Sunday, December 16, 2018 Last Updated 37 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 28 May 2018 02.25 PM

ഭാവഗാനത്തിന്റെ ആത്മസൗന്ദര്യം വീണ്ടും

uploads/news/2018/05/220862/CiniINWSaleema280518.jpg

നഖക്ഷതങ്ങളെന്ന ചിത്രത്തില്‍ ബധിരയും മൂകയുമായ ലക്ഷ്മിയെന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിലൂടെയാണ് സലീമ മലയാളികളുടെ ഹൃദയം കവര്‍ന്നത്. ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണ് നീ എന്ന എന്ന ഗാനത്തിലെ സലീമയുടെ വൈജാത്യപൂര്‍ണമായ മാനറിസങ്ങള്‍ പ്രേക്ഷക മനസ്സുകളെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരും പ്രതിഭാധനനാ സംവിധായകന്‍ ഹരിഹരനുമാണ് നഖക്ഷതങ്ങളിലെ ലക്ഷ്മിയെന്ന കഥാപാത്രത്തിനു വേണ്ടി സലീമയെ കണ്ടെത്തിയത്.

രണ്ടായിരാമാണ്ടില്‍ ചലച്ചിത്രാഭിനയത്തോട് വിടപറഞ്ഞ സലീമ നീണ്ട 18 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മലയാളസിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുകയാണ്.

നാനൂറിലധികം സിനിമകളില്‍ അഭിനയിച്ച തെലുങ്കിലെ പ്രശസ്ത അഭിനേത്രിയായിരുന്ന ഗിരിജയുടെ മകളാണ് സലീമ. വിരലിലെണ്ണാവുന്ന മലയാളം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സലീമ സിനിമാമംഗളത്തിന്റെ വായനക്കാരുമായി സംസാരിക്കുകയാണ്.

? വീണ്ടും ക്യാമറയുടെ മുന്നിലെത്താന്‍ തയാറെടുക്കുകയാണല്ലോ? സിനിമാഭിനയം നിര്‍ത്താനുണ്ടായ സാഹചര്യമെന്തായിരുന്നു.


ഠ സിനിമയില്‍ ഒരുവിധം നല്ല തിരക്കുള്ള സമയത്തുതന്നെയാണ് ഞാന്‍ ചലച്ചിത്രാഭിനയം നിര്‍ത്താന്‍ തീരുമാനിച്ചത്. രണ്ടായിരാമാണ്ടില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു. ഓട്ടോമൊബൈല്‍ ബിസിനസ്സ് ശാഖയിലും റിയല്‍ എസ്‌റ്റേറ്റ് രംഗത്തും ഞാന്‍ സജീവമായിരുന്നു.

ബിസിനസ്സ ഒരുതരം ആവേശമായി ഞാന്‍ കൊണ്ടുനടക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ 18 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളസിനിമയിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം മനസ്സിലുണ്ടാവാനുള്ള കാരണം മലയാളികളായ സുഹൃത്തുക്കള്‍തന്നെയാണ്.

മലയാളത്തില്‍ നല്ല സിനിമകളില്‍ അഭിനയിച്ച ഞാന്‍ വീണ്ടും തിരിച്ചുവരണമെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ഇതോടെയാണ് മലയാളസനിമയില്‍ വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായത്.

? നഖക്ഷതങ്ങളിലെ ലക്ഷ്മിയെന്ന കഥാപാത്രത്തെക്കുറിച്ച്


ഠ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ നഖക്ഷതങ്ങള്‍ എനിക്കു സമ്മാനിച്ചത്. സംവിധായകന്‍ ഹരിഹരന്‍ സാറും സ്‌ക്രിപ്‌റ്റെഴുതിയ എം.ടി. വാസുദേവന്‍ നായര്‍ സാറും ചെന്നൈയിലെ എന്റെ വീട്ടിലെത്തിയിരുന്നു.

പ്രമുഖ അഭിനേത്രിയായിരുന്ന കാഞ്ചനാമ്മയാണ് എന്റെ കാര്യം ഹരിഹരന്‍ സാറിനോട് പറഞ്ഞിരുന്നത്. കഥ പറഞ്ഞപ്പോള്‍ ഇഷ്ടം തോന്നി. എം.ടി. സാറ് ഒന്നും പറഞ്ഞിരുന്നില്ല. ഡിസ്‌കസ് ചെയ്ത് അറിയിക്കാമെന്നാണ് അവര്‍ പറഞ്ഞത്. പിന്നെ നഖക്ഷതങ്ങളിലേക്ക് എന്നെ സെലക്ട് ചെയ്തതായി അറിയിക്കുകയായിരുന്നു.

ഒരു ഡയലോഗ് പോലും ഇല്ലാത്ത ബധിരയും മൂകയുമായ കഥാപാത്രമാണെന്ന് അറിഞ്ഞപ്പോള്‍ ഭാവങ്ങളിലൂടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയെന്നത് സങ്കീര്‍ണമായി തോന്നിയെങ്കിലും ഒരുതരം വെല്ലുവിളിയായി ലക്ഷ്മിയെന്ന കഥാപാത്രത്തെ സ്വീകരിക്കുകയായിരുന്നു. സംവിധായകന്‍ ഹരിഹരന്‍ സാറ് മൈക്രോ സ്‌കോപ്പ് പോലെ ചെറിയൊരു ഡയലോഗ് പോലും കൃത്യമായി പറഞ്ഞുന്നു.

uploads/news/2018/05/220862/CiniINWSaleema280518b.jpg

ക്യാമറ ചലിച്ചുതുടങ്ങുമ്പോള്‍ മുഖഭാവങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ലക്ഷ്മിയെന്ന കഥാപാത്രമായി ഞാന്‍ ഇഴുകിച്ചേരുകയായിരുന്നു. സെറ്റില്‍ എം.ടി.സാറും എത്തിയിരുന്നു. പൊതുവെ ഒന്നും മിണ്ടാത്ത എം.ടി. സാറിന്റെ ഭാഷയെന്നത് സൈലന്‍സാണ്് ചിത്രത്തിലെ ഒരു ഇമോഷണല്‍ സീന്‍ കണ്ട് ഞാന്‍ വിിചാരിച്ചതിനേക്കാള്‍ നന്നായി സലീമ അഭിനയിക്കുന്നുണ്ടെന്ന് എംടി. സാറ് പറഞ്ഞിരുന്നതായി അമ്മ എന്നോട് സൂചിപ്പിച്ചിരുന്നു.

നഖക്ഷതങ്ങളുടെ നൂറാംദിവസം കോഴിക്കോട് ആഘോഷിച്ചപ്പോള്‍ പ്രസംഗിക്കാന്‍ മൈക്ക് കൈയിലെടുത്ത ഞാന്‍ ഒരു മിനിറ്റ് സൈലന്റായി നിന്നു. എല്ലാവരും ഊമയായ പെണ്‍കുട്ടിയാണെന്നാണ് കരുതിയിരുന്നത.

മൈക്കിലൂടെ പ്രിയപ്പെട്ട കലാസ്‌നേഹികളെ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കാതടപ്പിക്കുന്ന കൈയടിയായിരുന്നു. ആളുകളുടെ ആവേശകരമായ കൈയടി ഒരിക്കലും മറക്കാനാവില്ല. സത്യം പറഞ്ഞാല്‍ നക്ഷഖക്ഷതങ്ങള്‍ക്ക് ശേഷമാണ് മലയാളി പ്രേക്ഷകരുടെ മുന്നില്‍ എനിക്കൊരു ഐഡന്റിറ്റി ഉണ്ടായത്.

? എം.ടി. ഹരിഹരന്‍ കൂട്ടുകെട്ടിന്റെ ആരണ്യകത്തിലെ സലീമയുടെ അമ്മിണിയെന്ന കഥാപാത്രത്തെയും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല.


ഠ എന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രമാണ് ആരണ്യകത്തിലെ അമ്മിണി. വിനീതിന്റെ ജോഡിയായിരുന്നു. ദേവന്‍ സാറും നല്ലൊരു വേഷം ചെയ്തിരുന്നു. ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലെ... എന്ന പാട്ടുസീനില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ എന്റെ തലയ്ക്ക് മുകളില്‍ ഗ്രീന്‍ കളറിലുള്ള ഒരു പാമ്പും ഉണ്ടായിരുന്നു ആരണ്യകം റിലീസ് ചെയ്തപ്പോള്‍ ഒരുപാട് നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞു. ശരിക്കും എന്‍ജോയ് ചെയ്ത് അഭിനയിച്ച് പ്രതിഫലിപ്പിച്ച കഥാപാത്രമാണ് അമ്മിണി.

? സലീമയുടെ സിനിമയിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് സുചിപ്പിക്കാമോ...


ഠ ചെന്നൈയിലെ റോസറി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. ചെറുപ്പം മുതല്‍ക്കേ മനസില്‍ സിനിമയുണ്ടായിരുന്നു. മുത്തശ്ശി തിലകം നൂറ്റി അമ്പതിലേറെ തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മുത്തശ്ശിയിലൂടെയാണ് അമ്മ ഗിരിജ സിനിമയിലെത്തിയത്.

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിലും അമ്മ അഭിനയിച്ചിട്ടുണ്ട്. ശിവാജി ഗണേശന്‍, എന്‍.ടി. രാമറാവു, നാഗേശ്വര റാവു ഉള്‍പ്പെടെയുള്ള താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ആശാദീപം എന്ന മലയാള ചിത്രത്തില്‍ സത്യന്‍ സറിന്റെ നായികയായിരുന്നു അമ്മ.

അമരശില്പി ജഗന്നാചാരിയെന്ന കന്നട ചിത്രത്തിലും ഹിന്ദി ചിത്രമായ ചന്ദ്രസേനയിലും അമ്മ നായികയായിരുന്നു. പല സംവിധായകരും ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും പഠിത്തം പൂര്‍തതിയാക്കാതെ അഭിനയിക്കേണ്ടതില്ലെന്നായിരുന്നു അമ്മയുടെ നിലപാട്. എന്നാല്‍ ഇന്റീരിയര്‍ ഡെക്കറേഷനില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയതോടെ മോഡലിംഗിലും പരസ്യചിത്രങ്ങളിലും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

പ്രമുഖ സ്ഥാപനങ്ങള്‍ക്ക് വേണ്ടി നൂറ്റിയമ്പതോളം പരസ്യചിത്രങ്ങളില്‍ഞാന്‍ അഭിനയിച്ചിരുന്നു. മോഡലിംഗ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ ഒരു മലയാള ചിത്രത്തിലേക്ക് ആര്‍ട്ടിസ്റ്റിനെ ആവശ്യമുണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്. ഞാന്‍ സംവിധായകന്‍ പി ചന്ദ്രകുമാര്‍ സാറെ കണ്ടിരുന്നു.

അങ്ങനെ ഞാന്‍ പിറന്ന നാട്ടില്‍ എന്ന മലയാള ചിത്രത്തില്‍ സപ്പോര്‍ട്ടിങ് ക്യാരക്ടറെ അവതരിപ്പിച്ചുകൊണ്ടാണ് ഞാന്‍ സിനിമയിലെത്തിയത്. പിന്നീട് ലിസ ബേബി സാറ് സംവിധാനം ചെയ്ത ഭഗവാന്‍ എന്ന ചിത്രത്തില്‍ ഷാനവാസിന്റെ നായികയായും രാജസേനന്‍ സംവിധാനം ചെയ്ത ശാന്തം ഭീകരം എന്ന ചിത്രത്തില്‍ ശങ്കറിന്റെ നായികയായും അഭിനയിച്ചതിനു ശേഷമാണ് ഞാന്‍ നഖക്ഷതങ്ങളിലെത്തുന്നത്.

ആരണ്യകത്തിനു ശേഷം ജോഷി സാറിന്റെ മഹായാനം പ്രിയദര്‍ശന്‍ സാറിന്റെ വന്ദനം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വന്ദനത്തിലെ മേഘങ്ങളെ പാടിയുറക്കാ എന്ന ഗാനരംഗത്തിലെ എന്റെ പെര്‍ഫോമന്‍സും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

? സലീമ വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നോ...


ഠ വിവാഹം വേണ്ടെന്നു തീരുമാനിച്ചിരുന്നില്ല. ഒരുപാട് പ്രൊപ്പോസല്‍ വനനതാണ്. പക്ഷേ ഒന്നും ശരിയായിലല. സിനിമാഭിനയം നിര്‍ത്തിയെങ്കിലും ഒരുഘട്ടത്തില്‍ തമിഴ് സീരിയലുകളും ഞാന്‍ സജീവമായിരുന്നു. 1995-ലാണ് എന്റെ അമ്മയും മുത്തശ്ശിയും മരിച്ചത്.

ശരിക്കും ഒറ്റപ്പെട്ട അവസ്ഥയിലായി. ഇപ്പോള്‍ എനിക്ക് നാല്‍പ്പതു വയസായി. വിവാഹാലോചനകള്‍ വരുന്നുണ്ടെങ്കിലും സിനിമയില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍പോവുകയാണ്. എനിക്ക് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച മലയാളത്തിലൂടെ വീണ്ടും ക്യാമറയുടെ മുന്നിലെത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

uploads/news/2018/05/220862/CiniINWSaleema280518a.jpg

? അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തയാറാവുന്ന സലീമയുടെ ഇടവേളകള്‍.....


ഠ തമിഴ് സിനിമയിലെ പ്രമുഖ കൊറിയോഗ്രാഫറായ ശ്രീധരന്‍ മാസ്റ്ററുടെ കീഴില്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. വര്‍ഷങ്ങളായി ഗുരു തുളസി രാജഗോപാലിന്റെ കീഴില്‍ ഭരതനാട്യം പഠിക്കുന്നത് സിനിമാഭിനയത്തില്‍ ഗുണകരമായി മാറുമെന്ന് ഞാന്‍ കരുതുന്നു.

മാത്രമല്ല ധാരാളം സിനിമകളും ഇടവേളകളില്‍ കാണുന്നുണ്ട്. പുതിയ മലയാളസിനിമകള്‍ കാണുന്നതിലൂടെ പുതിയ ചെറുപ്പക്കാരുടെ ഫിലിം മേക്കിങ് രീതി അടുത്തറിയാന്‍ കഴിയുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

? സലീമയുടെ ഇനിയുള്ള ആഗ്രഹം...


ഠ മലയാളസിനിമയിലൂടെ അഭിനയരംഗത്ത് സജീവമാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അമ്മയായും സഹോദരിയായും നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായും അങ്ങനെ ഏതു റോളും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്.

മലയാളത്തിലെ ന്യൂജനറേഷന്‍ ചെറുപ്പക്കാരുടെ സിനിമകളില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട്. നല്ല കഥാപാത്രങ്ങള്‍ക്കു വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. ആഗ്രഹിച്ച രീതിയില്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ചെന്നൈയില്‍നിന്നും കൊച്ചിയിലേക്ക് താമസം മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: ആന്റണി ദാസ്

Ads by Google
Ads by Google
Loading...
TRENDING NOW