Friday, November 16, 2018 Last Updated 11 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 07 Jun 2018 01.27 AM

കരിമ്പനി അഥവാ കാലാഅസര്‍

uploads/news/2018/06/223841/bft2.jpg

ലിഷമാനിയ ജനുസില്‍പ്പെട്ട ഒരിനം പ്രോട്ടോസോവാമൂലം പെണ്‍ മണല്‍ ഈച്ച പരത്തുന്ന മാരകമായ രോഗമാണ്‌ കാലാഅസാര്‍. ഇതുകൂടാതെ മറ്റ്‌ പലതരം രോഗാവസ്‌ഥകളും ഇതുമൂലം ഉണ്ടാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. കേരളത്തില്‍ 1999 മുതല്‍ ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടെങ്കിലും മരണമുണ്ടാകുന്നത്‌ അപൂര്‍വമാണ്‌. ലോകത്ത്‌ 88 ഓളം രാജ്യങ്ങളില്‍ ഈ രോഗം ഉള്ളതായും ഒന്നേകാല്‍ ലക്ഷത്തോളംപേരെ ബാധിക്കുന്നതായും കണക്കാക്കപ്പെടുന്നു. 'ലിഷ്‌മാനിയ ഡോണോവാനി' എന്ന രോഗഹേതു സാന്റ്‌ഫ്ളൈയുടെ കടിയേല്‍ക്കുന്നതുമൂലമാണ്‌ പ്രധാനമായും പകരുന്നതെങ്കിലും ഇന്ത്യയില്‍ ഒരു പ്രധാന ജന്തുജന്യരോഗമായി തുടരുകയാണ്‌. എലി, ശ്വാനവര്‍ഗങ്ങളില്‍നിന്ന്‌ മനുഷ്യന്‌ പകരുമെങ്കിലും ഇന്ത്യയില്‍ ജന്തുജന്യരോഗമല്ലാതെയും ഇതുപടരുന്നതായി കണ്ടിട്ടുണ്ട്‌. പുതിയ കാര്‍ഷിക വ്യവസായ സംരംഭങ്ങള്‍, ജനങ്ങളുടെ കുടിയേറ്റം, അശാസ്‌ത്രീയ നഗരവത്‌കരണം, മനുഷ്യനിര്‍മിത ആവാസവ്യതിയാനങ്ങള്‍ ഇവയെല്ലാം രോഗവ്യാപ്‌തി ലോകവ്യാപകമായി വര്‍ധിച്ചുവരുന്നതിന്‌ കാരണമായിട്ടുണ്ട്‌. ഇന്ത്യയില്‍ പ്രതിവര്‍ഷം 15000 മുതല്‍ 20000 വരെ കേസുകളും 200 മുതല്‍ 500 വരെ മരണങ്ങളും ഇതുമൂലമുണ്ടാകുന്നു.
ഗംഗ, ബ്രഹ്‌മപുത്ര, നദീതടങ്ങളിലും കിഴക്കന്‍ സംസ്‌ഥാനങ്ങളിലും കൂടുതലായി കണ്ടുവരുന്നരോഗം തമിഴ്‌നാട്‌, ഒറീസ, യു.പി, കേരളം എന്നിവിടങ്ങളിലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. ഇത്‌ ബംഗ്ലാദേശിന്റെ ഭാഗമായ പൂര്‍വ ഇന്ത്യയിലെ ജസ്‌ലോമ എന്ന സ്‌ഥലത്താണ്‌ 1824-ല്‍ ഈ രോഗം ആദ്യം കണ്ടെത്തിയത്‌. തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ 25 മുതല്‍ 75 ശതമാനം രോഗികളും എയ്‌സ് ബാധിച്ചു മരിച്ച്‌ കണ്ടുവരുന്നു.

രോഗവ്യാപനവും പ്രത്യേകതകളും

മണലീച്ചയാണ്‌ മനുഷ്യല്‍നിന്ന്‌ മനുഷ്യരിലേക്ക്‌ കരിമ്പനി പകരുന്നത്‌. ഈ ഈച്ചയെ അടിച്ചുകൊല്ലുമ്പോള്‍ മുറിവില്‍ രക്‌തം കലര്‍ന്ന്‌ രോഗം പകരാം. പട്ടി, കുറുക്കന്‍, എലികള്‍ എന്നിവ രോഗാണുവിന്റെ റിസര്‍വോയര്‍ ആകാമെങ്കിലും ഇന്ത്യന്‍ കാലാഅസാര്‍ ഇത്തരം മൃഗങ്ങളില്‍നിന്നും പകര്‍ന്നതായി തെളിവുകളില്ല. ഏത്‌ പ്രായക്കാരേയും ബാധിക്കാമെങ്കിലും പുരുഷന്മാരിലും കുട്ടികളിലുമാണ്‌ രോഗം കൂടുതലായി കണ്ടുവരുന്നത്‌. രോഗവാഹകരായ മനുഷ്യരുടെ ജോലിപരമായും അല്ലാതെയുമുള്ള യാത്രകളാണ്‌ രോഗം കൂടുതല്‍ സ്‌ഥലങ്ങളിലേക്ക്‌ വ്യാപിക്കുന്നതിന്‌ ഇടവരുന്നത്‌. കര്‍ഷകരിലും മത്സ്യബന്ധനം നടത്തുന്നവരിലും വനമേഖലകളില്‍ ജോലി ചെയ്യുന്നവരിലുമാണ്‌ രോഗം കൂടുതല്‍ കണ്ടുവരുന്നത്‌. നവംബര്‍, മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ഇതിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നു. കടിയേറ്റ്‌ ഒന്നു മുതല്‍ നാലുമാസങ്ങള്‍ക്കുള്ളിലാണ്‌ സാധാരണ രോഗലക്ഷണങ്ങള്‍ കാണുന്നത്‌. രോഗവാഹിയെ കടിച്ച പെണ്ണീച്ച (പെണ്‍ സാന്റ്‌ഫ്ളൈ മാത്രമേ കടിക്കുകയുള്ളൂ) ആറു മുതല്‍ ഒന്‍പതു ദിവസങ്ങള്‍ക്കുള്ളിലാണ്‌ രോഗം പരത്താന്‍ കഴിവുള്ളതാകുന്നത്‌. കൊതുകിനെ അടിക്കുമ്പോഴോ രക്‌തദാനം വഴിയോ അപൂര്‍വമായി രോഗം വ്യാപിക്കാം.

രോഗലക്ഷണങ്ങള്‍

രാത്രിയിലും രാവിലെയും ഉണ്ടാകുന്ന പനി, ഭാരം കുറയുക, വിളര്‍ച്ച എന്നിവയാണ്‌ ആദ്യലക്ഷണങ്ങള്‍. തുടര്‍ന്ന്‌ പ്ലീഹ വീക്കം, കരള്‍ വീക്കം എന്നിവ ഉണ്ടാവുകയും മുഖത്തേയും കൈകളിലേയും കാലിലേയും വയറിലേയും ത്വക്കിന്‌ കറുത്ത നിറം തുടര്‍ന്ന്‌ വരുന്ന ലക്ഷണമാണ്‌ ഈ രോഗത്തിന്‌ കറുത്ത പനി എന്ന പേര്‌ നല്‍കിയത്‌.
അപൂര്‍വമായി കഴുത്തിലേയും കഴലകളിലേയും മുഴകളായും രോഗം പ്രത്യക്ഷപ്പെടാം. യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ രോഗം മാരകമാകും. യാതൊരു ലക്ഷണങ്ങളുമില്ലാതെ രോഗവാഹകരുമായി മനുഷ്യനില്‍ ഈ രോഗാണുവിന്‌ നിലനില്‍ക്കാന്‍ സാധിക്കും. പോഷകാഹാരക്കുറവുള്ളവര്‍ക്കും രോഗപ്രതിരോധശക്‌തി കുറഞ്ഞവരിലും ഈ രോഗാവസ്‌ഥയ്‌ക്കുള്ള സാധ്യത കൂടുതലാണ്‌.

രോഗനിര്‍ണയം

രോഗബാധിത അവയവങ്ങളില്‍ (പ്ലീഹ, കരള്‍, മജ്‌ജ, ലസികാഗ്രന്ഥികളില്‍) നിന്നെടുക്കുന്ന അസ്‌പിരേറ്റില്‍ രോഗാണു ഭാഗങ്ങളെ കണ്ടെത്തുകയാണ്‌ രോഗം ഉറപ്പിക്കുവാനുള്ള ഏകമാര്‍ഗം.
രോഗാണുവിനെ കള്‍ചര്‍ ചെയ്‌താണ്‌ അതിന്റെ വകഭേദം തിട്ടപ്പെടുത്തുന്നത്‌. രക്‌തത്തില്‍ രോഗാണുക്കളുടെ എണ്ണം കുറയുക, ചുവന്ന രക്‌താണുക്കളുടെ കുറവ്‌, ഇമ്യൂണോ ഗ്ലോബിനുകളുടെ വര്‍ധനവ്‌ തുടങ്ങിയ രക്‌തപരിശോധനാഫലം, എലിസാടെസ്‌റ്റ് എന്നിവ രോഗനിര്‍ണയത്തിന്‌ സഹായിക്കും. 'ലിഷ്‌മാനിയന്‍ ടെസ്‌റ്റ്' എന്ന സ്‌കില്‍ ടെസ്‌റ്റ് രോഗനിര്‍ണയത്തിനും രോഗപ്രതിരോധ ശക്‌തി അറിയുന്നതിനും രോഗവ്യാപ്‌തി നിര്‍ണയിക്കുന്നതിനും സഹായകരമാണ്‌.

ചികിത്സയും പ്രതിരോധവും

കാലാഅസാറിന്‌ പെന്റൊവാലന്റ്‌ ആന്റിമണി എന്ന ഔഷധം ആറുമണിക്കൂര്‍ ഇടവിട്ട്‌ കുത്തിവയ്‌ക്കുകയാണ്‌ ഏറ്റവും ഫലപ്രദം. 28 ദിവസംവരെ കുത്തിവയ്‌പ് എടുക്കേണ്ടിവരും. ആംഫോട്ടറസിന്‍ ബി, പരാമോമൈസിന്‍ സള്‍ഫേറ്റ്‌ എന്നിവയും കുത്തിവയ്‌ക്കുന്നത്‌ ഫലപ്രദമായി കണ്ടിട്ടുണ്ട്‌. ഇവയ്‌ക്കുപുറമേ കഴിക്കാവുന്ന കീറ്റോകന്നസോള്‍ എന്ന തരത്തില്‍പ്പെട്ട ആന്റിഫംഗല്‍ മറ്റ്‌ തരം ലേഷ്‌മാനിയാസിസിന്‌ ഫലപ്രദമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഇന്ത്യയില്‍ മനുഷ്യനില്‍നിന്നു മാത്രം രോഗം പകരുന്നതിനാല്‍ രോഗവാഹകരെ കണ്ടെത്തി ചികിത്സിക്കുക എന്നതാണ്‌ ഏറ്റവും ഫലപ്രദമായ പ്രതിരോധമാര്‍ഗം. സര്‍വേ നടത്തി രോഗവാഹകരെ കണ്ടെത്തേണ്ടിവരും. പട്ടികളും എലികളും രോഗവാഹകരാകുന്ന സ്‌ഥലങ്ങളില്‍ അവയുടെ നിയന്ത്രണം അനിവാര്യമാണ്‌. മണല്‍ ഈച്ചകളെ നിയന്ത്രിക്കുവാന്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കീടനാശിനി തളിക്കുന്നത്‌ വളരെ ഫലപ്രദമാണ്‌. കീടനാശിനി തളിച്ച്‌ സാന്റ്‌ഫ്ളൈയെ ഫലപ്രദമായി നിയന്ത്രിക്കാം. ഇത്‌ ഫലിച്ചില്ലെങ്കില്‍ ബി.എച്ച്‌.സി. തളിക്കാം.
ഈച്ചയുടെ പ്രജനന സ്‌ഥലങ്ങളായ മരപ്പൊത്തുകള്‍, ഭിത്തികളിലെ വിള്ളലുകള്‍, എലിമാളം എന്നിവ അടയ്‌ക്കുകയും വീട്ടിലെ മാലിന്യം കുഴിച്ചുമൂടുകയും ചെയ്യണം. കന്നുകാലി തൊഴുത്ത്‌ വീട്ടില്‍നിന്ന്‌ അകലത്തില്‍ സ്‌ഥാപിക്കണം. നിലത്ത്‌ കിടക്കുന്നത്‌ ഒഴിവാക്കുക. കൊതുകുവല ഉപയോഗിക്കല്‍, കൊതുക്‌ നിവാരണികളും റിപ്പലന്റ്‌ ഉപയോഗവുംമൂലമുള്ള പേഴ്‌സണല്‍ പ്ര?ട്ടക്ഷന്‍ രീതി അവലംബിക്കണം. പ്രതിരോധ മരുന്നോ കുത്തിവയ്‌പ്പോ ലഭ്യമല്ല.

ഡോ. കെ. വേണുഗോപാല്‍

(ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ശ്വാസകോശവിഭാഗം മേധാവിയാണ്‌ ലേഖകന്‍)

Ads by Google
Thursday 07 Jun 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW