Sunday, May 27, 2018 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.17 AM

നാടകാന്തം 'കുമാര'സംഭവം?

uploads/news/2018/05/217368/1.jpg

ബംഗളുരു: എക്‌സിറ്റ്‌ പോള്‍ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി, കര്‍ണാടകത്തില്‍ ബി.ജെ.പി. 104 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷി. രാഹുല്‍ ഗാന്ധിയുടെ ചടുലപ്രചാരണങ്ങള്‍ക്കെതിരേ മോഡി മാജിക്‌ ഫലം കണ്ടെങ്കിലും ഭരിക്കാന്‍ വേണ്ട മാന്ത്രികസംഖ്യയില്‍ തൊടാന്‍ ബി.ജെ.പിക്കു കഴിഞ്ഞില്ല. 78 സീറ്റിലേക്കു കൂപ്പുകുത്തിയ കോണ്‍ഗ്രസിനു ഭരണം നഷ്‌ടപ്പെട്ടെങ്കിലും 37 സീറ്റുള്ള ജനതാദളു(എസ്‌)മായി ചേര്‍ന്ന്‌ ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ ശ്രമമാരംഭിച്ചതോടെ കന്നഡരാഷ്‌ട്രീയം നാടകീയ വഴിത്തിരിവിലേക്ക്‌.
224 അംഗ നിയമസഭയില്‍ 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പു നടന്നത്‌. കേവലഭൂരിപക്ഷത്തിനാവശ്യമായ 112 സീറ്റ്‌ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ അപകടം മണത്ത കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ എച്ച്‌.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസിനു പിന്തുണ പ്രഖ്യാപിച്ചു. ബി.ജെ.പിയും കോണ്‍ഗ്രസ്‌-ജെ.ഡി.എസ്‌. സഖ്യവും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചതോടെ ഗവര്‍ണര്‍ വാജുഭായ്‌ വാലയുടെ തീരുമാനം നിര്‍ണായകമാകും. സര്‍ക്കാരുണ്ടാക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കണോ കേവലഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്‌-ജെ.ഡി.(എസ്‌) സഖ്യത്തെ ക്ഷണിക്കണോയെന്നതു ഗവര്‍ണറുടെ വിവേചനാധികാരമാണ്‌.
ഫലപ്രഖ്യാപനത്തേത്തുടര്‍ന്ന്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ വൈകിട്ടു ഗവര്‍ണര്‍ക്കു രാജിക്കത്ത്‌ സമര്‍പ്പിച്ചു. ജനവിധി അംഗീകരിക്കുന്നുവെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനതാദളി(എസ്‌)നെ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ജനവിധി അട്ടിമറിക്കാനാണു കോണ്‍ഗ്രസ്‌ ശ്രമിക്കുന്നതെന്നു ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ബി.എസ്‌. യെദിയൂരപ്പ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്‌ നല്‍കിയ പിന്തുണ സ്വീകരിച്ചതായി ജെ.ഡി. (എസ്‌) നേതാവ്‌ എച്ച്‌.ഡി. കുമാരസ്വാമി ഗവര്‍ണറെ അറിയിച്ചു. ഏറ്റവും ഒടുവില്‍ ലഭിച്ച കക്ഷിനില: ബി.ജെ.പി-104, കോണ്‍ഗ്രസ്‌-78, ജെ.ഡി. (എസ്‌)-37, കെ.പി.ജെ.പി-1, ജെ.ഡി.എസിന്റെ സഖ്യകക്ഷിയായ ബി.എസ്‌.പി-1. ബി.ജെ.പി. സ്‌ഥാനാര്‍ഥി മരിച്ചതിനേത്തുടര്‍ന്ന്‌ ജയനഗര്‍ മണ്ഡലത്തിലും ക്രമക്കേട്‌ ആരോപണത്തേത്തുടര്‍ന്ന്‌ രാജരാജേശ്വരിനഗര്‍ മണ്ഡലത്തിലും തെരഞ്ഞെടുപ്പ്‌ മാറ്റിവച്ചിരിക്കുകയാണ്‌. ഇവിടെ ഈ 28നു വോട്ടെടുപ്പു നടക്കും.

Ads by Google
Wednesday 16 May 2018 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW