Friday, February 22, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Jun 2018 02.30 AM

പരിസ്‌ഥിതി ദിനാചരണം ഫലവത്താകണം

uploads/news/2018/06/223461/editorial.jpg

ഒരു പരിസ്‌ഥിതി ദിനം കൂടി കടന്നു പോയിരിക്കുകയാണ്‌. അനുദിനം നാശത്തിലേക്ക്‌ കൂപ്പുകുത്തുന്ന നമ്മുടെ ഭൂമിയെ ജീവനോടെ നിലനിറുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്‌ ഈ ദിനാചരണം. പലതരം ആക്രമണങ്ങളാണ്‌ ഓരോ ദിവസവും പരിസ്‌ഥിതിക്കു നേരേയുണ്ടാകുന്നത്‌. ഭൂരിഭാഗം പേരും തന്റെ സുഖം മാത്രം നോക്കി ഭൂമിയെ ഏതുവിധേനയും ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു. ഈ ചൂഷണത്തിനിടയില്‍ ഭൂമിക്കും തന്റെ ചുറ്റുവട്ടവുമുള്ള പരിസ്‌ഥിതിക്കും എന്തു സംഭവിക്കുന്നു എന്നത്‌ ഇവരെ സംബന്ധിച്ച്‌ ചിന്താവിഷയമാവുന്നതേയില്ല. ഇത്‌ സ്വന്തം സുഖത്തിന്‌ ആവോളം ഉപയോഗിക്കാനുള്ളതല്ല, ഭാവിതലമുറയ്‌ക്കു വേണ്ടി കാത്തു സൂക്ഷിക്കാനുള്ളതാണെന്ന്‌ ഇവരില്‍ പലരും ചിന്തിക്കുന്നില്ല. ഇങ്ങനെയുള്ളവരുടെ മനസ്സിലേക്ക്‌ പച്ചപ്പിന്റെ ചിന്ത അല്‍പ്പമെങ്കിലും കടത്തിവിടാം എന്നുദ്ദേശിച്ചുള്ളതാണ്‌ ഈ ദിനം.

പ്ലാസ്‌റ്റിക്‌ മാലിന്യത്തിന്റെ ഭീകരതയെ ലോകത്തിനു മനസ്സിലാക്കിക്കൊടുക്കുക എന്നതാണ്‌ ഈ വര്‍ഷത്തെ പരിസ്‌ഥിതി ദിനത്തിന്റെ ലക്ഷ്യം. പ്ലാസ്‌റ്റിക്കിന്റെ മാരകമായ ദുരുപയോഗം ലോകമെമ്പാടും ഭൂമിയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്‌. ജലാശയങ്ങളും പുഴകളും തണ്ണീര്‍ത്തടങ്ങളും ചതുപ്പുനിലങ്ങളുമെല്ലാം പ്ലാസ്‌റ്റിക്കുകൊണ്ടു മൂടാന്‍ മനുഷ്യന്‌ ഒരു മടിയുമില്ല. പരിസ്‌ഥിതി ദിനത്തിന്റെ ആഗോള ആഘോഷത്തിന്‌ ആതിഥ്യം വഹിക്കുന്നത്‌ ഇന്ത്യയാണ്‌. പ്ലാസ്‌റ്റിക്‌ മാലിന്യത്തിന്റെ ഏറ്റവും വലിയ ദുരന്തം നേരിടുന്ന രാജ്യം കൂടിയാണ്‌ ഇന്ത്യ. ഇന്ത്യയിലെ ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളിലൊക്കെ പ്ലാസ്‌റ്റിക്‌ നിരോധിക്കപ്പെട്ടിരിക്കുന്നതായി അറിയിപ്പുകള്‍ കാണാമെങ്കിലും പാലിക്കാന്‍ പൊതുജനം തയാറാകുന്നില്ല. അതീവ പരിസ്‌ഥിതി പ്രാധാന്യമുള്ള വനപ്രദേശങ്ങളിലും പുല്‍മേടുകളിലും ജലാശയങ്ങളിലുമൊക്കെ പ്ലാസ്‌റ്റിക്‌ കുപ്പിയും മറ്റ്‌ പ്ലാസ്‌റ്റിക്‌ വസ്‌തുക്കളും ഒരു മടിയും കൂടാതെ നാം തള്ളുന്നു. നൂറ്റാണ്ടുകളോളം അവിടെ കിടന്ന്‌ അവ ലോകത്തിനും വരും തലമുറകള്‍ക്കും ഭീഷണിയായി തീരുന്നു.

ഇതിനിടയിലാണ്‌ പരിസ്‌ഥിതി ദിനാഘോഷങ്ങള്‍ അരങ്ങുതകര്‍ക്കുന്നത്‌. എല്ലാവര്‍ഷവും പരിസ്‌ഥിതി ദിനത്തില്‍ മരം നടുക എന്നത്‌ ആചാരമായി മാറിയിരിക്കുകയാണ്‌. പരിസ്‌ഥിതി സംരക്ഷണം എന്നാല്‍ മരം നടലോ വനത്തിന്റെ സംരക്ഷണമോ മാത്രമല്ല. അത്‌ ഈ ലോകത്തെയും തലമുറകളെയും സംരക്ഷിക്കാനുള്ള കൂട്ടായ പ്രവര്‍ത്തനമാണ്‌. മരം നടുന്നു എന്നത്‌ പ്രതീകാത്മകമാണ്‌. എങ്കിലും അതിന്‌ അതിന്റേതായ മൂല്യമുണ്ട്‌. അതുകൊണ്ടുതന്നെ നടുന്ന മരത്തെ കാത്തു സൂക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട്‌. പക്ഷേ, നമ്മുടെ നാട്ടില്‍ അതും ഫലപ്രദമായി നടക്കുന്നില്ല. പരിസ്‌ഥിതി ദിനാചരണം ആരംഭിച്ച വര്‍ഷം മുതല്‍ ഇക്കഴിഞ്ഞ വര്‍ഷം വരെ സംസ്‌ഥാനത്തു വിതരണം ചെയ്‌തത്‌ 20.6 കോടി വൃക്ഷൈത്തകളാണ്‌. ഇതെല്ലാം നട്ട്‌ പരിപാലിച്ചിരുന്നെങ്കില്‍ 13.66 ലക്ഷം ഏക്കര്‍ വനഭൂമിക്കു തുല്യമായ മരങ്ങള്‍ നിറഞ്ഞ പ്രദേശം കേരളത്തിലുണ്ടായേനേ. നടുന്ന എല്ലാ തൈയും പരിപാലിക്കാന്‍ ആവില്ല. എങ്കിലും അതിന്റെ നാലിലൊന്നെങ്കിലും സംരക്ഷിച്ചിരുന്നെങ്കില്‍ കേരളത്തിലെ മരസമ്പത്ത്‌ ലോകത്തിനു തന്നെ മാതൃകയാകുന്ന തരത്തിലാകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. പരിസ്‌ഥിതി ദിനാചരണത്തിനായി ലക്ഷക്കണക്കിനു രൂപ ചെലവഴിക്കപ്പെടുമ്പോള്‍ ചിലര്‍ക്കെങ്കിലും അതു കീശനിറയ്‌ക്കാനുള്ള സുവര്‍ണാവസരമാണ്‌. അങ്ങനെയുള്ളവരും വരും തലമുറകളുടെ ജീവിക്കാനുള്ള അവകാശത്തിനു ഭീഷണിയാണ്‌. കേവലം കെട്ടുകാഴ്‌ചകള്‍ക്ക്‌ അപ്പുറം ലക്ഷ്യബോധത്തോടുകൂടിയ ഉറച്ച നടപടികളാണ്‌ പരിസ്‌ഥിതി സംരക്ഷണത്തിനായി വേണ്ടത്‌.

Ads by Google
Wednesday 06 Jun 2018 02.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW