കായിക മത്സരങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യാന്തര തലത്തിലുള്ള അനവധി കായിക താരങ്ങള്‍ക്ക് കേരളം ജന്മം നല്കി. കേരളത്തിലെ പ്രധാനപ്പെട്ട മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വന്തമായി കായിക ടീമുകളുണ്ടായിരുന്നു.
ഫുട്ബോള്‍, വോളിബോള്‍, അത്ലറ്റിക്സ് എന്നിങ്ങനെ പ്രധാന കായിക ഇനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ടീമുകള്‍ സ്ഥിരമായി വിജയികളായി. കായികരംഗത്തേക്ക് തിരിയുന്നവര്‍ക്ക് ഏതെങ്കിലും പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇങ്ങനെ ജോലി ലഭിക്കുന്നവര്‍ സംസ്ഥാനത്തിനുവേണ്ടി വിയര്‍പ്പൊഴുക്കുകയും നേട്ടങ്ങളുണ്ടാക്കുകയും ചെയ്തു.
എന്നാല്‍, വര്‍ഷങ്ങളായി കായികതാരങ്ങള്‍ക്ക് കേരളത്തില്‍ ജോലി ഉറപ്പില്ലാത്ത അവസ്ഥയാണ്. ഒരുകാലത്ത് കായികതാരങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന സ്ഥാപനങ്ങള്‍ പതിയെ അതില്‍ നിന്നു പിന്മാറി. ടീമുകളിലേക്ക് നിയമനം നടത്താതായി. ഇതോടെ ധാരാളം കായികതാരങ്ങള്‍ സംസ്ഥാനം വിട്ടുപോകുന്ന അവസ്ഥയുണ്ടായി. രാജ്യാന്തര തലത്തില്‍ നേട്ടങ്ങള്‍ കൈവരിച്ച കായികതാരങ്ങള്‍ പോലും ജോലി ലഭിക്കുമെന്നു കാത്തിരുന്ന് നിരാശരാകുന്ന കാഴ്ച കായികപ്രേമികള്‍ കാണേണ്ടി വന്നു. സുരക്ഷിതമായ ഭാവി കായിക മേഖലയില്‍ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ കായിക മത്സരത്തില്‍ മാത്രം ശ്രദ്ധിക്കാമെന്നിരിക്കെ അതിനു സാധിക്കുന്നില്ലെന്ന് കായികതാരങ്ങള്‍ പലവട്ടം വ്യക്തമാക്കിയിട്ടും അതൊന്നും അധികൃതര്‍ ശ്രദ്ധിക്കാതെ പോയി.
ഈ സാഹചര്യത്തിലാണ് യുവജനകാര്യവും ക്ഷേമവും സംബന്ധിച്ച നിയമസഭാ സമിതിയുടെ ശിപാര്‍ശകള്‍ പ്രസക്തമാകുന്നത്. ശിപാര്‍ശ ലഭിക്കുന്ന വര്‍ഷം തന്നെ കായികതാരങ്ങള്‍ക്ക് നിയമനം നല്‍കണമെന്നതാണ് സമിതിയുടെ ശ്രദ്ധേയമായ ശിപാര്‍ശകളില്‍ ഒന്ന്. എല്‍.ഡി. ക്ലാര്‍ക്ക് നിയമനങ്ങളിലും കായികതാരങ്ങളെ പരിഗണിക്കുക, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രത്യേകം കായികാധ്യാപകരെ നിയമിക്കുക, കായിക മികവു തെളിയിക്കുന്നവര്‍ക്ക് ഉപരിപഠനത്തിനും പി.എസ്.സി. പരീക്ഷയിലും വെയ്റ്റേജ് നല്‍കുക എന്നീ ശിപാര്‍ശകളും കമ്മിറ്റി മുന്നോട്ടു വയ്ക്കുന്നു. സ്പോര്‍ട്സ് ഹോസ്റ്റലുകളുടെയും സ്പോര്‍ട്സ് സ്കൂളുകളുടെയും മികവു സൗകര്യവും വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും ടി.വി. രാജേഷ് അധ്യക്ഷനായ സമിതി മുന്നോട്ടു വച്ചിട്ടുണ്ട്.
ഇവയൊക്കെ നടപ്പാവുകയാണെങ്കില്‍ കേരളത്തില്‍ കായിക മേഖലയിലേക്ക് തിരിയുന്നവര്‍ക്ക് ആ രംഗത്ത് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ പ്രചോദനമാകും. കേരളത്തില്‍ സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ പ്രതീക്ഷവയ്ക്കുന്ന തസ്തികയാണ് എല്‍.ഡി. ക്ലര്‍ക്കിന്റേത്. അതിലേക്ക് കായികതാരങ്ങളെക്കൂടി പരിഗണിച്ചാല്‍ പൊതുവിഭാഗത്തില്‍ അവസരം കുറയും. അതുണ്ടാകാതെ നോക്കുക എന്നത് പ്രധാനമാണ്. കായികതാരങ്ങള്‍ക്കായി പ്രത്യേക ഒഴിവുകള്‍ കണ്ടെത്തുന്നതാവും അഭികാമ്യം. നിയമനം ലഭിക്കുന്നവരുടെ സേവനം നിശ്ചിതകാലത്തേക്ക് ഉറപ്പുവരുത്തണമെന്ന സമിതിയുടെ നിര്‍ദേശവും പ്രാധാന്യമുള്ളതാണ്. കാത്തിരുന്നു നിയമനം കിട്ടിയശേഷം എല്ലാം ചട്ടപ്പടിയാക്കുന്നവരെ കൈയോടെ പിടികൂടുകയും വേണം.