Friday, November 16, 2018 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 08 Jun 2018 12.30 AM

ജാതി ചോദിക്കുന്നു, സോദരി...

uploads/news/2018/06/224011/2.jpg

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോള്‍ പലതരം രാഷ്‌ട്രീയ വിശകലനങ്ങള്‍ പുറത്തുവന്നു. ഏറ്റവും ശ്രദ്ധേയമായതും ചര്‍ച്ച തുടരുന്നതും ക്രൈസ്‌തവ വോട്ടുകള്‍ ക്രൈസ്‌തവ സ്‌ഥാനാര്‍ത്ഥിക്കുവേണ്ടി ധ്രുവീകരിക്കപ്പെട്ടുവെന്നാണ്‌.
ആറന്മുളയില്‍ ക്രൈസ്‌തവ സ്‌ഥാനാര്‍ത്ഥി ജയിച്ചതും ചെങ്ങന്നൂരില്‍ ജയിച്ചതും ഓര്‍ത്തഡോക്‌സ്‌ സമുദായം ഇടതുമുന്നണിയെ പിന്തുണച്ചതുകൊണ്ടാണെന്ന്‌ വിശദീകരിക്കപ്പെടുന്നു. രണ്ടിടത്തും ഹൈന്ദവ സ്‌ഥാനാര്‍ത്ഥികള്‍ തോറ്റു; ക്രിസ്‌ത്യാനികള്‍ ജയിച്ചു; ശാസ്‌ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്നു പറയുംപോലെ. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന ധാരണ മാറി; മതം മനുഷ്യനെ ഉണര്‍ത്തുന്ന കറുപ്പായി തീരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുശേഷം സാമൂഹിക മാധ്യമങ്ങളില്‍ ചില പള്ളീലച്ചന്മാര്‍ കക്ഷിചേര്‍ന്നും പക്ഷംപിടിച്ചും നടത്തുന്ന അടിതടകള്‍ കണ്ടാല്‍ ഇവര്‍ കറുപ്പു തിന്നുന്നവരാണെന്നു തോന്നും.
പള്ളീലച്ചന്മാര്‍ യു.ഡി.എഫും എല്‍.ഡി.എഫുമായി ഏറ്റുമുട്ടുന്നു. പള്ളിവഴക്കിന്റെ പേരില്‍ തെറിപറഞ്ഞു നടന്ന അച്ചന്മാര്‍ ഇപ്പോള്‍ കോടിയേരി കോര്‍ എപ്പിസ്‌കോപ്പയായും ഡീക്കന്‍ ഉമ്മന്‍ ചാണ്ടിയായും വേഷം കെട്ടുന്നു. ചെങ്ങന്നൂരിലെ വിജയാഹ്ലാദ പ്രകടനത്തില്‍ ഒരു പള്ളീലച്ചന്‍ നിലതെറ്റി ളോഹ പൊക്കിക്കാണിച്ചു; പൊതുനിരത്ത്‌ നിയമസഭയാണെന്നു തെറ്റിദ്ധരിച്ചുകാണും.
മുമ്പൊക്കെ സംഘടനകളിലൂടെ ജാതി-മത-സമുദായങ്ങളെ ഏകോപിപ്പിക്കാനാണ്‌ രാഷ്‌ട്രീയകക്ഷികള്‍ ശ്രമം നടത്തിയത്‌. ഇപ്പോള്‍ ഓരോ പള്ളിയും ഇടവക വികാരിയും നേരിട്ടിടപെടുന്നു. ഓര്‍ത്തഡോക്‌സ്‌ പള്ളിയും മാര്‍ത്തോമ്മാ പള്ളിയും എന്ന നിലമാറി പകരം സി.പി.എം. ബ്രാഞ്ച്‌ പള്ളി, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പള്ളി... വ്യത്യസ്‌ത രാഷ്‌ട്രീയവിശ്വാസവും അവിശ്വാസവും ഉള്ള സഭാമക്കള്‍ പിരിവെടുത്തു നല്‍കുന്ന പണവും ളോഹയുടെ പേരില്‍ കിട്ടുന്ന ബഹുമാന്യതയും ദുരുപയോഗം ചെയ്യുന്ന ഒരു വിഭാഗം പള്ളീലച്ചന്മാര്‍, പഴയകാല കവലച്ചട്ടമ്പിമാരെപ്പോലെ ഡിജിറ്റല്‍ ചട്ടമ്പിമാരായി വേഷം കെട്ടുന്നു; ളോഹയിട്ട ഡിജിറ്റല്‍ ഗുണ്ടകള്‍. സംഘപരിവാരങ്ങള്‍ ഹൈന്ദവ വര്‍ഗീയത പ്രോത്സാഹിപ്പിച്ച്‌ തീവ്രഹിന്ദുത്വം പ്രചരിപ്പിച്ച്‌ ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നാണ്‌ സഭാ നേതൃത്വങ്ങള്‍ കരുതുന്നത്‌. ഇതേ പണിയല്ലേ, ചെങ്ങന്നൂരും ആറന്മുളയിലും സഭകള്‍ നടത്തിയത്‌. ക്രിസ്‌ത്യാനിക്കു വോട്ട്‌ ചെയ്യാന്‍ ഒത്തുചേരൂ എന്ന മുറവിളി. ഓരോ ജാതിയും ഈ പണി തുടങ്ങിയാല്‍ എന്താവും കേരളത്തിന്റെ ഗതി? കാറല്‍ മാര്‍ക്‌സും ഗാന്ധിജിയുമൊന്നുമല്ല ഇവരുടെ പ്രശ്‌നം; തമ്മിലടിച്ച്‌ പൂട്ടിക്കിടക്കുന്ന പള്ളികളും സ്വത്തുക്കളും.
ഒരു പള്ളിക്കെട്ടിടത്തിനും പത്തു സെന്റ്‌ ഭൂമിക്കും വേണ്ടി രാഷ്‌ട്രീയ കോമാളികളാകുന്ന ഒരു വിഭാഗം വൈദികര്‍ കേരളത്തില്‍ ജാതി ഭ്രാന്താലയം പണിയാന്‍ അടിത്തറയിട്ടുകഴിഞ്ഞു. ചിലേടത്ത്‌ എല്‍.ഡി.എഫിനും മറ്റു ചിലേടത്ത്‌ യു.ഡി.എഫിനും ഈ സമുദായക്കളികൊണ്ട്‌ പ്രയോജനം കിട്ടാം. സ്‌ഥാനാര്‍ത്ഥി ക്രിസ്‌ത്യാനിയായാല്‍പ്പോര പ്രത്യേക സഭക്കാരന്‍തന്നെയാകണമെന്ന നിലയിലേക്കു ഭ്രാന്ത്‌ മൂത്തിരിക്കുന്നു. ഈ ജാതിക്കളിയുടെ ദുരന്തം ഇതിനൊന്നും താല്‍പ്പര്യമില്ലാതെ സ്വസ്‌ഥമായി, സെക്യുലറായി ജീവിക്കാന്‍ കൊതിക്കുന്നവരുടെ ജീവിതമാണ്‌ തകര്‍ക്കാന്‍ പോകുന്നത്‌.
ഇഹലോക ജീവിതം ദുഃഖവും ദുരിതവും നിറഞ്ഞതാകയാല്‍ സ്വര്‍ഗത്തില്‍ ശാന്തസുന്ദരമായ ജീവിതം ശരിപ്പെടുത്തിത്തരാമെന്നാണ്‌ സഭകള്‍ വാഗ്‌ദാനം ചെയ്യുന്നത്‌. പ്രിയ വൈദിക സഖാക്കളെ, സ്വര്‍ഗത്തിലെ കാര്യം അവിടെ ചെന്നിട്ടു നേരിട്ട്‌ നോക്കിക്കോളാം; നാട്ടിലെ തീരെ ചെറിയ ജീവിതയാത്രയില്‍ നിങ്ങള്‍ ഇടതുപക്ഷ അച്ചനും വലതുപക്ഷ അച്ചനുമായി റോഡിലിറങ്ങി ഈ പാപികളുടെ ഉള്ള സൈ്വര്യം കെടുത്തരുത്‌. നാവ്‌ വരണ്ടിട്ട്‌ നീരു ചോദിക്കുമ്പോള്‍ പകരം ജാതി ചോദിക്കുന്ന സോദരിമാരുടെ കാലമാണിത്‌.

എബ്രഹാം മാത്യു

Ads by Google
Friday 08 Jun 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW