Friday, February 22, 2019 Last Updated 7 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Jun 2018 02.16 AM

അടഞ്ഞത്‌ ഭാഷാശുദ്ധിയുടെ അധ്യായം

uploads/news/2018/06/223457/bft2.jpg

അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും ശുദ്ധതയും അമ്മമലയാളത്തിനും വേണമെന്നു ശഠിച്ച അതുല്യ ഭാഷാസ്‌നേഹിയായിരുന്നു അരങ്ങൊഴിഞ്ഞ പന്മന രാമചന്ദ്രന്‍ നായര്‍. മാതൃഭാഷയെ വികലമാക്കി അപമാനിക്കുന്നവരോടു മാപ്പില്ലെന്നു പ്രഖ്യാപിച്ച അതുല്യപ്രതിഭ. വാക്കിലും എഴുത്തിലും മലയാളി കാലങ്ങളായി പിന്തുടര്‍ന്നിരുന്ന ഭാഷാപരമായ വൈകല്യങ്ങളെ തിരുത്താന്‍ ആത്മാര്‍ഥശ്രമം നടത്തിയ മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹം. തെറ്റില്ലാതെ മലയാളം മൊഴിയാനും എഴുതാനും മലയാളിയെ പ്രാപ്‌തരാക്കാന്‍ പന്മന രചിച്ച ഗ്രന്ഥങ്ങള്‍ തന്നെ ഉദാഹരണം.
1931 ഓഗസ്‌റ്റ്‌ 13 ന്‌ കൊല്ലം, കരുനാഗപ്പള്ളിയിലെ പന്മനയിലായിരുന്നു രാമചന്ദ്രന്‍ നായരുടെ ജനനം. കണ്ണകത്ത്‌ കുഞ്ചു നായരുടെയും കളീലില്‍ ലക്ഷ്‌മിക്കുട്ടി അമ്മയുടെയും ഏക മകന്‍. ചെറുപ്രായത്തിലേ തികഞ്ഞ ഭാഷാസ്‌നേഹിയായിരുന്നു രാമചന്ദ്രന്‍. കരുനാഗപ്പള്ളി ഹൈസ്‌കൂളില്‍നിന്ന്‌ ഇ.എസ്‌.എല്‍.സി. പാസായ അദ്ദേഹം ഇന്റര്‍മീഡിയറ്റ്‌ കോളജ്‌ പഠനത്തിനുശേഷം പക്ഷേ, ബിരുദപഠനത്തിനു തെരഞ്ഞെടുത്തത്‌ ഊര്‍ജതന്ത്രമായിരുന്നു. തുടര്‍ന്ന്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എം.എ. മലയാളത്തിനു ചേര്‍ന്ന അദ്ദേഹം 1957-ല്‍ ഒന്നാം റാങ്കോടെയാണു പാസായത്‌. ഇതിനിടെ പന്മനയിലെ സംസ്‌കൃതവിദ്യാലയത്തില്‍ നിന്ന്‌ ശാസ്‌ത്രിപ്പരീക്ഷയും പാസായി.
ശൂരനാട്ട്‌ കുഞ്ഞന്‍ പിള്ള എഡിറ്റര്‍ ആയിരുന്ന കേരള സര്‍വകലാശാലാ ലെക്‌സിക്കനില്‍ രണ്ടു വര്‍ഷം ജോലി നോക്കിയശേഷം 1960-ല്‍ പാലക്കാട്‌ വിക്‌ടോറിയ കോളജില്‍ മലയാളം അധ്യാപകനായി. കൊല്ലം ഫാത്തിമ മാതാ കോളജ്‌, പാലക്കാട്‌ ഗവ. വിക്‌ടോറിയ കോളജ്‌, ചിറ്റൂര്‍ ഗവ. കോളജ്‌, തലശേരി ഗവ. ബ്രണ്ണന്‍ കോളജ്‌, തിരുവനന്തപുരം ഗവ. ആര്‍ട്‌സ്‌ കോളജ്‌, യൂണിവേഴ്‌സിറ്റി സായാഹ്‌ന കോളജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിലായി 28 വര്‍ഷമാണ്‌ പന്മന അധ്യാപകവൃത്തിയില്‍ പ്രതിഭ തെളിയിച്ചത്‌. 1987-ല്‍ യൂണിവേഴ്‌സിറ്റി കോളജ്‌ മലയാളം വകുപ്പ്‌ മേധാവിയായാണു സര്‍വീസില്‍നിന്നു വിരമിച്ചത്‌.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാഡമി എന്നിവയില്‍ സമിതിയംഗവും 1991ല്‍ സ്‌ഥാപിച്ച പി. കെ. പരമേശ്വരന്‍ നായര്‍ ട്രസ്‌റ്റിന്റെ സ്‌ഥാപകാംഗവുമാണ്‌ പന്മന.ക്ല ാസിക്കല്‍ കലകളെ പ്രോത്സാഹിപ്പിക്കാന്‍ 1972ല്‍ തുടങ്ങിയ ദൃശ്യവേദിയില്‍ അദ്ദേഹം സജീവ പ്രവര്‍ത്തകനായിരുന്നു. മലയാളം സര്‍വകലാശാലയ്‌ക്കു വേണ്ടിയുള്ള രൂപരേഖ സമര്‍പ്പിക്കുന്നതിലും തോന്നയ്‌ക്കല്‍ ആശാന്‍ സ്‌മാരകത്തിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
നല്ല മലയാളത്തിനായി രചിച്ച ഇരുപതോളം പുസ്‌തകങ്ങള്‍ മലയാളിക്കുള്ള പന്മനയുടെ സമ്മാനമായാണു വിലയിരുത്തപ്പെടുന്നത്‌. ഭാഷാസംബന്ധിയായ അഞ്ചു പുസ്‌തകങ്ങള്‍ തെറ്റില്ലാത്ത മലയാളത്തിനുള്ള അദ്ദേഹത്തിന്റെ അമൂല്യ സംഭാവനയാണ്‌. ഇതിനൊപ്പം അഞ്ച്‌ ബാലസാഹിത്യ കൃതികളും അദ്ദേഹത്തിന്റേതായുണ്ട്‌. ഭാഷാപുസ്‌തകങ്ങള്‍ സമാഹരിച്ച്‌ നല്ല ഭാഷ എന്ന ഒറ്റക്കൃതിയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ബാലസാഹിത്യകൃതികളും സമാഹരിക്കപ്പെട്ടിട്ടുണ്ട്‌.
1986-96 കാലയളവില്‍ കരിയര്‍ മാസികയില്‍ പന്മന കൈകാര്യം ചെയ്‌ത ഭാഷാചോദ്യോത്തരപംക്‌തിയിലെ മൂവായിരത്തോളം ചോദ്യങ്ങളാണ്‌ മലയാളവും മലയാളികളും എന്ന പുസ്‌തകത്തിനാസ്‌പദം. കേരള പാണിനി എ.ആര്‍. രാജരാജവര്‍മ്മയെക്കുറിച്ചുള്ള പഠനം, ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനം, നാരായണീയത്തിന്റെയും ആശ്‌ചര്യചൂഡാമണിയുടെയും സ്വപ്‌നവാസവദത്തത്തിന്റെയും പരിഭാഷ, പരിചയം എന്ന ലേഖനസമാഹാരവും പന്മനയുടെ സംഭാവനകളാണ്‌. നിയോക്ലാസിസത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രചന അത്തരത്തിലുള്ള മലയാളത്തിലെ ആദ്യത്തെ സംരംഭമാണ്‌.
2010-ല്‍ പുറത്തു വന്ന സ്‌മൃതിരേഖകള്‍ എന്ന ആത്മകഥ ഐതിഹ്യങ്ങളിലൂടെ അക്ഷരലോകം തുറന്നുകൊടുത്ത അമ്മ ലക്ഷ്‌മിക്കുട്ടി അമ്മയ്‌ക്കും അമ്മൂമ്മ നാരായണിയമ്മയ്‌ക്കുമാണ്‌ പന്മന സമര്‍പ്പിച്ചിരിക്കുന്നത്‌.
നല്ല ഭാഷ, നാരായണീയം (ഗദ്യപരിഭാഷ), കൈരളിയുടെ കാവലാള്‍, നവയുഗശില്‍പി രാജരാജവര്‍മ, നളചരിതം ആട്ടക്കഥ (കൈരളീവ്യാഖ്യാനം), തെറ്റില്ലാത്ത മലയാളം, തെറ്റില്ലാത്ത ഉച്ചാരണം, തെറ്റും ശരിയും, മലയാളവും മലയാളികളും, ശുദ്ധമലയാളം, പന്മനയുടെ ബാലസാഹിത്യ കൃതികള്‍ തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
പ്രഫ. എസ്‌. ഗുപ്‌തന്‍ നായര്‍ എന്ന വകുപ്പുമേധാവിയാണു പന്മനയിലെ അധ്യാപകനെ തേച്ചുമിനുക്കിയത്‌. അക്കാലത്തു ചങ്ങമ്പുഴയുടെ ആരാധകനായിരുന്നു പന്മന. ചങ്ങമ്പുഴയെ അനുകരിച്ച്‌ ഒട്ടേറെ അനുരാഗകവിതകളെഴുതി. കഥയും കവിതയുമൊക്കെ എഴുതാന്‍ ഒട്ടേറെപ്പേരുണ്ടെന്നു തിരിച്ചറിഞ്ഞാണു ഭാഷാശുദ്ധി എന്ന വേറിട്ട മേഖല പന്മന തെരഞ്ഞെടുത്തത്‌. ആ തെരഞ്ഞെടുപ്പ്‌ ഒട്ടും തെറ്റിയില്ലെന്നും അനിവാര്യതയായിരുന്നെന്നും കാലം തെളിയിച്ചു.

Ads by Google
Wednesday 06 Jun 2018 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW