Friday, May 24, 2019 Last Updated 4 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 07 Jun 2018 01.28 AM

വര്‍ഗീയ വൈറസിനെതിരേ മനഃസാക്ഷി മരുന്നാകട്ടെ

uploads/news/2018/06/223842/bft1.jpg

വാട്‌സ്‌ആപ്പില്‍ ലഭിച്ച ഒരു കവിത എന്നെ വല്ലാതെ സ്‌പര്‍ശിച്ചു. നിപ വൈറസ്‌ കേരളത്തെ ഭയത്തിലാഴ്‌ത്തിയ സന്ദര്‍ഭത്തില്‍ റാഫി നെടുവാഞ്ചേരിയുടെ കവിതയ്‌ക്കു സമകാലികപ്രസക്‌തി ഏറെയാണ്‌. അതുകൊണ്ട്‌ രചയിതാവിന്റെ അനുമതിയില്ലാതെതന്നെ അതിവിടെ പകര്‍ത്തുകയാണ്‌. ആക്രിക്കവിതകളുടെയും സംവാദങ്ങളുടെയും കാലഘട്ടത്തില്‍ ഈ കവിത ഒരു ഓര്‍മപ്പെടുത്തലാണ്‌.
"വൈറസുകള്‍ എത്ര പെട്ടെന്നാണ്‌
പ്രാദേശികവും, ദേശീയവുമായ
അതിര്‍ത്തികളെ, അതിജീവിച്ച്‌,
വന്‍കരകളെ തമ്മില്‍ കൂട്ടിയിണക്കുന്നത്‌.
അവ എത്ര പെട്ടെന്നാണു പന്നിയിലൂടെ,
കാക്കയിലൂടെ, എലിയിലൂടെ, വവ്വാലിലെത്തി,
മൃഗങ്ങളെയും പക്ഷികളെയും ഒന്നിപ്പിക്കുന്നത്‌.
അവ എത്ര പെട്ടെന്നാണു വര്‍ഗീസിലൂടെ, മറിയമിലൂടെ,
ലിജിയിലൂടെ, സാബിത്ത്‌ വഴി, ജാനകിയിലെത്തി,
മനുഷ്യരെ ഒരുമിപ്പിക്കുന്നത്‌.
എത്ര പെട്ടെന്നാണ്‌,
കൃഷ്‌ണനും മുഹമ്മദും വര്‍ഗീയത മറന്ന്‌,
വവ്വാലിനെ, വര്‍ഗശത്രുവാക്കിയത്‌.
എത്ര പെട്ടെന്നാണു നമ്മള്‍ നമ്മുടെ
വൈവിധ്യങ്ങളുടെ ഉടയാടകളെ,
ഒരേ, വൈദ്യുതി ശ്‌മശാനത്തില്‍
ദഹിപ്പിച്ച്‌ മനുഷ്യരായത്‌.
എന്നിട്ടും മനുഷ്യരാകാന്‍ മടിക്കുന്നവര്‍
എത്ര പെട്ടെന്നാണു വീണ്ടും
വൈറസുകളായി പെറ്റുപെരുകുന്നത്‌."
ആത്മാഭിമാനവും പ്രതിപക്ഷബഹുമാനവും മനുഷ്യര്‍ക്ക്‌ അവശ്യം വേണ്ട ഗുണങ്ങളാണ്‌. ദുരഭിമാനം വ്യക്‌തിക്കും സമൂഹത്തിനുംവിപത്‌കരമാണ്‌. മലയാളിക്ക്‌ അഭിമാനബോധത്തിനൊപ്പം ദുരഭിമാനവും വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്‌. ആഡംബരവിവാഹങ്ങളും ആര്‍ഭാടവാഹനഭ്രമവും സാമ്പത്തികവിവേചന മനോഭാവവും വിട്ടുമാറാത്ത ജാതീയതയും കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരികരംഗത്തെ മലീമസമാക്കിയിരിക്കുന്നു. അഴീക്കോട്ടെ ആതിരയും കോട്ടയത്തെ കെവിനുമൊക്കെ ദുരഭിമാനത്തിന്റെ ഇരകളായത്‌ അങ്ങനെയാണ്‌. ദൈവത്തിന്റെ സ്വന്തം നാട്‌ വീണ്ടും വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടിയ ഭ്രാന്താലമായി മാറുന്നു. കേരളം മറ്റു കാര്യങ്ങളില്‍ വളരുമ്പോള്‍, മൂല്യങ്ങളില്‍ തളരുന്നുവെന്ന്‌ സമീപകാലസംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ഇതെങ്കിലും അവസാനത്തേതാകട്ടെയെന്ന്‌ ആശിക്കുമ്പോഴും ആശങ്കകള്‍ അടങ്ങുന്നില്ല. ഇത്തരം ദുരഭിമാനക്കൊലപാതകങ്ങള്‍ക്കു പിന്നില്‍ ജാതീയവും സാമ്പത്തികവുമായ ഘടകങ്ങള്‍ മാത്രമല്ല ഉള്ളത്‌. സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ഘടകങ്ങളും കൂട്ടിവായിക്കണം. അണുകുടുംബങ്ങളുടെ ആവിര്‍ഭാവവും അതുമൂലമുള്ള സാമൂഹിക ഇടപെടലുകളുടെ കുറവും സ്വയംകേന്ദ്രീകൃതമായ സെല്‍ഫി സംസ്‌കാരവും കൂടിവരുന്നു. സാമൂഹികമായ പങ്കുവയ്‌ക്കലുകള്‍ കുറഞ്ഞുവരുന്നു. എല്ലാരംഗത്തും സ്വന്തം വിജയമാണു പ്രധാനമെന്ന പാഠം നമ്മള്‍ പുതിയതലമുറയ്‌ക്കു പകര്‍ന്നുകൊടുക്കുന്നു. രൂപം സ്വന്തമെങ്കിലും മറ്റൊരാള്‍ക്കു മാത്രം പകര്‍ത്താന്‍ പറ്റുന്നതായിരുന്നു നമ്മുടെ ഫോട്ടോ. എന്നാല്‍, സെല്‍ഫിക്കാലമായതോടെ സ്വന്തം ചിത്രമെടുക്കാന്‍പോലും അന്യനെ ആശ്രയിക്കേണ്ടെന്ന സാമൂഹ്യപാഠം നമ്മുടെ മനസില്‍ ഉരുവം കൊള്ളുന്നു. വിവാഹങ്ങളും ആഘോഷങ്ങളുമൊക്കെ ഒരിക്കല്‍ കൂട്ടായ്‌മയുടെ വേദികളായിരുന്നു. ക്രിസ്‌മസും വിഷുവും റമദാനുമൊക്കെ വേലിക്കെട്ടുകളില്ലാത്ത ലോകത്തായിരുന്നു. പാരമ്പര്യങ്ങളുടെ ഈ പാരസ്‌പര്യം നമുക്കന്യമായി.
ശ്രീനാരായണഗുരുദേവന്റെ "നമുക്ക്‌ ജാതിയില്ലാ വിളംബര"ശതാബ്‌ദി ആഘോഷിക്കുന്ന വേളയില്‍ത്തന്നെ നമുക്കിടയില്‍ ജാതീയത അതിന്റെ ഹിംസ്രരൂപം പ്രാപിക്കുന്നു. പ്രത്യക്ഷത്തില്‍ ജാതീയതയെയും അയിത്തത്തെയും എതിര്‍ക്കുമ്പോഴും മനസില്‍ അവ കാത്തുസൂക്ഷിക്കുന്നു. മതമില്ലാതെ സ്‌കൂള്‍ പ്രവേശനം നേടിയാല്‍പോലും മലയാളിക്കതു കൗതുകവാര്‍ത്തയാണ്‌. മിശ്രവിവാഹിതര്‍പോലും മക്കളുടെ കാര്യത്തില്‍ മറിച്ചുചിന്തിക്കും. കേരളീയസമൂഹത്തില്‍ ജാതിമതചിന്തകളുടെ അടിയൊഴുക്കുകള്‍ എക്കാലവും സജീവമായിരുന്നു. എന്നാല്‍, അതതു കാലഘട്ടങ്ങളിലെ രാഷ്‌ട്രീയനേതൃത്വങ്ങളുടെ ഇച്‌ഛാശക്‌തിയും ഇടതുപക്ഷസമീപനങ്ങളും ജാതിചിന്തയുടെ പ്രാമാണ്യത്തെയും അധിനിവേശസ്വഭാവത്തെയും ഒതുക്കിനിര്‍ത്തി. ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതി പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയില്ലെന്ന നഗ്നസത്യം വിളിച്ചുപറയാന്‍ പലര്‍ക്കും മടിയാണ്‌. അതുകൊണ്ടുതന്നെ ജാതിയുടെയും മതത്തിന്റെയും നന്മതിന്മകള്‍ തിരിച്ചറിഞ്ഞ്‌ മാറിവരുന്ന സാമൂഹികവ്യവസ്‌ഥയില്‍ അവ എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണു പ്രായോഗികമായി ചിന്തിക്കേണ്ടത്‌. നമ്മുടെ ക്ലാസ്‌ മുറികളില്‍നിന്നു കൂട്ടായ്‌മയുടെ പാഠങ്ങള്‍ പടിയിറങ്ങിയതു ജാതിചിന്തകള്‍ കൂടുതല്‍ വേരാഴ്‌ത്താന്‍ കാരണമായി. എം.ടിയുടെ അസുരവിത്തും കെ.ടി. മുഹമ്മദിന്റെ അച്‌ഛനും ബാപ്പയുമൊക്കെ വായിക്കുകയും അവരുടെ സ്വപ്‌നങ്ങളും വിഹ്വലതകളുമൊക്കെ നമ്മുടേതാക്കി മാറ്റുകയും ചെയ്‌ത തലമുറ പൊയ്‌പ്പോയി. നിര്‍മാല്യത്തിലെ വെളിച്ചപ്പാട്‌ ഏതോ കാവിലെ നനഞ്ഞുകത്തുന്ന മണ്‍ചെരാത്‌ മാത്രമായിരുന്നില്ല. അയാളുടെ അസ്വസ്‌ഥതകള്‍ സാമൂഹിക അസമത്വത്തിന്റെ മുഖമാണ്‌ അനാവരണം ചെയ്‌തത്‌. എം.ടിയുടെ പ്രശസ്‌തമായ "പള്ളിവാളും കാല്‍ച്ചിലമ്പും" എന്ന കഥ "നിര്‍മാല്യം" എന്നപേരില്‍ ചലച്ചിത്രമാക്കിയപ്പോള്‍ മലയാളിയതു നെഞ്ചേറ്റി. ഇന്നായിരുന്നു അതു തിരശ്ശീലയിലെത്തിയതെങ്കില്‍ "ഭ്രാന്തകേരളം" അതിനോട്‌ എങ്ങനെ പ്രതികരിക്കുമായിരുന്നെന്ന ആശങ്ക പലരും പങ്കുവച്ചിട്ടുണ്ട്‌.
കഴിഞ്ഞദിവസങ്ങളിലെ സംഭവങ്ങളോടു പ്രതികരിക്കാതെ, മൗനം വിദ്വാനു ഭൂഷണമാക്കിയ സാംസ്‌കാരിക ഭിക്ഷാംദേഹികളോടു പരിതപിക്കാതെവയ്യ. പുരസ്‌കാരങ്ങള്‍ തിരികെക്കൊടുത്തവരും വാങ്ങാന്‍ കൂട്ടാക്കാത്തവരും പുരസ്‌കാരസമിതികളില്‍ അംഗമാകാന്‍ വരിനിന്നവരുമൊക്കെ ഏതു മാളത്തില്‍ ഒളിച്ചു? ജാതിചിന്തകള്‍ വ്യാപരിപ്പിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങള്‍ പരോക്ഷമായി വഹിക്കുന്ന പങ്കും ചെറുതല്ല. തെരഞ്ഞെടുപ്പുകാലത്തു സ്‌ഥാനാര്‍ഥിത്വ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍, അതിനു നിദാനമായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നതു ജാതിമതസമവാക്യങ്ങളാണ്‌. പുരോഗമനാശയങ്ങള്‍ അവകാശപ്പെടുന്ന പ്രസ്‌ഥാനങ്ങള്‍പോലും മുന്‍നിശ്‌ചയിക്കപ്പെട്ട ഈ വാര്‍പ്പുമാതൃകകള്‍ മറികടക്കാന്‍ ബുദ്ധിമുട്ടുന്നു. ഒരു നിയോജകമണ്ഡലത്തില്‍ ഒരു സമുദായം പ്രബലമായതിനാല്‍ സ്‌ഥാനാര്‍ഥി ആ സമുദായക്കാരനാകുമെന്നു പ്രവചിക്കുമ്പോള്‍, മാധ്യമപ്രവര്‍ത്തനം പരോക്ഷമായ ജാതിവിളംബരമല്ലേ നടത്തുന്നത്‌? ജാതിമതചിന്തകളെ, വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുഷ്‌ഠാനങ്ങള്‍ക്കുമപ്പുറം രാഷ്‌ട്രീയ-സാംസ്‌കാരികഭൂമികയില്‍ ഇടപെടാന്‍ പണ്ടു നാം അനുവദിച്ചിരുന്നില്ല. ഇന്നതാണോ സ്‌ഥിതിയെന്നു വിലയിരുത്തേണ്ടതു രാഷ്‌ട്രീയനേതൃത്വങ്ങളാണ്‌. സമൂഹത്തിന്റെ വിചാരധാരകളെ സൃഷ്‌ടിക്കുന്നതിലും പ്രവര്‍ത്തനധാരകളെ നിയന്ത്രിക്കുന്നതിലും രാഷ്‌ട്രീയപ്രസ്‌ഥാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കും വലിയ പങ്കുണ്ട്‌. അതു വിസ്‌മരിക്കപ്പെട്ടതായാണു സമീപകാലസംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌. ഇന്നത്തെ മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികളുടെ സഹയാത്രികരാകാതെതന്നെ ഉള്ളിന്റെയുള്ളില്‍ മലയാളിക്കൊരു ഇടതുപക്ഷമനസുണ്ട്‌. കേവലരാഷ്‌ട്രീയത്തിനപ്പുറം മലയാളി സ്വത്വബോധത്തിന്റെ ഉപോത്‌പന്നമായിരുന്നു അത്‌. ആ മനസാണു തിരികെപ്പിടിക്കേണ്ടത്‌. കവി അയ്യപ്പപ്പണിക്കരുടെ നര്‍മോക്‌തി ഓര്‍മിപ്പിച്ച്‌ അവസാനിപ്പിക്കാം: "ജാതി ചോദിക്കരുത്‌, പറയരുത്‌, പക്ഷേ ജാതിയെ മറന്നൊന്നും ചെയ്യരുത്‌".

Ads by Google
Thursday 07 Jun 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW