Friday, June 07, 2019 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
ജി. വിശാഖന്‍
Saturday 26 May 2018 01.08 PM

നൈസായിട്ടങ്ങ് ഒഴിവാക്കിയല്ലേ... ആശ്വാസം

uploads/news/2018/05/220308/opinion260518Gvishkan.jpg

നൈസായിട്ടങ്ങ് ഒഴിവാക്കിയല്ലേ...
മഹേഷിന്റെ പ്രതികാരത്തിലെ മഹേഷ് കാമുകിയോട് ചോദിച്ചതാണിത്. അതു ചോദിക്കുമ്പോള്‍ അവന്റെ ഇടനെഞ്ച് പൊട്ടുന്നുണ്ടായിരുന്നു. ഹൃദയം വിങ്ങുന്നുണ്ടായിരുന്നു.ഇതേ ചോദ്യം തന്നെയാകും കുമ്മനം രാജശേഖരന്‍ അമിത് ഷായോടും ചോദിച്ചിട്ടുണ്ടാവുക. നൈസായിട്ടങ്ങ് ഒഴിവാക്കിയല്ലേ?

പക്ഷേ, ഇവിടെ കുമ്മനത്തിന് പ്രണയബന്ധം തകര്‍ന്ന മഹേഷിനെപ്പോലെ നെഞ്ചു പൊട്ടുന്നുണ്ടാകില്ല. പകരം, ആശ്വാസമായിരിക്കും. കാരണം, വലിയൊരു നെരിപ്പോടിന്റെ പുറത്തു നിന്നാണ് കുമ്മനം മിസോറാമിലെ തണുപ്പിലേക്ക് പോകുന്നത്. കേരളത്തിലെ ബി.ജെ.പി, ഇവിടുത്തെ കോണ്‍ഗ്രസിനേക്കാള്‍ കഷ്ടമാണ്. അത്രയ്ക്കുണ്ട് വിഭാഗീയത. പരസ്യമായി പണിയില്ല. വര്‍ക്കെല്ലാം അണ്ടര്‍ഗ്രൗണ്ടിലൂടെയാണെന്ന് മാത്രം. ഇവിടുത്തെ പണിയുടെ കാഠിന്യം എത്രത്തോളമുണ്ടാകുമെന്ന് അറിയണമെങ്കില്‍ എം.ടി രമേശിനോട് ചോദിച്ചാല്‍ മതിയാകും. ഒരു മെഡിക്കല്‍ കോളജ് തന്നെയാണ് അദ്ദേഹത്തിന്റെ നെഞ്ചത്ത് പണിഞ്ഞു വച്ചത്.

കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും ഇല്ലാതെ തന്നെ പറയാം. കുമ്മനം വലിയ പരാജയമായിരുന്നു. അദ്ദേഹത്തെ മാറ്റാനുള്ള പ്രധാന കാരണവും അതു തന്നെ. അമ്പലവും കാവും കുളവും ആറന്മുള പാടശേഖരവും സംരക്ഷിക്കാന്‍ നടന്ന കുമ്മനത്തിന് രാഷ്ട്രീയം വശമില്ലാതെ പോയത് തന്നെയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. കുമ്പനാട് സര്‍ക്കാര്‍ ഭൂമി കൈയേറി ചര്‍ച്ച് ഓഡ് ഗോഡുകാര്‍ സ്ഥാപിച്ച ഗേറ്റ് ഹൈന്ദവ സംഘടനകള്‍ പൊളിച്ചു നീക്കിയപ്പോള്‍ എന്റെ പിഴ, വലിയ പിഴ എന്ന് ഏറ്റു പറഞ്ഞ് മുളക്കുഴയിലെ സഭാ ആസ്ഥാനത്ത് കാലു പിടിക്കാന്‍ പോയ കുമ്മനം ഏറ്റു വാങ്ങിയത് അണികളുടെ തെറിയായിരുന്നു. ആരാണ് ശരി എന്ന് തിരിച്ചറിയാന്‍ പോലും കഴിയാതെയായിരുന്നു കുമ്മനത്തിന്റെ പ്രകടനം. കുമ്പനാട്ട് സഭക്കാര്‍ നടത്തിയ കൈയേറ്റം മൂടി വച്ചതിന് സി.പി.എമ്മിലും സി.ഐ.ടി.യുവിലും നിന്ന് നിരവധി പ്രവര്‍ത്തകര്‍ ബി.ജെ.പിയിലും ബി.എം.എസിലും ചേര്‍ന്നിരുന്ന വിവരം കുമ്മനം അറിഞ്ഞിരുന്നില്ല.

ഇത് ഒരു ഉദാഹരണം മാത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി.ഡി.ജെ.എസ് പോലെ ഒരു സമുദായ മുന്നണി എന്‍.ഡി.എയിലേക്ക് വന്നുചേര്‍ന്നിട്ടും അവരെ നിലനിര്‍ത്താന്‍ കഴിയാതെ പോയതായിരുന്നു കുമ്മനത്തിന്റെ ഏറ്റവും വലിയ തോല്‍വി. ആദിവാസികളുടെ പ്രതിനിധിയായി സി.കെ. ജാനു വരെ ബി.ജെ.പി മുന്നണിയില്‍ എത്തിയപ്പോള്‍ കേരള സമൂഹം തന്നെ ഞെട്ടിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണി വോട്ട് നിലവാരത്തില്‍ നേടിയ വളര്‍ച്ചയും ഈ മുന്നണിയുടെ സഹായത്തോടെയായിരുന്നു. എന്നിട്ടും, എന്‍.എസ്.എസിനൊപ്പം പാര്‍ട്ടി നില കൊള്ളുന്നതാണ് കണ്ടത്. സവര്‍ണഅവര്‍ണ വ്യത്യാസം പ്രകടമായി. കോര്‍പ്പറേഷനുകളിലും പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളിലും നായര്‍ സമുദായത്തിന് പ്രാതിനിധ്യം ലഭിച്ചു.

ഒടുവില്‍ വെള്ളാപ്പള്ളിക്ക് പണി കൊടുക്കാന്‍ വേണ്ടി മാത്രമാണ് ഈഴവനായ വി മുരളീധരനെ എംപിയാക്കി അവരോധിച്ചത്. ഇതില്‍ സംസ്ഥാന നേതൃത്വത്തിന് യാതൊരു പങ്കും ഇല്ലായിരുന്നു താനും. സവര്‍ണ നേതാക്കള്‍ മേല്‍ത്തട്ടിലും കാവി കളസമിട്ടിട്ടു പോലും ഈഴവരും മറ്റ് പിന്നാക്കക്കാരും അടിത്തട്ടിലും നില്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സ്ഥാനമാനങ്ങള്‍ ഉന്നതകുല ജാതര്‍ പങ്കിട്ടപ്പോള്‍ പിന്നാക്കന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അത് നോക്കി കൊതികൊള്ളാനായിരുന്നു വിധി. ജാതി വേര്‍തിരിവ് കേരള ബി.ജെ.പിയില്‍ ശക്തമായതോടെ പ്രവര്‍ത്തകരും നിസംഗരായി മാറി.

മെഡിക്കല്‍ കോഴ വിവാദമായിരുന്നു കുമ്മനത്തിന്റെ ഇമേജിനെ ബാധിച്ച മറ്റൊരു വിഷയം. ബി.ജെ.പിയിലെ ഗ്രൂപ്പുകളിയുടെ ഭാഗമായിട്ടാണ് ഇത് ഉയര്‍ന്നു വന്നത്. കൃഷ്ണദാസ് പക്ഷത്തിന്റെ ഹൃദയത്തിലേറ്റ മുറിവായിരുന്നു അത്. അതിന്റെ വടുക്കള്‍ ഇന്നും നീറുകയാണ് പാര്‍ട്ടിക്കുള്ളില്‍. നിഷ്പക്ഷനെന്നും ജനകീയനെന്നുമുള്ള ലേബലില്‍ ആയിരുന്നു കുമ്മനത്തിന്റെ നേതൃനിരയിലേക്കുള്ള വരവ്. രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്തത് കോട്ടമായി അന്നു തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടു. നേതൃത്വം ഗൗനിച്ചില്ല. ഇപ്പോള്‍ അവര്‍ക്ക് മനസിലായി കുമ്മനം പോരാ.

സംഘടനയില്‍ ആര്‍.എസ്.എസിന് പിടിമുറുക്കാന്‍ വേണ്ടിയാണ് കുമ്മനത്തെ റബര്‍ സ്റ്റാമ്പ് ആക്കിയത്. നിക്കറുമിട്ട് വടിയും പിടിച്ച് റൂട്ട് മാര്‍ച്ച് നടത്തുന്ന ആര്‍.എസ്.എസ് നേതൃത്വത്തിന് രാഷ്ട്രീയ സംഘടന എന്തെന്ന് അറിയാത്തതും തിരിച്ചടിയായി. ഹൈന്ദവ ജനതയുടെ ഏകീകരണം ലക്ഷ്യമിടുന്ന ആര്‍.എസ്.എസിന് കീഴില്‍ തന്നെ ബി.ജെ.പിയില്‍ ജാതീയത കൊടികുത്തി വാഴുന്നു എന്നതാണ് ഏറെ ചിന്തിക്കേണ്ടതും. കുമ്മനം അധ്യക്ഷ സ്ഥാനത്ത് വന്നതിന് ശേഷം ഈ ജാതീയത രൂക്ഷമാവുകയും ചെയ്തു.

ആര്‍.എസ്.എസിനെ വിട്ട് അമിത് ഷായ്‌ക്കൊരു കളിയില്ല. അതു കൊണ്ടു തന്നെ ഇനി പ്രസിഡന്റാകാന്‍ പോകുന്നയാളും ആര്‍.എസ്.എസുകാരന്‍ തന്നെയാകുമെന്ന് ഏതാണ് ഉറപ്പിക്കാം. ഇനി ആര്‍.എസ്.എസുകാരന്‍ പ്രസിഡന്റായില്ലെങ്കില്‍ ജനറല്‍ സെക്രട്ടറി എങ്കിലുമാകും. പുറത്തു വരുന്ന കിംവദന്തികള്‍ ശരിയാണെങ്കില്‍ ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കരി അധ്യക്ഷ സ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത്. തീപ്പൊരി നേതാവ് കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരും സാധ്യതാ പട്ടികയില്‍ പറഞ്ഞു കേള്‍ക്കുന്ന പേരുകളാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷമാകും പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുക. കുമ്മനം വന്നതു പോലെ ഒരു മാജിക്കല്‍ എന്‍ട്രിയ്ക്കുള്ള സാധ്യതയും കുറവല്ല. എന്തായാലും സവര്‍ണ മേധാവിത്വം തുടരുകയാണ് ബി.ജെ.പി ചെയ്യുന്നതെങ്കില്‍ കേരളം അവര്‍ക്ക് എന്നും ബാലികേറാമലയാകും.

Ads by Google
Ads by Google
Loading...
TRENDING NOW