍ കെ.സുധാകരന്‍ വരെ പല പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്‌. അവസാനഘട്ടത്തില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പേരിനാണ്‌ മുന്‍തൂക്കം.
നേരത്തെ എ ഗ്രൂപ്പിലായിരുന്നെങ്കിലും ഇടക്കാലത്ത്‌ വി.എം സുധീരനൊപ്പം ചേര്‍ന്ന കൊടിക്കുന്നില്‍ നിലവില്‍ ഒരു ഗ്രൂപ്പിലുമില്ല. ഐ ഗ്രൂപ്പിന്‌ കൊടിക്കുന്നിലിനെ താല്‍പ്പര്യമുണ്ട്‌. എ ഗ്രൂപ്പിന്‌ നീരസമുണ്ടെങ്കിലും ഗ്രൂപ്പ്‌ രഹിതനെന്നത്‌ കൊടിക്കുന്നിലിന്‌ ഹൈക്കമാന്‍ഡിനു മുന്നിലും സ്വീകാര്യത നല്‍കുന്ന ഘടകമാണ്‌. ദളിത്‌ നേതാവെന്നതും താരതമ്യേന ചെറുപ്പമെന്നതും അനുകൂല ഘടകം.
യു.ഡി.എഫ്‌. കണ്‍വീനര്‍ സ്‌ഥാനത്തേക്കു കെ.മുരളീധരന്റെ പേരാണ്‌ ശക്‌തമായി ഉയരുന്നത്‌. നേരത്തെ വിശാല ഐ യുടെ ഭാഗമായിരുന്നെങ്കിലും നിലവില്‍ എ ഗ്രൂപ്പിനോട്‌ ചാഞ്ഞ്‌ സ്വതന്ത്രനായാണ്‌ നില്‍പ്പ്‌. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം ബൂത്തില്‍ വോട്ട്‌ കുറഞ്ഞതിനെതിരേ രമേശ്‌ ചെന്നിത്തലയെ പരിഹസിച്ച മുരളി, ഇതുവഴി എ ഗ്രൂപ്പിന്റെ പിന്തുണയാണ്‌ ലക്ഷ്യമിട്ടത്‌. അതേ സമയം കെ.പി.സി.സി പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്ന്‌ നീക്കുന്ന സാഹചര്യത്തില്‍ എം.എം. ഹസനെ യു.ഡി.എഫ്‌. ചെയര്‍മാനാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌. പ്രസിഡന്റായ ശേഷം എ ഗ്രൂപ്പിനോട്‌ അകന്ന ഹസന്‌ ഇപ്പോള്‍ ഐ ഗ്രൂപ്പിന്റെ കൈത്താങ്ങുമുണ്ട്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Friday 08 Jun 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW