ചെറുകിട, സൂക്ഷ്മ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഈടില്ലാതെ 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വായ്പ നല്കാനുദ്ദേശിക്കുന്നതാണ് 2015-ല്‍ തുടങ്ങിയ പ്രധാനമന്ത്രി മുദ്ര യോജന. കേന്ദ്ര സര്‍ക്കാര്‍ വല്ലപ്പോഴും നല്കുന്ന പരസ്യങ്ങളിലൊതുങ്ങും പ്രചാരണം. ഈട് ഇല്ലെന്നതിനാല്‍ വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ക്കു മടിയാണ്. സംരംഭകന്റെ തുണയ്ക്കായി ഇടപെടാന്‍ ആരും തയാറല്ല.
നിസാര പ്രീമിയത്തിന് പെന്ഷന്, ഇന്‍ഷുറന്‍സ്, അപകട ഇന്‍ഷുറന്‍സ് എന്നിവ നല്കുന്ന കേന്ദ്ര പദ്ധതികളുണ്ട്. പലര്‍ക്കും അറിയില്ല; ആരും പറഞ്ഞുകൊടുക്കാറുമില്ല. മറ്റു പല സംസ്ഥാനങ്ങളിലും വിപ്ലവം സൃഷ്ടിക്കുന്ന കേന്ദ്രപദ്ധതികള്‍ ഇവിടെ സാധാരണക്കാരില്‍ എത്താതെപോകുന്നു.
തൃപ്തി ഷെട്ടി. കാസര്‍കോട് സ്വദേശിനി. കേരളത്തില്‍ മുദ്ര വായ്പ ലഭിച്ച ആദ്യത്തെ ഭിന്നലിംഗക്കാരി. സ്വയം തൊഴില്‍ ചെയ്തു ജീവിക്കാനായി കുടുംബശ്രീയെ സമീപിച്ചപ്പോഴാണ് മുദ്ര വായ്പ എന്ന് ആദ്യം കേട്ടത്.
ബാങ്കിനെ സമീപിച്ചു, അതോടെ നൂലാമാലകള്‍ തുടങ്ങി. തൃപ്തിയുടെ പോരാട്ടത്തില്‍ ബാങ്ക് മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പംനിന്നതോടെ മൂന്നു മാസത്തിനുള്ളില്‍ തൃപ്തിക്ക് ഒരു ലക്ഷം രൂപ വായ്പ കിട്ടി. ബിസിനസില്‍ പുരോഗതിയുണ്ടെങ്കില്‍ പിന്നീട് ഒരു ലക്ഷം രൂപ നല്‍കാമെന്ന് ഉറപ്പും ലഭിച്ചു. ആഗ്രഹിച്ചപോലെ ഇന്ന് ഒരു ആഭരണ ബൊട്ടീക്കിന്റെ ഉടമയാണു തൃപ്തി.
പേരിനു ചൂണ്ടിക്കാട്ടാമെങ്കിലും തൃപ്തിയെപോലുള്ളവര് കേരളത്തില്‍ ചുരുക്കമാണ്. മുദ്ര വായ്പയെപ്പറ്റി പൂര്‍ണമായ വിവരങ്ങള്‍ പലര്‍ക്കും അറിയില്ലെന്നതാണു വാസ്തവം. മറ്റു സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതി. മുദ്ര മറ്റു പലയിടങ്ങളിലും വിപ്ലവങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ പദ്ധതിയെന്ന പേരില്‍ മുഖം തിരിക്കുകയാണു കേരളം. കണക്കുകളില്‍ ഇതു വ്യക്തം.
തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതിയുടെ വിശദമായ പ്രോജ്ക്ട് തയാറാക്കി നല്കിയാല് ബാങ്കുകള്‍ ഈടില്ലാതെ വായ്പ നല്‍കണമെന്നാണു ചട്ടം. എന്നാലിതു കേരളത്തില്‍ ലഭിക്കാന്‍ എളുപ്പമല്ല. സംസ്ഥാനത്തെ ബാങ്കുകള്‍ ഇതിനോടു മുഖംതിരിച്ചു നില്ക്കുന്നു, ഈടില്ലാതെ വായ്പ നല്‍കിയുള്ള സാഹസത്തിന് ഇല്ലെന്നാണ് ബാങ്കുദ്യോഗസ്ഥരുടെ നിലപാട്. വായ്പ തേടിയെത്തുന്നവരെ നിരുത്സാഹപ്പെടുത്തി തിരിച്ചയയ്ക്കും. അല്ലെങ്കില്‍ മറ്റു വായ്പകളെടുക്കാന്‍ പ്രേരിപ്പിക്കും. സാധാരണക്കാര്‍ക്കു തുണയാകുന്ന പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്തുന്നുമില്ല. പണം കിട്ടിയ ഭാഗ്യവാന്മാര് ചുരുക്കം.
മുദ്ര വായ്പയെക്കുറിച്ചു പലര്‍ക്കും കേട്ടറിവെങ്കിലുമുണ്ടെങ്കിലും കാര്‍ഷിക വിളകള്‍ക്കു സംരക്ഷണം, ജീവനും അപകട അംഗവൈകല്യത്തിനും ഇന്‍ഷുറന്‍സ്, തൊഴില്‍ വൈദഗ്ധ്യ പരിശീലനം തുടങ്ങി വിവിധ മേഖലകളിലായി കേന്ദ്ര സര്‍ക്കാരിന്റെ അനവധി പദ്ധതികളുണ്ട്. പലതും കേരളത്തില്‍ കടലാസിലൊതുങ്ങുന്നു. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്കാന് ഉദ്യോഗസ്ഥര്‍പോലും തയാറാകുന്നില്ല.
കുടുംബശ്രീകള്‍ മുഖേന നടപ്പാക്കാനുള്ള പ്രധാനമന്ത്രി കൗശല്‍ യോജനയാണു മറ്റൊരു പ്രധാന പദ്ധതി. സ്ത്രീകള്‍ക്കു തൊഴില്‍ പരിശീലനം നല്‍കാനുള്ള ഈ പദ്ധതിയെപ്പറ്റി എത്ര കുടുംബശ്രീകള്‍ക്ക് അറിയാം! ഈ പദ്ധതി വഴി കേരളത്തില്‍ ആരെങ്കിലും തൊഴില്‍ നേടിയിട്ടുണ്ടോ എന്നതും സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ വകുപ്പുകളുടെ പക്കലില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്മൂലം ഇത്തരം പദ്ധതികള്‍ വേണ്ടത്ര പ്രചരിക്കപ്പെടാറില്ല എന്നതാണു പ്രസക്തം. കുടുംബശ്രീകളിലും രാഷ്ട്രീയ ചേരിതിരിവ് നിലനില്ക്കുന്നതാണു പദ്ധതികള്‍ കടലാസിലൊതുങ്ങുന്നത്.
നിസാര തുക നല്കി ചേരാവുന്ന അടല്‍ പെന്ഷന് പദ്ധതി, വര്‍ഷം 12 രൂപ പ്രീമിയത്തിന് രണ്ടു ലക്ഷം രൂപയുടെ അപകടമരണ/അംഗവൈകല്യ ഇന്‍ഷുറന്‍സ് ലഭിക്കുന്ന പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, വര്‍ഷം 330 രൂപ പ്രീമിയത്തില്‍ ജീവനു രണ്ടു ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിക്കുന്ന പ്രധാനമന്ത്രി ജീവന്‍ജ്യോതി ബീമാ യോജന, കാര്‍ഷികവിള സംരക്ഷണത്തിനുള്ള പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന... കേന്ദ്രസര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ വിശദമായ വിവരങ്ങള്‍ നല്‍കാറുണ്ടെങ്കിലും സാധാരണക്കാരിലെത്തേണ്ട എത്രയോ പദ്ധതികള്‍ കടലാസില്‍ അവസാനിക്കുന്നു.