Wednesday, June 26, 2019 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 27 May 2018 01.20 AM

ജനകീയം ഈ ഭക്ഷണശാല

uploads/news/2018/05/220528/sun1.jpg

വിശക്കുന്നവര്‍ക്ക്‌ ഇവിടെ ഭക്ഷണം ലഭിക്കും. കൈകഴുകി മടങ്ങുമ്പോള്‍ പൂട്ടുള്ള പണപ്പെട്ടിയോ കാഷ്യറോ കാണാനില്ല. ഓരോരുത്തരുടെയും മനസാക്ഷിയാണ്‌ ഇവിടുത്തെ കാഷ്യര്‍. കൗണ്ടറില്‍ മൂന്ന്‌ ചില്ലു പെട്ടികളുണ്ട്‌. ഉള്ളറിഞ്ഞ്‌ ഇഷ്‌ടമുള്ളത്‌ അതില്‍ ഇടാം. അതിന്‌ വകയില്ലാത്തവര്‍ക്ക്‌ നിറഞ്ഞ സംതൃപ്‌തിയോടെ മടങ്ങാം. ദേശീയപാത-66ല്‍ ആലപ്പുഴയ്‌ക്കും ചേര്‍ത്തലയ്‌ക്കും മധ്യേ പാതിരപ്പളളിയിലാണ്‌ ലോകത്തിന്‌ തന്നെ മാതൃകയായ ഈ ജനകീയ ഭക്ഷണശാല.
ഓരോരുത്തരും അവരുടെ ആവശ്യത്തിന്‌ കഴിക്കുക. കഴിവനുസരിച്ചു നല്‍കുക എന്ന ആശയവുമായി മാരാരിക്കുളം സ്‌നേഹജാലകത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ സംരംഭം ജൂണ്‍ മൂന്നിന്‌ മൂന്ന്‌ മാസം പൂര്‍ത്തിയാക്കുകയാണ്‌.
സംസ്‌ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ആശയമുള്‍ക്കൊണ്ട്‌, അതിനു മുമ്പേ തന്നെ യാഥാര്‍ഥ്യമായ സ്‌ഥാപനത്തിലേക്ക്‌ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെയും പ്രവാഹം തുടരുന്നു.
രാവിലെ 6.45 മുതല്‍ രാത്രി 10.30 വരെയാണ്‌ പ്രവര്‍ത്തന സമയം. പുട്ട്‌, കടല, ഇഡ്‌ഡലി, സാമ്പാര്‍, അട എന്നിവയാണ്‌ പ്രഭാത വിഭവങ്ങള്‍. ഉച്ചയ്‌ക്ക് ഊണ്‌, മീന്‍കറി, അച്ചാറ്‌, സാമ്പാര്‍, തോരന്‍. ഞായറാഴ്‌ചകളില്‍ ഇറച്ചിയും. ഊണ്‌ വിളമ്പുന്നതിന്‌ മുമ്പ്‌ ഒരു പതിവുണ്ട്‌. ആലപ്പുഴ നഗരത്തിലെ 21 വാര്‍ഡുകളിലെ ഇരുനൂറോളവും മാരാരിക്കുളം തെക്ക്‌ പഞ്ചായത്തിലെ 10 വാര്‍ഡുകളിലെ മുപ്പതും കിടപ്പുരോഗികള്‍ക്ക്‌ ഭക്ഷണം എത്തിച്ച്‌ കൊടുക്കണം. അത്‌ 11ന്‌ തന്നെ നല്‍കാന്‍ പ്രത്യേക സംഘമുണ്ട്‌. വിതരണം പൂര്‍ത്തിയാകുന്നതോടെ ഹോട്ടലിലും വിളമ്പി തുടങ്ങും. വൈകിട്ട്‌ ചായയ്‌ക്കൊപ്പം അടയാണ്‌. ഏഴു മുതല്‍ കഞ്ഞിയും കപ്പയും പയറും ചേമ്പും കാച്ചിലുമൊക്കെയായി തനിനാടന്‍ വിഭവങ്ങള്‍.
ആറ്‌ സ്‌ത്രീകളടക്കം 11 പേരാണ്‌ ജീവനക്കാര്‍. ഇവര്‍ ജോലി ചെയ്യുന്നത്‌ തുച്‌ഛമായ വേതനം കൈപ്പറ്റിയും. പ്രകാശന്റെ നേതൃത്വത്തില്‍ വത്സല, ഉത്തമന്‍ എന്നിവരാണ്‌ പാചകക്കൂട്ട്‌ ഒരുക്കുന്നത്‌. രാവിലെ ഇവിടെയെത്തി തങ്ങളാലാവും വിധം സേവനം ചെയ്‌ത് ജോലിക്ക്‌ പോകുന്നവരുമുണ്ട്‌. വൈകുന്നേരങ്ങളിലും ഇത്തരത്തില്‍ സഹായത്തിനെത്തുന്നവര്‍ ധാരാളം.
രണ്ട്‌ ഏക്കറിലെ ജൈവ കൃഷിയാണ്‌ ജനകീയ ഭക്ഷണശാലയുടെ മറ്റൊരു സവിശേഷത. വെള്ളരി, പടവലം, പീച്ചില്‍, പയര്‍, പാവല്‍, വെണ്ട, വഴുതന, ചീര, കോവയ്‌ക്ക തുടങ്ങിയവ ഇവിടെ വിളവെടുക്കുന്നു. കരിങ്ങാട്ടുകുഴി സജീവന്‍ എന്നയാള്‍ സൗജന്യമായി കൃഷിക്ക്‌ വിട്ടുനല്‍കിയ രണ്ടര ഏക്കര്‍ ഭൂമിയില്‍ നിന്ന്‌ ഹോട്ടല്‍ ആവശ്യംകഴിഞ്ഞ്‌ വില്‍ക്കാനും പച്ചക്കറികള്‍ ധാരാളം. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക്‌ കൃഷിത്തോട്ടം സന്ദര്‍ശിക്കാനും പച്ചക്കറികള്‍ വാങ്ങാനുമുള്ള സൗകര്യവുമുണ്ട്‌.
ശരാശരി 12,000 രൂപയോളമാണ്‌ ഇപ്പോള്‍ ദിവസവും ഭക്ഷണം കഴിക്കുന്നവരില്‍ നിന്ന്‌ ലഭിക്കുന്നത്‌. ചെലവ്‌ 24,000 രൂപയിലേറെ വരുന്നുണ്ട്‌. വിവാഹം, പിറന്നാള്‍ തുടങ്ങിയ ആഘോഷങ്ങളുമായും മറ്റും ബന്ധപ്പെട്ട്‌ നിരവധിപേര്‍ സംഭാവനകള്‍ നല്‍കുന്നുണ്ട്‌. ഇതിനോടകം 20 ലക്ഷത്തിന്റെ സാധനങ്ങള്‍ വിവിധ സ്‌പോണ്‍സര്‍മാരില്‍നിന്നും ശേഖരിക്കാന്‍ കഴിഞ്ഞു. അടുത്തിടെ ഭക്ഷണം കഴിക്കാനെത്തിയ മഹാരാഷ്‌ട്ര സ്വദേശിയായ ഒരു വ്യവസായി പതിവായി സവാള നല്‍കാനുളള ഏര്‍പ്പാട്‌് ചെയ്‌താണ്‌ മടങ്ങിയതെന്ന്‌ സ്‌നേഹജാലകം സന്നദ്ധ പ്രവര്‍ത്തകനായ ബൈജു പറയുന്നു.

ഹൈടെക്ക്‌ അടുക്കള; മാലിന്യമില്ലാത്ത മാതൃക
രണ്ടായിരത്തിലധികം പേര്‍ക്ക്‌ ഒരേസമയം ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്ന ആധുനിക സജ്‌ജീകരണങ്ങളോടുകൂടിയ സ്‌റ്റീം കിച്ചന്‍ സംവിധാനമാണ്‌ ജനകീയ ഭക്ഷണശാലയുടെ പ്രത്യേകത. 11.25 ലക്ഷം രൂപ മുടക്കിയാണ്‌ ഇത്‌ സ്‌ഥാപിച്ചത്‌. കുറ്റമറ്റരീതിയിലുള്ള മാലിന്യസംസ്‌കരണ സംവിധാനവും ഏറ്റവും ആധുനികമായ വാട്ടര്‍ ട്രീറ്റ്‌മെന്റ്‌ പ്ലാന്റും ആറുലക്ഷം രൂപ ചെലവില്‍ ഐ.ആര്‍.ടി.സിയുടെ സഹായത്തോടെ ഒരുക്കിയിട്ടുണ്ട്‌.
രണ്ടുനിലകളുള്ള ഭക്ഷണശാലയില്‍ താഴെ സ്‌റ്റീം കിച്ചണും മുകളില്‍ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും ഭക്ഷണം മുകളില്‍ എത്തിക്കാന്‍ ലിഫ്‌റ്റ് സംവിധാനവുമുണ്ട്‌. കെ.എസ്‌.എഫ്‌.ഇയുടെ സി.എസ്‌.ആര്‍ ഫണ്ടില്‍ നിന്നാണ്‌ ഇതിനായുള്ള പണം കണ്ടെത്തിയത്‌. പാതിരപ്പള്ളി ഹാര്‍മണി ആര്‍ട്ട്‌ ഗ്രൂപ്പിലെ ചിത്രകാരന്മാര്‍ വരച്ച രേഖാചിത്രങ്ങളാണ്‌ ഭക്ഷണശാലയുടെ ചുവരുകളിലെ ആകര്‍ഷണീയത. സ്‌നേഹജാലകം പ്രവര്‍ത്തകന്‍ കൂടിയായ സിവിന്‍ചന്ദ്രയാണ്‌ ഭക്ഷണശാലയുടെ രൂപകല്‍പനയും നിര്‍മ്മാണമേല്‍നോട്ടവും നിര്‍വഹിച്ചത്‌.
സ്‌നേഹജാലകം പ്രവര്‍ത്തകന്‍ കൂടിയായ എ. രാജു വെളിയിലാണ്‌ ഭക്ഷണശാല നിര്‍മ്മിക്കുന്നതിനായി ദേശീയപാതയോരത്ത്‌ സ്‌ഥലം വിട്ടുനല്‍കിയത്‌.

പ്രതീക്ഷ പകര്‍ന്ന്‌ ആദ്യഘട്ടം
ജനകീയ ഭക്ഷണശാലയുടെ കളക്ഷന്‍ ബോക്‌സില്‍ നിന്ന്‌ ആദ്യ മാസം ലഭിച്ചത്‌ 5.13 ലക്ഷം രൂപയായിരുന്നു. ചെലവും വരവും ഏകദേശം ഒത്തു പോയി. ഭക്ഷണശാല നിര്‍മ്മാണത്തിനായി കെ.എസ്‌.എഫ്‌.ഇയുടെ സി.എസ്‌.ആര്‍ ഫണ്ടിന്‌ പുറമേ പത്തുലക്ഷത്തിലധികം രൂപ വായ്‌പ എടുത്തിട്ടുണ്ട്‌. വായ്‌പ പലിശയും കൂടി കണക്കിലെടുത്താല്‍ നേരിയ നഷ്‌ടം കണക്കാക്കാം.
കിടപ്പുരോഗികള്‍ക്കും അഗതികള്‍ക്കും വീടുകളില്‍ ഭക്ഷണം എത്തിക്കുന്നത്‌ കൂടി ചേര്‍ത്താല്‍ മൂന്നുനേരവും കൂടി ആകെ ഏകദേശം ആയിരത്തിലധികം പേര്‍ ഭക്ഷണം കഴിക്കുന്നുണ്ട്‌. ഒരാള്‍ക്ക്‌ ഭക്ഷണത്തിനായി ശരാശരി വേണ്ടി വന്നത്‌ 25 രൂപയാണ്‌. പകുതിയോളം പേര്‍ സൗജന്യമായി തന്നെ ഇവിടെനിന്ന്‌ ഭക്ഷണം കഴിക്കുന്നു.
ഇപ്പോള്‍ നല്‍കുന്ന ഭക്ഷണത്തിന്‌ ഒരു മാസം 15 ലക്ഷം രൂപ മാര്‍ക്കറ്റ്‌ വില വരും. അങ്ങനെ നോക്കിയാല്‍ ഒരു മാസം ഏഴര എട്ട്‌ ലക്ഷത്തോളം രൂപ ജനങ്ങള്‍ക്ക്‌ സഹായമായി നല്‍കുന്നുവെന്നു വേണം കണക്കാക്കാനെന്ന്‌ സംരംഭത്തിന്‌ ചുക്കാന്‍ പിടിക്കുന്ന സ്‌ഥലം എം.എല്‍.എയും ധനകാര്യമന്ത്രിയുമായ ഡോ. ടി.എം തോമസ്‌ ഐസക്ക്‌ വിലയിരുത്തുന്നു. സര്‍ക്കാര്‍ ധനസഹായം ഒന്നും ലഭ്യമാകാതെയാണ്‌ ജനകീയ ഭക്ഷണശാലയുടെ പ്രവര്‍ത്തനം.
തമിഴ്‌നാട്ടിലെ 'അമ്മ ഭക്ഷണശാലകള്‍' പൂര്‍ണ സര്‍ക്കാര്‍ സഹായത്തോടെയാണ്‌ നടക്കുന്നത്‌. ഇങ്ങനെയൊരു സംരംഭം സര്‍ക്കാര്‍ സഹായം ഇല്ലാതെ ബഹുജനകൂട്ടായ്‌മയില്‍ നടത്താന്‍ കഴിയും എന്നാണ്‌ ജനകീയഭക്ഷണ ശാലയില്‍ നിന്നുള്ള ഒന്നാമത്തെ പാഠമെന്ന്‌ അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ സഹായം വേണമെങ്കില്‍ അടുക്കള സജ്‌ജീകരിക്കുന്നതിലും പരമാവധി സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും ലഭ്യമാക്കുന്നതിലും ഒതുക്കുന്നതാണ്‌ ഉചിതം.
ഇങ്ങനെയൊരു സംരംഭം വിജയിക്കണമെങ്കില്‍ സ്വാദിഷ്‌ടഠവും ഗുണമേന്മയുള്ളതുമായ ഭക്ഷണം മികച്ച സാഹചര്യങ്ങളില്‍ പാകം ചെയ്‌ത് വിളമ്പുക എന്നത്‌ പ്രധാനമാണ്‌. ഭക്ഷണശാലയില്‍ എത്തുന്ന ഇടത്തരക്കാരും ഭക്ഷണത്തിന്‌ വില നല്‍കാന്‍ പ്രാപ്‌തി ഉള്ളവരും നല്‍കുന്ന പണം ആണ്‌ ഇവിടെ ക്രോസ്‌ സബ്‌സിഡിയായി ഉപയോഗിക്കുന്നത്‌. ക്യാഷ്യര്‍ ഇല്ലെങ്കിലും ബില്‍ നല്‍കിയില്ലെങ്കിലും ഇങ്ങനെയുള്ളവര്‍ ഭക്ഷണത്തിനുള്ള മാര്‍ക്കറ്റ്‌ വിലയോ അതില്‍ കൂടുതലോ പെട്ടിയില്‍ നിക്ഷേപിക്കുന്നുണ്ട്‌ എന്നാണ്‌ കണക്കുകള്‍ കാണിക്കുന്നത്‌.

ജനകീയ ഭക്ഷണശാലകള്‍ ഇനിയും വരും
ആലപ്പുഴയില്‍ വിശപ്പുരഹിത പ്രസ്‌ഥാനം വ്യാപിപ്പിക്കുന്നതിന്‌ സ്‌നേഹജാലകം കൂടുതല്‍ ജനകീയ ഭക്ഷണശാലകള്‍ തുറക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്‌. ഒട്ടേറെപ്പേര്‍ തങ്ങളുടെ പ്രദേശത്ത്‌ ഇതുപോലൊന്ന്‌ ആരംഭിക്കണമെന്ന്‌ ആഗ്രഹം പ്രകടിപ്പിക്കുന്നു. മൂന്നു മാസത്തിനിടയില്‍ മൂന്നു ജില്ലകളിലെങ്കിലും സമാന ഭക്ഷണശാലകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ്‌ ധനമന്ത്രിയുടെ പ്രതീക്ഷ. ആലപ്പുഴയില്‍ വളവനാട്‌, കോമളപുരം എന്നിവിടങ്ങളില്‍ ഓരോ ജനകീയ അടുക്കളകള്‍ ഉടന്‍ സ്‌ഥാപിക്കും.
വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍, മറുനാടന്‍ മലയാളികള്‍ എന്നിവരില്‍നിന്ന്‌ ശേഖരിച്ച ഫണ്ടാണ്‌ ഇതിനായി ഉപയോഗിക്കുക. സാന്ത്വന പരിചരണം ആവശ്യമുള്ള കിടപ്പ്‌ രോഗികള്‍ക്കു ചികിത്സയും മെച്ചപ്പെട്ട ഭക്ഷണവും ഉറപ്പാക്കാന്‍ ഇതിലൂടെയുള്ള വരുമാനം ഉപയോഗിക്കുമെന്നാണ്‌ പ്രഖ്യാപനം. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്പും രൂപവത്‌കരിച്ചിട്ടുണ്ട്‌.
2010 ലെ സംസ്‌ഥാന ബജറ്റു മുതല്‍ വിശപ്പുരഹിത പദ്ധതി പലവട്ടം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്‌. എന്നാല്‍ പ്രായോഗികതലത്തില്‍ ആവിഷ്‌കരിക്കപ്പെട്ടത്‌ ഇപ്പോള്‍ ആലപ്പുഴയിലാണ്‌. ഈ മാതൃക കേരളമെമ്പാടും വ്യാപിപ്പിക്കുമെന്ന്‌ 2018-19 ലെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്‌.

ജി. ഹരികൃഷ്‌ണന്‍

Ads by Google
Sunday 27 May 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW