Friday, February 22, 2019 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 25 May 2018 04.04 PM

തീറ്ററപ്പായിയുടെ പ്രണയം

uploads/news/2018/05/220029/CiniLOcTRappayi250518.jpg

മലയാളത്തിന്റെ ബിഗ് സ്‌ക്രീനില്‍ പരിവര്‍ത്തന പഥത്തിലൂടെ സഞ്ചരിക്കുന്ന കഥകള്‍ പിറക്കുകയാണ്. പുതിയ ചിന്താധാരകള്‍ക്ക് തേജസ് പകരുന്ന ജീവിതഗന്ധിയായ രചനകള്‍ സിനിമയാകുമ്പോള്‍ പ്രേക്ഷകര്‍ തിയേറ്ററിലെത്തുമെന്നതിന്റെ സാക്ഷ്യപത്രമാണ് സമീപകാല സിനിമകളുടെ വിജയം കാണിച്ചുതരുന്നത്.

തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയിലെ കടുങ്ങോട് ഗ്രാമത്തിലാണ് തീറ്റ റപ്പായിയെന്ന ചിത്രത്തിന്റെ ചിത്രീകരണം. കടുങ്ങോട് ഗ്രാമത്തിലെത്തുമ്പോള്‍ ഒരുതരം ഉത്സവ ലഹരിയായിരുന്നു.

കത്തുന്ന വെയിലിന്റെ കാഠിന്യത്തെ അവഗണിച്ചുകൊണ്ട് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന സംഘം തീറ്റ റപ്പായിയുടെ ഷൂട്ടിംഗ് കാണാന്‍ ആവേശത്തോടെ നിലയുറപ്പിച്ചിരിക്കുകയാണ്. വിവിധ വര്‍ഷങ്ങളിലുള്ള തോരണങ്ങളും ചേലകളും കൊണ്ട് ഗ്രൗണ്ട് പൂര്‍ണമായും അലങ്കരിച്ചിരിക്കുകയാണ്.

കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നായകനാകുന്ന ചിത്രമെന്ന നിലയില്‍ നാട്ടുകാര്‍ ആകാംക്ഷയോടെയാണ് രാമകൃഷ്ണന്റെ ചുറ്റും കൂടിയത്. കലാഭവന്‍ മണിയുടെ രൂപവും മാനറിസങ്ങളുമുള്ള രാമകൃഷ്ണന്റെ ചുറ്റും സ്ത്രീകളും കുട്ടികളും ചേര്‍ന്നു നിനന് സെല്‍ഫിയെടുക്കാന്‍ മത്സരിക്കുന്നുണ്ടായിരുന്നു.

മലയാളത്തില്‍ നൂറിലധികം സിനിമകള്‍ക്ക് നൃത്തസംവിധാനം നിര്‍വഹിച്ച കൂള്‍ ജയന്താണ് തീറ്ററപ്പായിയിലെ ശ്രദ്ധേയമായ ഗാനം സംവിധാനം ചെയ്യുന്നത്.

ക്യാമറയുടെ മുന്നില്‍ തമിഴ് തെലുങ്ക് ചിത്രങ്ങളിലെ ശ്രദ്ധേയനായ താരം ഗഞ്ചാ കറുപ്പും രാമകൃഷ്ണനും തമ്മിലുള്ള ഗാനരംഗത്തിലെ ചുവടുകളാണ് പ്രധാനമായും ചിത്രീകരിച്ചത്. മോണിറ്ററിനു പുറകിലിരുന്ന് കൂള്‍ ജയന്ത് സ്റ്റാര്‍ട്ട് പറഞ്ഞതും ലൗഡ് സ്പീക്കറില്‍നിന്നും ഗാനം ഒഴുകിയെത്തി.

uploads/news/2018/05/220029/CiniLOcTRappayi250518a.jpg

'തൃശൂര്‍ക്കാരേ ഗടികളേ, സ്വന്തക്കാരെ കുട്ട്യേളേ, പിറന്ന തൊട്ട് വിശപ്പടക്കാനല്ലേ സഞ്ചാരം...' സന്തോഷ് വര്‍മ്മ രചിച്ച് അന്‍വര്‍ ഈണം നല്‍കിയ ഈ ഗാനത്തിനനുസരിച്ച് രാമകൃഷ്ണനും ഗഞ്ചാകറുപ്പും ചുവടുകള്‍ വെച്ചപ്പോള്‍ ചുറ്റും കൂടിനിന്ന ആളുകള്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.

തൊട്ടടുത്ത വരികള്‍ ചിട്ടപ്പെടുത്തുമ്പോള്‍ പ്രമുഖ അഭിനേത്രി സോണിയാ അഗര്‍വാളും ക്യാമറയുടെ മുന്നിലെത്തി. യൂണിറ്റിലുള്ളവര്‍ക്ക് ആവേശം പകര്‍ന്ന ഗാനരംഗത്തിന്റെ ചിത്രീകരണം കഴിയുമ്പോള്‍ വൈകിട്ട് അഞ്ചുമണിയായി.

തീറ്റ റപ്പായിയിലെ ശ്രദ്ധേയമായ ഈ ഗാനം മൂന്നു ദിവസമെടുത്താണ് ചിത്രീകരിച്ചത്. ഗാനരംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞതും ചെന്നൈയില്‍നിന്നെത്തിയ കൊറിയോഗ്രാഫര്‍ കൂള്‍ ജയന്തിന്റെ പിറന്നാള്‍ കേക്ക് സെറ്റിലെത്തി.

താരങ്ങളുടെ സാന്നിധ്യത്തില്‍ തീറ്റ റപ്പായിയിലെ പാട്ടിന്റെ അകമ്പടിയോടെ പിറന്നാള്‍ കേക്ക് മുറിച്ച് ഓരോരുത്തരും മധും പങ്കുവച്ചു.
മസനഗുഡിയിലെ മന്നാടിയാര്‍ എന്ന ചിത്രത്തിലൂടെ ചെറിയൊരു വേഷം ചെയ്ത് ക്വട്ടേഷന്‍, ബാംബൂ ബോയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുള്ള കലാഭവന്‍ മണിയുടെ അനിയന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനാണ് തീറ്റ റപ്പായിക്ക് ജീവന്‍ നല്‍കുന്നത്.

വിനയന്റെ അസോസിയേറ്റായിരുന്ന വിനു രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കന്നി ചിത്രമാണ് തീറ്റ റപ്പായി.

ചിത്രത്തിന്റെ കഥാവഴിയിലൂടെ: കേരളത്തിലെ തീറ്റമത്സരങ്ങളിലെ സ്ഥിരം ജേതാവാണ് തീറ്ററപ്പായി. മത്സരങ്ങളില്‍ തീറ്റ റപ്പായിയെ തോല്‍പ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടില്‍ നടന്ന തീറ്റമത്സരത്തിലും റപ്പായി വിജയിയായി.

തമിഴ്‌നാട്ടിലെ പെരിയ ശാപ്പാട്ടു രാമനായ മുത്തുസ്വാമിയും തീറ്ററപ്പായിയും തമ്മില്‍ നടന്ന വാശിയേറിയ ഇഡ്ഡലി തീറ്റ മത്സരത്തില്‍ മുത്തുസ്വാമിയെ റപ്പായി പരാജയപ്പെടുത്തുന്നു. ഇതോടെ ഇരുവരും നല്ല ചങ്ങാതിമാരാകുന്നു.

uploads/news/2018/05/220029/CiniLOcTRappayi250518c.jpg

തീറ്റ മതസരങ്ങളില്‍ വിജയശ്രീലാളിതനെങ്കിലും സ്വന്തം വയറ് നിറയ്ക്കാന്‍ റപ്പായിക്ക് ഒരുപാട് പ്രയാസപ്പെടേണ്ടി വരുന്നു. ചെറുപ്പത്തില്‍ അമ്മ വയറ് നിറയെ ഭക്ഷണം നല്‍കി ലാളിച്ച റപ്പായിക്ക് അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെ പേരില്‍ ഒരുപാട് അവഹേളനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചെങ്കിലും തന്റെ കുഞ്ഞനിയത്തി മേരിക്കുഞ്ഞും അപ്പന്റെ രണ്ടാംഭാര്യ ഏലിയാമ്മയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. റപ്പായിയുടെ തീറ്റ മൂലം കുഞ്ഞനുജത്തി മേരിക്കുഞ്ഞിന്റെ വിവാഹം ഏഴുതവണയാണ് മുടങ്ങിയത്.

തീറ്ററപ്പായിയുടെ മനസിലും ഒരു പ്രണയമുണ്ടായിരുന്നു. കളിക്കൂട്ടുകാരിയായ കൊച്ചുത്രേസ്യ കിടപ്പിലായ അമ്മയും കണ്ണുകാണാത്ത സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് കൊച്ചുത്രേസ്യ. പാറമടയില്‍ പണിയെടുത്താണ് കൊച്ചുത്രേസ്യ കുടുംബം പോറ്റുന്നത്.

തന്റെ വയറിന്റെ വിശപ്പ് പോലും മാറ്റാന്‍ കഴിയാത്ത റപ്പായി കൊച്ചുത്രേസ്യയെ മനസ്സില്‍നിന്നും മാറ്റിനിര്‍ത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും കഴിയുന്നില്ല. തീറ്ററപ്പായിയുടെയും കൊച്ചുത്രേസ്യയുടെയും മൗനത്തിലുള്ള പ്രണയജീവിതത്തിലേക്ക് ഗ്രാമത്തിലെ ധനാഢ്യനായ കരിം സാഹിബും സഹായിയായ തൊമ്മിയും എത്തുന്നതോടെ തീറ്ററപ്പായിയുടെ കഥ മറ്റൊരു വഴിത്തിരിവിലൂടെ കടന്നുപോകുന്നു.

തൃശൂര്‍ക്കാരനായിരുന്ന തീറ്ററപ്പായിയെന്ന റപ്പായി ചേട്ടന്റെ ജീവിതവുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ പറയുന്നു. വിനയന്റെ കാട്ടുചെമ്പകത്തില്‍ അസി. ഡയറക്ടറായിരിക്കുമ്പോഴാണ് കലാഭവന്‍ മണിയോട് തീറ്ററപ്പായിയുടെ കഥ പറഞ്ഞതെന്നും മണി ചെയ്യാന്‍ തീരുമാനിച്ച കഥാപാത്രമാണ് തീറ്ററപ്പായിയെന്നും വിനു രാമകൃഷ്ണന്‍ പറഞ്ഞു.

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനോടൊപ്പം അഭിനയിക്കാന്‍ നേരത്തെ ഉദ്ദേശിച്ച നായികമാര്‍ തയാറാവാത്തതുകൊണ്ടാണ് തമിഴ് സിനിമയിലെ സോണിയാ അഗര്‍വാളിനെ കൊച്ചുത്രേസ്യയാക്കാന്‍ തീരുമാനിച്ചതെന്നും സംവിധായകന്‍ സിനിമാമംഗളത്തോട് കൂട്ടിച്ചേര്‍ത്തു.

uploads/news/2018/05/220029/CiniLOcTRappayi250518b.jpg

ഹരീഷ് പേരടി, കലിംഗ ശശി, മന്‍രാജ്, ബാബു നമ്പൂതിരി, സായികുമാര്‍, ശിവജി ഗുരുവായൂര്‍, സന്തോഷ് എരുമേലി, വിനു വിക്രമന്‍, അനിരുദ്ധന്‍, പ്രശാന്ത്, സുധി, സോണിയ അഗര്‍വാള്‍, കെ.പി.ഏ.സി. ലളിത, ഐശ്വര്യ, കുളപ്പുള്ളി ലീല, വത്സലാമേനോന്‍, പ്രകൃതി ആര്‍ച്ച, ഇന്ദുലേഖ എന്നിവരാണ് മറ്റ് താരങ്ങള്‍ തമിഴ്‌സിനിമയിലെ ശ്രദ്ധേയനായ താരം ഗഞ്ചാ കറുപ്പ് തീറ്ററപ്പായിയില്‍ മുത്തുസ്വാമിയെന്ന കഥാപാത്രമായി വേഷമിടുന്നു. വടക്കാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്.

ടൈറ്റില്‍ കാര്‍ഡ്:
ബാനര്‍- കെ.ബി.എം. ക്രിയേഷന്‍സ്, നിര്‍മ്മാണം- വിക്രമന്‍ സ്വാമി, കഥാ സംവിധാനം- വിനു രാമകൃഷ്ണന്‍, ക്യാമറ- അജയന്‍ വിന്‍സെന്റ്, തിരക്കഥ, സംഭാഷണം- സി.എ. സജീവന്‍, ഗാനരചന- സന്തോഷ് വര്‍മ്മ, സംഗീതം- അന്‍വര്‍, കല- ലാല്‍ ജിത്ത്, ചമയം- മനോജ് അങ്കമാലി, വസ്ത്രം- സുനില്‍ റഹ്മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ മാത്യു, ലൈന്‍ പ്രൊഡ്യൂസര്‍- അനിരുദ്ധന്‍ മനക്കലാത്ത്, ഡിസൈന്‍- ഷിറാജ്, ഹരിത, സഹസംവിധാനം- പ്രകാശ് ആര്‍. നായര്‍, പ്രദീപ് കുമാര്‍, ഐറിഷ് ഐസക്ക്, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, കൊ
റിയോഗ്രാഫി- കൂള്‍ ജയന്ത്.

--------എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: രാംദാസ് മാത്തൂര്‍

Ads by Google
Ads by Google
Loading...
TRENDING NOW