Sunday, June 24, 2018 Last Updated 14 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 08 Jun 2018 12.27 AM

സിന്തൈറ്റ്‌ പൂട്ടിയത്‌ നാണക്കേട്‌

uploads/news/2018/06/224010/1.jpg

വ്യവസായ സൗഹൃദമല്ലെന്ന്‌ പണ്ടേ ദുഷ്‌പേരുള്ള സംസ്‌ഥാനമാണ്‌ കേരളം. അനേകം വ്യവസായ സംരംഭങ്ങളാണ്‌ കേരളമണ്ണില്‍ തകര്‍ന്നടിഞ്ഞത്‌. പ്രഫഷണലായ നടത്തിപ്പിന്റെ അഭാവം മൂലം നഷ്‌ടത്തിലാവുകയും നിന്നു പോവുകയും ചെയ്‌തിട്ടുള്ള സ്‌ഥാപനങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അനേകം സ്‌ഥാപനങ്ങള്‍ തൊഴിലാളികളുടെ ഭാഗത്തു നിന്നുള്ള എതിര്‍പ്പും നിസ്സഹകരണവും സമരങ്ങളും മൂലമാണ്‌ പൂട്ടിപ്പോയിട്ടുള്ളത്‌. അവകാശബോധം സംബന്ധിച്ച്‌ കൃത്യമായ ധാരണയുള്ളതിനാല്‍ തൊഴിലാളി സംഘടനകള്‍ ഇവിടെ സജീവമാണ്‌. പലതരം സമരങ്ങളും ഇടയ്‌ക്കിടയ്‌ക്കുണ്ടാകുന്ന ഹര്‍ത്താലുകളും എല്ലാം ചേര്‍ന്ന്‌ സംരംഭകരെ കേരളത്തില്‍ നിന്ന്‌ അകറ്റിയപ്പോള്‍ അവരെ സംസ്‌ഥാനത്തേക്ക്‌ ആകര്‍ഷിക്കുക എന്നത്‌ സര്‍ക്കാരുകള്‍ക്ക്‌ എക്കാലവും തലവേദനയായിരുന്നു.
പുറത്തു നിന്നുള്ള സംരംഭകര്‍ കേരളത്തിലേക്കു വരാന്‍ മടിച്ചു നിന്നപ്പോള്‍ ഇവിടെ പണം മുടക്കാന്‍ ധൈര്യം കാണിച്ച ധാരാളം സംരംഭകര്‍ കേരളത്തിലുണ്ട്‌. ഇവര്‍ക്കു കയ്‌പേറിയ ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കേരളത്തിലെ സംരംഭങ്ങള്‍ ഇവിടെ പിടിച്ചു നിന്നു. ഒരു നിവൃത്തിയുമില്ലാതെ ചില സ്‌ഥാപനങ്ങള്‍ സംസ്‌ഥാനം വിട്ടു പോയിട്ടുണ്ട്‌. ഇതേ സാഹചര്യത്തിലെത്തി നില്‍ക്കുകയാണ്‌ കോലഞ്ചേരിയിലെ സിന്തൈറ്റ്‌ കമ്പനി. രാജ്യത്തിനു പ്രതിവര്‍ഷം 12,000 കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന ഈ സ്‌ഥാപനം തൊഴിലാളി സമരത്തെ തുടര്‍ന്നു പൂട്ടിയിരിക്കുകയാണ്‌.
സുഗന്ധവ്യഞ്‌ജന സത്ത്‌ കയറ്റുമതി ചെയ്യുന്ന മുന്‍നിര സ്‌ഥാപനമായ സിന്തൈറ്റ്‌ നാലരപതിറ്റാണ്ട്‌ മുന്‍പാണ്‌ പ്രവര്‍ത്തനം തുടങ്ങിയത്‌. ഇത്രയും കാലത്തിനിടയ്‌ക്ക്‌ ആദ്യമായാണ്‌ ഇവിടെ ഒരു തൊഴിലാളി സമരമുണ്ടാകുന്നത്‌. ഒരു തൊഴിലാളി യൂണിയന്‍ മാത്രമുള്ള ഇവിടെ യൂണിയന്‍ ഉണ്ടാക്കണമെന്ന സി.ഐ.ടി.യുവിന്റെ ആവശ്യം നിഷേധിക്കപ്പെട്ടതിനെതുടര്‍ന്നായിരുന്നു സമരം. ചര്‍ച്ചയ്‌ക്കു ശേഷം സി.ഐ.ടി.യു. യൂണിയന്‌ അംഗീകാരം നല്‍കിയതോടെ സമരം പിന്‍വലിച്ചു. എന്നാല്‍, ഇതിനു ശേഷം 18 തൊഴിലാളികളെ കമ്പനിയുടെ കോയമ്പത്തൂര്‍ യൂണിറ്റിലേക്ക്‌ മാറ്റിയതോടെയാണ്‌ വീണ്ടും സമരം തുടങ്ങിയത്‌. രണ്ടാം സമരത്തിന്റെ അഞ്ചാം ദിവസം കമ്പനി പൂട്ടി. കമ്പനി സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ പോലീസ്‌ സുരക്ഷ നല്‍കിയതുമില്ല! 650 ജീവനക്കാരുള്ള സ്‌ഥാപനമാണ്‌ 45 തൊഴിലാളികളുടെ നിലപാടിനെതുടര്‍ന്ന്‌ അടച്ചു പൂട്ടുന്നത്‌.
കേരളത്തെ വ്യവസായ സൗഹൃദ സംസ്‌ഥാനമാക്കുമെന്ന്‌ പ്രഖ്യാപിച്ച സര്‍ക്കാരിന്റെ കാലത്താണ്‌ കേരളത്തില്‍ തുടങ്ങി രാജ്യാന്തര തലത്തിലേക്ക്‌ വളര്‍ന്ന ഒരു സ്‌ഥാപനം, അതിന്റെ മാതൃ യൂണിറ്റ്‌ പൂട്ടുന്നത്‌. ഇത്‌ കേരള വ്യവസായ രംഗത്തിനുണ്ടാക്കുന്ന തിരിച്ചടി ചെറുതല്ല. കമ്പനി നടത്തിപ്പ്‌ ദുഷ്‌കരമായാല്‍ മറ്റു സംസ്‌ഥാനങ്ങളിലെ യൂണിറ്റുകളിലേക്ക്‌ പ്രവര്‍ത്തനം മാറ്റാന്‍ അവര്‍ക്ക്‌ വളരെ എളുപ്പമായിരിക്കും. പക്ഷേ, തൊഴില്‍ നഷ്‌ടമാകുന്നത്‌ കേരളത്തിലായിരിക്കും. സംസ്‌ഥാനത്തിനുമുണ്ടാകും അനുബന്ധ നഷ്‌ടങ്ങള്‍. വ്യവസായ മേഖലയെ സംഘര്‍ഷ രഹിതമാക്കി സമാധാനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉറച്ച നിലപാടെടുക്കണം.

Ads by Google
Friday 08 Jun 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW