Sunday, February 17, 2019 Last Updated 25 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 01 Jun 2018 11.57 AM

ജീവിതത്തിലെ അഗ്നിപരീക്ഷയെ അതീജീവിച്ച് അയാന്‍ അക്ഷരമുറ്റത്തേക്ക്: മരണത്തിന്റെയും ജീവിതത്തിന്റെയും നൂല്‍പ്പാലത്തിലൂടെ കടന്നുപോയ അത്ഭുതബാലന്റെ കഥ ഇങ്ങനെ

Heart touching story,  Ayaan

കൊച്ചി: ആറാം മാസത്തില്‍ ജനനം, തൂക്കം അഞ്ഞൂറ് ഗ്രാം. ജീവിതത്തില്‍ നാലുവയസുകാരന്‍ അയാന്‍ പിന്നിട്ട വഴികള്‍ ആരെയും അത്ഭുതപ്പെടുത്തും. ഇന്ന് പുതിയകാവ് ഗവ. സ്‌കൂളിലേക്ക് എല്‍.കെ.ജി. വിദ്യാര്‍ഥിയായി അക്ഷരമധുരം നുണയാനെത്തുന്ന അയാന് പറയാന്‍ വലിയൊരു കഥയുണ്ട്.

മരണത്തിന്റെയും ജീവിതത്തിന്റെയും നൂല്‍പാലത്തിലൂടെ സഞ്ചരിച്ച കഥ. ഓട്ടോറിക്ഷാ​ ​ഡ്രൈവര്‍ ഷിഹാബിന്റെയും ഷീബയുടെയും മൂന്നാമത്തെ കുട്ടിയായി 2014 നവംബര്‍ പത്തിനായിരുന്നു അയാന്റെ ജനനം. ആറാം മാസത്തില്‍ ജനിച്ച അയാന് 500ഗ്രാം മാത്രമായിരുന്നു തൂക്കം.

ഷീബ ആദ്യ കുട്ടിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ സങ്കീര്‍ണതകളെ തുടര്‍ന്ന് എട്ടാം മാസം സിസേറിയനു വിധേയയായി. രണ്ടാമത്തെ കുഞ്ഞ് ഒമ്പതാം മാസത്തില്‍ വയറ്റില്‍ വച്ചു മരണമടഞ്ഞു. മൂന്നാമത്തെ ഗര്‍ഭധാരണവും സങ്കീര്‍ണമായതിനാല്‍ ലൂര്‍ദ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോ. നീന തോമസിന്റെ മൂന്നുമാസത്തെ വിദഗ്ധ ചികിത്സയിലായിരുന്നു ഷീബ.

അമ്മയുടെ ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഗര്‍ഭപാത്രത്തിലെ തകരാറും തിരിച്ചടിയായി. അതോടെ കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറഞ്ഞു.
അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ ഭീഷണിയിലായ ഘട്ടത്തില്‍ അമ്മയുടെ ജീവന്‍ രക്ഷിക്കാനായി ശ്രമങ്ങള്‍. ഇതിനായി ശസ്ത്രക്രിയ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ശ്വാസതടസം നേരിട്ട കുഞ്ഞിന് ഉടനെ കൃത്രിമ ശ്വാസം നല്‍കി. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ടുമാസം കുഞ്ഞ് നിയോനേറ്റല്‍ ഐ.സി.യുവില്‍ കഴിഞ്ഞു. മാസം തികയാതെ ജനിച്ചതിനാലും ആന്തരികാവയവങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്താത്തതിനാലും കുഞ്ഞിനെ അണുബാധ ഏല്‍ക്കാതെ സൂക്ഷിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഡോ. റോജോയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കുഞ്ഞിന്റെ ആരോഗ്യത്തിനായി തീവ്രമായി പരിശ്രമിച്ചു.

പിന്നീടുള്ള ഒരു വര്‍ഷക്കാലം അണുബാധയുണ്ടാവാതിരിക്കാനായി ഷീബയും അയാനും വീട്ടില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ കഴിഞ്ഞു. പരിശോധനയ്ക്കായി കുഞ്ഞുമൊത്ത് ആശുപത്രിയിലേക്കു പോകുന്നതു മാത്രമായിരുന്നു അക്കാലത്ത് ഷീബയ്ക്കു പുറംലോകവുമായി ഉണ്ടായിരുന്ന ബന്ധം. ഷിഹാബിന്റെ തുച്ഛമായ വരുമാനം കൊണ്ട് ചികിത്സാച്ചെലവുകള്‍ പൂര്‍ണമായും നടത്താന്‍ കഴിഞ്ഞിരുന്നില്ല. ലൂര്‍ദ് ആശുപത്രി അധികൃതരും ഡോ. റോജോയും നിയോനേറ്റല്‍ ഐ.സി.യുവിലെ സ്റ്റാഫ് അംഗങ്ങളും ചികിത്സാചെലവിലേക്കു സംഭാവന ചെയ്തു.

ഇത്തരത്തില്‍ മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വളര്‍ന്നുവരുമ്പോള്‍ തലച്ചോറില്‍ തകരാറുകളോ കാഴ്ചയ്‌ക്കോ കേള്‍വിക്കോ ബുദ്ധിമുട്ടുണ്ടാവാറുണ്ട്. എന്നാല്‍ അയാന് അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് ഡോ. റോജോ ജോയ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നു മുതല്‍ സഹോദരി തന്‍ഹ ഫാത്തിമയ്‌ക്കൊപ്പമാണ് അയാന്‍ അക്ഷരങ്ങളുടെ ലോകത്തേക്കു ചുവടുവയ്ക്കുന്നത്. ലൂര്‍ദ് ആശുപത്രി ഡയറക്ടര്‍ ഫാ. ഷൈജു അഗസ്റ്റിന്‍ തോപ്പില്‍ അയാന്റെ പിതാവ് ഷിഹാബ്, മാതാവ് ഷീബ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW