Tuesday, July 17, 2018 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 02 Jun 2018 03.20 PM

ഈശ്വരന്റെ കുഞ്ഞുങ്ങള്‍

സുന്ദരിയായ ബാലികയ്ക്ക് ചുരുണ്ട് നീണ്ട നല്ല ഭംഗിയുള്ള മുടിയുണ്ടായിരുന്നു. മുല്ലമാല ചൂടി നടക്കാന്‍ അവള്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. അമ്മയെ ഭയന്ന് അവള്‍തന്റെ ആഗ്രഹം മൂടിവച്ചു.
uploads/news/2018/06/222478/joythi020618a.jpg

കുഞ്ഞുങ്ങളിലും പുഷ്പങ്ങളിലും പുല്‍ക്കൊടിത്തുമ്പില്‍പ്പോലും ഈശ്വരന്‍ കുടികൊള്ളുന്നു. കുട്ടികള്‍ പൂക്കളെപ്പോലെ പരിലസിക്കണം. അവര്‍ സ്വതന്ത്രരായി പാറി നടക്കണം. പൂക്കളും, കുട്ടികളുമില്ലാത്ത ലോകത്തെപ്പറ്റി ഒരു നിമിഷം ചിന്തിക്കുക. ആ ലോകം മൂകത നിറഞ്ഞതും ശൂന്യവുമായിരിക്കും. കുഞ്ഞുങ്ങളെ നമ്മള്‍ സ്‌നേഹിക്കുകയാണെങ്കില്‍ അവര്‍ നൂറിരട്ടിയായി സ്‌നേഹം മടക്കിത്തരും.

അവരുടെ മുത്തുമണികള്‍ ചിതറുന്നതുപോലെയുള്ള ചിരി, കളിക്കൊഞ്ചലുകള്‍ ഇവയെല്ലാം എത്ര കണ്ടാലും കേട്ടാലും മതിവരില്ല. കുഞ്ഞുങ്ങളുടെ സ്‌നേഹത്തിന് മുമ്പില്‍ വലിയ മഹാന്മാര്‍പോലും അലിഞ്ഞുപോകുന്നു. കുട്ടികളുടെ സ്‌നേഹത്തിന് പകരം നല്‍കാന്‍ ഈ പ്രപഞ്ചത്തിലൊന്നുംതന്നെയില്ല.

ഏഴുവയസ്സുള്ള ഒരു ബാലിക ദിവസവും സായാഹ്നങ്ങളില്‍ മുല്ലപ്പൂമാല വില്‍ക്കാന്‍ പട്ടണത്തില്‍ വരുമായിരുന്നു. നല്ല സുഗന്ധമുള്ള മുല്ലമാലകള്‍ അവളുടെ കൈയില്‍നിന്നും പതിവായി ആളുകള്‍ വാങ്ങാറുണ്ടായിരുന്നു. അങ്ങനെ കിട്ടുന്ന വരുമാനംകൊണ്ടാണ് അമ്മയും മകളും കഴിഞ്ഞിരുന്നത്. സുന്ദരിയായ ബാലികയ്ക്ക് ചുരുണ്ട് നീണ്ട നല്ല ഭംഗിയുള്ള മുടിയുണ്ടായിരുന്നു. മുല്ലമാല ചൂടി നടക്കാന്‍ അവള്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. അമ്മയെ ഭയന്ന് അവള്‍ തന്റെ ആഗ്രഹം മൂടിവച്ചു.

ഒരു ദിവസം മാല വില്‍പ്പന കഴിഞ്ഞു. ഒരു വലിയ പൂമാല മാത്രം വില്‍ക്കാന്‍ പറ്റിയില്ല. നേരം സന്ധ്യ കഴിഞ്ഞു. വളരെ ശ്രമിച്ചിട്ടും ആ പൂമാല വാങ്ങാന്‍ ആരും വന്നില്ല. അവള്‍ പൂമാലയെടുത്ത് സ്വന്തം മുടിയില്‍ ചൂടി.

വളരെക്കാലത്തെ ആഗ്രഹം നിറവേറിയതില്‍ സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു.
അന്ന് കിട്ടിയ കാശെല്ലാം അമ്മയെ ഏല്‍പ്പിച്ചു. അവളുടെ മുടിയില്‍ മുല്ലമാല കണ്ട അമ്മ അവളെ ശകാരിച്ചു, ഉപദ്രവിച്ചു. മുടിയിലെ പൂമാല പൊട്ടിച്ചിതറിവീണു.

''പൂമാല മുഴുവനും വില്‍ക്കാതെ നീ മടങ്ങിവന്നതെന്തിന്?'' ബാലിക ഒന്നും മിണ്ടിയില്ല. അവളുടെ കുഞ്ഞ് മനസ്സ് വല്ലാതെ വേദനിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ അമ്മയോട് ദുഃഖത്തോടെ പറഞ്ഞു: ''അമ്മേ ഞാന്‍ ഇനി പൂമാല മുടിയില്‍ ചൂടില്ല. എനിക്ക് ഇനിയൊരിക്കലും മുല്ലമാല വേണ്ട.'' ഇത്രയും പറഞ്ഞ് അവള്‍ തേങ്ങലോടെ ഉറങ്ങാന്‍ കിടന്നു. പിറ്റേന്ന് പ്രഭാതത്തില്‍ ബാലിക എഴുന്നേറ്റില്ല. ഇനി ഒരിക്കലും ഉണരാത്ത ഉറക്കമായിരുന്നു അവളുടേത്.

''വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലേ നിങ്ങള്‍.''
വൈലോപ്പള്ളി ശ്രീധരമേനോന്റെ ഈ വരികള്‍ എത്ര അര്‍ത്ഥ സമ്പൂര്‍ണ്ണമാണ്.

കുഞ്ഞുങ്ങളുടെ വായില്‍നിന്ന് വരുന്ന ഓരോ വാക്കും ഈശ്വര വചനമാണ്. കാരുണ്യവും സ്‌നേഹവും വേണ്ടുവോളം നമ്മള്‍ നല്‍കണം. സ്‌നേഹമാകുന്ന പാത്രത്തിലേക്ക് ആവോളം മധുരം പകര്‍ന്നു നല്‍കുകയാണ് നാം ചെയ്യേണ്ടത്.

**** ഉഷാവര്‍മ്മ, പാലക്കാട്
മൊ: 9495973118

Ads by Google
Ads by Google
Loading...
TRENDING NOW