Thursday, November 15, 2018 Last Updated 8 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 01 Jun 2018 10.56 AM

ഒന്നായി പിറന്നവര്‍ ഇന്ന് ഒന്നിലേക്ക്; മൂവര്‍ സംഘത്തെ കാത്ത് ഒരു നാടും സ്കൂളും

uploads/news/2018/06/222102/moovar.jpg
*വിദ്യാലയത്തിലേക്ക് പുറപ്പെടുന്ന ത്രിമൂര്‍ത്തികളായ മിത്രവിന്ദ, കാളിന്ദിജ, അനന്ദമായ.

മണലൂര്‍: മധ്യവേനല്‍ അവധി വിടപറഞ്ഞതോടെ ത്രിമൂര്‍ത്തികള്‍ ആദ്യാക്ഷരം കുറിക്കാന്‍ പൊതുവിദ്യാലയ തിരുമുറ്റത്തേക്ക്. പെരിങ്ങോട്ടുകര കിഴക്കുമുറി കരിപ്പാറ വീട്ടില്‍ പ്രദീപ് - ആശ ദമ്പതികളുടെ കടിഞ്ഞൂല്‍ പുത്രിമാരായ മിത്രവിന്ദ, കാളിന്ദിജ, അനന്ദമായ എന്നിവരാണ് കുരുന്നുകള്‍ക്കാവേശമായി വിദ്യാലയ തിരുമുറ്റത്തെത്തുന്നത്.

118 വര്‍ഷത്തിന്റെ ചരിത്രം പറയുന്ന അന്തിക്കാട് കെ.ജി.എം. എല്‍.പി. സ്‌കൂളില്‍ ഒന്നാം തരത്തിലേക്കാണ് ഈ മൂവര്‍ സംഘം പ്രവേശനം നേടി എത്തുന്നത് എന്നതും ആവേശത്തിന് ത്രിമധുരം നല്‍കുന്നു. പുതിയ യൂണിഫോമും പുതിയ ബാഗും ധരിച്ച് പുതിയ കുടയുംചൂടി പുതിയ കൂട്ടുക്കാര്‍ക്കിടയില്‍ അതിരുകളില്ലാത്ത ആവേശം പങ്കുവെക്കാന്‍ ത്രിമൂര്‍ത്തികളായ പെണ്‍കുരുന്നുകള്‍ തയാറെടുത്തു കഴിഞ്ഞു. പൊതു വിദ്യാലയത്തിലൂടെ പഠിച്ച് ബിരുദദാരികളായ ദമ്പതികള്‍ക്ക് ഇന്നും പൊതു വിദ്യാലയം തന്നെയാണ് പ്രിയപ്പെട്ടത് എന്നതിന്റെ തെളിവാണ് ഈ ത്രിമൂര്‍ത്തികളുടെ പൊതു വിദ്യാലയ പ്രവേശനം. പ്രവേശനം നേടിയ കുരുന്നുകള്‍ ഡോക്ടറും അധ്യാപികയും പോലീസും ആകണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു കഴിഞ്ഞു.

പ്രധാന അധ്യാപകനും സ്‌കൂള്‍ മാനേജരുമായ ജോഷി ഡി. കൊള്ളന്നൂരിന്റെ നേതൃത്വത്തിലുള്ള സ്റ്റാഫും പി.ടി.എ യും നവാഗതരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ട്രെയിനും ഹെലികോപ്റ്ററും ത്രിഡി പെയിന്റ് ചെയ്ത ക്ലാസ് മുറികളും ജൈവ വൈവിധ്യ പാര്‍ക്കുമെല്ലാം ആദ്യാക്ഷരം കുറിക്കാന്‍ ഈ പൊതു വിദ്യാലയത്തിലെത്തുന്ന കുരുന്നുകള്‍ക്ക് ആഹ്‌ളാദവും അതിലേറെ ആവേശവും പകരുന്ന കാഴ്ചകളാണ്. 580 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ പ്രാഥമിക വിദ്യാലയത്തില്‍ 107 വിദ്യാര്‍ഥികള്‍ ഒന്നാം തരത്തില്‍ ഈ അധ്യയനവര്‍ഷം പ്രവേശനം നേടി എന്നതും ഈ പൊതു വിദ്യാലയത്തിന്റെ പ്രസക്തിയും കരുത്തുമാണ് തെളിയിക്കുന്നത്. നവാഗതരെ സ്വീകരിക്കാനും സവാരിക്കുമായി കുതിരയും ആവേശം പകരാന്‍ ഫ്‌ളാഷ് മോബും തയാറായി കഴിഞ്ഞു. പൊതു പ്രവേശന ചടങ്ങ് ഗീതാ ഗോപി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

വരന്തരപ്പിള്ളി: ഒന്നായി പിറന്ന ആവണിയും ഐതിഹും ഒന്നിച്ച് ഇന്ന് ഒന്നാം ക്ലാസിന്റെ പടി ചവിട്ടുകയാണ്. കള്ളായി പനമ്പിള്ളി ഗോവിന്ദമേനോന്‍ സ്‌കൂളിലാണ് ഇരട്ടകളായ ഇവര്‍ ഒന്നാം ക്ലാസില്‍ പ്രവേശിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ സരീഷ് വരന്തരപ്പിള്ളിയുടെയും ഭുവനയുടെയും മക്കളാണ് ഇരുവരും.

uploads/news/2018/06/222102/aavani.jpg
*ആവണിയും ഐതിഹും ഒന്നാം ക്ലാസിലേക്ക്

ഒന്നിച്ചുറങ്ങിയും ഒന്നിച്ചു കളിച്ചും വളര്‍ന്ന ഈ ഇരട്ടകള്‍ വെള്ളിയാഴ്ച ഒന്നാംക്ലാസിലേക്ക് പ്രവേശിക്കുന്നതും ഒരുമിച്ചുതന്നെയാണ്.
പുത്തനുടുപ്പുകളും ബാഗും കുടയുമായി വെള്ളിയാഴ്ച സ്‌കൂളിലെത്തുന്ന ആവണിക്കും ഐതീഹിനും സ്‌കൂള്‍ പരിചിതമാണ്. എല്‍.കെ.ജി., യു.കെ.ജി. ക്ലാസുകളില്‍ ഇതേ സ്‌കൂളിലാണ് ഇവര്‍ പഠിച്ചിരുന്നത്.

Ads by Google
Friday 01 Jun 2018 10.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW