Wednesday, June 26, 2019 Last Updated 17 Min 47 Sec ago English Edition
Todays E paper
Ads by Google
ഡോ. ജോര്‍ജ്‌ ജെ. പരുവനാടി
Tuesday 05 Jun 2018 01.50 AM

ഇന്നു ലോക പരിസ്‌ഥിതി ദിനം : പിടിമുറുക്കുന്ന 'പ്ലാസ്‌റ്റിക്‌ ഭീകരത'

uploads/news/2018/06/223225/bft1.jpg
പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഭീകരതയുടെ ഇരയാണ് തായ്‌ലന്‍ഡിലെ തിമിംഗലം. മാസമാദ്യം അവശനിലയില്‍ കണ്ടെത്തിയ തിമിംഗലത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ പരിചരിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജൂണ്‍ 5. വീണ്ടും ഒരു പരിസ്‌ഥിതി ദിനം. ഈ വര്‍ഷം ലോക പരിസ്‌ഥിതിദിനാചരണത്തിന്റെ ആഗോള ആതിഥ്യം ഇന്ത്യക്കാണ്‌. "പ്ലാസ്‌റ്റിക്‌ ഒഴിവാക്കൂ" എന്നതാണു മുദ്രാവാക്യം. ഫെബ്രുവരി 18ന്‌, കേന്ദ്ര പരിസ്‌ഥിതി മന്ത്രി ഡോ. ഹര്‍ഷവര്‍ധനും ഐക്യരാഷ്‌ട്രസംഘടന പരിസ്‌ഥിതിവിഭാഗം അണ്ടര്‍ സെക്രട്ടറി എറിക്‌ സോള്‍ഹെയിമും സംയുക്‌തമായാണ്‌ ഇതിന്റെ പ്രഖ്യാപനം നടത്തിയത്‌. ലോകത്തിന്റെ മണ്ണും വെള്ളവും വായുവും പ്ലാസ്‌റ്റിക്കിനാല്‍ ഗുരുതരമായി മലിനപ്പെടുകയാണെന്നും ഈ ആഗോളമാലിന്യത്തിന്‌ അറുതിവരുത്താന്‍ ഇന്ത്യയുടെ നേതൃത്വം അനിവാര്യമാണെന്നും സോള്‍ ഹെയിം പറഞ്ഞു.

ലോകം ഒരു വര്‍ഷം ഉപയോഗിച്ച്‌ വലിച്ചെറിയുന്നത്‌ 5,000 കോടി പ്ലാസ്‌റ്റിക്‌ ബാഗുകളാണ്‌. പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ പ്ലാസ്‌റ്റിക്‌ മാലിന്യമാണ്‌ സമുദ്രത്തിലേക്ക്‌ എത്തിപ്പെടുന്നത്‌. ഇക്കഴിഞ്ഞ ഒരു ദശകത്തില്‍ മാത്രം വലിച്ചെറിയപ്പെട്ട പ്ലാസ്‌റ്റിക്‌ മാലിന്യം കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ ഉണ്ടാക്കിയതിനേക്കാള്‍ കൂടുതലാണെന്ന്‌ സ്‌ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ മിനിറ്റിലും ശരാശരി 80 ലക്ഷം പ്ലാസ്‌റ്റിക്‌ കുപ്പികളാണ്‌ പ്രകൃതിയെ മലിനമാക്കുന്നത്‌.

പ്ലാസ്‌റ്റിക്കിനെ ആധുനിക ജീവിതപരിസരത്തുനിന്നും നിശേഷം ഒഴിവാക്കാന്‍ കഴിയിെല്ലന്ന സത്യം അംഗീകരിച്ചുകൊണ്ടുതന്നെ അതിന്റെ ദുരന്തവശം കാണാതിരുന്നുകൂടാ. ഇന്നു പരിസ്‌ഥിതിയെ ഏറ്റവും കൂടുതല്‍ മലിനപ്പെടുത്തുകയും ആരോഗ്യത്തിന്‌ വിവിധതരത്തില്‍ ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നതു പ്ലാസ്‌റ്റിക്കാണ്‌. ഈ വര്‍ഷമാദ്യം ശബരിമലയ്‌ക്കടുത്ത്‌ വലിയാനവട്ടം മേഖലയില്‍ ചരിഞ്ഞ ഒരു ആനയുടെ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്‌ 10 അടി നീളത്തില്‍ പ്ലാസ്‌റ്റിക്‌ കെട്ടു പിണഞ്ഞ്‌ അതിന്റെ ആമാശയത്തില്‍ കണ്ടെന്നാണ്‌. വളര്‍ത്തുമൃഗങ്ങളുടെയും എത്രയോ കാട്ടുമൃഗങ്ങളുടെയും ജീവിതാന്ത്യം ഈ പ്ലാസ്‌റ്റിക്‌ മാലിന്യംവഴിയാണ്‌. ഇതൊന്നും ഭരണാധികാരികളുടെയോ നിയമനിര്‍മാതാക്കളുടെയോ കണ്ണുതുറപ്പിക്കാന്‍ പര്യാപ്‌തവുമല്ല.

"ലോകസാമ്പത്തിക ഫോറ"ത്തിന്റെ കണക്കനുസരിച്ച്‌ കരയിലും കടലിലും പ്ലാസ്‌റ്റിക്‌ അടിയുന്നുണ്ട്‌. എന്നാല്‍ കടലില്‍ അടിയുന്നതിന്റെ തോതുവച്ചുനോക്കിയാല്‍ 2050 ആകുമ്പോഴേക്കും ആകെ മത്സ്യസമ്പത്തിന്റെ ഭാരത്തെ കടത്തിവെട്ടുന്ന ഭാരമായിരിക്കും പ്ലാസ്‌റ്റിക്‌ മാലിന്യത്തിനെന്നാണ്‌. ഇതു നമ്മുടെ ജലസമ്പത്തിനെയും ബാധിക്കും. ലോകാരോഗ്യസംഘടനയുടെ പഠനപ്രകാരം മനുഷ്യനുപയോഗിക്കുന്ന 80 ശതമാനം കുടിവെള്ളത്തിലും സൂക്ഷ്‌മ പ്ലാസ്‌റ്റിക്‌ കണങ്ങള്‍ കലര്‍ന്നിട്ടുണ്ട്‌.

ഇത്‌ അര്‍ബുദം മുതലായ രോഗങ്ങള്‍ക്കും ജനിതകവ്യതിയാനങ്ങള്‍ക്കും കാരണമാകുന്നു. പ്ലാസ്‌റ്റിക്‌ ഉപയോഗം, നിത്യജീവിതത്തില്‍നിന്നു പൂര്‍ണമായും ഒഴിവാക്കാന്‍ പറ്റില്ലായിരിക്കും. എന്നാല്‍ കുപ്പികള്‍, പ്ലാസ്‌റ്റിക്‌ ബാഗുകള്‍, സഞ്ചികള്‍ എന്നിവ ഉപേക്ഷിച്ചാല്‍തന്നെ 80 ശതമാനം പ്ലാസ്‌റ്റിക്കിനെ ഒഴിവാക്കാവുന്നതേയുള്ളൂ. ഇന്ത്യയിലെ 18 സംസ്‌ഥാനങ്ങള്‍ പ്ലാസ്‌റ്റിക്‌ സഞ്ചികള്‍ നിരോധിച്ചുകഴിഞ്ഞു. കുപ്പികള്‍കൂടി നിരോധിക്കാനുള്ള ബദലുകള്‍ തേടിക്കൊണ്ടിരിക്കുകയാണ്‌.

തിമിംഗലത്തെ പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോള്‍ വയറ്റില്‍ നിന്നു കിട്ടിയത് 17 പൗണ്ട് തൂക്കം വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. അതില്‍ മാലിന്യം നിറച്ച 80 പ്ലാസ്റ്റിക് കൂടുകളും പെടുന്നു. ഭക്ഷണമാണെന്നു കരുതി തിമിംഗലം വിഴുങ്ങിയതായിരുന്നു ഇതെല്ലാം. വയറ്റില്‍ നിന്നു കിട്ടിയ പ്ലാസ്റ്റിക് ബാഗുകള്‍ നിരത്തി വച്ചിരിക്കുന്നതാണ് .


uploads/news/2018/06/223225/opin050618a.jpg

അവസാനമായി മുംബൈയുടെ ശോച്യാവസ്‌ഥ കണ്ട്‌ മുംബൈയിലും മഹാരാഷ്‌ട്ര സംസ്‌ഥാനത്താകെയും നിരോധനം നിലവില്‍വന്നുകഴിഞ്ഞു. 50 മൈക്രോണിനു മുകളില്‍ കട്ടിയുള്ള പ്ലാസ്‌റ്റിക്‌ ബാഗും നിരോധിച്ചവയുടെ കൂട്ടത്തില്‍പ്പെടുന്നു. ഇവിടെ അന്തിമമായി ജനത്തിന്‌ രക്ഷനല്‍കിയത്‌ ഹൈക്കോടതി ഉത്തരവാണ്‌. ഉയര്‍ന്ന സാക്ഷരതയും ജീവിതഗുണനിലവാരവും പൊതുജനാരോഗ്യ അവബോധവുമുണ്ടെന്നഭിമാനിക്കുന്ന കേരളത്തില്‍ ഇന്നും പ്ലാസ്‌റ്റിക്‌ ഭീകരന്‍ അരങ്ങുവാഴുകയാണ്‌.

മണ്‍സൂണ്‍ വരവായി. അഴുക്കുചാലുകളില്‍ നീരൊഴുക്കു തടയുകയും വെള്ളം കെട്ടിക്കിടന്നു കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്നു. ഭരണകൂടത്തിന്റെ ഇച്‌ഛാശക്‌തിക്കുറവും താല്‍പര്യമില്ലായ്‌മയും പ്ലാസ്‌റ്റിക്‌ ഉല്‍പാദന ലോബിയുടെ സ്വാധീ നവും അമേരിക്കയിലെ തോക്കുലോബിയെപ്പോല സര്‍ക്കാരിനെ വരുതിക്കുനിര്‍ത്തിയിരിക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്‌റ്റിക്‌ ഉല്‍പന്നങ്ങള്‍ നിയമംമൂലം നിരോധിക്കപ്പെട്ടെങ്കിലും വിപണിയില്‍ ഇന്നും സുലഭമാകുന്നതിന്റെ മൂലകാരണം ഈ അലംഭാവമാണ്‌. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ നിരോധനം വിജയകരമാണ്‌. അവിടെ ആളുകള്‍ അതിനോടു വളരെവേഗം പൊരുത്തപ്പെട്ടുകഴിഞ്ഞു. ഒരു ചെറുത്തുനില്‍പ്പുമുണ്ടായില്ല.

സംസ്‌ഥാനത്തിന്റെ പാരിസ്‌ഥിതിക ആരോഗ്യത്തിന്റെ താക്കോല്‍ പരിസ്‌ഥിതി വകുപ്പിന്റെ കൈയിലാണ്‌. മുഖ്യമന്ത്രിയാണ്‌ ആ വകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌. പ്ലാസ്‌റ്റിക്‌ ശേഖരിച്ചു പുനരുപയോഗം ചെയ്യാമെങ്കിലും അതും പൂര്‍ണമായും ആരോഗ്യകരമല്ല. സൂക്ഷ്‌മതരിരൂപത്തില്‍ മണ്ണിലും വെള്ളത്തിലും വായുവിലും പ്ലാസ്‌റ്റിക്‌ നിറയുന്നതിനു ശാശ്വത പരിഹാരമില്ല എന്നതാണു കാരണം.

സംസ്‌ഥാനത്തെ പല പ്ലാസ്‌റ്റിക്‌ ശേഖരണ യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമല്ലാതായിക്കഴിഞ്ഞു. "ക്ലീന്‍ കേരള" കമ്പനിയാണതു ശേഖരിക്കാമെന്നേറ്റത്‌. ആ പ്രതീക്ഷയും അസ്‌തമിച്ചു. റോഡുനിര്‍മാണത്തിന്‌ പ്ലാസ്‌റ്റിക്‌ പുനരുപയോഗിക്കുന്നതിന്‌ ലക്ഷ്യമിട്ടായിരുന്നു, ആ സ്‌ഥാപനത്തിന്റെ ആവിര്‍ഭാവം. എന്നാല്‍ വിദഗ്‌ദ്ധാഭിപ്രായപ്രകാരം വലിയ റോഡുകള്‍ക്ക്‌, 160 ഡിഗ്രി സെല്‍ഷ്യസിലേറെ താപവാഹകശേഷിയുണ്ടായിരിക്കണം.

എന്നാല്‍ പ്ലാസ്‌റ്റിക്‌ കലര്‍ത്തി നിര്‍മിക്കുന്ന റോഡുകള്‍ക്ക്‌ 130 ഡിഗ്രി സെല്‍ഷ്യസിലേറെ താപവാഹകശേഷിയില്ലാത്തതിനാല്‍ വീതികുറഞ്ഞ ഏറെ വെയില്‍തട്ടാത്ത പഞ്ചായത്തുതല റോഡുകള്‍ക്കു മാത്രമേ നിര്‍മാണാവസരത്തില്‍ പ്ലാസ്‌റ്റിക്‌ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. നാടിനെ മാലിന്യമുക്‌തമാക്കുവാനുള്ള ആഗോള ശ്രമത്തിന്റെ ആതിഥ്യം ഇന്ത്യക്കാകുമ്പോള്‍, അതില്‍ നിര്‍ണായക പങ്കു വഹിക്കുവാനുള്ള ചരിത്രപരമായ കടമ കേരളത്തിനുണ്ട്‌. സംസ്‌ഥാന പരിസ്‌ഥിതി വകുപ്പ്‌ അക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നു പ്രത്യാശിക്കാം.

Ads by Google
ഡോ. ജോര്‍ജ്‌ ജെ. പരുവനാടി
Tuesday 05 Jun 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW